വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

ബഡ്ജറ്റിൽ പൂഞ്ഞാറിന് സമഗ്ര വികസന പദ്ധതികൾ

ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് ഉപകരിക്കുന്ന പദ്ധതികൾ അനുവദിച്ചിട്ടുണ്ടെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. അനുവദിക്കപ്പെട്ടിട്ടുള്ള പദ്ധതികൾ താഴെ പറയുന്നു. ശബരിമല തീർത്ഥാടന പാതകൾ നവീകരിക്കൽ - 15 കോടി, പിണ്ണാക്കനാട് - പടിഞ്ഞാറ്റുമല റോഡ് ബി.എം & ബി.സി റീ ടാറിങ്, - 3 കോടി, വെള്ളികുളം- കാരികാട് - കമ്പിപ്പാലം - വാഗമൺ റോഡ് - 1 കോടി, വഴിക്കടവ്- നാട് നോക്കി - മലമേൽ - മാടത്താനി റോഡ് -1 കോടി, എരുമേലി ഗ്രാമപഞ്ചായത്തിലെ കണമല ബൈപ്പാസ് പുനർ നിർമ്മാണം -1 കോടി, പാറത്തോട് ഗ്രാമപഞ്ചായത്തിലെ കൂവപ്പള്ളിയിൽ പഞ്ചായത്ത് സ്റ്റേഡിയം നവീകരണം - 1 കോടി, ചേനപ്പാടി മാടപ്പാട്ട് പഞ്ചായത്ത് സ്റ്റേഡിയം നവീകരണം -1 കോടി, പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ ചേന്നാട് പഞ്ചായത്ത് സ്റ്റേഡിയം നവീകരണം -1 കോടി, തിടനാട് ഗ്രാമപഞ്ചായത്തിൽ സ്ഥലം ഏറ്റെടുത്ത് സ്റ്റേഡിയം നിർമ്മാണം - 1 കോടി, ഈരാറ്റുപേട്ട നഗരസഭയിൽ തടവനാൽ ബൈപ്പാസ് വീതി കൂട്ടി പുനർ നിർമ്മാണം -1 കോടി എന്നീ പദ്ധതികളാണ് ഭരണാനുമതി ലഭ്യമാകുന്ന നിലയിൽ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.  കൂടാതെ താഴെപ്പറയുന്ന പദ്ധതികളും ടോക്കൺ പ്രൊവിഷനോടു കൂടി ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാറത്തോട് ഗ്രാമപഞ്ചായത്തിലെ കൂവപ്പള്ളിയിൽ സ്ഥലം ഏറ്റെടുത്ത് നഴ്സിംഗ് കോളേജ് സ്ഥാപിക്കൽ - 2 കോടി, കോരുത്തോട് ഗ്രാമപഞ്ചായത്തിന് പുതിയ ആസ്ഥാന മന്ദിരം -5 കോടി, കെഎസ്ആർടിസി ഈരാറ്റുപേട്ട ഡിപ്പോയിൽ പുതിയ ഡോർമെറ്ററി കം ഷോപ്പിംഗ് കോംപ്ലക്സ് - 5 കോടി, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പനച്ചികപ്പാറയിൽ ജി.വി രാജ പ്രതിമയും പാർക്കും സ്ഥാപിക്കൽ - 1 കോടി, മുണ്ടക്കയം ടൗണിൽ മുണ്ടക്കയം കോസ് വേയ്ക്ക് സമാന്തരമായി മണിമലയാറിന് കുറുകെ പുതിയ പാലവും ഫ്ലൈ ഓവറും -15 കോടി, പൂഞ്ഞാർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ മിനി ഐടി പാർക്ക് -10 കോടി, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ ഇളംകാട് കേന്ദ്രീകരിച്ച് ടൂറിസം സർക്യൂട്ട് -10 കോടി, എരുമേലിയിലെ നിർദ്ദിഷ്ട ശബരി ഗ്രീൻഫീൽഡ് എയർപോർട്ട് സ്ഥാപിക്കുന്നതിന് മുന്നോടിയായി പുതിയ റിംഗ് റോഡുകളും, ബൈപ്പാസ് റോഡുകളും ഉൾപ്പെടുത്തി എരുമേലി മാസ്റ്റർ പ്ലാൻ രണ്ടാംഘട്ടം -25 കോടി, മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ പുഞ്ചവയലിൽ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പ്രീ എക്സാമിനേഷൻ ട്രെയിനിങ്, സ്കിൽ ഡെവലപ്മെന്റ് , കരിയർ ഗൈഡൻസ് എന്നീ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രം സ്ഥാപിക്കൽ - 5 കോടി, കോട്ടയം ജില്ലയിലെ ഏറ്റവും വലിയ താലൂക്ക് ആയ മീനച്ചിൽ താലൂക്ക് വിഭജിച്ച് ഈരാറ്റുപേട്ട കേന്ദ്രമാക്കി പൂഞ്ഞാർ താലൂക്ക് രൂപീകരണം, കോട്ടയം ജില്ലയിലെ ഭൂമിശാസ്ത്രപരമായ വലിപ്പം കൊണ്ടും ജനസംഖ്യ കൊണ്ടും ഏറ്റവും വലിയ ഗ്രാമപഞ്ചായത്ത് ആയ എരുമേലി ഗ്രാമപഞ്ചായത്ത് വിഭജിച്ച് മുക്കൂട്ടുതറ കേന്ദ്രമാക്കി പുതിയ ഗ്രാമപഞ്ചായത്ത് രൂപീകരണം, എന്നീ പദ്ധതികൾ ആണ് സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട് അനുവദിച്ചിട്ടുള്ളത്. ടോക്കൺ പ്രൊവിഷൻ ഉള്ള പദ്ധതികളും ഭാവിയിൽ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടത്തും. കഴിഞ്ഞ 5 വർഷക്കാലവും പൂഞ്ഞാർ നിയോജക മണ്ഡലത്തിന് സംസ്ഥാന ബഡ്ജറ്റിലൂടെയും , സംസ്ഥാന ഗവൺമെന്റിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകളിലൂടെയും വലിയ പരിഗണനയാണ് ലഭിച്ചിട്ടുള്ളതെന്നും എംഎൽഎ കൂട്ടിച്ചേർത്തു. പൂഞ്ഞാറിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധമുള്ള വികസന മുന്നേറ്റം കൈവരിക്കുന്നതിന് കഴിഞ്ഞതായും എംഎൽഎ പറഞ്ഞു. അനുവദിക്കപ്പെട്ടിട്ടുള്ള ഫണ്ടുകളിൽ 75% ത്തോളം നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട് എന്നും എംഎൽഎ കൂട്ടിച്ചേർത്തു.

കേരളം

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം

തിരുവനന്തപുരം: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ( എസ്‌ഐആര്‍) ഭാഗമായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ (eci.gov.in) , മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയോ വെബ്‌സൈറ്റ് വഴിയോ (ceo.kerala.gov.in) , ബിഎല്‍ഒമാര്‍ക്ക് നേരിട്ടോ അപേക്ഷകള്‍ സമര്‍പ്പിക്കാം. സാധാരണ വോട്ടര്‍മാരാകാന്‍ ഫോം 6, പ്രവാസി വോട്ടര്‍മാരാകാന്‍ ഫോം എ 6 എന്നിവയാണ് ഉപയോഗിക്കേണ്ടത്. ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് ഫെബ്രുവരി 21 ന് പുറത്തിറങ്ങുന്ന എസ്‌ഐആര്‍ അന്തിമ പട്ടികയുടെ ഭാഗമാകാന്‍ അവസരമുണ്ട്. ഇതു കഴിഞ്ഞും പേരു ചേര്‍ക്കാന്‍ അവസരം ഉണ്ടെങ്കിലും സപ്ലിമെന്ററി വോട്ടര്‍ പട്ടികയിലാണ് ഉള്‍പ്പെടുത്തുക.

പ്രാദേശികം

പെൻഷനേഴ്സ് യൂണിയൻ സമ്മേളനം

ഈരാറ്റുപേട്ട. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റ് സമ്മേളനം വ്യാപാരഭവനിൽ ജോസഫ് മൈലാടി ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് റ്റി എം.റഷീദ് പഴയംപ്പള്ളി അധ്യക്ഷത വഹിച്ചു. എം.വി സെബാസ്റ്റ്യൻ മേക്കാട്ട്, എം.സി.ജോസഫ്, ബാബുരാജ്, ഇ.മുഹമ്മദ്, ജെയിംസ് മാത്യൂ, ലുക്കോസ് വേണാടൻ എന്നിവർ സംസാരിച്ചു പുതിയ ഭാരവാഹികളായി റ്റി.എം.റഷീദ് (പ്രസിഡൻ്റ്) കെ.ഇ.മുഹമ്മദ് ബഷീർ, മേരിക്കുട്ടി ജോർജ്, എം.വി.സെബാസ്റ്റ്യൻ (വൈസ് പ്രസിഡൻറുമാർ) വി.എം. അഷറഫ് വടക്കേടത്തിൽ (ജനറൽ സെക്രട്ടറി) മാത്യു ജേക്കബ്, ആലിസ് മാത്യൂ. ആരിഫാ ബീവി (സെക്രട്ടറിമാർ)എൻ.കെ.ജോൺ വടക്കേൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

കേരളം

ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം; 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെ എൻ ബാല​ഗോപാൽ അവതരിപ്പിച്ച് തുടങ്ങി. ആശമാർക്ക് ആശ്വാസ പ്രഖ്യാപനമുണ്ടായി. 1000 രൂപയാണ് ഇവർക്ക് കൂട്ടിയത്. അങ്കണവാടി വർക്കർക്ക് 1000 കൂട്ടിയപ്പോൾ ഹെൽപ്പൽമാർക്ക് 500 രൂപയും സാക്ഷരതാ പ്രേരക്മാർക്ക് 1000 രൂപയും വർധിപ്പിച്ചു. ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളത്തിന്റെ വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പത്ത് വർഷത്തിനിടെ ന്യൂ നോർമൽ കേരളം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 48,383.83 കോടി രൂപ രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ ക്ഷേമ പെന്‍ഷനായി നല്‍കി. 62 ലക്ഷം ജനങ്ങള്‍ക്ക് മുടക്കമില്ലാതെ എല്ലാ മാസവും രണ്ടായിരം രൂപ നല്‍കി. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും 54000 കോടി രൂപ ക്ഷേമപെന്‍ഷനായി നല്‍കും. 607 സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് കുടിശ്ശിക അടക്കം 35,089 രൂപ നല്‍കി. കായികമേഖലയിൽ അടിസ്ഥാനവികസനത്തിന് 5000 കോടിരൂപ ചെലവഴിച്ചു. ഇന്ത്യയിലെ ആകെ പിഎസ്സി നിയമനങ്ങളുടെ 60% വും കേരളത്തിലാണ്. മെഡിസെപ്പ് വഴി 2374 കോടി രൂപയുടെ 14 ലക്ഷം ക്ലൈമുകൾ ചെയ്തു. ലോകത്തിനൊപ്പം കേരളത്തിൽ സഞ്ചരിക്കാൻ കഴിയുമെന്ന് നാം തെളിയിച്ചുവെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.വിസ്മയകരമായ വികസനം വിഴിഞ്ഞത്ത് നടപ്പാകുന്നു. ആ വികസനം മുന്നോട് കുതിക്കും. കെഎസ്ആർടിസി ജീവനക്കാരെയും പെൻഷൻക്കാരെയും ചേർത്തുപിടിച്ച സർക്കാരാണ്.കെഎസ്ആർടിസി ജീവനക്കാർ ഇന്ന് ശമ്പളം വാങ്ങുന്നത് ഒന്നാം തീയതിയാണ്. 3.92 ലക്ഷം പുതിയ സംരംഭങ്ങൾ തുടങ്ങി. ഈസ്‌ ഓഫ് ഡൂയിങ് ബിസിനസ്സിൽ കേരളം ഒന്നാമതാണ്. ഈ സർക്കാർ നെല്ലിന്റെ സംഭരണ വില 30 രൂപയായി ഉയർത്തി. റബറിന് 200 രൂപയാക്കി. സർക്കാരിന്റെ വലിയ നേട്ടമാണ് പവർകട്ട് ഇല്ലാത്ത കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനറൽ

വൻ കുതിപ്പ്: ഇന്ന് കൂടിയത് 8,640 രൂപ, സ്വർണം പവന് 1,31,160 രൂപയായി

ഇന്ന് രാവിലത്തെ വ്യാപാരത്തിനിടെ സ്വർണ വിലയിൽ വൻ കുതിപ്പ്. സംസ്ഥാനത്ത് പവൻ്റെ വില 8,640 രൂപ കൂടി 1,31,160 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 1080 രൂപ വർധിച്ച് 16,395 രൂപയുമായി.ആഗോള-ആഭ്യന്തര വിപണികളിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 9,954 രൂപയാണ് കൂടിയത്. ഇതോടെ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 1,75,869 രൂപയായി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 5,591 ഡോളറിലെത്തുകയും ചെയ്. ഈയാഴ്ച മാത്രം 10 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്. സമാനമായ വർധന വെള്ളിയുടെ വിലയിലുമുണ്ടായി. ചരിത്രത്തിലാദ്യമായി വെള്ളിയുടെ വില കിലോഗ്രാമിന് നാല് ലക്ഷം രൂപയുടെ അടുത്തെത്തി.

കേരളം

സ്ത്രീധനം നൽകുന്നത് കുറ്റമല്ലാതാക്കണമെന്ന് നിയമപരിഷ്‌കരണ കമ്മിഷൻ, വിശദീകരണം നൽകാതെ കേന്ദ്രം

കൊച്ചി: സ്ത്രീധനം നൽകുന്നത് കുറ്റകരമാക്കുന്ന വ്യവസ്ഥ സ്ത്രീധനനിരോധന നിയമത്തിൽനിന്ന് ഒഴിവാക്കണമെന്ന ശുപാർശ കേരള നിയമപരിഷ്‌കരണ കമ്മിഷൻ നൽകിയിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സ്ത്രീധനത്തെ വരനോ വരന്റെ കുടുംബമോ ആവശ്യപ്പെടുന്ന സ്വത്തോ സെക്യൂരിറ്റിയോ ആയി കാണണമെന്നും ഇതാവശ്യപ്പെടുന്നത് കുറ്റകരമാക്കണമെന്നുമാണ് ശുപാർശയിൽ പറയുന്നത്. സ്ത്രീധനം നൽകുന്നത് കുറ്റമായി കണക്കാക്കുന്ന സ്ത്രീധനനിരോധന നിയമത്തിലെ വകുപ്പ് മൂന്ന് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശിനിയായ ടെൽമി ജോളി നൽകിയ ഹർജിയിലാണ് നടപടി. എന്നാൽ, വിഷയത്തിൽ കേന്ദ്രസർക്കാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. വിഷയം വീണ്ടും പരിഗണിക്കുന്ന ഫെബ്രവരി 11-നകം ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ കേന്ദ്രസർക്കാരിന് കോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. സ്ത്രീധനം നൽകുന്നവരെയും കുറ്റക്കാരായി കണക്കാക്കുന്നതിനാൽ സ്ത്രീധനനിരോധന നിയമം കാര്യക്ഷമമായി നടപ്പാക്കാനാകുന്നില്ലെന്നാണ് ഹർജിക്കാരിയുടെ വാദം.

കേരളം

സംസ്ഥാന ബജറ്റ് നാളെ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടക്കുന്ന സമ്പൂർണ ബജറ്റ് അവതരണത്തിൽ വികസന-ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. സർക്കാർ ജീവനക്കാർക്ക് ഡി എ കുടിശിക വിതരണം, ശമ്പള പരിഷ്കരണം എന്നിവ സംബന്ധിച്ച പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന.  അതേസമയം ബജറ്റിൽ ക്ഷേമ പെൻഷൻ വർധന ഉണ്ടാകുമോ എന്നത് ആകാംക്ഷ നൽകുന്ന വിഷയമാണ്. ഇപ്പോൾ നൽകുന്ന 2000 രൂപ സാമൂഹ്യ ക്ഷേമപെൻഷൻ ഇനിയും ഉയർത്താനും നേരിട്ട് വലിയ തുകയിലേക്ക് ഉയർത്തുന്നതിന് പകരം ഓരോ വർഷവും നിശ്ചിത തുക വീതമുള്ള വർധന പരിഗണിക്കാനും സാധ്യതയുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമുള്ള അഷ്വേഡ് പെൻഷൻ പദ്ധതിയുടെ വിശദാംശങ്ങളും ബജറ്റിൽ പ്രഖ്യാപിച്ചേക്കും.

ഇൻഡ്യ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാർ വിമാനപകടത്തിൽ മരിച്ചു.

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. ബാരാമതി വിമാനത്താവളത്തിൽ അടിയന്തരമായി വിമാനം നിലത്തിറക്കവേയായിരുന്നു അപകടം. 66 കാരനായ അജിത് പവർ ഉൾപ്പെടെ മൂന്ന് പേരാണ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽ വിമാനം പൂർണ്ണമായും കത്തി നശിച്ചു. നാല് പൊതുപരിപാടികളിൽ പങ്കെടുക്കാനാണ് ഉപമുഖ്യമന്ത്രി ബാരാമതിയിലേയ്ക്ക് വിമാനമാർഗം എത്തിയതെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വിമാനത്തിൽ ആറുപേർ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിൽ വിമാനം പൂർണമായും കത്തിനശിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.