വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

റോബിൻ ബസ് ഉടമ ബേബി ഗിരീഷ് തദ്ദേശ തെരഞ്ഞെടുപ്പ് രംഗത്ത്

മോട്ടോർ വാഹന വകുപ്പിനോടും സർക്കാരിനോടും ഏറ്റുമുട്ടി വൈറലായ റോബിൻ ബസ് ഉടമ ബേബി ഗിരീഷ് തദ്ദേശ തെരഞ്ഞെടുപ്പ് രംഗത്ത്. കോട്ടയം ജില്ലയിലെ മേലുകാവ് പഞ്ചായത്തിലെ ഇടമറുക് 8-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ഗിരീഷ് മത്സരിക്കുന്നത്. പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളുമില്ലെന്നും ഡിജിറ്റൽ പ്രചാരണം മാത്രമാണ് നടത്തുന്നതെന്നും ഗിരീഷ് പറയുന്നു.

കേരളം

*‘ഡ്രൈവറുടെ അടുത്തിരുന്ന് വിഡിയോ എടു​ക്കേണ്ട’ -ഓടുന്ന വാഹനങ്ങളിൽ വിഡിയോ ചിത്രീകരണം വിലക്കി ഹൈകോടതി

കൊച്ചി: ഓടുന്ന ബസുകളുടെയും ലോറികളുടെയും ഡ്രൈവറുടെ ക്യാബിനിൽ കയറി വിഡിയോ ചിത്രീകരിക്കുന്നത് തടയണമെന്ന് ഹൈകോടതി. കോൺട്രാക്ട് കാരിയേജുകളുടെയും ഹെവി ഗുഡ്സ് വാഹനങ്ങളുടെയും ഡ്രൈവർ കമ്പാർട്ടുമെന്റിനുള്ളിൽ വെച്ച് വ്ലോഗ് ചെയ്യുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണറോടും സംസ്ഥാന പൊലീസ് മേധാവിയോടുമാണ് കേരള ഹൈകോടതി ആവശ്യപ്പെട്ടത്. വ്ലോഗർമാർ ഡ്രൈവർമാരുടെ ശ്രദ്ധ നഷ്ടപ്പെടുന്നതിനും റോഡപകടങ്ങൾക്കും കാരണമാകുമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് മുരളീ കൃഷ്ണ എസ് എന്നിവർ ചൂണ്ടിക്കാട്ടി. ഉടമകളോ വ്ലോഗർമാരോ യൂട്യൂബ് പോലുള്ള ഓൺലൈൻ വിഡിയോ പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്ത ഇത്തരം വിഡിയോകൾ ശേഖരിക്കാൻ മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോട് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ചരക്ക് ലോറികളിൽ പോലും വ്ലോഗർമാർ ഡ്രൈവറുടെ ക്യാബിനിനുള്ളിൽ വിഡിയോ ചിത്രീകരിക്കുന്നുണ്ട്. അടുത്തിടെ, വിഡിയോ എടുക്കുന്നതിനിടെ വാഹനം അപകടത്തിൽപ്പെട്ടതും കോടതി ചൂണ്ടിക്കാട്ടി.ഡി.ജെ ലൈറ്റുകൾ, ലേസർ ലൈറ്റുകൾ, പാസഞ്ചർ കമ്പാർട്ടുമെന്റിനുള്ളിലെ മൾട്ടി-കളർ എൽഇഡി ലൈറ്റുകൾ, ഹൈ-പവർ മ്യൂസിക് സിസ്റ്റങ്ങൾ എന്നിവയുടെ ദുരുപയോഗം സംബന്ധിച്ച കോടതി പുറപ്പെടുവിച്ച വിവിധ ഉത്തരവുകൾ പരസ്യമായി ലംഘിക്കുന്നുണ്ട്. ഇൻവെർട്ടറും ഒന്നിലധികം ബാറ്ററികളും കോൺട്രാക്ട് കാരിയേജുകളുടെ ലഗേജ് കമ്പാർട്ടുമെന്റിനുള്ളിൽ സ്ഥാപിക്കുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കോടതി പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങളും ബസ് ബോഡി കോഡും ലംഘിക്കുന്നത് യാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷക്ക് ഭീഷണിയാകും. ഇത്തരം കോൺട്രാക്ട് കാരിയേജുകൾ, സ്റ്റേജ് കാരിയേജുകൾ, മറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവയ്‌ക്കെതിരെ പിഴ ചുമത്താൻ നടപടിയെടുക്കണം. . ഇത്തരം വാഹനങ്ങളുടെ വ്യാപകമായ ഉപയോഗം യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പോസ്റ്റ് ചെയ്ത പ്രമോഷണൽ വിഡിയോകളിൽ നിന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി

കോട്ടയം

പാലായിൽ പിതാവും സഹോദരനും മകളും മത്സരരംഗത്ത്..

പാലാ: അച്ഛനും മകളും മത്സരരംഗത്ത് .നേർക്കുനേർ മത്സരത്തിനല്ല,രണ്ടു വാർഡുകളിലായി അവർ എതിരാളികളെ നേരിടുന്നു.ഒപ്പം അച്ഛൻറെ ജേഷ്ഠനും മറ്റൊരു വാർഡിൽ .   പാലാ മുനിസിപ്പാലിറ്റി 14-ാം വാർഡിൽ അച്ഛൻ ബിനു പുളിയ്ക്കക്കണ്ടവും 15-ാം വാർഡിൽ മകൾ ദിയ ബിനുവും ആണ് മത്സര രംഗത്തുള്ളത്. ബിനു മുമ്പ് മുനിസിപ്പൽ കൗൺസിലറായിരുന്നെങ്കിലും മകൾ ദിയ മത്സര രംഗത്ത് ആദ്യമാണ്. ഇവരെ കൂടാതെ ബിനുവിൻ്റെ ജേഷ്ഠൻ ബിജു 13-ാം വാർഡിലും മത്‌സര രംഗത്തുണ്ട് മൂവരും സ്വതന്ത്രർ ആയിട്ടാണ് മത്സരിക്കുന്നത്. മൂന്നു വാർഡുകളിലും പടർന്നുകിടക്കുന്ന കുടുംബബന്ധങ്ങളുടെ വേരുകൾ തുണയാകും എന്നാണ് ഇവരുടെ പ്രതീക്ഷ.മൂവരും വിജയിച്ചാൽ ഇത്തവണ പാലാ മുനിസിപ്പാലിറ്റി ഭരിക്കുന്നത് ആരാണെന്ന് ഒരു പക്ഷെ ഇവരായിരിക്കും തീരുമാനിക്കുക.

കോട്ടയം

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം; രണ്ടാഴ്ചക്കുള്ളില്‍ അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണം: ഹൈക്കോടതി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിര്‍ദേശം. രണ്ടാഴ്ചക്കുള്ളില്‍ അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്നാണ് നിര്‍ദേശം. മൂന്നുദിവസത്തിനുള്ളില്‍ മാതൃകാ പെരുമാറ്റ ചട്ടം തയ്യാറാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി നിര്‍ദേശിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയത്തില്‍ കുറച്ചുകൂടി ഗൗരവം പുലര്‍ത്തണമെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.

കോട്ടയം

മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയാക്കുന്നത് പരിഗണിക്കാനാവില്ലെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി

കോട്ടയം: മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നത് സംബവന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ കൈകൊള്ളമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പരിഗണിക്കാനാവില്ലെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു. മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിമിതികള്‍ ചൂണ്ടികാണിച്ചും താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടും കേരളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായ അജീഷ് വേലനിലം മനുഷ്യാവകാശ കമ്മീഷനില്‍ ഹര്‍ജി നല്‍കുകയും അനുകൂലമായ ഉത്തരവ് നേടുകയും ചെയ്തിരുന്നു. എന്നാല്‍ പദവിയുയര്‍ത്തുന്നതിലുപരി ആരോഗ്യസ്ഥാപനങ്ങളെ ഘട്ടം ഘട്ടമായി ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിസ്ഥാന സൗകര്യ വികസനം നടത്തി രോഗീസൗഹൃദമാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും അതിന്റെ ഭാഗമായി മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തെ ആര്‍ദ്രം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ട് ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നത് പരിഗണിക്കുവാന്‍ നിര്‍വ്വാഹമില്ലെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഹര്‍ജിക്കാരനെ അറിയിച്ചത്.

കേരളം

വാഹന പ്രചാരണത്തിനും പൊതുയോഗങ്ങൾക്കും അനുമതി വാങ്ങണം

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം പ്രകാരം വാഹന പ്രചാരണത്തിനും പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, എന്നിവയ്ക്കും പോലീസ് അധികാരികളിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണം. തിരഞ്ഞെടുപ്പ് പ്രചാരണം നിയമാനുസൃതവും കമ്മീഷന്റെ മാർഗനിർദേശങ്ങൾക്ക് വിധേയവുമായിരിക്കണം. ഉച്ചഭാഷിണി ഉപയോഗം രാത്രി 10 മണിക്ക് ശേഷം രാവിലെ ആറ് മണിവരെ പാടില്ല. നിയമാനുസൃതമായ ശബ്ദപരിധി പാലിച്ചായിരിക്കണം പ്രചാരണ പ്രവർത്തനം നടത്തേണ്ടത്. സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും അച്ചടിക്കുന്ന പോസ്റ്ററുകളിലും ലഘുലേഖകളിലും അച്ചടിക്കാരന്റെയും പ്രസാധകന്റെയും പേരും വിലാസവും കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണം. അച്ചടിക്കുന്ന രേഖയുടെ പകർപ്പും പ്രസാധകന്റെ പ്രഖ്യാപനവും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നൽകിയിരിക്കണം. ജാതിയുടെയോ സമുദായത്തിന്റെയോ ഭാഷയുടെയോ പേരിൽ വോട്ട് ചോദിക്കുകയോ മതസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഉപയോഗിക്കാനോ പാടില്ല. മതപരമോ വംശപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘർഷങ്ങൾ ഉണ്ടാകുന്നതും പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതുമായ പ്രചാരണപ്രവർത്തനങ്ങളും പാടില്ല. മറ്റു സ്ഥാനാർഥികളുടെയോ പ്രതിപക്ഷപാർട്ടി പ്രവർത്തകരുടെയോ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിമർശനങ്ങളും പാടില്ല. കേന്ദ്രത്തിലോ സംസ്ഥാനത്തിലോ തദ്ദേശ സ്ഥാപനങ്ങളിലോ അധികാരത്തിരിക്കുന്ന കക്ഷി ഔദ്യോഗിക സ്ഥാനം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിനിയോഗിക്കരുത്. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് ആനുകൂല്യങ്ങൾ നൽകുകയോ പ്രഖ്യാപനങ്ങൾ നടത്തുകയോ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയോ ചെയ്യാൻ പാടില്ല. പുതിയ പദ്ധതികളോ സ്‌കീമുകളോ ആരംഭിക്കുകയോ ഉദ്ഘാടനം നടത്തുകയോ പാടില്ല. പൊതു സ്ഥാപനങ്ങളും പരിസരവും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ല. പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും വികൃതമാക്കുന്ന തരത്തിലുള്ളതും അനധികൃതവുമായ പ്രചാരണങ്ങൾ ആന്റിഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് മോണിറ്റർ ചെയ്ത് നടപടി എടുക്കും. പരസ്യപ്രചാരണം വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂർ മുമ്പ് വരെ മാത്രമെ പാടുളളൂ. സ്ഥാനാർഥിയുടെ ചെലവ് കണക്ക് നൽകണം   സ്ഥാനാർഥികളുടെ ചെലവ് കണക്ക് ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നൽകണം. ചെലവ് കണക്ക് നൽകാതിരിക്കുകയോ പരിധിയിൽ കൂടുതൽ ചെലവഴിക്കുകയോ ചെയ്യുന്ന സ്ഥാനാർഥികളെ ഉത്തരവ് തീയതി മുതൽ അഞ്ച് വർഷക്കാലത്തേക്ക് കമ്മീഷൻ അയോഗ്യരാക്കും. സ്ഥാനാർഥികൾക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ഗ്രാമപഞ്ചായത്തിൽ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 75,000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും 1,50,000 രൂപയുമാണ്. കമ്മീഷൻ നിയോഗിച്ച ചെലവ് നിരീക്ഷകർ സ്ഥാനാർഥികളുടെ ചെലവ് കണക്ക് നിരീക്ഷിക്കും.

കോട്ടയം

ജില്ലാ പഞ്ചായത്ത്‌ തലനാട് ഡിവിഷനിൽ ബിന്ദു സെബാസ്റ്റ്യൻ യു.ഡി.എഫ് സ്ഥാനാർഥി

ഈരാറ്റുപേട്ട: കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതിയ ഡിവിഷനായ തലനാട് ഡിവിഷനിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി ബിന്ദു സെബാസ്റ്റ്യൻ മത്സരിക്കും. മൂന്നിലവ് സ്വദേശിനിയാണ്. ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും മൂന്നിലവ് ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും നിലവിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമാണ്. മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമാണ്.മൂന്നിലവ് നെടുങ്കല്ലുങ്കൽ കുടുംബാംഗമാണ്. ഭർത്താവ്: ജോസ് (സെബാസ്റ്റ്യൻ). മക്കൾ: അനിറ്റാമോൾ സെബാസ്റ്റ്യൻ, ലെന സെബാസ്റ്റ്യൻ.  

കോട്ടയം

തീക്കോയിൽ UDF സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

തീക്കോയി ഗ്രാമപഞ്ചായത്തിലെ 14 വാർഡു കളിലേക്കും  ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡിവിഷനിലേക്കും യു.ഡി.ഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.തീക്കോയി ടൗണിൽ പുറപ്പന്താനം ബിൽഡിംഗ്സിൽ      യു ഡി ഫ് ഇലക്ഷൻ ഓഫീസിൽ നടന്ന കൺവൻഷനിൽ ആണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. യുഡിഫ് ന്റെ മണ്ഡലം ചെയർമാൻ ജോയി മാത്യു പൊട്ടനാനിയുടെ അദ്ധ്യഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക്‌ കോൺഗ്രസ്‌  കമ്മിറ്റിയുടെ പ്രസിഡന്റ്‌  അഡ്വക്കറ്റ് സധീഷ്കുമാർ ഇലക്ഷൻ കമ്മിറ്റിയുടെ ഉദ്ഘാടനം നിർവഹിച്ചു. യുഡിഫ് സ്ഥാനാർഥികളെ  കെപിസിസി  മെമ്പർ  തോമസ് കല്ലാട ൻ പ്രഖ്യാപിച്ചു. ടി യോഗത്തിൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌  ഹരി മണ്ണുമഠം, ഗ്രാമപഞ്ചായ ത്ത് പ്രസിഡന്റ്‌   KC ജെയിംസ് , യു ഡി  കൺവീനർ പയസ് കവളംമാ ക്കൽ, Adv VJ ജോസ്, AJ ജോർജ്  അറ മത്ത്, Ml ബേബി മുത്തനാട്ട്, സ്ഥാനാർഥികളായ ജയാ റോയി താഴത്തുപറമ്പിൽ, കൃപ ബിജു ആ ലാനിയ്ക്കൽ, ജെസ്സി ജോർജ് പുത്തേട്ട്,പി. മുരുകൻ, കെ. യു.ജോൺ കടപ്ലാക്കൽ, രാജേഷ് ജോസഫ് മുത്തനാട്ട്, സതി മോഹൻദാസ് പുത്തൻവീട്ടിൽ, KS മാധവൻ കല്ലുങ്കൽ, TD ജോർജ് തയ്യിൽ, ജയറാണി തോമസ്കുട്ടി മൈലാടൂർ , KC ജെയിംസ് കവളം മാക്കൽ, ഓമന ഗോപാലൻ പുളിയ്ക്കപ്പറമ്പിൽ, അജ്മൽ PJ പുത്തൻവീട്ടിൽ , ബ്ലോക്ക്‌ പഞ്ചായത്ത്‌ തീക്കോയി ഡിവിഷൻ സ്ഥാനാർഥി  മോഹനൻ കുട്ടപ്പൻ കാവും പുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു.