വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

നഗരസഭ ഉപതെരഞ്ഞെടുപ്പ്; കുഴിവേലിയിൽ കളം മുറുകുന്നു

ഈരാറ്റുപേട്ട : കുഴിവേലി ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ കളം സജീവമാക്കി മുന്നണികൾ . യു ഡി എഫ് , എൽ ഡി എഫ് മുന്നണികൾക്ക് പുറമേ എസ് ഡി പി ഐ യും മത്സര രംഗത്തുണ്ട്.യു ഡി എഫിനായി മുസ്ലിം ലീഗിലെ റൂബിന നാസർ, എൽ ഡി എഫിനായി ഇൻഡ്യൻ നാഷണൽ ലീഗിലെ ഷൈല റഫീക്ക് എസ് ഡി പി ഐയുടെ തസ്നിം അനസ് എന്നിവരാണ് മത്സര രംഗത്തുള്ളത്. പരമ്പരാഗത യു ഡി എഫ് സീറ്റായ കുഴിവേലി ഇത്തവണയും നിലനിർത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു ഡി എഫ്. ഇതിനായി മുമ്പ് രണ്ട് വട്ടം വാർഡിനെ പ്രതിനിധീകരിച്ച അഡ്വ വി പി നാസറിൻ്റെ ഭാര്യ റൂബിനയെയാണ് യു ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത്. നാസറിൻ്റെ ബന്ധങ്ങളും അനുഭവ പരിചയങ്ങളും സ്ഥാനാർത്ഥിക്ക് മുതൽകൂട്ടാവുമെന്നും വൻഭൂരിപക്ഷത്തിൽ വാർഡ് നിലനിർത്തുമെന്നും യു ഡി എഫ് നേതാക്കൾ പറയുന്നു. അതേസമയം, പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും ഇക്കുറി കുഴിവേലി സീറ്റ് പിടിച്ചെടുക്കുമെന്നും എൽ ഡി എഫ് ക്യാമ്പ് ഉറപ്പിച്ചു പറയുന്നു. ഇൻഡ്യൻ നാഷണൽ ലീഗ് കോട്ടയം ജില്ലാ സെക്രട്ടറി പി എസ് റഫീക്കിൻ്റെ ഭാര്യ ഷൈലയെയാണ് എൽ ഡി എഫ് ഇതിനായി രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഒറ്റക്കു നിന്നു പിടിച്ച119 വോട്ടിൻ്റെ ആത്മവിശ്വാസത്തിലാണ് എസ് ഡി പി ഐ സ്ഥാനാർത്ഥി തസ്നി അനസ്. ഇക്കുറി വാർഡ് പിടിച്ചെടുക്കുമെന്നാണ് എസ് ഡി പി ഐ അവകാശവാദം. തെരഞ്ഞെടുപ്പ് തീയതി അടുത്തതോടെ മൂന്ന് മുന്നണികളുടെയും പ്രചാരണം ശക്തമായി.

ഇൻഡ്യ

രാജ്യത്തെ പള്ളികളില്‍ സര്‍വേയ്ക്ക് അനുമതി നല്‍കുന്നതില്‍ നിന്ന് കീഴ്‌ക്കോടതികളെ സുപ്രിംകോടതി തടയണം

ന്യൂഡല്‍ഹി: രാജ്യത്തെ മുസ്‌ലിം പള്ളികളില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കുന്നതില്‍ നിന്ന് കീഴ്‌ക്കോടതികളെ സുപ്രിംകോടതി വിലക്കണമെന്ന് ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്. ഉത്തര്‍പ്രദേശിലെ സംഭലിലെ ശാഹീ ജാമിഅ് മസ്ജിദിലെയും അജ്മീര്‍ ദര്‍ഗയിലെയും സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സുപ്രിംകോടതി വിഷയത്തില്‍ സ്വമേധയാ ഇടപെടണമെന്ന് ബോര്‍ഡ് ദേശീയ വക്താവ് ഡോ. എസ് ക്യു ആര്‍ ഇല്‍യാസ് ആവശ്യപ്പെട്ടു.   രാജ്യത്തെ ആരാധനാലയങ്ങളില്‍ 1947ലെ തല്‍സ്ഥിതി തുടരണമെന്ന 1991ലെ ആരാധനാലയ നിയമം കര്‍ശനമായി പാലിക്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ആരാധനാലയ നിയമം പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സ്‌ഫോടനാത്മകമായ സാഹചര്യമായിരിക്കും രാജ്യത്തുണ്ടാവുക. അതിന് സുപ്രിംകോടതിയും കേന്ദ്രസര്‍ക്കാരുമായിരിക്കും ഉത്തരവാദിയെന്നും ഡോ.എസ് ക്യു ആര്‍ ഇല്‍യാസ് പ്രസ്താവനയില്‍ പറഞ്ഞു.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പള്ളികളിലും ദര്‍ഗകളിലും അവകാശവാദങ്ങള്‍ ഉയരുന്നതില്‍ ബോര്‍ഡ് ആശങ്ക പ്രകടിപ്പിച്ചു. സംഭലിലെ ശാഹീ ജാമിഅ് മസ്ജിദില്‍ അവകാശവാദം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ അജ്മീറിലെ ദര്‍ഗയിലും ചിലര്‍ അവകാശ വാദം ഉന്നയിച്ചിരിക്കുകയാണ്. അജ്മീര്‍ ദര്‍ഗ ശിവക്ഷേത്രമാണെന്നാണ് അവകാശവാദം. നിര്‍ഭാഗ്യവശാല്‍ അജമീറിലെ വെസ്റ്റ് സിവില്‍ കോടതി ഹരജി ഫയലില്‍ സ്വീകരിക്കുകയും ദര്‍ഗ കമ്മിറ്റിക്കും കേന്ദ്രന്യൂനപക്ഷ മന്ത്രാലയത്തിനും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കും നോട്ടീസ് അയക്കുകയും ചെയ്തിരിക്കുന്നു. ഇതെല്ലാം 1991ലെ ആരാധനാലയ നിയമത്തിന് എതിരാണ്. 1947 ആഗസ്റ്റ് 15ലെ ആരാധനാലയങ്ങളുടെ തല്‍സ്ഥിതി തുടരണമെന്നാണ് ഈ നിയമം പറയുന്നത്. ബാബരി മസ്ജിദ് കേസിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത്.  എന്നാല്‍, വരാണസിയിലെ ഗ്യാന്‍ വ്യാപി പള്ളി, മധുരയിലെ ശാഹീ ഈദ്ഗാഹ് മസ്ജിദ്, മധ്യപ്രദേശിലെ ഭോജ്ശാല മസ്ജിദ്, ലഖ്‌നോവിലെ തീലെവാലി മസ്ജിദ്, സംഭാല്‍ ജാമിഅ് മസ്ജിദ് എന്നിവിടങ്ങളില്‍ കീഴ്‌ക്കോടതികള്‍ സര്‍വേയ്ക്ക് അനുമതി നല്‍കി. ഇപ്പോള്‍ ഇത് ലോകപ്രശസ്തമായ അജ്മീര്‍ ദര്‍ഗയിലേക്കും എത്തിയിരിക്കുന്നു. നിയമവിരുദ്ധമായാണ് ഹിന്ദുസേനാ നേതാവ് വിഷ്ണു ഗുപ്തയുടെ ഹരജി കോടതി ഫയലില്‍ സ്വീകരിച്ച് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ദര്‍ഗ നിലനില്‍ക്കുന്ന പ്രദേശത്ത് ശിവക്ഷേത്രമുണ്ടായിരുന്നുവെന്നും അവിടെ പ്രാര്‍ത്ഥനകള്‍ നടക്കാറുണ്ടായിരുന്നുവെന്നാണ് ഹരജിക്കാരന്‍ വാദിക്കുന്നത്. ബാബരി മസ്ജിദ് കേസ് പരിഗണിക്കുന്ന കാലത്ത് ആരാധനാലയ നിയമത്തെ കുറിച്ച് സുപ്രിംകോടതി നിലപാട് പറഞ്ഞിരുന്നു. കൂടുതല്‍ ആരാധനാലയങ്ങളില്‍ അവകാശവാദമുണ്ടാവരുതെന്നും കോടതി അന്ന് പറഞ്ഞു. എന്നിട്ടും ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേയ്ക്ക് കീഴ്‌ക്കോടതി അനുമതി നല്‍കി. അതിനെ ചോദ്യം ചെയ്ത് മുസ്‌ലിം പക്ഷം സുപ്രിംകോടതിയെ സമീപിച്ചു. എന്നാല്‍, കോടതി മുന്‍ നിലപാട് മയപ്പെടുത്തി സര്‍വേയ്ക്ക് അനുമതി നല്‍കി. സര്‍വേ നടത്തുന്നത് 1991ലെ നിയമത്തിന്റെ ലംഘനമാവില്ലെന്നാണ് സുപ്രിംകോടതി പ്രഖ്യാപിച്ചത്. ഇതോടെയാണ് മധുരയിലെ ശാഹീ ഈദ്ഗാഹ് മസ്ജിദിലും ലഖ്‌നോവിലെ തീലെവാലി മസ്ജിദിലും സംഭലിലെ ശാഹി ജാമിഅ് ജുമാ മസ്ജിദിലും ഇപ്പോള്‍ അജ്മീര്‍ ദര്‍ഗയിലും അവകാശ വാദങ്ങള്‍ ഉന്നയിക്കപ്പെടുന്നത്. അതിനാല്‍, വിഷയത്തില്‍ സുപ്രിംകോടതി സ്വമേധയാ ഇടപെടണമെന്ന് ഡോ. എസ് ക്യു ആര്‍ ഇല്‍യാസ് ആവശ്യപ്പെട്ടു.

പ്രാദേശികം

"ആരോഗ്യ കേരളത്തിന് അക്യുപങ്ചറിന്റെ കൈത്താങ്ങ്" സംസ്ഥാന ക്യാമ്പയിൻ ഉദ്ഘാടനം നാളെ

ഈരാറ്റുപേട്ട: അക്യുപങ്ചർ ഫെഡറേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ " ആരോഗ്യ കേരളത്തിന് അക്യുപങ്ചറിന്റെ കൈത്താങ്ങ് എന്ന പ്രമേയത്ത് ആസ്പദമാക്കി ഒരു വർഷം നീണ്ടു നിൽക്കുന്ന ഹെൽത്ത് ക്യാമ്പയിൽ നാളെ ഈരാറ്റുപേട്ടയിൽ നടക്കും.  രാവിലെ 10 ന് നടയ്ക്കലിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹ്സിന അയ്യൂബിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.ഉൽഘാടനം ചെയ്യും ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൻ സുഹുറ അബ്ദുൽ ഖാദർ മുഖ്യാതിഥിയായിരിക്കും. വാർഡ് കൗൺസിലർ അബ്ദുൽ ലത്തീഫ് ഫെസറേഷൻ ജില്ല പ്രസിഡന്റ് ഷാജഹാൻ പൊൻകുന്നം, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജുനൈദ് മമ്പാട്, ജില്ലാ സെക്രട്ടറി റഫീക്ക് ദിലീപ് എന്നിവർ പ്ര സംഗിക്കും ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകൾ, സൗജന്യ ക്യാമ്പുകൾ വ്യായാമ പരിശീലനം, പാചക കളരികൾ കുടുംബ സംഗമങ്ങളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ  മുഹ്സിന അയ്യൂബ്, ഷാജഹാൻ പൊൻകുന്നം, റഫീക്ക ദിലീപ് ,ഷക്കീല ബീവി, അബ്ദുൽ ലത്തീഫ് എന്നിവർ അറിയിച്ചു

ജനറൽ

*ബി.എഡ് ഇനി നാലു വർഷം, ടി.ടി.സിയും നിലവിലെ ബി.എഡും നിറുത്തും

തിരുവനന്തപുരം: രണ്ടുവർഷം ദൈർഘ്യമുള ബി.എഡ് കോഴ്‌സ് അടുത്തവർഷം മുതൽ നാലുവർഷ പ്രൊഫണൽ കോഴ്സാവും. എൻജിനിയറിംഗ്, മെഡിക്കൽ കോഴ്സുകൾപോലെ അദ്ധ്യാപനമേഖലയും പ്രൊഫഷണലാക്കുന്നതിൻ്റെ ഭാഗമാണിത്. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലാണ് ബിരുദപഠനം കൂടി ചേർത്തുള്ള കോഴ്‌സ്. യോഗത്യ പ്ലസ്ടു. പ്രൊഫ.മോഹൻ ബി. മേനോൻ അദ്ധ്യക്ഷനായ കരിക്കുലം കമ്മിറ്റി ഇതു സംബന്ധിച്ച റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന് കൈമാറി. നാലുവർഷ ബി.എഡിൻ്റെ ആദ്യ ബാച്ച് പുറത്തുവരുന്നതോടെ നിലവിലുള്ള ബി.എഡ് കോഴ്സ് ഇല്ലാതാവും. എൽ.പി, യു.പി സ്കൂൾ അദ്ധ്യാപകരാവാനുള്ള രണ്ടുവർഷത്തെ ടി.ടി.സി കോഴ്സ് അടുത്ത വർഷം നിറുത്തും. നീറ്റ് മാതൃകയിൽ നാഷണൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിലൂടെയായിരിക്കും പ്രവേശനം. ഫീസ് സർക്കാർ നിശ്ചയിക്കും. 2030 മുതൽ നാലുവർഷ ബി.എഡ് മാത്രമേ ഉണ്ടാവൂ. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമാണ് ഈ മാറ്റം. ബി.എ, ബി.എസ്‌സി, ബികോം എന്നിങ്ങനെ മൂന്നു സ്ട്രീമുകൾക്കൊപ്പമാവും നാലുവർഷ ബി.എഡും. ആദ്യവർഷം മുതൽ നിശ്ചിത ക്രെഡിറ്റ് അദ്ധ്യാപക പരിശീലനത്തിനായിരിക്കും. നാലുവർഷവും വിജയിക്കുമ്പോൾ ബിരുദത്തിനൊപ്പം ബി.എഡും ലഭിക്കും. മൂന്നുവർഷം പൂർത്തിയാക്കി കോഴ്‌സ് മതിയാക്കാം. പക്ഷേ, ബി.എഡ് ലഭിക്കില്ല, ബിരുദം മാത്രം കിട്ടും. നിലവിൽ കോഴിക്കോട് എൻ.ഐ.ടി, കാസർകോട് കേന്ദ്രസർവകലാശാല എന്നിവിടങ്ങളിൽ നാലുവർഷ ബി.എഡുണ്ട് എൻ.ഐ.ടിയിൽ വാർഷികഫീസ് ഒരുലക്ഷം രൂപയാണ്. മികച്ച നാക് ഗ്രേഡുള്ള കോളേജുകളിൽ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷനായിരിക്കും  (എൻ.സി.ടി.ഇ) കോഴ്‌സ് അനുവദിക്കുക. നിലവിൽ ബി.എഡ് കോഴ്‌സുള്ള ട്രെയിനിംഗ് കോളേജുകളിൽ നാലുവർഷ ബി.എഡ് അനുവദിക്കില്ല. *രണ്ട് മേജർ കോഴ്‌സുകൾ* നാലുവർഷ ബി.എഡിൽ രണ്ട് മേജർ കോഴ്സുകളുണ്ടാവും. ഒരെണ്ണം ടീച്ചർ എഡ്യൂക്കേഷനായിരിക്കണം. രണ്ടാമത്തേത് ഇഷ്ടമുള്ള വിഷയമാകാം. സിലബസ് ലോകനിലവാരത്തിൽ പരിഷ്കരിക്കും. *പ്രൈമറി ടീച്ചർക്കും ബി.എഡ്* എൽ.കെ.ജി മുതൽ രണ്ടാം ക്ലാസ് വരെ അദ്ധ്യാപകരാവാൻ ഫൗണ്ടേഷൻ, മൂന്നു മുതൽ അഞ്ചുവരെ ക്ലാസുകൾക്ക് പ്രിപ്പറേറ്ററി,ആറു മുതൽ എട്ടുവരെ മിഡിൽ, ഒമ്പതു മുതൽ 12 വരെ സെക്കൻഡറി എന്നിങ്ങനെ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. ബി.എ,ബി.എസ്‌സി, ബികോം എന്നിവയിൽ നാലുവീതം വിഭാഗങ്ങളിലായി 12 ഇനം കോഴ്സുകളുണ്ടാവും. ഏത് വിഭാഗത്തിലാണോ അദ്ധ്യാപകരാവേണ്ടത് അതിനനുസരിച്ച് ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. സിലബസിലും പഠനരീതിയിലും വ്യത്യാസമുണ്ടാവും.

പ്രാദേശികം

യോഗ പരിശീലകയെ ആവശ്യമുണ്ട്.

ഈരാറ്റുപേട്ട. നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുളള യോഗ പരിശീലനപരിപാടിയിലേക്ക് അംഗീകൃത സർവകലാശാലയിൽ നിന്നും ബി.എൻ വൈ.എസ് ബിരുദം/ തതുല്യയോഗ്യതയുളള യോഗ അസോസിയേഷൻ /സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുളളവരുമായ വനിതാ ഇൻസ്ട്രക്ടറെ തെരഞ്ഞെടുക്കുന്നതിന് ഡിസംമ്പർ 5 വ്യാഴാഴ്ച രാവിലെ 11.00ന് നഗരസഭ കാര്യാലയത്തിൽ വച്ച് അഭിമുഖം  നടത്തുന്നു. താൽപര്യമുളളവർ അന്നേ ദിവസം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകേണ്ടതാണ്.കൂടാതെ, നഗരസഭ നടത്തുന്ന യോഗാപരിശീലനപരിപാടിയിൽ പങ്കെടുക്കുവാൻ താൽപര്യമുളള നഗരസഭാ നിവാസികളായ കൗമാരക്കാരായ പെൺകുട്ടികൾക്കും, വനിതകൾക്കും 2024 ഡിസംബർ 5 വരെ നഗരസഭയിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് നഗരസഭ സെക്രട്ടറി അറിയിക്കുന്നു.

കേരളം

പണമില്ല എന്ന കാരണത്താൽ പഠന യാത്രയിൽ നിന്ന് ഒരു കുട്ടിയെപ്പോലും ഒഴിവാക്കരുത്: മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയിൽ നിന്ന് ഒഴിവാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിലെ പഠന യാത്രകൾ, വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിൽ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു. പഠന യാത്രകൾ വിനോദ യാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്കൂളുകളിൽ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നൽകാൻ കഴിയാതെ അവരിൽ മാനസിക പ്രയാസം ഉണ്ടാക്കുന്നു. അതിനാൽ പഠന യാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. സ്കൂളുകളിലെ പഠന യാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും യാത്രാ ചെലവ് പിടിഎ കമ്മിറ്റികളോ സ്റ്റാഫ് മാനേജ്മെന്‍റ് കമ്മിറ്റികളോ വഹിക്കണമെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളുകളിൽ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ജന്മദിനം പോലുള്ള വ്യക്തിഗത ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഈ പരിപാടികൾക്ക് സമ്മാനങ്ങൾ നൽകാൻ കുട്ടികൾ നിർബന്ധിതരാകുന്നു. സമ്മാനങ്ങൾ കൊണ്ട് വരാത്ത കുട്ടികളെ വേർതിരിച്ച് കാണുന്ന പ്രവണതയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കാൻ സ്കൂൾ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

പ്രാദേശികം

മാനവസഞ്ചാരത്തിന് സ്വീകരണമൊരുക്കി കാരക്കാട് സ്കൂൾ.

ഈരാറ്റുപേട്ട : നമ്മുടെ രാജ്യത്തിന്റെ പൈതൃകവും സൗഹാർദ്ദവും കാത്ത് സൂക്ഷിക്കാനും, ദേശീയോദ്ഗ്രഥനത്തിനും, നവാഭാരത സൃഷ്ടിക്കും വിദ്യാർത്ഥികൾക്കുള്ള പങ്ക് നിസ്തുലമാണെന്നും സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി എൻ എം സ്വാദിഖ് സഖാഫി പെരുന്താറ്റിരി അഭിപ്രായപ്പെട്ടു.രാജ്യത്തിന്റെ അഖണ്ഡതയും, മതേതരത്വവും കാത്ത് സൂക്ഷിക്കാൻ കടമപ്പെട്ടവരാണ് വളർന്നു വരുന്ന വിദ്യാർത്ഥി സമൂഹം. വിദ്യാലയങ്ങൾ വൈവിദ്യങ്ങളെ സ്വീകരിക്കുന്ന നന്മയുടെ പ്രസരണ കേന്ദ്രങ്ങളാണ്.ധാർമികതയുൾക്കൊള്ളുന്ന പുത്തൻ തലമുറയെ വളർത്താൻ ഇത്തരം സ്ഥാപനങ്ങളെ ചേർത്തുപിടിക്കാനുള്ള ഉത്തരവാദിത്തം സമൂഹത്തിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം"എന്ന മുദ്രാവാക്യം ഉയർത്തി എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി യുടെ നേതൃത്വത്തിൽ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന മാനവ സഞ്ചാരം കോട്ടയം ജില്ലയിൽ കലാലയങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് കാരക്കാട് സ്കൂളിൽ അസംബിളി യോഗത്തിൽ വിദ്യാർത്ഥികളെ അഭിസംബോധനചെയ്തു സംസാരിച്ചത്.സ്കൂൾ മാനേജർ അഷ്‌റഫ്‌ സർ,ഹെഡ്‌മിസ്ഡ്രസ് ഷമീന വി കെ.ആസിം കണ്ടത്തിൽ, ആസിം തട്ടാമ്പറമ്പിൽ, ശഅബാനത്ത് ടീച്ചർഎന്നിവർ നേതാക്കളെ സ്വീകരിച്ചു.എസ് വൈ എസ് സെക്രട്ടറി എം പി അബ്ദുൽ ജബ്ബാർ സഖാഫി, സോൺ ഭാരവാഹികളായ, സഅദുദ്ധീൻ അൽ ഖാസിമി,പിഎം അനസ് മദനി, അബ്ദുറഹ്മാൻ സഖാഫി,ഇയാസ് സഖാഫി,ഷിനാസ് ബഷീർ, സ്വദിഖ് ഇളപ്പുങ്കൽ, മുജീബ് ലത്തീഫി അനുഗമിച്ചു

പ്രാദേശികം

പനയ്ക്കപ്പാലം വലിയമംഗലം പാലത്തിൽ നിയന്ത്രണംവിട്ട ലോറി ഇടിച്ച് കലുങ്ക് തകർന്നു

പനയ്ക്കപ്പാലം വലിയമംഗലം പാലത്തിൽ നിയന്ത്രണംവിട്ട ലോറി ഇടിച്ച് കലുങ്ക് തകർന്നു. തോട്ടിലേയ്ക്ക് ലോറി മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. വാഴക്കുലകളുമായി വയനാട് നിന്നും ഈരാറ്റുപേട്ടയിലേയ്ക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്.   ഇടിയേറ്റ് വട്ടംതിരിഞ്ഞ ലോറി റോഡിന് കുറുകെ കിടന്നതോടെ ചെറുവാഹനങ്ങൾ മാത്രമാണ് കടന്നുപോകാനായത്. പിന്നീട് ക്രെയിൻ എത്തിച്ച് ലോറി റോഡിന് നടുവിൽ നിന്നും മാറ്റി. ഇടിയേറ്റ് കലുങ്ക് പൂർണമായും തകർന്നു. മറ്റൊരു അപകടത്തിൽ തകർന്ന കലുങ്ക് പുനർ നിർമിച്ചിട്ട് അധികകാലം ആയിട്ടില്ല.  ഏറ്റുമാനൂർ പൂഞ്ഞാർ റോഡിലെ അപകരകരമായ പാലമായി വലിയമംഗലം പാലം മാറുകയാണ്. ഹൈവേ റോഡിന്റെ ഇരുവശത്തെയും മാർക്കിംഗ് കടന്നുപോകുന്ന കൃത്യം വീതി മാത്രമാണ് പാലത്തിനുള്ളത്. ഇവിടെ ഇതിനുമുൻപും നിരവധി അപകടങ്ങളുണ്ടാവുകയും വാഹനങ്ങൾ തോട്ടിൽപതിയ്ക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് അപകടത്തിൽ ബൈക്ക് യാത്രികന്റെ കാലൊടിഞ്ഞിരുന്നു.    ശബരിമല സീസണിൽ നിരവധി തീർത്ഥാടക വാഹനങ്ങൾ കടന്നുപോകുന്നത് കണക്കിലെടുത്ത് ആവശ്യമായ സുരക്ഷ ഇവിടെ ഒരുക്കണമെന്ന് പീറ്റർ പന്തലാനി ആവശ്യപ്പെട്ടു. മറ്റ് ശബരിമല റൂട്ടുകളിലേത് പോലെ ഡ്രൈവർമാർക്ക് ചുക്കുകാപ്പിയും മറ്റും വിതരണം ചെയ്ത് ഡ്രൈവർമാരുടെ ഉറക്കമകറ്റാൻ നടപടി സ്വീകരിക്കണമെന്നും പീറ്റർ പന്തലാനി പറഞ്ഞു.