വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

കരുണ അഭയകേന്ദ്രത്തിൽ കെയർ ആൻ്റ് ക്യൂയർ പ്രെജക്ട് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: വൈദ്യശാസ്ത്രം ചികിത്സയില്ലെന്ന കാരണത്താൽ ആസ്പത്രികളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന രോഗികൾക്ക് ഇനി കരുണ അഭയകേന്ദ്രത്തിൽ അഭയമുണ്ട്.വീടുകളിൽ മതിയായ പരിചരണത്തിന് സാഹചര്യ മില്ലാത്തവരും ശുശ്രൂഷ രംഗത്തെ അജ്ഞതയും മൂലം ജീവിതത്തിൻ്റെ അവസാന നാളുകൾ ദുരിതപൂർണ്ണമായ ഒരു കൂട്ടം മനുഷ്യർക്കായി അവരുടെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ പരിചരിച്ചും ശുശ്രൂഷിച്ചും സമാധാനപൂർവ്വം ഈ ലോകത്തു നിന്ന് യാത്രയാക്കുകയെന്ന ലക്ഷ്യത്തോടെ കരുണയുടെ പുതിയ ബ്ലോക്കിൽ ആരംഭിക്കുന്ന പ്രെജക്ടാണ് "കെയർ ആൻ്റ് ക്യുയർ "  പ്രൊജക്ടിൻ്റെ സമ്മർപ്പണം ഇന്ന് രാവിലെ 9 മണിക്ക് കരുണ അഭയകേന്ദ്രത്തിൽ വച്ച് നടന്നു. മുഹമ്മദ് റഷീദ് കെ.എ മറ്റക്കൊമ്പനാൽ ( യു.എ.ഇ ഈരാറ്റുപേട്ട അസോസിയേഷൻ പാട്രൺ ) പദ്ധതി സമർപ്പണവും മജിഷ്യൻ ഗോപിനാഥ് മുതുകാട് പദ്ധതി ഉൽഘാടനവും ഡോ: എം .എ മുഹമദ് മുഖ്യ പ്രഭാഷണവും ആശംസകൾഅർപ്പിച്ചു കൊണ്ട് മുഹമ്മദ് നദീർ മൗലവി , ഹാഷിർ നദ്‌വി, ചീഫ് ഇമാം മസ്ജിദുൽ അമാൻ ,മുഹമ്മദ് അഫ്സാർ മുഹയുദ്ധീൻ ജും അ മസ്ജിദ് പ്രസിഡണ്ട് , വി.പി. ശരീഫ് , സെക്രട്ടറി കരുണ തുടങ്ങിയവർ സംസാരിച്ചു. എൻ.എ മുഹമ്മദ് ഹാറൂൺ കരുണ ചെയർമാൻ പദ്ധതി വിശദീകരണവും .മുഹമ്മദ് സാദിഖ് കെ.കെ. കരുണ വൈസ് ചെയർമാൻ സ്വാഗതവും പറഞ്ഞു

കോട്ടയം

മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിൻ ശില്പശാല സംഘടിപ്പിച്ചു

തീക്കോയി :ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ രണ്ടാംഘട്ടത്തിന്റെ ഭാഗമായുള്ള ശില്പശാല ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. ക്യാമ്പയിന്റെ ഒന്നാം ഘട്ടപ്രവർത്തനങ്ങൾ വിലയിരുത്തി പോരായ്മകൾ പരിഹരിച്ച് രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കുള്ള രൂപരേഖ തയ്യാറാക്കി തയ്യാറാക്കി മാലിന്യ സംസ്കരണ രംഗത്തെ അടിസ്ഥാനസൗകര്യങ്ങളും പൂർണ്ണതയും കൈവരിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. പൊതുജന പങ്കാളിത്തത്തോടുകൂടി  മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ  ശക്തിപ്പെടുത്തുവാൻ തീരുമാനിച്ചു. ശില്പശാലയിൽ ഗ്രൂപ്പ് ചർച്ചകളും മാലിന്യമുക്ത പ്രതിജ്ഞയും നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ ശില്പശാലയുടെ ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ഓമന ഗോപാലൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ബിനോയ് ജോസഫ്, ജയറാണി തോമസുകുട്ടി , മെമ്പർമാരായ സിറിൽ റോയ് , മാളു ബി മുരുകൻ, രതീഷ് പി എസ്, ദീപ സജി, അമ്മിണി തോമസ്, നജീമ പരിക്കൊച്ച്, സെക്രട്ടറി സുരേഷ് സാമുവൽ, അസിസ്റ്റന്റ് സെക്രട്ടറി നജീം എം, വി ഇ ഓ മാരായ ടോമിൻ ജോർജ് , ആകാശ് ടോം, കുടുംബശ്രീ ചെയർപേഴ്സൺ ഷേർളി ഡേവിഡ് തുടങ്ങിയവർ പ്രസംഗിച്ചു.ആർ ജി എസ് എ ബ്ലോക്ക്‌ കോർഡിനേറ്റർ സുചിത്ര എം നായർ മാലിന്യമുക്തം നവകേരളം 2.0 ശില്പശാല അവതരണം നടത്തി. ശില്പശാലയിൽ ജനപ്രതിനിധികൾ, സ്ഥാപനമേധാവികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സംഘടന ഭാരവാഹികൾ, സ്കൂൾ ഹെഡ്മാസ്റ്റർമാർ, പി റ്റി എ ഭാരവാഹികൾ, ആശാ വർക്കേഴ്സ്,ഹരിതകർമസേനാംഗങ്ങൾ, അംഗൻവാടി വർക്കേഴ്സ് കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വിദ്യാഭ്യാസം

എം ഇ എസ് കോളജിൽ സീറ്റൊഴിവ്

ഈരാററുപേട്ട എം ഇ എസ് കോളജിൽ ബിബിഎ, ബി.സി എ, ബി കോം ( ഫിനാൻസ് ആൻറ് ടാക്സേഷൻ ) , ബികോം ( ലോജിസ്റ്റിക്സ്) കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. അവസാനതീയതി 24/8/24 . ഫോൺ 9446409795

പ്രാദേശികം

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഡയമണ്ട് ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു.

ഈരാറ്റുപേട്ട .മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഡയമണ്ട് ജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനം സ്‌കൂൾ ഓഡിറ്റോറിയത്തിൽവച്ച് പ്രശസ്ത മജിഷ്യൻ ഗോപിനാഥ് മുതുകാട് നിർവ്വഹിച്ചു. മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ പ്രൊഫ എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ.എം.എ.മുഹമ്മദ് സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ എം.കെ.അൻസാരി ആമുഖ പ്രഭാഷണം നടത്തി.രണ്ടു വർഷത്തിനിടയിൽ നിലവിലെ ഓഡിറ്റോറിയത്തിൻ്റെ നവീകരണം, ഓപ്പൻ എയർ തീയേറ്റർ നവീകരണം, ഹയർ സെക്കണ്ടറി ബ്ലോക്കിലെ ഓഡിറ്റോറിയത്തിൻ്റെ പൂർത്തീകരണം, ഗേൾസ് ഹോസ്റ്റൽ നിർമ്മാണം, സ്റ്റാഫ് ആൻറ്റ് സ്റ്റുഡൻസ് ഫെസിലിറ്റി സെൻ്റർ ,ലൈബ്രറിയുടെ നവീകരണം, വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതിയുടെ വിപുലീകരണം എന്നിവയ്ക്കായി മുന്ന് കോടി രൂപ ജുബിലി ആഘോഷത്തിൻ്റെ ഭാഗമായി ചെലവഴിക്കാനാണ് ട്രസ്റ്റ് തിരുമാനം.സ്കൂളിൻ്റെ സ്ഥാപക മാനേജർ എം.കെ. കൊച്ചുമക്കാർ മെമ്മോറിയൽ ഡയമണ്ട് ജൂബിലി ഗേറ്റിൻ്റെ ഉദ്ഘാടനംആൻ്റോ ആൻ്റണി എം.പി. യും ഡയമണ്ട് ജൂബിലി ലോഗോയുടെ പ്രകാശനകർമ്മം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ യും നിർവ്വഹിച്ചുസ്കൂൾ സ്ഥാപക സമിതി അംഗങ്ങൾക്കും വിരമിച്ച പ്രഥമ അധ്യാപകർക്കുള്ള ഉപഹാരം ഗോപിനാഥ് മുതുകാട് നൽകി.ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷ സു ഹുറ അബ്ദുൽ ഖാദർ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് ,കൗൺസിലർ പി.എം.അബ്ദുൽ ഖാദർ ,പ്രിൻസിപ്പൽ പി പി. താഹിറ ,ട്രസ്റ്റ് സെക്രട്ടറി പി.കെ. കൊച്ചുമുഹമ്മദ് പൊന്തനാൽ, ട്രഷറർ എം.എസ്.കൊച്ചുമുഹമ്മദ് ,പി.റ്റി.എ പ്രസിഡൻ്റ് തസ്നിം എം.മുഹമ്മദ്, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ്  പി.എസ് ഐഷാ മോൾ എന്നിവർ സംസാരിച്ചു.എം.എഫ് അബ്ദുൽ ഖാദർ നന്ദി പറഞ്ഞു.  

പ്രാദേശികം

മരണത്തിന്റെ വ്യാപാരികളായി ലഹരി മാഫിയ വിലസുന്നു; ജാഗ്രത വേണം : പ്രസാദ് കുരുവിള

പൂഞ്ഞാർ : മരണത്തിന്റെ വ്യാപാരികളായി ലഹരി മാഫിയ നാട്ടിൽ വിലസുകയാണെന്നും ശക്തമായ ജാഗ്രതയും, നിരീക്ഷണവും ഇളം തലമുറയും പൊതുസമൂഹവും പുലർത്തണമെന്നും അല്ലാത്തപക്ഷം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരുമെന്നും കെ.സി.ബി.സി. ടെമ്പറൻസ് കമ്മീഷൻ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. പൂഞ്ഞാർ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. ലെ നാഷണൽ സർവ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ ടൗണിലേക്ക് സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയെ തുടർന്നുള്ള സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു പ്രസാദ് കുരുവിള.      സ്‌കൂൾ പരിസരങ്ങൾ പോലും അത്ര സുരക്ഷിതമല്ലാത്ത സ്ഥിതി വിശേഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന എസ്‌കൈസ് വിജിലൻസ് റിപ്പോർട്ട് അമ്പരപ്പുളവാക്കുന്നതാണെന്നും രക്ഷിതാക്കളും ഏറെ ജാഗരൂകരാകണമെന്നും പ്രസാദ് കുരുവിള പറഞ്ഞു. അതി മാരകശക്തിയുള്ള മെഥിലീൻ ഡയോക്‌സീ മെതാംഫെറ്റമിൻ എന്ന എം.ഡി.എം.എ., 'എട്ടും പൊട്ടും തിരിയാത്ത കൊച്ചുപെൺകുട്ടികളെ' വലയിലാക്കിയാണ് ലഹരി മാഫിയ വാഹകരും ഉപയോക്താക്കളും വിൽപ്പനക്കാരുമാക്കി മാറ്റുന്നത്. ലഹരി മാഫിയയുടെ നൂതന തന്ത്രം പൊതുസമൂഹം തിരിച്ചറിയണം. ഒറ്റത്തവണ ഉപയോഗിച്ചാൽ അടിമത്തം സൃഷ്ടിക്കുന്ന ഈ ലഹരി വസ്തുക്കൾക്ക് തടയിടാൻ പൊതുസമൂഹവും റവന്യൂ-പോലീസ്- എക്‌സൈസ്-ഫോറസ്റ്റ് സംവിധാനങ്ങളും സംഘടിതരായി യത്‌നിക്കണം.     എൻ.എസ്.എസ്. കോർഡിനേറ്റർ നിഷ മാനുവൽ, പി.റ്റി.എ. സെക്രട്ടറി ബൈജു ജേക്കബ്ബ്, റാണിമോൾ ജോസ്, ബോബി തോംസൺ, സജി ജോസഫ്, സീമ സെബാസ്റ്റ്യൻ വോളന്റിയർ ലീഡേഴ്‌സായ റിച്ചാർഡ് സാബു, അലീഷാ ബിജോയി എന്നിവർ നേതൃത്വം നൽകി. ആൽഫ്രഡ് ബാസ്റ്റിൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫ്‌ളാഷ് മോബ്, ലഹരി വിരുദ്ധ ബോധവത്കരണം എന്നിവ പരിപാടികളുടെ ഭാഗമായി നടന്നു. 

പ്രാദേശികം

കളത്തൂക്കടവിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

ഈരാറ്റുപേട്ട: കളത്തൂക്കടവിലുണ്ടായ വാഹനാപകടത്തിൽ യുവാവ്  മരിച്ചു. വടുതല സ്വദേശി വസീം (20) ആണ് മരണപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം. ഈരാറ്റുപേട്ട ചെറിയവല്ലം ലത്തീഫിന്റെ മകളുടെ മകനാണ്. ശുഐബ് ആണ് പിതാവ്. മൃതദേഹം പാലാ മാർ സ്ലീവാ ആശുപത്രി മോർച്ചറിയിൽ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വടുതലയിൽ മറവ് ചെയ്യും. 

കേരളം

*മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; അടുത്ത അഞ്ച് ദിവസം മഴ കനക്കും; എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് പാലക്കാട്, മലപ്പുറം ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്, തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വനയാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അന്ന് ഒരിടത്തും ഓറഞ്ച് അലർട്ടില്ല. ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍കോട്, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

കേരളം

സുര്‍ക്കി മിശ്രിതം കൊണ്ട് നിര്‍മിച്ച തുംഗഭദ്ര; ആശങ്ക മുല്ലപ്പെരിയാറിലേക്കും

കര്‍ണാടക തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകര്‍ന്നു പ്രളയഭീതി ഉയര്‍ന്നതോടെ ആശങ്കയിലാകുന്നത് മുല്ലപ്പെരിയാര്‍ ഡാമും. തുംഗഭദ്ര തകരുന്നത് ഒഴിവാക്കാന്‍ 35 ഗേറ്റുകളും ഒപ്പം തുറന്നു വെള്ളം ഒഴുക്കിവിടുകയാണ്. സുര്‍ക്കി മിശ്രിതം കൊണ്ട് നിര്‍മ്മിച്ച ഡാമാണ് ഇത്. മുല്ലപ്പെരിയാറും ഇതേ സുര്‍ക്കി മിശ്രിതംകൊണ്ട് നിര്‍മിച്ചതാണ്. 1953ലാണ് തുംഗഭദ്ര കമ്മിഷന്‍ ചെയ്തത്. ഏഴു പതിറ്റാണ്ട് കഴിഞ്ഞതേയുള്ളൂ. ഒരു ഡാമിന്റെ കാലാവധി അറുപത് വര്‍ഷമാണ്‌. എന്നാല്‍ മുല്ലപ്പെരിയാറിന് ഇപ്പോള്‍ തന്നെ നൂറ്റിമുപ്പത് വര്‍ഷത്തോളം പഴക്കമായി. 1895ലാണ് ബ്രിട്ടീഷുകാര്‍ ഇടുക്കിയില്‍ ഡാം നിര്‍മ്മിച്ചത്. തുംഗഭദ്ര ദുര്‍ബലാവസ്ഥയിലല്ല. എന്നിട്ടുകൂടി ഒരു ഗേറ്റിന് തകരാര്‍ സംഭവിച്ചതോടെ ഡാം തകരാതിരിക്കാന്‍ എല്ലാ ഗേറ്റുകളും തുറന്ന് ജലം ഒഴുക്കിക്കളയേണ്ട അവസ്ഥ വന്നു. എന്നാല്‍ മുല്ലപ്പെരിയാര്‍ വര്‍ഷങ്ങളായി അപകടഭീതിയിലാണ്. ഇടുക്കി നിവാസികളുടെ ഉറക്കംകെടുത്തുന്ന ഡാം കൂടിയാണിത്. പുത്തുമല, ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ കേരളത്തിന് മുന്നിലുണ്ട്. ഇതെല്ലാം ആ പ്രദേശങ്ങളെ തകര്‍ത്തെറിഞ്ഞ ദുരന്തങ്ങളായാണ് മാറിയതും. ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ ഇടുക്കിയിലും സംഭവിച്ചാല്‍ എന്നൊരു ചോദ്യം ജില്ലക്കാര്‍ക്ക് മുന്നിലുണ്ട്. അപകടാവസ്ഥ കാരണം ഡാം തകര്‍ന്നാലും വന്‍നാശമാണ് കേരളത്തെ കാത്തിരിക്കുന്നതും.