വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

അരുവിത്തുറ കോളേജിൽ അദ്ധ്യാപകദിനാചരണം.

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ അദ്ധ്യാപക ദിനാചരണവും പൊളിറ്റിക്കസ്സ് അസോസിയേഷൻ ഉദ്ഘാടനവും നടന്നു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ റെജി വർഗ്ഗീസ് മേക്കാടൻ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡോറെജി വർഗ്ഗീസ് മേക്കാടന് ആദരവ് നൽകി ഗുരുവന്ദനം സമർപ്പിച്ചു.  കോളേജ് ബർസാർ റവ ഫാ. ബിജു കുന്നക്കാട്ട്, പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ തോമസ് പുളിക്കൻ, അദ്ധ്യാപകരായ സിറിൾ സൈമൺ, അനിറ്റ് ടോം അസോസിയേഷൻ ഭാരവാഹികളായ ജോപ്പു ഷിബിൻ, ആര്യാമോൾ രാജൻ എന്നിവരും സംസാരിച്ചു.  

മരണം

കണ്ടത്തിൽ ടി.എ.സൈനുദ്ദീൻകുട്ടി (80) നിര്യാതനായി

കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ പ്രസിഡന്റും  ഹിദായത്തുൽ ഇസ്ലാം മദ്രസ അറബിക്കോളേജ് പ്രസിഡന്റും  ദാറുസ്സലാം അറബി സ്കൂൾ  പ്രസിഡന്റും  ഇടപ്പള്ളി നൂർ മസ്ജിദ് പ്രസിഡന്റും  ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവുമായിരുന്ന  കണ്ടത്തിൽ ടി.എ.സൈനുദ്ദീൻകുട്ടി (80) നിര്യാതനായി.  കബറടക്കം വൈകുന്നേരം 5ന് കാഞ്ഞിരപ്പള്ളി സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ; അഡ്വ ആസിഫ്, ഷിഫാ , ഷെഫി. മരുമക്കൾ; മുഹമ്മദ് ബുസരി തിരുവനന്തപുരം, റിയാസ് ബഷീർ അതിരപുഴ, ഷാലിമ പുനല്ലൂർ.

കോട്ടയം

കാറുകൾ കൂട്ടിയിടിച്ച് അപകടം

ഭരണങ്ങാനം: റോഡിലെ ഹംപിൽ ചാടി നിയന്ത്രണം വിട്ട കാർ എതിർദിശയിൽ വന്ന കാറിലിടിച്ച് 2 പേർക്ക് പരുക്ക്.പരുക്കേറ്റ ചേന്നാട് സ്വദേശികളായ രാധാകൃഷ്ണൻ ( 58), ബിന്ദു ( 48) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി മേരി​ഗിരി ഭാ​ഗത്തു വച്ചായിരുന്നു അപകടം.

കോട്ടയം

കോട്ടയത്ത് കോളേജ് വിദ്യാ‍ർത്ഥിയെ കാണാതായ സംഭവം: മീനച്ചിലാറ്റിൽ മൃതദേഹം കണ്ടെത്തി

കോട്ടയം: കോട്ടയം എസ്എംഇ കോളേജിൽ നിന്നും ഇന്നലെ കാണാതായ വിദ്യാത്ഥിയുടെ മൃതദേഹം കുടമാളൂർ പാലത്തിന് സമീപം മീനച്ചിൽ പുഴയിൽ നിന്നും കണ്ടെടുത്തു. എസ്എംഇ കോളേജിലെ ഒന്നാം വർഷ എംഎൽടി വിദ്യാർത്ഥിയായ അജാസ് ഖാനാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി മുതലാണ് വിദ്യാർത്ഥിയെ കാണാതായത്. പനമ്പാലം കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കുടമാളൂർ പുഴയിൽ ഫയർ ഫോഴ്സ് തെരച്ചിൽ നടത്തിയത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അജാസ് ഖാൻ ജീവനൊടുക്കിയതാവാമെന്നാണ് സംശയം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു

പ്രാദേശികം

ഈരാറ്റുപേട്ടയിൽ കമ്യൂണിറ്റി സെൻ്റർ പണിയാൻ അഡ്വ. ഹാരിസ് ബീരാൻ എം.പി 55 ലക്ഷം രൂപ അനുവദിച്ചു.

ഈരാറ്റുപേട്ട. വടക്കേക്കരയിൽ പി കെ അലിയാർ മെമ്മോറിയൽ കമ്യൂണിറ്റി സെൻ്ററും മിനി ഓഡിറ്റോറിയവും പണിയാൻ അഡ്വ.ഹാരിസ് ബീരാൻ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ നഗരസഭയ്ക്ക് അനുവദിച്ചു  ഈരാറ്റുപേട്ട നഗരസഭ മുസ്ലി ലീഗ് കമ്മിറ്റി കഴിഞ്ഞ ജൂലൈ 21 ന് ബറക്കാത്ത് ഓഡിറ്റോറിയത്തിൽ ഹാരിസ് ബീരാൻ എം.പിക്ക് സ്വീകരണം നൽകീയിരുന്നു. ഈ സ്വീകരണ സമ്മേളനത്തിൽ വെച്ച് ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദറും നഗരസഭ യു.ഡി.എഫ് കൗൺസിലന്മാരും ചേർന്ന് ഈരാറ്റുപേട്ടയിൽ കമ്യൂണിറ്റി സെൻ്ററും മിനി ഓഡിറ്റോറിയവും പണിയാൻ 55 ലക്ഷം രൂപ ഫണ്ട് അനുവദിക്കണമെന്ന് അഡ്വ.ഹാരിസ് ബീരാന് നിവേദനം നൽകീയിരുന്നു. ഇതെ തുടർന്നാന്ന് എം.പി ഫണ്ട് അനുവദിച്ചത്

പ്രാദേശികം

അരുവിത്തുറ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് 5 ന് തിരിതെളിയും.

ഈരാറ്റുപേട്ട : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് 5-ാം തീയതി വ്യാഴാഴ്ച്ച തിരി തെളിയും. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. ചടങ്ങിൽ എം.പി ഫണ്ടിൽ നിന്നനുവദിച്ച  കമ്പ്യൂട്ടർ ലാബിൻ്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവഹിക്കും. കോളേജ് മാനേജർ വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആൻ്റൊ ആൻ്റണി എംപി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.ൽ. എ, മുൻ എം എൽ എ പിസി ജോർജ് ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ,  കോളേജ്‌ പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ തുടങ്ങി നിരവധി പ്രമുഖർ സംസാരിക്കും. വജ്ര ജൂബിലിയോടനുബന്ധിച്ച് 60 ഇന കർമ്മപരിപാടികൾക്കാണ് കോളേജ് തുടക്കം കുറിക്കുന്നത്. വജ്രജൂബിലി മെഗാ എക്സ്പോ, ഫിലിം എക്സിബിഷൻ,ഭവന നിർമ്മാണ പദ്ധതി, ദേശീയ അന്തർ ദേശീയ സെമിനാറുകൾ, വനിതാ ശാക്തികരണ പരിപാടികൾ, കലാ സാംസ്കാരിക പരിപാടികൾ, പൂർവ്വ വിദ്യാർത്ഥി മഹാസംഗമം തുടങ്ങി നിരവധി പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.

പ്രാദേശികം

വജ്രശോഭയിൽ അരുവിത്തുറ കോളേജ്.

ഈരാറ്റുപേട്ട : മധ്യതിരുവിതാംകൂറിൻ്റെ കിഴക്കൻ മലയോര മേഖലകളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകുകൾ സമ്മാനിച്ച അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജ് അറു ദശകങ്ങൾ പിന്നിട്ട് വജ്രജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. 1965 ജൂലൈ 19 ന് അന്നത്തെ അരുവിത്തുറ ഫൊറോന വികാരിയായിരുന്ന വെരി റവ ഫാ. തോമസ് മണക്കാട്ട്, ഇടവകക്കാരനും അരുവിത്തുറയുടെ വികസനത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്ന റവ. ഫാ. തോമസ് അരയത്തിനാൽ എന്നിവരുടെ നേതൃത്വത്തിൽ ഒരു ജൂനിയർ കോളേജ് അരുവിത്തുറയിൽ പിറവിയെടുക്കുകയായിരുന്നു. ഇടവകക്കാരുടെ കഠിനാധ്വാനവും വിദ്യാഭ്യാസത്തോടുള്ള യുവതയുടെ അഭിമുഖ്യവും കൈമുതലാക്കി ഈ കലാലയം അതിവേഗം വളർന്നു. 1978 ൽ വിവിധ ഡ്രിഗ്രി കോഴ്സ്സുകൾ ഈ കലാലയത്തിൻ്റെ ഭാഗമായി.  1994 ൽ യുജിസിയുടെ അഫിലിയേഷൻ ലഭിച്ച കോളേജിൽ 1995 ൽ പി .ജി കോഴ്സ്സുകളും ആരംഭിച്ചു.ദൃശ്യമാധ്യമ രംഗത്ത് രാജ്യത്തുടനീളമുണ്ടായ വിപ്ലവകരമായ മാറ്റത്തിന് ഒപ്പം നിന്ന അരുവിത്തുറ കോളേജ് 1999 നവബർ 16 ന് കമ്മ്യൂണിറ്റി ടെലികാസ്റ്റിങ്ങ് സെൻ്ററെന്ന ആശയത്തിന് തുടക്കം കുറിച്ചു. വിവിധ സാറ്റലൈറ്റ് ചാനലുകൾക്കൊപ്പം മൂന്നാമത്തെ മലയാളം ചാനലായ കോളേജിൻ്റെ സ്വന്തം എസ്സ്.ജി.സി  ടി വി യും  നമ്മുടെ വീടുകളിലേക്ക് എത്തി. ഇതിനായി 14 ഫ്രാഞ്ചൈസികളെ യോജിപ്പിച്ച് എസ്സ് ജി സി കേബിൾ നെറ്റ് വർക്കിനും കോളേജ് രൂപം നൽകി. എസ്സ്. ജി.സി. ടി.വി യുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ആരംഭിച്ച വിവിധ മീഡിയ കോഴ്സ്സുകളിലൂടെ നിരവധി പത്ര ദൃശ്യമാധ്യമപ്രവർത്തകരെയും ചലച്ചിത്രതാരങ്ങളെയും മലയാളത്തിനു സമ്മാനിക്കാൻ കോളേജിനു കഴിഞ്ഞു. 2000 ത്തിൽ കോളേജിൽ നടന്ന നാക്ക് അക്രഡിറ്റേഷനിൽ 4 സ്റ്റാർ പദവി നേടിയ അരുവിത്തുറ കോളേജ് 2008 ൽ നടന്ന നാക്ക് റീ അക്രഡിറ്റേഷനിൽ ജില്ലയിൽ ആദ്യമായി എ ഗ്രേഡ്  അക്രഡിറ്റേഷൻ നേടുകയും 2015 ൽ എ ഗ്രേഡ് നിലനിർത്തുകയും ചെയ്തു. ഒടുവിൽ 2023 ൽ  പുതിയ മാനദണ്ഡങ്ങളനുസരിച്ച് നടന്ന നാക്ക് റി അക്രഡിറ്റേഷനിൽ ഏഴുവർഷം കാലാവധിയോടു കൂടിയ എ++ അക്രഡിറ്റേഷൻ നേടുന്ന കേരളത്തിലെ ആദ്യ കാലാലയമായി മാറി. വിദ്യാഭ്യാസ രംഗത്തു മാത്രമല്ല കലാകായികരംഗങ്ങളിലും അരുവിത്തുറയുടെ അജയ്യത അനസ്യൂതം തുടർന്നു. ഗ്യാലറികളെ അവേശത്തിലാക്കി അരുവിത്തുറ സെന്റ് ജോർജിന്റെ ചുണക്കുട്ടികൾ വോളിബോൾ കോർട്ടുകളിൽ നിറഞ്ഞാടിയപ്പോൾ ഗുസ്തിയിൽ വാനോളം പെരുമയാണ് കോളേജിൻ്റെ വനിതാ ഗുസ്തി ടീം നേടിയത്. പവർ ലിഫ്റ്റിങ്ങ്, വെയ്റ്റ് ലിഫ്റ്റിങ്ങ്, കബഡി, യോഗ തുടങ്ങി നിരവധി കായിക ഇനങ്ങളിൽ പതിറ്റാണ്ടുകളോളം അരുവിത്തുറ പെരുമ നിലനിന്ന് പോന്നു. മീനച്ചിലാറിന്റെ തീരത്ത് 27 ഏക്കറിലായി സ്‌ഥിതി  ചെയ്യുന്ന ഹരിതാഭ നിറഞ്ഞ  ക്യാംപസിൽ ലോകനിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 17 സയൻസ് ലാബുകളും 9 കമ്പ്യൂട്ടർ ലാബുകളും 7 സെമിനാർ ഹാളുകളും കോൺഫറൻസ് റൂമുകളും വിശാലമായ സ്‌റ്റുഡിയോ ഫ്ലോറും ഓഡിയോ ബൂത്തും ഡിജിറ്റൽ  തിയ്യേറ്ററും അന്താരാഷ്ട്ര നിലവാരമുള്ള ലൈബ്രറിയും റീഡിങ്ങ് റൂമുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.                    ഒരു കലാലയം എന്നതിലുപരി സമൂഹത്തിൻ്റെ അടിസ്ഥാന ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന അഭയ കേന്ദ്രം കൂടിയാണ് ഈ വിദ്യാ ക്ഷേത്രം. കോവിഡ് മഹാമാരിയുടെ കാലത്ത് ജില്ലയിൽ തന്നെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയായി ഈ കലാലയം മാറിയിരുന്നു. ഭവനരഹിതർക്ക് ഭവനങ്ങൾ സമ്മാനിച്ചും പ്രകൃതി ദുരന്തങ്ങളിൽ സമാശ്വാസം നൽകിയും സമൂഹിക തിൻമകൾക്കെതിരെ ശക്തമായ പ്രതികരണങ്ങൾ നടത്തിയും മീനച്ചിൽ നദീ സംരക്ഷണ പ്രവർത്തനങ്ങളിൽ മുന്നണി പോരാളികളായും ഈ കലാലയം തങ്ങളുടെ ഭാഗധേയം ഉറപ്പിച്ചിട്ടുണ്ട്. കോളേജിൽ പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനും പ്രദേശത്ത് വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള മഴമാപിനികളും പ്രയോജനപ്പെടുത്തി കാലാവസ്ഥ സംബന്ധമായ വിവരങ്ങൾ ആധികാരികമായി പൊതുജനങ്ങൾക്ക് നൽകുന്നതിനുള്ള സംവിധാനവും കോളേജ് ഒരുക്കിയിട്ടുണ്ട് .കെട്ടിലും മട്ടിലും അടിമുടി മാറ്റങ്ങളോടെയാണ് കോളേജ് വജ്ര ജൂബിലിയെ വരവേൽക്കുന്നത്. ക്യാംപസിൽ പണിതീർത്ത സാന്ത സോഫിയ ബ്ലോക്ക്  ഒരു വിസ്മയ നിർമ്മിതിയാണ്. കമനീയമായ അകത്തളങ്ങളിൽ ലോക നിലവാരമുള്ള ഗ്രന്ഥശാലയും വായനാമുറികളും അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഡിജിറ്റൽ  തിയ്യേറ്ററും കോൺഫ്രൻസ് ഹാളുകളും ഗസ്റ്റ് സ്യൂട്ടുകളും ഒരുക്കിയിരുന്നു. കോളേജിൻ്റെ അടിസ്ഥാനസൗകര്യ വികസനത്തിൻ്റെ ഭാഗമായി നിർമ്മിച്ച പിജി സയൻസ് ബ്ലോക്ക് മനോഹരമായി മറ്റൊരു നിർമ്മിതിയാണ്. ആധുനിക സൗകര്യങ്ങളോടു കൂടിയ റിഫക്ടറിയും ഓപ്പൺ ജിംനേഷ്യവും നവീകരിച്ച ഓഫീസ് റൂമുമെല്ലാം വജ്രജൂബിലിയുടെ സ്മരണകൾ നിലനിർത്തും. കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് 2024 സെപ്റ്റംബർ 5 ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരിതെളിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ബിരുദ വിദ്യാഭ്യാസം പുനർക്രമീകരിച്ച ശേഷം 18 മേജർ യു.ജി പ്രോഗ്രാമുകളും 5 പി ജി പ്രോഗ്രാമുകളും 2 റിസേർച്ച് പി.ജി ഡിപ്പാർട്ടുമെൻ്റുകളിലുമായി 1800 ഓളം  വിദ്യാർത്ഥികളും നൂറിൽപരം അദ്ധ്യാപകരും 50 തോളം അനദ്ധ്യാപകരും ഈ ക്യാംപസിൻ്റെ ഭാഗമാണ്. അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോനാ വികാരിയും കോളേജ് മാനേജറുമായ വെരി. റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, കോളേജ് ബർസാറും കോഴ്സ്സ് കോഡിനേറ്ററുമായ റവ. ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ എന്നിവരുടെ ധൈഷ്ണിക നേതൃത്വത്തിൽ കൂടുതൽ ഉയരങ്ങളിലേക്ക് കാലത്തിനു മുൻപേ പറക്കാൻ ഒരുങ്ങുകയാണ് ഈ കലാലയം.

കേരളം

ഇടുക്കി, ചെറുതോണി ഡാമുകൾ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അനുമതി

ഇടുക്കി : ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും ഒഴികെ ഇടുക്കി, ചെറുതോണി ഡാമുകൾ സന്ദർശിക്കുന്നതിന് നിബന്ധനകളോടെ പൊതുജനങ്ങൾക്ക് അനുമതി. മൂന്നു മാസത്തേക്കാണ് അനുമതി നൽകി സർക്കാർ ഉത്തരവായിരിക്കുന്നത്. സന്ദർശനത്തിനായി ഒരു സമയം പരമാവധി 20 പേർക്ക് മാത്രമായിരിക്കും പ്രവേശനം. ജില്ലാ കളക്ടർ മുൻപ് നടത്തിയ യോഗത്തിൽ നിർദ്ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ചായിരിക്കും പ്രവേശനം. ശക്തമായ മഴയുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ (ഓറഞ്ച്, റെഡ് അലെർട്ടുകൾ) നിലനിൽക്കുന്ന ദിവസങ്ങളിലും ജില്ല ദുരന്ത നിവാരണ അതോറിറ്റി വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ദിവസങ്ങളിലും പൊതുജനങ്ങളുടെ പ്രവേശനം ഒഴിവാക്കും. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി എടുക്കേണ്ട ഇൻഷുറൻസുകളുടെ ഇനത്തിലെ ചെലവ് ഹൈഡൽ ടൂറിസം സെന്റർ വഹിക്കും. പൊതുജനങ്ങളുടെ സുരക്ഷയുടെയും അണക്കെട്ടുകളുടെയും പരിസരപ്രദേശങ്ങളുടെയും സുരക്ഷയുടെയും പൂർണ ഉത്തരവാദിത്തം കേരള ഹൈഡൽ ടൂറിസം സെന്ററും പോലീസും ഏറ്റെടുക്കണമെന്ന് ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഡാമിന്റെ പരിസര പ്രദേശങ്ങളിൽ പ്ലാസ്റ്റിക് നിക്ഷേപിക്കരുത്. ജൈവമാലിന്യങ്ങൾ ദിവസേന നീക്കം ചെയ്യും. ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പുവരുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ഡാമിലും പരിസര പ്രദേശങ്ങളിലും മാലിന്യ സംസ്കരണം നടത്തുന്നതിനു മതിയായ സജ്ജീകരണങ്ങളും താൽക്കാലിക ശുചിമുറി സംവിധാനങ്ങളും ഏർപ്പെടുത്തും.