വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

കുടുംബശ്രീ മിഷന്റെ 'മാ കെയർ സെന്റർ' പദ്ധതിക്ക് പൂഞ്ഞാർ സെന്റ് ആന്റണീസ് എച് എസ് എസിൽ തുടക്കമായി

പൂഞ്ഞാർ: ആരോഗ്യകരമായ ലഘുഭക്ഷണങ്ങളും മറ്റ് അത്യാവശ്യ വസ്തുക്കളും വിദ്യാർത്ഥികൾക്ക് മിതമായ നിരക്കിൽ ലഭ്യമാക്കുന്ന ജില്ലാ കുടുംബശ്രീ മിഷന്റെ 'മാ കെയർ സെന്റർ' പദ്ധതിക്ക് പൂഞ്ഞാർ സെന്റ് ആന്റണീസ് HSS-ൽ തുടക്കമായി. പ്രിൻസിപ്പാൾ ശ്രീ. വിൽസൺ ജോസഫിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ച കിയോസ്ക് കെട്ടിടത്തിലാണ് സെന്റർ പ്രവർത്തിക്കുന്നത് എന്നതാണ് പൂഞ്ഞാറിലെ 'മാ കെയർ സെന്ററി'നെ ശ്രദ്ധേയമാക്കുന്നത്. വിദ്യാർത്ഥി കൂട്ടായ്മയുടെ ഈ നേട്ടം വിദ്യാലയത്തിന് അഭിമാനമായി. സ്‌കൂൾ കോമ്പൗണ്ടിൽ സ്ഥാപിച്ചിരിക്കുന്ന ഈ കിയോസ്‌കിലൂടെ ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്‌കൂൾ സ്റ്റേഷനറി, സാനിറ്ററി നാപ്കിൻ എന്നിവ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മിതമായ നിരക്കിൽ വാങ്ങാനാകും. പഠന സഹായത്തിനാവശ്യമായ സാധനങ്ങൾ ഉൾപ്പെടെ ലഭ്യമാക്കുന്നതുവഴി സ്‌കൂൾ സമയത്ത് കുട്ടികൾ പുറത്തുപോകുന്നത് പൂർണ്ണമായി ഒഴിവാക്കാൻ സാധിക്കും.സ്‌കൂളിന് പുറത്തുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ ഉപയോഗം തടയുന്നതിനും, വിദ്യാർത്ഥികൾ ലഹരി പദാർത്ഥങ്ങളിലേക്ക് ആകർഷിക്കപ്പെടാൻ ഇടയുള്ള സാഹചര്യങ്ങൾക്ക് കടിഞ്ഞാണിടുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. വിദ്യാർത്ഥികളുടെ സുരക്ഷയും ആരോഗ്യകരമായ ശീലങ്ങളും ഉറപ്പാക്കുന്നതിൽ ഈ സംരംഭം നിർണായക പങ്ക് വഹിക്കും. ഭക്ഷണ-പാനീയ വിതരണത്തിന് പുറമെ, വിദ്യാർത്ഥികളുടെ വീടുകളിൽ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങളും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും വിൽക്കാനും വാങ്ങാനുമുള്ള ഒരു വിപണന കേന്ദ്രമായി കൂടി പൂഞ്ഞാർ സെന്റ് ആന്റണീസ് HSS-ലെ മാ കെയർ സെന്റർ മാറും. ഇത് കുട്ടികളിൽ സംരംഭകത്വ മനോഭാവം വളർത്താനും വീട്ടിലെ ഉൽപ്പന്നങ്ങൾക്ക് ഒരു വിപണി കണ്ടെത്താനും സഹായിക്കും.പ്രിൻസിപ്പാൾ ശ്രീ. വിൽസൺ ജോസഫ്, ടോണി പുതിയപറമ്പിൽ എന്നിവർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പദ്ധതി വിദ്യാലയത്തിൽ യാഥാർത്ഥ്യമായത്. ജില്ലാ കുടുംബശ്രീ മിഷന്റെ ഈ സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതിക്ക് വിദ്യാലയ അധികൃതരും വിദ്യാർത്ഥികളും മികച്ച പിന്തുണയാണ് നൽകുന്നത്.

കോട്ടയം

കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; നഗരസഭ മുൻ കൗൺസിലറും മകനും കസ്റ്റഡിയിൽ

കോട്ടയം: മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭ മുൻ കൗൺസിലർ അനിൽകുമാറിനേയും മകൻ അഭിജിത്തിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലാണ് സംഭവം. അനിൽകുമാറിന്റെ വീടിനു മുന്നിൽ വച്ചാണ് സംഭവം. അഭിജിത്തും കൊല്ലപ്പെട്ട ആദർശും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ആദർശും സുഹൃത്തുക്കളും അർദ്ധരാത്രിയോടെ അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇത് സംഘർഷത്തിലെത്തുകയും അഭിജിത്ത് കത്തിയെടുത്ത് ആദർശിനെ കുത്തുകയുമായിരുന്നു. ബോധരഹിതനായ ആദർശിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അനിൽകുമാറിൻ്റെ മകനെതിരെ നേരത്തേയും സാമ്പത്തിക ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കോട്ടയം

കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ ഇലക്ഷൻ കമ്മിറ്റി രൂപീകരിച്ചു

കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി രൂപീകരണ യോഗം നടന്നു. യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി മിനി സാവിയോയുടെ ഇലക്ഷൻ പ്രചരണത്തിന്റെ ഭാഗമായുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മറ്റ് പ്രചരണ പരിപാടികൾക്കും നേതൃത്വം നൽകുന്നതിനുള്ള കമ്മറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. ഇലക്ഷൻ കമ്മിറ്റിയുടെ സെക്രട്ടറിയായി അഡ്വ. ബിജു ഇളംതുരുത്തിയിൽ പ്രസിഡൻറ് ആയി ജോയി ജോർജ്, കൺവീനർ ആയി പി എസ് സുനിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. കമ്മിറ്റിയിൽ ഉള്ള മറ്റ് അംഗങ്ങൾ സിജു സി ആർ, രമ മോഹൻ, സുനിൽകുമാർ, ഔസേപ്പച്ചൻ കല്ലങ്ങാട്ട്, സോജൻ ആലക്കുളം, ജോസുകുട്ടി ഏർത്തേൽ, അലക്സാണ്ടർ വി എ, മജു പ്ലാത്തോട്ടം, സി കെ ഹരിഹരൻ, കെ ശ്രീകുമാർ, സുരേഷ് സി ജി, മോഹനൻ പുളിക്കൽ, സണ്ണി വാവലാങ്കൽ, ആൻറണി അറക്കപ്പറമ്പിൽ.

കോട്ടയം

വാഗമണ്ണിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു

തീക്കോയി: വാഗമൺ റൂട്ടിൽ നീർച്ചാലിലേക്ക് കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ചേർത്തല നഗരസഭയുടെ ബോർഡ് വെച്ച വണ്ടിയുടെ ഓരോ വശങ്ങളിലും വ്യത്യസ്ത വണ്ടി നമ്പരുകൾ ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഈ വണ്ടിയിൽ തന്നെയാണ് കഴിഞ്ഞ ദിവസവും ഇതേ സ്ഥലങ്ങളിൽ വന്ന് കക്കൂസ് മാലിന്യംതള്ളിയിരുന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിലൂടെ നാട്ടുകാർ സ്ഥിരീകരിച്ചു. ചേർത്തല സ്വദേശികൾ തന്നെയാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നിരന്തരമായി മേഖലയിൽ കക്കൂസ് മാലിന്യം തള്ളുന്നത് തുടരുന്നതിനാൽ നാട്ടുകാർ ഇപ്പോൾ ജാഗ്രതയിലാണ്. മാലിന്യം തള്ളുന്നത് തടയാൻ പഞ്ചായത്തിന്റെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചെങ്കിലും യാതൊരു ഉപകാരവുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

കേരളം

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു. സൂഷ്മ പരിശോധനയ്ക്കുശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കേണ്ട അവസാന ദിവസം. നിലവിൽ ലഭ്യമായ വിവരം അനുസരിച്ച് 1,64,427 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പത്രികകൾ ലഭിച്ചത് മലപ്പുറം ജില്ലയിലും കുറവ് വയനാട്ടിലുമാണ്. 1,08,580സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. ലഭ്യമായ പത്രികളുടെ സൂക്ഷ്മപരിശോധന ആരംഭിച്ചു. പരിശോധനയ്ക്കുശേഷം സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർമാർ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ചക്ക് ശേഷമാകും അന്തിമ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കുക. റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയത്തിലും പഞ്ചായത്ത്, മുൻസിപ്പാലിറ്റി,നഗരസഭ എന്നിവിടങ്ങളിൽ മത്സരാർത്ഥികളുടെ പേര് പ്രസിദ്ധീകരിക്കും. അതേ സമയം തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം അവസാനിക്കുമ്പോഴും മുന്നണികൾ വിമത സ്ഥാനാർത്ഥികളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. അവസാനഘട്ട ചർച്ച നടത്തി 24ന് മുമ്പ് ഇവരുടെ നാമനിർദ്ദേശപത്രിക പിൻവലിപ്പിക്കുവാനുള്ള തിരക്കിലാണ് നേതാക്കൾ.

കേരളം

പൂജ ബമ്പര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്

തിരുവനന്തപുരം: പൂജ ബമ്പര്‍ നറുക്കെടുത്തു. JD 545542 ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 12 കോടി രൂപയാണ് ഒന്നാം സമ്മാനത്തിന് ലഭിക്കുക. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക് ലഭിക്കും. JA 838734 JB 124349 JC 385583 JD 676775 JE 553135 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം.മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്ക് വീതം ലഭിക്കും. മൂന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുകൾ ഇവയാണ്, JA 399845 JB 661634 JC 175464 JD 549209 JE 264942 JA 369495 JB 556571 JC 732838 JD 354656 JE 824957 നാലാം സമ്മാനം മൂന്ന് ലക്ഷം വീതം അഞ്ച് പരമ്പരകള്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം വീതം അഞ്ച് പരമ്പരകള്‍ക്ക് ലഭിക്കും. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ഉള്‍പ്പെടെ ആകെ 3.32 ലക്ഷം സമ്മാനങ്ങളാണ് പൂജ ബംബർ ജേതാക്കളെ കാത്തിരിക്കുന്നത്.

കേരളം

കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴ, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് രാത്രിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതാണ് ശക്തമായ മഴയ്ക്ക് കാരണം. ഇടിമിന്നൽ ജാഗ്രതാ നിർദേശം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (22/11/2025) മുതൽ 24/11/2025 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

കോട്ടയം

പത്രിക സമർപ്പണം പൂർത്തിയായി;6276 മത്സരാർഥികൾ

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ കോട്ടയം  ജില്ലയിൽ  ലഭിച്ചത് 6276 പേരുടെ പത്രികകൾ. പുരുഷന്മാർ - 2937, സ്ത്രീകൾ -3339. ആകെ 10850 സെറ്റ്  പത്രികകൾ ആണ് ലഭിച്ചത്.