വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

തലപ്പലം ബാങ്കിന് വീണ്ടും കേരള ബാങ്ക് എക്സലൻസ് അവാർഡ്

കേരള ബാങ്ക് പ്രാക്ഷമിക സഹകരണ ബാങ്കുകൾക്ക് നൽകി വരുന്ന എക്സലൻസ് അവാർഡ് തുടർച്ചയായി രണ്ടാം വർഷവും തലപ്പലം സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ സഹകരണ -തുറമുഖ വകുപ്പുമന്ത്രി ശ്രീ വി. എൻ വാസവൻ അധ്യക്ഷത വഹിച്ച അവാർഡ്ദാന ചടങ്ങ് മുഖ്യമന്ത്രി ബഹു. പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് ശ്രീ. ഷിബി ജോസഫ് ഈരൂരിക്കൽ, സെക്രട്ടറി ശ്രീ അനിൽകുമാർ പി.പി, ബോർഡ് അംഗം ഡോ. റെജി വർഗീസ് മേക്കാടൻ എന്നിവർ ചേർന്ന് പതിനായിരത്തിയൊന്നു രൂപ ക്യാഷ് അവാർഡും മെമൻ്റോയും ഏറ്റുവാങ്ങി. 2022-23 വർഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡ്. 1 കോടി 33 ലക്ഷംരൂപ ലാഭം നേടിയ അവാർഡ് വർഷത്തിൽ അഡ്വ.സജി ജോസഫ് മൂലേച്ചാലിൽ ആയിരുന്നു ബാങ്ക് പ്രസിഡൻ്റ്.    കോട്ടയം ജില്ലയിലെ ആദ്യത്തെ ക്ലാസ്സ് വൺ സൂപ്പർ ഗ്രേഡ് ബാങ്കായ തലപ്പലം സർവീസ് സഹകരണ ബാങ്ക് കഴിഞ്ഞ 30 തുടർച്ചയായി വർഷമായി ലാഭത്തിൽ പ്രവർത്തിക്കുകയും 28 വർഷമായി ലാഭവിഹിതം നൽകിവരുകയും ചെയ്യുന്നു.  1956 ൽ രൂപീകൃതമായ ബാങ്ക് പ്രദേശത്തിൻ്റെ കാർഷിക സാമൂഹിക സാമ്പത്തിക പ്രവർത്തനങ്ങളുടെ ജീവനാഡിയായി പ്രവർത്തിക്കുന്നു .വേറിട്ട പ്രവർത്തനങ്ങളിലൂടെ സഹകരണ മേഖലയ്ക്ക് മാതൃകയായി മാറുകയാണ് തലപ്പലം ബാങ്ക് . ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഒരുമിച്ച് നടത്തിയ ഏകദിന ശില്പശാലയായ ഫിസ്ക്കൽ റിട്രീറ്റ് പ്രോഗ്രാം (FRP) , മെഗാ ഡിപ്പോസിറ്റ് മീറ്റുകൾ, കർഷക അവാർഡും ആദരിക്കലും, കുട്ടികളുടെ വിജയദിനാഘോഷങ്ങൾ, സ്വാതന്ത്ര്യദിന മെഗാ ക്വിസ് പ്രോഗ്രാം, കുടുംബ സംഗമങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളുടെ  ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുകയാണ് തലപ്പലം ബാങ്ക് .  

പ്രാദേശികം

എസ് വൈ എസ് മാനവ സഞ്ചാരത്തിന് അക്ഷര നഗരിയില്‍ സ്വീകരണം നല്‍കി

ഈരാറ്റുപേട്ട: എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നയിക്കുന്ന മാനവ സഞ്ചാരം കോട്ടയം ജില്ലയിലെത്തി. ഈ മാസം 16ന് കാസര്‍കോഡ് നിന്ന് ആരംഭിച്ച യാത്ര 12ാം ദിവസമാണ് അക്ഷര നഗരിയില്‍ എത്തിയത്. ജില്ലയിലെ 5 കേന്ദ്രങ്ങളില്‍ നടന്ന പ്രഭാത നടത്തത്തോടെയാണ് സഞ്ചാരത്തിന് ജില്ലയില്‍ തുടക്കമായത്. വൈകിട്ട് ഈരാറ്റുപേട്ടയില്‍ നടന്ന സൗഹൃദ നടത്തത്തില്‍ മത- സാമൂഹിക- രാഷ്ട്രീയ- സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ അണിനിരന്നു. ശേഷം മുട്ടം ജംഗ്ഷനില്‍ നടന്ന മാനവ സംഗമത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എസ് എം റഫിഖ് അഹ്‌മദ് സഖാഫി അധ്യക്ഷത വഹിച്ചു. അഡ്വ. സെബാസ്റ്റന്‍ കൊളത്തുങ്കല്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. യാത്രാ നായകന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സംഗമത്തെ അഭിസംബോധന ചെയ്തു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി സന്ദേശപ്രഭാഷണം നടത്തി. കേരള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ശ്രീകുമാര്‍, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, കെ അബ്ദുല്‍ കലാം സംസാരിച്ചു.   ഇതിന്റെ മുന്നോടിയായി നവജീവന്‍ ട്രസ്റ്റ് അഭയ കേന്ദ്രം, ഈരാറ്റുപേട്ട വെട്ടിപ്പറമ്പ് ക്രസന്റ് സ്പെഷ്യല്‍ സ്‌കൂള്‍, ഡി സി പബ്ലിഷിംഗ് ഹൗസ്, ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയ വിദ്യാഭ്യാസ- സാംസ്‌കാരിക- സാമൂഹിക കേന്ദ്രങ്ങള്‍ സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിച്ചു. നവജീവന്‍ ചെയര്‍മാന്‍ പി യു തോമസ് സ്പെഷ്യല്‍ സ്‌കൂള്‍ സ്ഥാപകനും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറിയുമായ നദീര്‍ മൗലവി തുടങ്ങിയ സ്ഥാപന അധികൃതര്‍ നേതാക്കളെ സ്വീകരിച്ചു. മാനവ സംഗമത്തിൽ സി എച്ച് അലി മുസ്ലിയാര്‍, വി എച്ച് അബ്ദുറഷീദ് മുസ്്‌ലിയാര്‍, അബുശമ്മാസ് മുഹമ്മദലി മൗലവി, നൗഫല്‍ ബാഖവി, നിഷാദ് നടക്കല്‍, വിഎം സിറാജ്, ഷിയാസ് സിസിഎം, മഹീൻ, നൗഫൽ കീഴേടം,ഷിയാസ്,  ഉണ്ണി രാജ്, പി എം അന സ് മദനി, മുഹമ്മദ് കുട്ടി മിസ്ബാഹി,റഫീഖ് പട്ടരുപറമ്പിൽ ആമ്പൽ,സദുദ്ധീൻ അൽ ഖാസിമി, അബ്ദുറഹ്മാൻ സഖാഫി, ഷിനാസ് തീക്കോയി, സുബൈർ സഖാഫി,ഇയാസ് സഖാഫി, ആരിഫ് ഇൻസാഫ്, നിസാർ കോട്ടയം, പി ടി നാസർ പരിക്കുട്ടി പലയംപറമ്പിൽ,സംബന്ധിച്ചു. എസ് വൈ എസ് കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ലബീബ് സഖാഫി സ്വാഗതവും ജനറല്‍ സെക്രട്ടറി സിയാദ് അഹ്‌സനി നന്ദിയും പറഞ്ഞു

കോട്ടയം

*'വിദ്യാധനം' സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു*

വനിതകള്‍ ഗൃഹനാഥകളായ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള 'വിദ്യാധനം' സ്‌കോളര്‍ഷിപ്പിന് വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ അതതു ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ 15 ന് മുന്‍പായി നല്‍കണം. അപേക്ഷകര്‍ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബാംഗങ്ങളും മക്കള്‍ സംസ്ഥാന സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളും കേന്ദ്ര സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും സ്‌കോളര്‍ഷിപ്പ് ലഭിക്കാത്ത അര്‍ഹരായവരുമായിരിക്കണം. ഒരു കുടുംബത്തിലെ പരമാവധി രണ്ടു കുട്ടികള്‍ക്കുമാത്രമേ ധനസഹായത്തിനര്‍ഹതയുള്ളു. ഭര്‍ത്താവ് പേക്ഷിച്ചുപോയ വനിതകള്‍/ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ വനിതകള്‍ (നിര്‍ദ്ദിഷ്ടസര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം)/നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകള്‍ എന്നിവരും, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലിചെയ്യാനാവാത്തവിധം കിടപ്പിലായ കുടുംബത്തിലെ വനിതകള്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റില്‍ പൊതുജന പരാതികള്‍-അപേക്ഷ പോര്‍ട്ടല്‍ എന്ന വെബ് പേജില്‍ 'എങ്ങനെ അപേക്ഷിക്കാം' എന്ന മെനുവില്‍ ക്ലിക് ചെയ്ത് നിര്‍ദേശങ്ങള്‍ ശ്രദ്ധയോടെ മനസിലാക്കി വേണം അപേക്ഷ നല്‍കാന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടുകയോ www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക

പ്രാദേശികം

പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകി.

ഈരാറ്റുപേട്ട : മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകി.നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ പി.പി.താഹിറ അധ്യക്ഷത വഹിച്ചു.ലീഗൽ സർവീസ് പ്രതിനിധി വി. എം.അബ്ദുള്ള ഖാൻ,അമ്പിളി മോഹൻ,അൻസാർ അലി,സജന സഫറു,ആശ്ന കരീം എന്നിവർ പ്രസംഗിച്ചു. ജില്ലാ പോലീസ് സൂപ്രണ്ടിൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പോലീസ് ട്രൈനർമാരായ ശിശിര മോൾ,നീതു ദാസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

കേരളം

500 രൂപക്ക് സ്‌കൂള്‍ വിദ്യാര്‍ഥികളെ ടൂറിന് കൊണ്ടുപോകാന്‍ കെ എസ് ആര്‍ ടി സി

തിരുവനന്തപുരം: 500 രൂപക്ക് സ്‌കൂള്‍ വിദ്യാര്‍ഥികളെ ടൂറിന് കൊണ്ടുപോകാനുള്ള പുതിയ പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി. കടത്തില്‍ മുങ്ങിയ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ പദ്ധതിയുമായി കോർപറേഷൻ രംഗത്തെത്തിയത്.സ്‌കൂളിന് സമീപത്തെ വ്യവസായ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് പ്രോഗ്രാമിനാണ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പദ്ധതിയിടുന്നത്. ഉച്ചഭക്ഷണമടക്കം 500 രൂപയെന്ന മികച്ച പാക്കേജാണ് മന്ത്രി പ്രഖ്യാപിച്ചത്. രാവിലെ പുറപ്പെട്ട് വൈകിട്ട് തിരികെ എത്തുന്ന രീതിയിലാണ് ടൂര്‍ ക്രമീകരിക്കുക. വ്യവസായ സ്ഥാപനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഉപയോഗിക്കും. അടുത്തഘട്ടത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ ഈ സേവനം ലഭ്യമാക്കും.  

പ്രാദേശികം

എം.എൽ.എക്കൊരു കത്തെഴുതിയാലോ...

ഈരാറ്റുപേട്ട: നവംബർ 1 മുതൽ 30 വരെ തനിമ കലാസാഹിത്യ വേദി ഈരാറ്റുപേട്ട ചാപ്റ്റർ സംഘടിപ്പിക്കുന്ന നല്ല മലയാളം ഭാഷാ പരിശീലന പദ്ധതിയുടെ ഭാഗമായി കത്തെഴുത്ത് മത്സരം സഘടിപ്പിക്കുന്നു. എം.എൽ.എക്കൊരു കത്ത് എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന മത്സരം വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി രണ്ട് വിഭാഗത്തിലായാണ് സംഘടിപ്പിച്ചിരിക്കുന്നത്. മലയാളത്തിൽ തയാറാക്കിയ കത്തുകൾ (ഇൻലന്റിലോ കവറിലോ) സാധാരണ തപാലിലാണ് അയക്കേണ്ടത്. നവംബർ 30 ആണ് കത്തുകൾ ലഭിക്കേണ്ട അവസാന തീയതി. കത്തിനു പുറത്ത് ഏത് വിഭാഗത്തിലാണ് (വിദ്യാർഥി/പൊതു വിഭാഗം) എന്ന് രേഖപ്പെടുത്തണം.  വിലാസം: തനിമ കലാ സാഹിത്യ വേദി, നൈഷു ഏജൻസീസ്, വെള്ളാപ്പള്ളിൽ ബിൽഡിംഗ്, പത്താഴപ്പടി, നടക്കൽ പോസ്റ്റ്, കോട്ടയം - 686121.  കൂടുതൽ വിവരങ്ങൾക്ക് 9747176005, 9744274357 നമ്പറുകളിൽ ബന്ധപ്പെടാം.

പ്രാദേശികം

അഞ്ച് മുസ്ലിം യുവാക്കളെ വെടി വെച്ച് കൊന്ന സംഭവം എസ്.ഡി.പി.ഐ. പ്രതിഷേധ പ്രകടനം നടത്തി

ഈരാറ്റുപേട്ട : സംഭാൽമസ്ജിദ് അനധികൃത സർവെക്കെതിരെ പ്രതിഷേധിച്ച അഞ്ച് യുവാക്കളെ അന്യായമായി വെടിവെച്ചു കൊന്ന യു പി പോലീസ് നടപടിക്കെതിരെ  എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി, രാജ്യത്തിന്റെ ഭരണ ഘടന അനുവദിക്കുന്ന സ്വാതന്ത്ര്യത്തെ ഓരോന്നായി ഇല്ലാതാക്കുന്ന ബിജെപി ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരണമെന്ന് പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗത്തിൽ മുനിസിപ്പൽ കമ്മറ്റി പ്രസിഡൻ്റ് സഫീർകുരുവനാൽ പറഞ്ഞു. പ്രകടനത്തിന് മുനിസിപ്പൽ പ്രസിഡന്റ്‌ സഫീർ കുരുവനാൽ സെക്രട്ടറി വി.എസ് ഹിലാൽ, എസ് എം .ഷാഹിദ്, ഷാജി കെ. കെ. പി. അയ്യൂബ് കൂട്ടിയ്ക്കൽ, കെ.യു സുൽത്താൻ, മണ്ഡലം പ്രസിഡൻ്റ് ഹലീൽ തലപള്ളിൽ, എന്നിവർ നേതൃതം നൽകി.

പ്രാദേശികം

മലർവാടി മഴവില്ല് ബാല ചിത്ര രചനാ മത്സരം 30 ന്

ഈരാറ്റുപേട്ട: മലർവാടി ബാലസംഘം സംഘടിപ്പിക്കുന്ന മഴവില്ല് ബാലചിത്ര രചനാ മത്സരം 30 ന് നടക്കും. ഈരാറ്റുപേട്ട ഏരിയാ തല മത്സരം രാവിലെ 9 മണി മുതൽ 12 മണി വരെ അൽമനാർ സ്കൂളിലാണ് സംഘടിപ്പിച്ചിട്ടുള്ളത്.  ഏരിയാ തലത്തിൽ നടക്കുന്ന മത്സരത്തിലെ ഓരോ കാറ്റഗറിയിലേയും മൂന്ന് മികച്ച ചിത്രങ്ങൾ ജില്ലാ തലത്തിലും ജില്ലയിലെ രണ്ട് മികച്ച ചിത്രങ്ങൾ സംസ്ഥാന മത്സരത്തിനും പരിഗണിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾ സർട്ടിഫിക്കറ്റും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സമ്മാനങ്ങളും നൽകും. സംസ്ഥാന തല വിജയികൾക്ക് 1000, 5000, 3000 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റുമാണ് സമ്മാനം. നാല് കാറ്റഗറിയായാണ് മത്സരം നടക്കുന്നത്. എൽ.കെ.ജി, യു.കെ.ജി, അംഗൻവാടി (കാറ്റഗറി 1), ഒന്ന് രണ്ട് ക്ലാസുകൾ (കാറ്റഗറി 2) കുട്ടികൾക്ക് ചിത്രത്തിന് ക്രയോൺ നിറം നൽകലും  3, 4, 5 ക്ലാസ് (കാറ്റഗറി 3) കുട്ടികൾ നൽകുന്ന വിഷയത്തിനനുസരിച്ച് സ്വന്തമായി വരച്ച് ക്രയോൺ നിറവും ആറ്, ഏഴ് ക്ലാസുകൾ (കാറ്റഗറി 4) നൽകുന്ന വിഷയത്തിൽ സ്വന്തമായി ചിത്രം വരച്ച് വാട്ടർ കളറും നൽകണം. രണ്ട് മണിക്കൂറാണ് മത്സര സമയം. മത്സരത്തിൽ പങ്കെടുക്കുന്നർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയോ മത്സര സ്ഥലത്തെത്തി നേരിട്ട് രജിസ്റ്റർ ചെയ്യുകയോ ചെയ്യാം. 50 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. മത്സരം നടക്കുന്ന സമയത്ത് സമാന്തരമായി രക്ഷിതാക്കൾക്കായി പേരന്റിംഗ് ക്ലാസും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 94968 03653, 94005 98672 നമ്പറുകളിൽ ബന്ധപ്പെടാം.   ഇതോടൊപ്പമുള്ള ലിങ്ക് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. https://docs.google.com/forms/d/e/1FAIpQLScnYvdGww4eyp80WmO23ddqmy8QlANeDx3PGhZ-7rYmIEDr_Q/viewform