വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

പിഎം ശ്രീ; സംസ്ഥാനത്ത് ബുധനാഴ്ച വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം  പിഎം ശ്രീ പദ്ധതിക്കെതിരെ സമ്പൂർണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് യുഡിഎസ്എഫും ഫ്രറ്റേണിറ്റിയും. സർക്കാർ പദ്ധതിയിൽ ഒപ്പിട്ടതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക വിമർശനമാണ് ഉയരുന്നത്. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള നീക്കമാണെന്നും ഇതിനെതിരെ യുഡിഎസ്എഫ് വിദ്യാർഥി പ്രക്ഷോഭം നടത്തുമെന്നും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വ്യക്തമാക്കി. പിഎം ശ്രീ വിഷയത്തിൽ സിപിഐയും ഇടഞ്ഞു നിൽക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചർച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാർ മറ്റന്നാൾ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അനുനയം തള്ളികൊണ്ടാണ് സിപിഐ കടുത്ത തീരുമാനവുമായി മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ആലപ്പുഴയിൽ നടന്ന ചർച്ചയ്ക്കുശേഷം ബിനോയ് വിശ്വം സിപിഐ മന്ത്രിമാരും സംസ്ഥാന നേതാക്കളുമായും ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള നിർണായക രാഷ്ട്രീയ തീരുമാനം സിപിഐ സംസ്ഥാന നേതൃത്വം എടുത്തത്.

കേരളം

കൂട്ടാറിൽ ഒലിച്ചുപോയ ട്രാവലറിന് പകരം പുതിയ വാഹനംവാങ്ങി നൽകി സുഹൃത്തുക്കൾ

ഇടുക്കി: ഒക്ടോബർ 18-നുണ്ടായ കനത്ത മഴയെത്തുടർന്ന മഴവെള്ളപ്പാച്ചിലിൽ കൂട്ടാർ പാലത്തിന് സമീപം ഒലിച്ചുപോയ ട്രാവലറിന്റെ ദൃശ്യങ്ങൾ ഏറെ വേദനാജനകമായിരുന്നു.ബി. റെജിന്റെ ഭാര്യ അഭിജിതയുടെ ഉടമസ്ഥതയിലുള്ള ആ വാഹനമാണ് അപകടത്തിൽ പുഴയിൽ ഒലിച്ചുപോയത്. വാഹന നഷ്ടത്തോടെ പ്രതിസന്ധിയിലായ റെജിമോന് പുതിയ പ്രതീക്ഷയായി സുഹൃത്തുക്കൾ തന്നെയാണ് താങ്ങായത്. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശികളായ റെജിമോന്റെ സുഹൃത്തുക്കൾ ചേർന്ന്, ഒലിച്ചുപോയ വിനായക് എന്ന ട്രാവലറിന് പകരം അതേ പേരിൽ പുതിയ 19 സീറ്റുള്ള ട്രാവലർ സ്വന്തമായി വാങ്ങി സമ്മാനിച്ചു.നാട്ടിലെത്താൻ സാധിക്കാത്തതിനാൽ അവർ താക്കോൽ കൈമാറാനുള്ള ചുമതല നാട്ടിലുള്ള സുഹൃത്തുക്കൾക്ക് ഏൽപ്പിച്ചു. ഇന്ന് കൂട്ടാർ പാലത്തിന് സമീപം പുതിയ വാഹനത്തിന്റെ താക്കോൽ റെജിമോന് കൈമാറി.

കേരളം

കേരളത്തിലും എസ്‌ഐആര്‍ വരും; നിലവിലെ വോട്ടര്‍ പട്ടിക മരവിപ്പിക്കും; നടപടി ക്രമങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍

കേരളത്തില്‍ എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും എസ്‌ഐആര്‍ നടപ്പിലാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എസ്‌ഐആര്‍ നടപ്പിലാക്കാമെന്ന അഭ്യര്‍ഥന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ തള്ളി. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി നിലവിലെ വോട്ടര്‍ പട്ടിക മരവിപ്പിക്കും. നവംബര്‍ 4 മുതല്‍ ഡിസംബര്‍ 4 വരെ വിവരശേഖരണം നടക്കും. ഡിസംബര്‍ 9ന് കരട് വോട്ടര്‍ പട്ടിക പുറത്തുവരും. അടുത്ത വര്‍ഷം ഫെബ്രുവരി ഏഴിലേക്കാണ് അന്തിമ വോട്ടര്‍ പട്ടിക തയ്യാറാകുക. (Election Commission announces SIR in 12 states including kerala) രാജ്യവ്യാപകമായി എസ്‌ഐആര്‍ നടപ്പിലാക്കുന്നതിന്റെ രണ്ടാംഘട്ടത്തിലാണ് കേരളവും ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ന് രാത്രി 12 മണി മുതലാണ് നിലവിലെ വോട്ടര്‍ പട്ടിക മരവിപ്പിക്കുന്നത്. 2002 മുതല്‍ 2004 വരെ തയ്യാറാക്കിയ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി ആകും പട്ടിക പരിഷ്‌കരണം നടക്കുക. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ബൂത്ത് ലെവല്‍ ഓഫിസര്‍മാരെത്തും. മൂന്ന് തവണയാണ് ബിഎല്‍ഒമാര്‍ വീടുകള്‍ സന്ദര്‍ശിക്കുക. ഒരു പോളിങ് സ്‌റ്റേഷനില്‍ പരമാവധി ഉള്‍പ്പെടുത്തുക 1200 വോട്ടര്‍മാരെയാണ്. ഒരു കുടുംബത്തിലെ എല്ലാവരേയും ഒരു ബൂത്തില്‍ തന്നെ ഉള്‍പ്പെടുത്തും. ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കാനാകും. കേരളം കൂടാതെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇന്ന് അര്‍ധരാത്രി മുതല്‍ എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ നിലവില്‍ വരുമെന്നാണ് വിവരം. ബിഹാറില്‍ നടന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം വന്‍ വിജയമാണെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ അവകാശവാദം. അസ്സമില്‍ 2026ല്‍ തിരഞ്ഞെടുപ്പ് നടക്കുമെങ്കിലും അവിടെ എന്‍ആര്‍സി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ എസ്‌ഐആറിന്റെ രണ്ടാം ഘട്ടത്തില്‍ അസ്സമിനെ ഉള്‍പ്പെടുത്തിയിട്ടില്ല.

മരണം

പമ്പ നദിയിൽ കാണാതായ അനസിന്റെ മൃതദേഹം കണ്ടെത്തി.

കോഴഞ്ചേരി : ഈ മാസം 13 ആം തീയതി പമ്പ നദിയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായ തിരുവനന്തപുരം തൊളിക്കോട് സ്വദേശി അനസിന്റെ (31) മൃതദേഹം  ഇന്ന് രാവിലെ ആണ് കണ്ടെത്തിയത്. ടീം നന്മക്കൂട്ടം, കേരളാ ഫയർ ഫോഴ്സ്, സ്കൂബ,നേവി  മറ്റ് സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവർ കഴിഞ്ഞ കുറെ ദിവസങ്ങളായി  നടത്തി വന്ന തിരച്ചിലിൽ മൃതശരീരം കണ്ടെത്താൻ സാധിച്ചിരുന്നില്ല. അപകടം നടന്ന അന്ന് മുതൽ ആ സ്ഥലത്ത് ഉണ്ടായിരുന്ന  ബന്ധു ജനങ്ങളും സുഹൃത്തുക്കളും അടക്കം ഉള്ളവർ നദിയുടെ തീരത്ത് നോക്കി നില്ക്കുന്ന സമയത്ത് ഒഴുകി വരുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത് തുടർന്ന് നാട്ടുകാരുടെ സഹായത്താൽ മൃതദ്ദേഹം കരക്കെത്തിക്കുകയായിരുന്നു.  

കോട്ടയം

ആരോഗ്യവകുപ്പിൻ്റെ അറിയിപ്പ്

സംസ്ഥാനത്ത് പലയിടത്തും അമീബിക് മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നെഗ്ഗെറിയ ഫൗലേറി എന്ന അമീബിയയാണ് രോഗത്തിന് കാരണമായ രോഗാണു. വെള്ളത്തിലുള്ള ബാക്ടീരിയകളെയും മറ്റും ഭക്ഷിച്ച് ജീവിക്കുന്ന ഇവ നമുക്ക് ചുറ്റുമുള്ള ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ധാരാളമായുണ്ട്. അണുബാധ ഉണ്ടായാല്‍ 5 മുതല്‍ 10 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. സാധാരണ മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളാണ് ഉണ്ടാകുന്നതെങ്കിലും രോഗകാരണം അമീബയാണെങ്കില്‍ അസുഖം മൂര്‍ച്ഛിക്കുകയും ലക്ഷണങ്ങള്‍ തീവ്രമാകുകയും മരണത്തിന് കാരണമാകുകയും ചെയ്യും. തലച്ചോറിന് ചുറ്റുമുള്ള മെനിഞ്ചസ് എന്ന ആവരണത്തെ അമീബ ആക്രമിക്കുകയും തലച്ചോറില്‍ നീര്‍വീക്കമുണ്ടാക്കുകയും ചെയ്യും. മൂക്കില്‍ നിന്നും നേരിട്ട് തലച്ചോറിലേക്ക് പോകുന്ന നാഡികള്‍ വഴിയാണ് അമീബ തലച്ചോറില്‍ എത്തുന്നത്. തലച്ചോറിലെ ചില രാസവസ്തുക്കള്‍ വളരെ വേഗം ഭക്ഷണമാക്കുന്നതിനാല്‍ തലച്ചോര്‍തീനി അമീബകള്‍ എന്നും ഇവ അറിയപ്പെടുന്നു.  പ്രാഥമിക ലക്ഷണങ്ങള്‍   പനി, തലവേദന, ഓക്കാനം, ഛര്‍ദ്ദി, ബോധം നഷ്ടപ്പെടുക, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്/വേദന, നടുവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.  ഗുരുതര ലക്ഷണങ്ങള്‍   അപസ്മാരം, ബോധക്ഷയം, പരസ്പരബന്ധം ഇല്ലാതെ സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ആരംഭത്തില്‍ത്തന്നെ ഡോക്ടറെ കണ്ട് ചികിത്സ എടുക്കുകയും മരുന്ന് കഴിച്ചിട്ടും   മാറാത്ത പനിയും മറ്റ് ലക്ഷണങ്ങളുമുണ്ടെങ്കില്‍ കൂടുതല്‍ വിദഗ്ധചികിത്സ തേടുകയും വേണം. ഈ ലക്ഷണങ്ങളുള്ളവര്‍ കുളത്തിലോ മറ്റ് ജലാശയങ്ങളിലോ അടുത്തകാലത്ത് കുളിക്കുകയോ   വെള്ളം മൂക്കില്‍ കയറാന്‍ ഇടയാകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം. സ്വയംചികിത്സ പാടില്ല  പ്രതിരോധിക്കാം   വൃത്തിയില്ലാത്ത കുളങ്ങള്‍/ജലാശയങ്ങള്‍, പാറയിടുക്കുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം, ക്ലോറിനേഷന്‍ നടത്താത്ത സ്വിമ്മിങ് പൂളുകള്‍ എന്നിവയില്‍ കുളിക്കുകയോ നീന്തുകയോ മുഖം   കഴുകുകയോ ചെയ്യരുത്. നീന്തുമ്പോള്‍ വെള്ളം മുക്കിലൂടെ അകത്തേക്ക് കടക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ എടുക്കണം. നോസ് പ്ലഗുകള്‍ ഉപയോഗിക്കുകയോ മൂക്കിലൂടെ വെള്ളം   കടക്കാത്ത രീതിയില്‍ തല ഉയര്‍ത്തിപ്പിടിക്കുകയോ ചെയ്യുക. മൂക്കിലോ ചെവിയിലോ ഓപ്പറേഷന്‍ കഴിഞ്ഞവരും ചെവിയില്‍ പഴുപ്പുള്ളവരും മലിനമായ വെള്ളത്തില്‍ ഇറങ്ങരുത്, കിണര്‍ വെള്ളം   നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം. സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, ലോഡ്ജുകള്‍, ഹോട്ടലുകള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ടാങ്കുകള്‍ കഴുകിവെള്ളം ക്ലോറിനേറ്റ്   ചെയ്ത് ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

കേരളം

മോൻ താ ' വരുന്നു...മഴ കനക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻത ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക് നീങ്ങുകയാണ്.

കോട്ടയം

പൊൻകുന്നത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു

പൊൻകുന്നം ഇളങ്ങുളം എസ് എൻ ഡി പി ഗുരുമന്ദിരത്തിന് സമീപം മിഥുലാപുരിയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചിറക്കടവ് ഈസ്റ്റ് താവൂർ തെന്നറമ്പിൽ അനൂപ് രവി (27) ആണ് മരിച്ചത്.രാവിലെ 10 മണിയോടെയായിരുന്നു അപകടം. അനൂപ് സഞ്ചരിച്ച സ്കൂട്ടർ  ഇന്നോവ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അപകടത്തെ തുടർന്ന് അനൂപിനെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലായിരുന്നു അപകടം

കോട്ടയം

ഇടമറുക് വനിത ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2024-25, 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച വനിത ഫിറ്റ്നസ് സെന്റർ ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ജെറ്റോ ജോസിന്റെ നിർദേശപ്രകാരം പണിപൂർത്തീകരിച്ച് പ്രവർത്തനം ആരംഭിക്കുന്ന വനിത ഫിറ്റ്നസ് സെന്ററിൽ പ്രമേഹം, പ്രഷർ, പക്ഷാഘാതം, തുടങ്ങിയ ജിവിതശൈലി രോഗങ്ങൾ മൂലം ഉണ്ടാകുന്ന ശാരീരിക ബലക്ഷയങ്ങൾ പരിഹരിക്കുന്നതിനും രോഗങ്ങൾ വരാതിരിക്കുന്നതിന് വേണ്ടി വ്യായാമം ചെയ്യുന്നതിന് ആവശ്യമുള്ള ഉപകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കൈലാസം പ്രോഗ്രസ്സീവ് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് കുട്ടി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മേലുകാവ് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷൈനി ജോസ്, ജെറ്റോ ജോസ് (ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ), സാജൻ എ (സെക്രട്ടറി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്, അനൂപ് കെ കുമാർ (സി.പി.എം ലോക്കൽ സെക്രട്ടറി), ടി.ജെ ബഞ്ചമിൻ (കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്), ഷാജി ജോസഫ് (സി.പി.ഐ ലോക്കൽ സെക്രട്ടറി), ടിറ്റോ ടി മാത്യു (കേരള കോൺഗ്രസ്-എം മണ്ഡലം പ്രസിഡന്റ്), അരുൺദേവ്, മാത്യു ജോസഫ്, വിജയകുമാർ, റോയി ജോൺ പിണക്കാട്ട് (പ്രോഗ്രസ്സീവ് ലൈബ്രറി സെക്രട്ടറി) തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. പ്രോഗ്രസ്സീവ് ലൈബ്രറി മ്യൂസിക് ക്ലബ്ബ് അംഗങ്ങളുടെ ഗാനമേളയും ഉണ്ടായിരുന്നു.