വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ഇൻഡ്യ

പൗരത്വ നിയമ ഭേ​ദ​ഗതി വിജ്ഞാപനം ചെയ്ത് കേന്ദ്രസർക്കാർ

ന്യൂഡൽഹി : തെരഞ്ഞെടുപ്പ് അടുത്തിരിക്കെ  പൗരത്വ നിയമ ഭേ​ദ​ഗതി വിജ്ഞാപനം  ചെയ്ത് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ചട്ടങ്ങൾ പുറത്തിറക്കിയത്. ലോക്‌‌സഭ തെരഞ്ഞെടുപ്പിന് മുൻപ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. പൗരത്വ രജിസ്ട്രേഷൻ ഓൺലൈൻ വഴിയാണെന്നും ഇതിനായുള്ള പോർട്ടൽ സജ്ജമായതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.  തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് തന്നെ നിയമഭേദഗതി ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുകയായിരുന്നു കേന്ദ്രം.  2019 ഡിസംബർ 11നാണ് പൗരത്വ നിയമ ഭേദഗതി പാർലമെൻറ് പാസാക്കിയത്. 2020 ജനുവരി 10 ന് നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നു.  പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ൻ, പാഴ്സി, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പുതിയ പൗരത്വ ഭേദഗതി നിയമം. മുസ്ലിങ്ങളെ അതിൽ പരിഗണിക്കില്ല. വ്യാപക പ്രതിഷേധമാണ് നിയമത്തിനെതിരെ ഉയർ‌ന്നു വന്നത്.  പൗരത്വ നിയമത്തിലെ ഭേദഗതിയെ കേരളം അടക്കമുള്ള  5 സംസ്ഥാനങ്ങൾ എതിർത്തിരുന്നു. വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തിൽ ഭേദഗതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിച്ചിരുന്നു. ഇതോടെ തുടർനീക്കങ്ങളിൽ നിന്ന് പിന്നാക്കം പോയ കേന്ദ്രം തെരഞ്ഞെടുപ്പു മുന്നിൽകണ്ടാണ് വീണ്ടും പൗരത്വ ഭേദഗതി നിയമവുമായി എത്തിയത്.   സംസ്ഥാനങ്ങൾ പ്രതിഷേധമുയർത്തിയതോടെ നടപടി ക്രമങ്ങൾ ഓൺലൈനാക്കി പൂർണമായും കേന്ദ്ര നിയന്ത്രണത്തിൽ നിയമം നടപ്പാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. സിഎഎ നടപ്പാക്കുന്നതിനെതിരെ വിവിധ സംഘടനകൾ നൽകിയ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സിഎഎ: പ്രക്ഷോഭം ഉണ്ടാകും,തിരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാനുള്ള കേന്ദ്രത്തിൻ്റെ ശ്രമം; സാദിഖലി തങ്ങൾ

പ്രാദേശികം

മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന:എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി

ഈരാറ്റുപേട്ട:പൂഞ്ഞാർ സംഭവത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വിഷയത്തെ വീണ്ടും ആളിക്കത്തിക്കുകയാണെന്ന് ആരോപിച്ച് എസ് ഡി പി ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.എസ് ഡി പി ഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗം സബീർ കുരിവിനാൽ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.  പ്രാദേശികമായി ഉണ്ടായ പ്രശ്നത്തെ പർവതീകരിച്ച്‌ സാമുദായിക ധ്രുവീകരണം നടത്താൻ ശ്രമിച്ച ആളുകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ച കളക്ടറുടെയും മന്ത്രി വി എൻ വാസവന്റെയും ജനപ്രതിനിധികളുടെയും സമ്മക്ഷത്തിൽ കൂടിയ യോഗത്തെ നിസാരവൽകരിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.മൂഹിയുദ്ധീൻ പള്ളി ജഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം മുട്ടം ജംഗ്ഷൻ ചുറ്റി സെൻട്രൽ ജഗ്ഷനിൽ സമാപിച്ചു. ജില്ലാ ട്രഷറർ കെ എസ് ആരിഫ്,ജില്ലാ കമ്മിറ്റിയംഗം അയൂബ് കൂട്ടിക്കൽ,എസ് ഡി പി ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്‌ സി എച്ച് ഹസീബ് തുടങ്ങിയവർ സംസാരിച്ചു.മുനിസിപ്പൽ കൗൺസിലർ അബ്ദുൽ ലത്തീഫ്, മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി വി.എസ് ഹിലാൽ, ഖജാൻജി കെ.യു. സുൽത്താൻ, സിറാജ് വാക്കാ പറമ്പ് എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേത്യതം നൽകി

കേരളം

പൂഞ്ഞാറിൽ വൈദീകനെ വാഹനമിടിപ്പിച്ച സംഭവം :ഈരാറ്റുപേട്ടയിൽ നടന്നത് തെമ്മാടിത്തം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കെഎൻഎം ഉപാധ്യക്ഷൻ ഹുസൈൻ മടവൂരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങളുമായുള്ള മുഖാമുഖത്തിനിടെയാണ് വിമർശനം. ഈരാറ്റുപേട്ടയിൽ മുസ്ലീം വിഭാഗത്തിനെ മാത്രം പൊലീസ് അറസ്റ്റ് ചെയ്തെന്ന് ഹുസൈൻ മടവൂർ പറഞ്ഞിരുന്നു. എന്നാൽ ഈരാറ്റുപേട്ടയിൽ നടന്നത് തെമ്മാടിത്തം എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.എന്തു തെമ്മാടിത്തമാണ് യഥാർത്ഥത്തിൽ അവിടെ കാട്ടിയത്? ആ ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു. അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ചെറുപ്പക്കാരുടെ സെറ്റെന്നു പറയുമ്പോൾ എല്ലാവരും ഉണ്ടാകും എന്നല്ലേ നമ്മൾ കരുതുന്നത്. പക്ഷെ അതിൽ മുസ്ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വിഭാഗത്തെ മാത്രം തിരഞ്ഞു പിടിച്ചല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ഹുസൈൻ മടവൂരിനെ പോലുള്ളവർ പോലെയുള്ളവർ തെറ്റായ ധാരണ വച്ചുപുലർത്തരുത്. പോലീസിന്റെ ഭാഗത്ത് തെറ്റുണ്ടാകാം. തെറ്റുണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്തിയാൽ നടപടിയും എടുക്കാം’- മുഖ്യമന്ത്രി പറഞ്ഞു. പൂഞ്ഞാർ സെന്റ് ഫെറോന പള്ളിയിലെ വൈദികനെ വാഹനമിടിപ്പിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സംഭവത്തിൽ 27 വിദ്യാര്‍ത്ഥികളെയാണ് പ്രതി ചേര്‍ത്തിരുന്നത്. ഇവരിൽ പത്ത് പേര്‍ പ്രായപൂര്‍ത്തിയായവരായിരുന്നില്ല. എല്ലാവര്‍ക്കും ജാമ്യവും ലഭിച്ചിരുന്നു. ഈ സംഭവമാണ് ഹുസൈൻ മടവൂര്‍ മുഖാമുഖം പരിപാടിയിൽ ഉന്നയിച്ചത്. ഇതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

കോട്ടയം

പാലായില്‍ ഒരുകുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചനിലയില്‍; വെട്ടേറ്റ് ചോരവാര്‍ന്നനിലയില്‍ മൃതദേഹങ്ങള്‍

പാലാ പൂവരണിയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. പൂവരണി ഞണ്ടുപാറ സ്വദേശി ജെയ്സണ്‍ തോമസിനെയും ഭാര്യയെയും ഇവരുടെ മൂന്നുമക്കളെയുമാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍. ജെയ്സണെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.

പ്രാദേശികം

പത്തനംതിട്ടയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ തോമസ് ഐസക്കിൻ്റെ റോഡ് ഷോ ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട : പത്തനംതിട്ട പാർലമെൻറെ മണ്ഡലത്തിൽ ഇടത് സ്ഥാനാർഥിയാത്തിന് ശേഷം ആദ്യമായി പൂഞ്ഞാറിലെത്തിയ ഡോ തോമസ് ഐസക്കിന് ആവേശപരമായ സ്വീകരണമാണ് ലഭിച്ചത്. വൈകിട്ട് നാലു മണിയോടെ പൂഞ്ഞാർ സഹകരണ ബാങ്ക് ഓഡിട്ടോറിയം, തെക്കേക്കര പാൽ സൊസൈറ്റി എന്നിവിടങ്ങളിലെ മുഖമുഖം പരുപാടിയിലാണ് അദ്ദേഹം ആദ്യം പങ്കെടുത്ത്. തുടർന്ന് തിടനാട് നിന്നും ആരംഭിച്ച റോഡ് ഷോ ഈരാറ്റുപേട്ടയിൽ അവസാനിച്ചു. നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെയും വിവിധ വാദ്യ മെളെങ്ങളുടെയും അകമ്പടിയിടെയാണ് പ്രവർത്തകർ സ്ഥാനാർഥിയെ സ്വീകരിച്ചത്. വിഞ്ജന പത്തനംത്തിട്ട എന്നതാണ് തിരഞ്ഞെടുപ്പിന്റെ മുദ്രാവാക്യമെന്ന് അദ്ദേഹം പറഞ്ഞു.  ഈരാറ്റുപേട്ടയിൽ ചേന്നാട് കവലയിൽ നിന്നും ആരംഭിച്ച റോഡ് ഷോ ടൗൺ ചുറ്റി സെൻട്രൽ ജംഗ്ക്ഷനിൽ അവസാനിച്ചു. തുടർന്ന് ഈരാറ്റുപേട്ട മുൻസിപ്പൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്തു.

പ്രാദേശികം

നാടിൻ്റെ സൗഹാർദ്ദ അന്തരീക്ഷം തകർക്കരുത് - വെൽഫെയർപാർട്ടി

ഈരാറ്റുപേട്ട: പൂഞ്ഞാറിലുണ്ടായ സംഭവത്തെ വർഗീയമാക്കി ചിത്രീകരിച്ച് നാടിൻ്റെ സൗഹാർദ അന്തരീക്ഷത്തെ  വഷളാക്കാൻ ആരെയും അനുവദിക്കരുതെന്ന ആഹ്വാനവുമായി വെൽഫെയർ പാർട്ടി സായാഹ്ന സദസ് നടത്തി.  മുട്ടം ജംഗ്ഷനിൽ നടത്തിയ പരിപാടി പാർട്ടി ജില്ലാ വൈസ് പ്രസിഡൻ്റ് കെ കെ എം സാദിഖ് ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ വിഷയത്തെ പർവ്വതീകരിച്ചത് മുതലെടുപ്പ് രാഷ്ട്രീയക്കാരാണ് അവരെ ജനാധിപത്യ സമൂഹം തിരിച്ചറിയണമെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് വി എം ഷെഹീർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി  ഹസീബ് വെളിയത്ത് മുഖ്യപ്രഭാഷണം നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് ഫിർദൗസ്റെഷീദ്, സെക്രട്ടറി യൂസ്ഫ് ഹിബ, നഗരസഭ മുൻ ചെയർമാൻ വി.എം സിറാജ്, അനസ് നാസർ,  റെഷീദ് വടയാർ, സുബൈർ വെള്ളാപ്പള്ളി, ഷെരീഫ് പൊന്തനാൽ, നൗഫൽ കീഴേടം,  നോബിൾ ജോസഫ്, ഒ.ടി കുര്യക്കോസ്, വി എം ബാദുഷ തുടങ്ങിയവർ സംസാരിച്ചു.     

ജനറൽ

ആര്‍ഡിഎക്‌സിന്റെ സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനായി

സൂപ്പര്‍ ഹിറ്റ് ചിത്രം ആര്‍ഡിഎക്‌സിന്റെ സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനായി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഷഫ്‌നയാണ് വധു. കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. ഒപ്റ്റോമെട്രി വിദ്യാര്‍ഥിയാണ് ഷെഫ്ന. ആര്‍ഡിഎക്‌സ് താരങ്ങളായ ആന്റണി വര്‍ഗീസ്, സിദ്ദീഖ്, മഹിമ നമ്പ്യാര്‍, ബാബു ആന്റണി, നീരജ് മാധവ്, ചിത്രത്തിന്റെ നിര്‍മാതാവ് സോഫിയ പോള്‍ ഉള്‍പ്പടെയുള്ളവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി. കൂടാതെ ബേസില്‍ ജോസഫ്, നൂറില്‍ ഷെരീഫ് ഉള്‍പ്പടെയുള്ള താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നഹാസ് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ഡിഎക്‌സ്. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു.

പ്രാദേശികം

പൂഞ്ഞാർ സംഭവം അപലപനീയം നഗരസഭയിൽ കൂടിയ സർവ്വകക്ഷി യോഗം

ഈരാറ്റുപേട്ട. വെള്ളിയാഴ്ച പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ സെൻ്റ് മേരീസ് ദേവാലയ ഗ്രൗണ്ടിൽ ഈരാറ്റുപേട്ട യിലെ ഒരു സ്കൂളിലെ എതാന്നും വിദ്യാർത്ഥികൾ ചെയ്ത നിയമവിരുദ്ധ നടപടികൾ അപലപനീയവും ഖേദകരമാണെന്നും നഗരസഭയിൽ കൂടിയ സർവ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു. കുറ്റം ചെയ്ത വിദ്യാർത്ഥികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ സംഭവവുമായി ഈരാറ്റുപേട്ടയിലെ ഒരു സംഘടനയ്ക്കും രാഷ്ട്രീയ പാർട്ടികൾക്കും ബന്ധമില്ലന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും രാഷ്ട്രീയ മുതലടുപ്പും മതവൈരം നടത്താനുള്ള ചിലരുടെ ശ്രമങ്ങളെ ജനങ്ങൾ കരുതിയിരിക്കണമെന്നും യോഗം മുന്നറീയിപ്പ് നൽകി. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസ് സ്വാഗതം പറഞ്ഞു അരുവിത്തുറ സെൻറ് ജോർജ് ഫൊ റോന ചർച്ച് വികാരി  സെബാസ്റ്റ്യൻ വെട്ടിക്കൽ, നൈനാർ പള്ളി ഇമാം  അഷറഫ് മൗലവി, പി.ഇ.മുഹമ്മദ് സക്കീർ ,അഫ്സറുദ്ദീൻ, എൻ.കെ.മുഹമ്മദ് സ്വാലിഹ് ,നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ, പി.ആർ.ഫൈസൽ ,അഡ്വ.ജയിംസ് വലിയ വീട്ടിൽ, റ്റി.ഡി.മാത്യൂ. കെ.സുനിൽകുമാർ, ശശികുമാർ ,പി.എച്ച്.നൗഷാദ്, അനസ് നാസർ, അഫ്സാർ മുരിക്കോലിൽ, ഷഹീർ കരുണ ,കെ.ഐ.നൗഷാദ്, സ നൗഫൽ ഖാൻ , കെ.എൻ.ഹുസൈൻ, നിഷാദ് നടയ്ക്കൽ, റഫീഖ് പട്ടരു പറമ്പിൽ എന്നിവർ സംസാരിച്ചു. പിന്നീട് ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദറിൻ്റെ  നേതൃത്വത്തിലുള്ള സർവ്വകക്ഷി സംഘം പൂഞ്ഞാർ സെൻ്റ് മേരീസ് ചർച്ച് സന്ദർശിച്ചു