വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

വാഗമണ്ണിൽ കുടുംബത്തിന് നേരെ ക്രൂരമർദ്ദനം; പ്രതികളുടെ മുൻകൂർ ജാമ്യ ഹരജി തള്ളി

വാഗമൺ: വാഗമണ്ണിൽ വിനോദയാത്രയ്ക്കെത്തിയ ഈരാറ്റുപേട്ട സ്വദേശികളായ കുടുംബത്തിന് നേരെ നടന്ന ആക്രമണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നുവെന്ന് പരാതി. ഭിന്നശേഷിക്കാരിയെയും കുട്ടികളെയുമടക്കം ക്രൂരമായി മർദ്ദിച്ചിട്ടും പ്രതികളെ പിടികൂടാൻ പോലീസ് തയാറാകാത്തത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. ആക്രമണക്കേസിലെ പ്രതികൾ മുൻകൂറായി ജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം കോടതി അത് തള്ളിരുന്നു. തൊടുപുഴ സെഷൻസ് കോടതിയിലാണ് പ്രതി ചേർക്കപ്പെട്ടവരായ ക്രിസ്റ്റി ഭാഗ്യരാജ് (24), കണ്ണൻ (26), അജിത് കുമാർ (24), സുരേഷ് (55) എന്നിവർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യം നിഷേധിക്കപ്പെട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറാകാത്തത് അവർക്ക് പോലീസ് സംരക്ഷണം ലഭിക്കുന്നു എന്നതിന്റെ തെളിവാണെന്ന് ആരോപണമുയരുന്നു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വിനോദസഞ്ചാര മേഖലയിലെ ക്രമസമാധാന പാലനം ഗുണ്ടാ സംഘങ്ങൾക്ക് വിട്ടുനൽകിയ അവസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.  പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറായില്ലെങ്കിൽ, അക്രമികളെ സംരക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികളും പ്രതിഷേധങ്ങളും ശക്തമാക്കുമെന്ന് ഇരയാക്കപ്പെട്ട കുടുംബം അറിയിച്ചു. വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം സംഭവങ്ങളിൽ പോലീസ് തുടരുന്ന നിഷ്ക്രിയത്വം വിനോദസഞ്ചാര മേഖലയ്ക്ക് തന്നെ വലിയ കളങ്കമാണ് ഉണ്ടാക്കുന്നത്.ഈ വിഷയത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നും അടിയന്തരമായ ഇടപെടൽ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും കുടുംബവും.

പ്രാദേശികം

ലോക ഭക്ഷ്യസുരക്ഷാ ദിനം ജില്ലാതല ആചരണം അരുവിത്തുറ കോളേജിൽ.

 ഈരാറ്റുപേട്ട : ലോക ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ഭക്ഷ്യസുരക്ഷ വകുപ്പിൻ്റെ നേതൃത്വത്തിൽ അരുവിത്തുറ സെൻറ് ജോർജസ് കോളേജിലെ ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റുമായി സഹകരിച്ചു ഭക്ഷ്യ സുരക്ഷ പരിശീലന ക്ലാസും, വിദ്യാർഥികൾക്കായി ഭക്ഷ്യ സുരക്ഷ ക്വിസ്സും സംഘടിപ്പിച്ചു. ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സംരഭകർ, വിവിധ കോളേജ് വിദ്യാർത്ഥികൾ എന്നിവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ദൈനംദിന ജീവിതത്തിൻറെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയും "ഭക്ഷ്യ എണ്ണയുടെ പുനരുപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ " എന്നീ വിഷയങ്ങൾ മുൻനിർത്തിയായിരുന്നു പരിശീലനം സംഘടിപ്പിച്ചത്. കോട്ടയം ജില്ലാ അസിസ്റ്റൻ്റ് ഭക്ഷ്യ സുരക്ഷ കമ്മീഷണർ അനസ് എ എ സെമിനാർ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ എംപാനല്ഡ് ട്രെയിനർ ആയ സനുഷ് ചന്ദ്രൻ ക്ലാസുകൾ നയിച്ചു. അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ.ഫാ ബിജു കുന്നയ്ക്കാട്ടു,ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റ് ഹെഡ് മിനി മൈക്കിൾ, ചങ്ങനാശ്ശേരി സെർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. സ്നേഹ എസ് നായർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സെമിനാറിന് ശേഷം വിദ്യാർഥികൾക്കായി ഭക്ഷ്യ സുരക്ഷ ക്വിസ്സും സംഘടിപ്പിച്ചു.

കോട്ടയം

ഒറ്റച്ചക്ര സൈക്കിളിൽ കേരളയാത്ര; ലഹരിവിരുദ്ധ സന്ദേശവുമായി യുവാവ്

ലഹരിയുടെ പിടിയിൽ നിന്ന് പുതുതല മുറയെ മോചിപ്പിക്കണമെന്ന സന്ദേശവുമായി ഒറ്റച്ചക്ര യുണിക് സൈക്കിളിൽ കേരളം ചുറ്റുന്ന പാറശാല സ്വദേശി എ. അബി ഈരാറ്റുപേട്ടയിലെത്തി. കഴിഞ്ഞ മേയ് 31ന് പാറശാല യിൽ നിന്ന് ആരംഭിച്ച യാത്ര ഇതിനോടകം നാല് ജില്ലകൾ പിന്നിട്ട് മുന്നേറുകയാണ്. ബി. ബി.എ പഠനം പൂർത്തിയാക്കിയ 20കാരനായ അബിയുടെ ലക്ഷ്യം കേരളത്തിലെ 14 ജില്ലകളിലും എത്തി ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ്. യാത്രയ്ക്കിടെ വിവിധ പ്രദേശങ്ങളിലെ ആളുകളുമായി ആശയവിനിമയം നടത്തുകയും യുവാക്കളെ ബോധവത്കരിക്കുകയും ചെയ്യുന്നുണ്ട്. യാത്രയ്ക്കാവശ്യമായ ചെലവുകളും വിശ്രമത്തിനുള്ള സൗകര്യങ്ങളും വഴിയരികിൽ പരിചയപ്പെടുന്നവരുടെ സഹകരണത്തോടെ യാണ് കണ്ടെത്തുന്നത്. കോട്ടയം ജില്ലയിലുടെയുള്ള യാത്ര പൂർത്തിയാക്കി വാഗമൺ വഴി ഇടുക്കി ജില്ലയിലേക്കാണ് അബി കടക്കുന്നത്. പാറശാല മുതൽ കാസർകോട് വരെ ഒറ്റച്ചക്ര സൈക്കിളിൽ സഞ്ചരിച്ച് ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന ഈ ദൗത്യത്തിന് വിവിധ ഇടങ്ങളിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലും സന്ദേശവുമായി എത്തി യാത്ര വിജയകരമായി പൂർത്തിയാക്കുകയാണ് അബിയുടെ ലക്ഷ്യം.

കേരളം

ക്യാമറയില്‍ കുടുങ്ങിയാല്‍ ഇനി കളി മാറും; പിഴ അടച്ചില്ലെങ്കില്‍ ആര്‍ടിഒ പൂട്ടും, വരുന്നത് വമ്പൻ പരിഷ്കാരം

ഹെല്‍മെറ്റില്ലാതെ വണ്ടിയോടിച്ചതിനോ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനോ ക്യാമറയില്‍ കുടുങ്ങിയാല്‍ ഇനി 'പിന്നെപ്പോഴെങ്കിലും അടയ്ക്കാം' എന്ന് കരുതി ആരും നടക്കേണ്ട. മോട്ടോർ വാഹന വകുപ്പിന്റെ പുത്തൻ ആയുധമായ ‘നെക്സ്റ്റ് ജനറേഷൻ ഇ-ചെലാൻ’ പോർട്ടല്‍ സംസ്ഥാനത്ത് ഉടൻ നിലവില്‍ വരും. കേന്ദ്ര സർക്കാരിന്റെ പരിഷ്‌കരിച്ച ഈ സോഫ്റ്റ്‌വേർ വരുന്നതോടെ, പിഴയടയ്ക്കാതെ മാറിനില്‍ക്കുന്നവരുടെ കുടിശ്ശികകള്‍ കുന്നുകൂടുന്നത് ഒഴിവാക്കാനും നിയമലംഘനങ്ങള്‍ക്ക് കടുത്ത പൂട്ടുകള്‍ വീഴ്ത്താനും സാധിക്കും. നിലവില്‍ സംസ്ഥാനത്തെ ആർ.ടി. ഓഫീസുകളില്‍ ഈ പുതിയ സോഫ്റ്റ്‌വേറിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചുകഴിഞ്ഞു. പുതിയ പോർട്ടല്‍ യാഥാർഥ്യമാകുന്നതോടെ, ചെലാൻ വന്ന് 45 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ വാഹനത്തിന്റെ നികുതി അടയ്ക്കല്‍ ഒഴികെയുള്ള മറ്റെല്ലാ ആർ.ടി.ഒ. സേവനങ്ങളും കംപ്യൂട്ടർ സിസ്റ്റം ഓട്ടോമാറ്റിക്കായി ബ്ലോക്ക് ചെയ്യും. ലൈസൻസ് പുതുക്കല്‍, വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കല്‍, വണ്ടിയുടെ ഉടമസ്ഥാവകാശം മാറ്റല്‍, പെർമിറ്റ് തുടങ്ങിയ ഒട്ടുമിക്ക സേവനങ്ങളും ഇതോടെ വഴിമുട്ടും. ലൈസൻസ് പുതുക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ആർ.ടി. ഓഫീസില്‍ ചെന്നാല്‍ ചെറിയൊരു പിഴയുടെ കുടിശ്ശിക പോലും കംപ്യൂട്ടർ സിസ്റ്റം അനുമതി നല്‍കാതെ തടഞ്ഞുവെക്കുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം. ക്യാമറകളോ ഉദ്യോഗസ്ഥരോ വഴി തെറ്റായ ചെലാനുകളാണ് ലഭിച്ചതെങ്കില്‍ വാഹന ഉടമകള്‍ക്ക് തെളിവുകള്‍ സഹിതം 45 ദിവസത്തിനകം ഈ പോർട്ടല്‍ വഴി ഓണ്‍ലൈനായി പരാതി നല്‍കാം. ഈ പരാതിയില്‍ 30 ദിവസത്തിനകം അധികൃതർ അന്തിമ തീരുമാനമെടുക്കണം. പരാതി നിരസിച്ചാല്‍ 15 ദിവസത്തിനകം കോടതിയെ സമീപിക്കാമെങ്കിലും ചെലാൻ തുകയുടെ 50 ശതമാനം മുൻകൂറായി കെട്ടിവെക്കേണ്ടി വരും. നിശ്ചിത സമയത്തിനകം പിഴയടയ്ക്കുകയോ പരാതി നല്‍കുകയോ ചെയ്യാത്ത പക്ഷം വാഹന ഉടമ കുറ്റം സമ്മതിച്ചതായി സിസ്റ്റം സ്വയം കണക്കാക്കുകയും ചെയ്യും.   

പ്രാദേശികം

കലാലയ മുറ്റത്ത് ഒരിക്കൽ കൂടി.

ഈരാറ്റുപേട്ട: പഴയ ഓർമകൾ മനസിലേക്ക് വീണ്ടും ഇരമ്പി വന്നു.ഒരിക്കൽ തങ്ങളുടെ 'സ്വന്ത 'മായിരുന്ന ക്ലാസ് മുറികൾ മറ്റാരൊക്കെയോ 'കയ്യടക്കിയിരിക്കുന്നു ' പണ്ടത്തെ സംഗമ വേദികൾ വീണ്ടും വീണ്ടും ആർത്തിയോടെ അവർ നോക്കി നിന്നു.പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആ സുവർണ ഓർമകൾ അവരെ വിട്ട് പിരിയുന്നില്ല. അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ 1981 - 83 പ്രീഡിഗ്രി എച്ച് ബാച്ച് ' വിദ്യാർഥി 'കളാണ് സഹപാഠി സംഗമത്തിൻ്റെ നാലാമത് വാർഷികത്തിനായി കോളേജിൽ ഒത്ത് കൂടിയത്.കോളേജിൽ നടന്ന ഉദ്ഘാടനത്തിന് ശേഷം അംഗങ്ങൾ റോട്ടറി ക്ലബ്ബിൽ ഒത്ത് കൂടി, വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.രുചികരമായ ഭക്ഷണം കഴിച്ച്, പാട്ടും കവിതകളും കുശലം പറച്ചിലുകളുമായി സമയം പോയതറിഞ്ഞില്ല. സൗഹാർദം പൂത്തുലയട്ടെ,വീണ്ടും നമുക്ക് കാണാം എന്ന് എല്ലാവരും ഏറ്റു പറഞ്ഞതോടെ സംഗമത്തിന് സമാപനമായി. വാർഷിക സംഗമം അഡ്വ. എം ജെ.സെബാസ്റ്റ്യൻ എംഎൽഎ കോളേജ് വളപ്പിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.സഹപാഠി ഗ്രൂപ്പ് ചെയർമാൻ വി എം അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു.കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ ഫാദർ ബിജു കുന്നക്കാട്ട്,പ്രിൻസിപ്പൽ ഡോ.സിബി ജോസഫ്, ഗ്രൂപ്പ് സെക്രട്ടറി ജോയ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.

കേരളം

പനി പിടിച്ച് കേരളം; 24 മണിക്കൂറിനിടെ ചികിത്സ തേടിയത് പതിനായിരത്തിലധികം പേർ !

തിരുവനന്തപുരം:-കാലവർഷം തുടങ്ങിയതിനു പിന്നാലെ തന്നെ സംസ്ഥാനത്ത് പനി പടർന്നു പിടിക്കുകയാണ്. ഷിഗെല്ല ആശങ്കകള്‍ തുടരുന്നതിനിടെയാണ് പനി ബാധിക്കുന്നവരുടെ എണ്ണവും ഇരട്ടിയായത്. തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് 10,853 പേരാണ് പനിക്ക് ചികിത്സ തേടി ആശുപത്രികളിലെത്തിയത്. ഇതിൽ മലപ്പുറത്താണ് ഏറ്റവുമധികം പനിബാധിതർ ഉള്ളത്. 2117 പേരാണ് ജില്ലയിൽ നിന്ന് തിങ്കളാഴ്ച മാത്രം പനിക്ക് ചികിത്സ തേടിയത്. തൃശൂരില്‍ 1062 പേരും, പാലക്കാട് 970 പേരും തിരുവനന്തപുരത്ത് 829 ആളുകളും കോഴിക്കോട് 862 പേരും കാസര്‍ഗോഡ്, എറണാകുളം ജില്ലകളില്‍ 804 പേരും കണ്ണൂര്‍ 746 പേരും ചികിത്സ തേടി. വൈറൾ ഫിവറിന് പുറമേ മറ്റ് പനികളും വ്യാപിക്കുന്നുണ്ട്. 109 പേര്‍ക്ക് തിങ്കളാഴ്ച മാത്രം ചിക്കൻ പോക്സ് സ്ഥിരീകരിച്ചു. 11 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി മൂലം ഇന്നലെ ഒരു മരണവും സംസ്ഥാനത്ത് സ്ഥിരീകരിച്ചു. ഈ മാസം ആകെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 342 പേര്‍ക്കാണ്. രണ്ടു പേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചിട്ടുണ്ട്

കേരളം

സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി

സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി കേന്ദ്രസർക്കാർ. ഗാർഹിക പാചക വാതകത്തിന് 29 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് സബ്‌സിഡി സിലണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുന്നത്. പ്രതിവര്‍ഷം 9 സിലിണ്ടറുകൾ ആയിരുന്നു നേരത്തെ അനുവദിച്ചിരുന്നത്, ഇപ്പോൾ അത് നാലെണ്ണമാക്കി ചുരുക്കി. 2016ല്‍ ഉജ്ജ്വല യോജന പ്രഖ്യാപിച്ചതിന് ശേഷം പ്രതിവര്‍ഷം ഒരു ഗുണഭോക്താവിന് 12 സിലിണ്ടറുകളാണ് ലഭിച്ചിരുന്നത്. പിന്നീട് ഇത് 9 ആയി സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത് വീണ്ടും വെട്ടിച്ചുരുക്കി വെറും നാലാക്കിയിരിക്കുന്നത്. 14.2 കിലോഗ്രാം എല്‍പിജി റീഫില്‍ ചെയ്യുമ്പോള്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഇപ്പോഴും 700 രൂപയും, പെട്രോളിന് ലിറ്ററിന് 6 രൂപയും, ഡീസലിന് 30 രൂപയും നഷ്ടം സംഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പെട്രോളിയം മന്ത്രാലയം ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്

പ്രാദേശികം

വിദ്യാർത്ഥികളെ ആദരിച്ചു.

ഈരാറ്റുപേട്ട .ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചുഡിവിഷൻ പ്രസിഡണ്ട്   പി എം മുഹ്സിൻ അധ്യക്ഷത വഹിച്ചു. സമ്മേളനം നഗരസഭ ചെയർപേഴ്സൺ അഡ്വ.വി പി നാസർ ഉദ്ഘാടനം ചെയ്തു .ഡിവിഷൻ സെക്രട്ടറി ഷിബു ബി നായർ സ്വാഗതം ആശംസിച്ചു നഗരസഭ കൗൺസിലർ അമീൻ പിട്ടയിൽ കെ.പി സുനിൽകുമാർ ജയ്സൺ റ്റി.എസ്എന്നിവർ സംസാരിച്ചുസിറാജ് പി.എസ് നന്ദി പറഞ്ഞു