വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

ഹെൻറി ബേക്കർ പഠന-ഗവേഷണ കേന്ദ്രം മേലുകാവിൽ സ്ഥാപിക്കാൻ നടപടി സ്വീകരിക്കും -ജോസ് കെ. മാണി എം.പി

മേലുകാവുമറ്റം : റവ: ഹെൻ്റി ബേക്കർ ജൂനിയർ പഠന -ഗവേഷണ കേന്ദ്രം  മേലുകാവിൽസ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് ജോസ്.കെ. മാണി എം പി. സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക കൺവൻഷൻ്റെ ഭാഗമായി നടന്ന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദേഹം. മലനാടിൻ്റെ അപ്പോസ്ഥലൻ എന്നറിയപ്പെടുന്ന റവ. ഹെൻട്രി ബേക്കറിൻ്റെ സന്ദർശനമാണ് നാടിൻ്റെ വളർച്ചയ്ക്കും അറിവിൻ്റെ ബാലപാഠങ്ങൾക്കും വികസനത്തിനും തുടക്കം കുറിച്ചത്. കേന്ദ്ര- സംസ്ഥന സർക്കാരുകളുടെ സഹായത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. അന്തർദേശീയ തലത്തിലുള്ള പഠന കേന്ദ്രത്തിൽ ഗവേഷണത്തിനു പുറമേ, ന്യൂ ജനറേഷൻ കോഴ്സുകൾ, സ്റ്റാട്ടപ്പുകൾ എന്നിവയാണ് ലക്ഷ്യമെന്ന് എംപി പറഞ്ഞു.പഠന കേന്ദ്രത്തിനാവശ്യമായ സ്ഥലം മേലുകാവിൽ കണ്ടെത്തും.ബിഷപ് വി.എസ്. ഫ്രാൻസിസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. കെ.ജി.ദാനിയേൽ, വൈദിക സെക്രട്ടറി ടി.ജെ.ബിജോയി എന്നിവർ പ്രസംഗിച്ചു.

കോട്ടയം

കോട്ടയം ഡി.സി.സിക്ക് അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് അടക്കം പുതിയ 16 ജനറൽ സെക്രട്ടറിമാർ

ഈരാറ്റുപേട്ട: കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായി മുൻ കോൺഗ്രസ് ബ്ലോക്ക് പ്രെസിഡന്റുമാരായ 16 പേരെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് നിയമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് നിയമനം. ഈരാറ്റുപേട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് അടക്കം 16 പേർക്കാണ് പുതിയ നിയമനം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന് കെ.എസ്.യു മണ്ഡലം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക് കോൺഗ്രസ് പ്രസിഡന്റ്, ഡി.സി.സി മെമ്പർ തുടങ്ങി പാർട്ടിയുടെ വിവിധ ഉത്തരവാദിത്വങ്ങൾ വഹിച്ച മുഹമ്മദ് ഇല്യാസ് നാല് വർഷം ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. മറ്റുള്ള ജനറൽ സെക്രട്ടറിമാർ ഇവരാണ്: റോയി മാത്യു കപ്പലുമാക്കൽ, ടി.സി. റോയ്, എസ്. രാജീവ്, ആന്റണി കുന്നുംപുറം, രാധ വി. നായർ, മാത്തച്ചൻ, അഡ്വ. അഭിലാഷ് ചന്ദ്രൻ, ജോ തോമസ്, പ്രൊഫ. സതീഷ് ചൊള്ളാനി, അക്കരപ്പാടം ശശി, അഡ്വ. പി.പി. ചെറിയാൻ, ബേബി തൊണ്ടംകുഴി, വി.കെ. സുരേന്ദ്രൻ, കെ.ജി. ഹരിദാസ്, അഗസ്റ്റിൻ ജോസഫ്.

പ്രവാസം

കെ.ഡി.പി.എ ജിദ്ദക്ക് പുതിയ ഭാരവാഹികൾ

ജിദ്ദ: ജിദ്ദയിൽ പ്രവർത്തിക്കുന്ന കോട്ടയം നിവാസികളുടെ കൂട്ടായ്മ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന് പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. നിസാർ യൂസഫ് (ചെയർ.), സാബു കുര്യാക്കോസ് (പ്രസി.), ദർശൻ മാത്യു (ജന. സെക്ര.), എം.എ. തൻസിൽ (ട്രഷറർ), സിറിയക് ജോൺ (വൈ. പ്രസി.), സാം പുതുമന, നിഷ നിസാർ (ജോ. സെക്ര.), മനോജ് കുര്യൻ (ജോ. ട്രഷറർ), ആഷ്ന തൻസിൽ, അജോ ജോൺ, സൗമ്യ വിവേക്, ജിനു ജോഷി, ഫൗസിയ അജി (പ്രോഗ്രാം കോഓർഡിനേറ്റർമാർ), ജിജോ ചാക്കോ, ഷബീസ് ഈരാറ്റുപേട്ട, മനീഷ് കുടവച്ചൂർ (ലോജിസ്റ്റിക് കൺ.), ഫസലി ഹംസ (പബ്ലിക് റിലേഷൻ, ചാരിറ്റി കൺ.) എന്നിവരാണ് ഭാരവാഹികൾ.

പ്രാദേശികം

വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേലിന് അരുവിത്തുറ കോളേജ് യാത്രയയപ്പ് നൽകി.

ഈരാറ്റുപേട്ട : അരുവിത്തുറ ഫൊറോനാ യിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി വെരി.റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേലിന് അരുവിത്തുറ കോളേജ്‌ യാത്രയപ്പ് നൽകി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജോസഫ് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. ഔപചാരികതകളുടെ മേലാപ്പുകൾ ധരിക്കാതെ ഹൃദയപൂർവ്വം അരുവിത്തുറ കൊളേജിനെ ചേർത്തുപിടിച്ച മനേജറായിരുന്നു വെരി .റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ എന്ന് അദ്ധേഹം പറഞ്ഞു. ചടങ്ങിൽ അദ്ദേഹത്തിന് പൊന്നാടയും സ്നേഹോപഹാരങ്ങളും സമ്മാനിച്ചു. കോളേജ് ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, അദ്ധ്യാപക പ്രതിനിധി ബിനോയി.സി. ജോർജ്, കോളെജ് സൂപ്രണ്ട് ജോബി അലക്സ്സ്, ഐ.ക്യു.എ. സി കോഡിനേറ്റർ എന്നിവർ സംസാരിച്ചു. ആശംസകൾക്ക് വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ. മറുപടി നൽകി.

കോട്ടയം

ശബരി റെയിൽ പാത യാഥാർഥ്യമാകുന്നു ; പദ്ധതിയുടെ പകുതി ചെലവ് വഹിക്കാൻ തയാറെന്ന് കേരളം.

എരുമേലി : സംസ്ഥാനത്തിന്റെ ദീർഘകാല സ്വപ്നമായ അങ്കമാലി-എരുമേലി  ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി പദ്ധതിച്ചെലവിന്റെ പകുതി വിഹിതം സംസ്ഥാനം വഹിക്കുമെന്ന നിർണ്ണായക തീരുമാനത്തിന്  കേരള മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി. 3,810 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 1,905 കോടി രൂപ കേരളം നൽകും.   27 വർഷത്തിലേറെയായി മുടങ്ങിക്കിടന്ന ഈ വികസന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കിഫ്ബി മുഖേന തുക കണ്ടെത്തി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ നിർദ്ദേശം നൽകിക്കഴിഞ്ഞു. പദ്ധതി മരവിപ്പിച്ച തീരുമാനം കേന്ദ്ര സർക്കാർ റദ്ദാക്കിയ സാഹചര്യത്തിലാണു നടപടി.  നേരത്തെ ശബരി റെയിൽ തിരുവനന്തപുരത്തേക്കു നീട്ടുന്നതിനെ കുറിച്ചു പഠിക്കാൻ 2 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പദ്ധതിയുടെ പകുതി തുകയും സംസ്‌ഥാന സർക്കാർ വഹിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. തീരുമാനം. ഉടൻ റെയിൽവേ മന്ത്രാലയത്തെ അറിയിക്കും. 111 കിലോമീറ്റർ ദൂരമുള്ള അങ്കമാലി-എരുമേലി ശബരിപാത 1997ലെ കേന്ദ്ര റെയിൽവേ ബജറ്റിലാണ്  പ്രഖ്യാപിച്ചത്. മൂന്നു പതിറ്റാണ്ടോട് അടുക്കുമ്പോഴും ആകെ പൂർത്തിയായത് അങ്കമാലിയിൽനിന്നു കാലടിവരെ എട്ടു കിലോമീറ്റർ മാത്രമാണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള അയ്യപ്പഭക്തർക്കു ശബരിമലയിലേക്കുള്ള യാത്രയ്ക്കും നാടിന്റെ  വികസനത്തിനും പ്രയോജനപ്പെടുമായിരുന്ന പാതയുടെ നിർമാണം നിലച്ച ഘട്ടത്തിലാണ് പദ്ധതിയുടെ പകുതി ചെലവ് വഹിക്കാമെന്ന് സംസ്‌ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്. 3810 കോടി രൂപയാണ് പുതുക്കിയ എസ്‌റ്റിമേറ്റ്. 6 കിലോമീറ്റർ ദൂരത്തിൽ നിർദിഷ്ട രാമപുരം റെയിൽവേ സ്‌റ്റേഷൻ വരെയാണ് കോട്ടയം ജില്ലയിൽ അങ്കമാലി- ശബരി റെയിൽവേക്കായി കല്ലിട്ടു തിരിച്ചിട്ടുള്ളത്. പിഴക് വരെ മാത്രമാണ് റവന്യു റെയിൽവേ സംയുക്‌ത സർവേ നടത്തി കല്ലിട്ടു തിരിച്ച് സ്‌ഥലമെടുപ്പ് വിജ്‌ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവിടങ്ങളിലാണ് ശബരി റെയിൽവേ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ റെയിൽവേ സ്‌റ്റേഷനുകൾ നിർമ്മിക്കുക. രാമപുരം മുതൽ എരുമേലി സ്‌റ്റേഷൻ വരെ ഏരിയൽ സർവേ മാത്രമാണ് നടത്തിയിട്ടുള്ളത്. എരുമേലിയിലെ സ്‌റ്റേഷൻ എവിടെയാണെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.  

കോട്ടയം

ക്രിസ്ത്യൻ പള്ളിയിലേക്ക് റോഡിന് സൗജന്യമായി സ്ഥലം നൽകി മുസ്ലിം കുടുംബങ്ങൾ

എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിലെ കനകപ്പലം- സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി റോഡ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയതിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. യോഗത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ജോൺ സാമുവൽ അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ സുനിൽ ചെറിയാൻ, പൊതുപ്രവർത്തകരായ ബിനോ ജോൺ ചാലക്കുഴി, സി.പി. മാത്തൻ, സ്ഥലം വിട്ടുനൽകിയ കുടുംബാംഗം ഇസ്മായിൽ മൂത്തേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു. എരുമേലി ഗ്രാമപഞ്ചായത്തിലെ കനകപ്പലം ഭാഗത്തെ സെന്റ്. ജോർജ് ഓർത്തഡോക്സ് ചർച്ചിലേക്കും, ആ പ്രദേശത്തെ താമസക്കാർക്കും ഉണ്ടായിരുന്ന ഏക യാത്ര സൗകര്യമായ കനകപ്പലം - പഴയപള്ളി റോഡ് നിലവിൽ വലിയ കുത്തിറക്കമുള്ള മൺറോഡ് ആയിരുന്നു. അതിനാൽ തന്നെ പള്ളിയിലേക്ക് ആരാധനയ്ക്ക് പോയിരുന്നവരും, പ്രദേശവാസികളും വാഹന ഗതാഗതത്തിന് ഏറെ ബുദ്ധിമുട്ടിയിരുന്നു. ഈ ബുദ്ധിമുട്ട് കാണിച്ച് പള്ളി അധികൃതരിൽ നിന്നും പ്രദേശവാസികളിൽ നിന്നും നിവേദനം ലഭിച്ചതിനെ തുടർന്നാണ് റോഡ് നിർമ്മാണത്തിന് 10 ലക്ഷം രൂപ അനുവദിച്ചതെന്ന് എം.എൽ.എ പറഞ്ഞു.  പി.ഡബ്ല്യു.ഡി റോഡിൽ നിന്നും റോഡ് ആരംഭിക്കുന്ന ഭാഗത്ത് ആവശ്യത്തിന് വീതി ഇല്ലാതിരുന്നതുമൂലം സമീപ സ്ഥല ഉടമസ്ഥരായ മുഹമ്മദ് ഷാ, മൂന്ന് സെന്റ് സ്ഥലം മാത്രമുള്ള വിധവയായ സൈനബ എന്നിവർ ഭൂമി സൗജന്യമായി വിട്ടു നൽകാൻ തയ്യാറായതിനെത്തുടർന്ന് മികച്ച നിലയിൽ റോഡിന്റെ കോൺക്രീറ്റിങ്ങും പുനരുദ്ധാരണ പ്രവർത്തികളും നടപ്പിലാക്കാൻ കഴിഞ്ഞത്.

കോട്ടയം

കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ കാർ നിയന്ത്രണം വിട്ട് അപകടം

​കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ നാലാം മൈലിൽ ഇന്ന് രാവിലെ പത്തരയോടെയാണ് വാഹനാപകടം ഉണ്ടായിയത് . കാളകെട്ടിക്കും കപ്പാടിനും ഇടയിലുള്ള ഭാഗത്തുവെച്ച് റോഡിലൂടെ വന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന് പിന്നിൽ അതിവേഗതയിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ട വാഹനം സമീപത്തെ കടയിലേക്കും ഇടിച്ചു കയറി. ​അപകടത്തിൽ ഇരു വാഹനങ്ങൾക്കും വലിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കടയുടെ ഷട്ടർ തകർന്നിട്ടുണ്ടെങ്കിലും, അപകടസമയത്ത് കടയുടെ മുൻവശത്തോ റോഡരികിലോ കാൽനടയാത്രക്കാരോ മറ്റു ആളുകളോ ഇല്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവായി . നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് ഭാഗികമായി മറിഞ്ഞ നിലയിലായിരുന്നു. ​വാഹനങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും യാത്രക്കാർ ആർക്കും തന്നെ പരിക്കുകൾ ഇല്ല . സംഭവത്തെത്തുടർന്ന് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. അമിതവേഗതയാണോ അതോ ഡ്രൈവർക്ക് ഉണ്ടായ പെട്ടെന്നുള്ള അശ്രദ്ധയാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ല.

പ്രാദേശികം

മാലിന്യം വലിച്ചെറിഞ്ഞാൽ പിഴ മാത്രമല്ല , ക്ലീനിംഗും നിർബന്ധം

ഈരാറ്റുപേട്ട : ആറുകളിലേക്കും കൈ തോടുകളിലേക്കും മാലിന്യം  വലിച്ചെറിയുന്നവർക്ക് പിഴ മാത്രമല്ല  അവരെ കൊണ്ട് പ്രദേശം ക്ലീൻ ചെയ്യിക്കാനും നഗരസഭ ആരോഗ്യ വിഭാഗം നടപടി ആരംഭിച്ചു. ജനങ്ങളുടെ പരാതിയെ തുടർന്ന് മീനച്ചിലാറിൻ്റെ വിവിധ പ്രദേശങ്ങളിൽ ചെയർപേഴ്സൺ ആരോഗ്യകാര്യ ചെയർപേഴ്സൺ ക്ലീൻ സിറ്റി മാനേജർ എന്നിവർ നടത്തിയ പരിശോധനക്ക് ശേഷമാണ് കടുത്ത നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. നഗരസഭ ക്ലീൻ ചെയ്യുകയും നാട്ടുകാർ മാലിന്യം വലിച്ചെറിയുകയും ചെയ്യുന്ന നടപടി ഇനി സമ്മതിക്കില്ലന്നുംആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി. തുടക്കമെന്നോണം തടവനാൽ പാലത്തിൻ്റെ താഴ്ഭാഗത്തെ ആറും പരിസരവും സ്ഥാപന ഉടമകളുടെ മേൽ നോട്ടത്തിൽ വൃത്തിയാക്കി.  ഭക്ഷണമാലിന്യം, പ്ലാസ്റ്റിക്, ഡയപ്പർ തുടങ്ങിയ മാലിന്യങ്ങളാണ് നീക്കം ചെയ്തത്. പ്ലാസ്റ്റിക്കുകൾ ഹരിത കർമ സേനക്ക് നൽകുകയും ഭക്ഷണ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കാനും കെട്ടിട ഉടമകൾക്ക് നിർദേശം നൽകി.   മാത്രമല്ല വാടക്കക്ക് നൽകുന്ന  കെട്ടിടങ്ങളിൽ സ്വന്തമായി  മാലിന്യ സംസ്കരണം നടത്തണം അതിനായി ആധുനിക നിലവാരത്തിലുള്ളമാലിന്യസംസ്‌കരണ യൂനിറ്റ് സ്ഥാപിക്കണം അല്ലാത്ത പക്ഷം സ്ഥാപനത്തിൻ്റെ ലൈസൻസ് ഉൾപ്പടെയുള്ളവ നഷ്ടപെടുത്തുമെന്നും. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും  നഗരസഭ ചെയർമാൻ  അഡ്വ.വി.പി.നാസർ അറിയിച്ചു.