വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

യൂ ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ 25 ന് ബുധനാഴ്ച

മുണ്ടക്കയം - യു ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ 25 -ാം തീയതി  ബുധനാഴ്ച 3 ന് മുണ്ടക്കയം സി എസ് ഐ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് യു ഡി എഫ് നേതാക്കൾ അറിയിച്ചു. മികച്ച പാർലമെൻ്റേറിയനും ആർ എസ് പി കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗവുമായ  എൻ.കെ. പ്രേമചന്ദ്രൻ എം.പി. കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിക് അലി ശിഹാബ് തങ്ങൾ, ആൻ്റോ ആൻ്റണി എം.പി. തുടങ്ങിയ   യു ഡി എഫിൻ്റെ പ്രമുഖ സംസ്ഥാന - ജില്ലാ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. കൺവെൻഷനു മുന്നോടിയായിമുണ്ടക്കയം കല്ലേപാലം ജംഗ്ഷനിൽ നിന്നും  2.30 ന് താളമേളങ്ങളുട അകമ്പടിയോടെ യു ഡി എഫ് പ്രവർത്തകരുടെ മഹാറാലിയും ഉണ്ടായിരിക്കും.

കോട്ടയം

പിണറായി വിജയൻ 25 ന് കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ കാഞ്ഞിരപ്പള്ളിയിലെത്തുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ ഡോ. എൻ. ജയരാജ് (കാഞ്ഞിരപ്പള്ളി), അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ (പൂഞ്ഞാർ) എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമാണ് മുഖ്യമന്ത്രി എത്തുന്നത്. മാർച്ച്‌ 25 ന് രാവിലെ 11 ന് തോംസൺ സ്റ്റേഡിയത്തിൽ (ആനന്താനം ഗ്രൗണ്ട്), പേട്ട കവലയിൽ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലെ വോട്ടർമാരെയും പ്രവർത്തകരെയും അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി സംസാരിക്കും. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വികസന തുടർച്ചയ്ക്കും ഇടതുപക്ഷ മുന്നേറ്റത്തിനുമായി സംഘടിപ്പിക്കുന്ന ഈ ബഹുജന പൊതുസമ്മേളനത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കും.

കേരളം

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം ;വസ്തു വില്പന, വാഹനം മേടിക്കല്‍ എന്നിവയ്ക്കടക്കം നിരവധി ഇളവുകള്‍

ഏപ്രില്‍ 1 മുതല്‍അടുത്ത സാമ്പത്തികവർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച്‌ പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിലാക്കാനരുങ്ങി കേന്ദ്ര സർക്കാർ.അതേതുടർന്ന് 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്‌തു ഇടപാടുകള്‍ക്കു മാത്രമേ പാൻ ആവശ്യമുള്ളൂ. പുതിയ ആദായ നികുതി നിയമത്തിന്റെ ഭാഗമായുള്ള ചട്ടത്തിലാണ്‌ ഈ വ്യവസ്ഥയുള്ളത്. ചട്ടം കഴി‌ഞ്ഞ ദിവസം ധനമന്ത്രാലയം വിജ്‌ഞാപനം ചെയ്തു. ഇതുവരെയും വസ്‌തു വില്‍പ്പന നടക്കുമ്പോള്‍ നികുതി ആവശ്യങ്ങള്‍ക്കും നിരീക്ഷണത്തിനുമായി നിലവില്‍ 10 ലക്ഷം രൂപയ്ക്കു മേലുള്ള ഇടപാടുകളില്‍ പാൻ നിർബന്ധമായിരുന്നു. ചെറു ഇടപാടുകള്‍ക്കു പകരം വലിയ ഇടപാടുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാൻ ലക്ഷ്യമിട്ടാണ് പരിധി ഉയർത്തിയത്.5 ലക്ഷം രൂപയ്ക്കു മുകളില്‍ വിലയുള്ള വാഹനം വാങ്ങിയാല്‍ മാത്രം പാൻ നമ്പർ നല്‍കിയാല്‍ മതിയാകും. നിലവില്‍ ഇരുചക്രവാഹനങ്ങള്‍ ഒഴികെ ഏതു വിലയുള്ള വാഹനം വാങ്ങിയാലും പാൻ നല്‍കണമായിരുന്നു. പുതിയ വ്യവസ്‌ഥയില്‍ ഇരുചക്രവാഹനവും ഉള്‍പ്പെടുത്തി. 5 ലക്ഷം രൂപയെന്ന പരിധി അതിനും ബാധകമാണ്.പഴയ ആദായനികുതി സ്കീമില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അലവൻസിന് ലഭിച്ചിരുന്ന നികുതിയിളവ് പരിധി വർധിപ്പിച്ചു. നിലവില്‍ ഒരു കുട്ടിക്ക് പ്രതിമാസം 100 രൂപ വരെയുള്ള അലവൻസിനാണ് നികുതി ഇളവ് ബാധകമായിരുന്നത്. ഈ പരിധി 3,000 രൂപയാക്കി വർധിപ്പിച്ചു. 2 കുട്ടികള്‍ക്ക് മാത്രമേ ഇളവ് ലഭിക്കൂ.ഹോട്ടല്‍/റസ്‌റ്ററന്റ്റ് ബില്‍, കണ്‍വൻഷൻ സെന്റർ/ബാങ്ക്വറ്റ് ഹാള്‍ ചെലവ്, ഇവന്റ് മാനേജ്മെന്റ് തുടങ്ങിയവയ്ക്ക് 50,000 രൂപയായിരുന്ന പരിധി ഒരു ലക്ഷം രൂപയാക്കി.ബാങ്കുകളിലെയും പോസ്‌റ്റ് ഓഫിസിലെയും നിക്ഷേപങ്ങളാണെങ്കില്‍ നിലവില്‍ പ്രതിദിനം 50,000 രൂപ നിക്ഷേപിച്ചാല്‍ പാൻ വേണം. ഇനി ഒരു സാമ്പത്തികവർഷത്തെ മൊത്തം നിക്ഷേപം 10 ലക്ഷം രൂപയ്ക്കു മുകളിലായാല്‍ മാത്രം പാൻ നല്‍കിയാല്‍ മതി. ബാങ്ക് പിൻവലിക്കലിനും ചട്ടം സമാനമായിരിക്കും.പ്രതിവർഷം ഒരു ലക്ഷം രൂപയ്ക്കു മേല്‍ വാടക നല്‍കുന്നവർ നിർബന്ധമായും ഹൗസ് ഓണറുടെ പാൻ നമ്പർ നല്‍കിയിരിക്കണം. ഹൗസ് ഓണറുമായി വാടകക്കാരന് ബന്ധമുണ്ടെങ്കില്‍ അതും വ്യക്തമാക്കണം.വീട്ടുവാടക അലവൻസുമായി (എച്ച്‌ആർഎ) ബന്ധപ്പെട്ട ഉയർന്ന നികുതിയിളവ് ഇളവ് (50%) ബാധകമായ നഗരങ്ങളുടെ പട്ടികയില്‍ ബെംഗളൂരു, പുണെ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവയും ഉള്‍പ്പെട്ടു. ഇതുവരെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങളിലുള്ളവർക്ക് മാത്രമായിരുന്നു 50% ഇളവുണ്ടായിരുന്നത്. മറ്റെല്ലാ നഗരങ്ങള്‍ക്കും 40% വരെയാണ് ഇളവ്.അതേസമയം, ഇൻഷുറൻസ് പോളിസി എടുക്കുമ്പോള്‍ തന്നെ പാൻ നമ്പർ രേഖപ്പെടുത്താനുള്ള നീക്കം ആദായനികുതി വകുപ്പ് ഉപേക്ഷിച്ചു. ഒരു സാമ്പത്തിക വർഷം ആകെ 50,000 രൂപ പ്രീമിയം അടയ്ക്കുന്നുണ്ടെങ്കില്‍ മാത്രം പാൻ നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥ‌ പുതിയ ചട്ടത്തിലും നിലനിർത്തി. കരടുചട്ടത്തില്‍ ഇൻഷുറൻസ് അക്കൗണ്ട് തുടങ്ങുമ്പോള്‍ തന്നെ പാൻ നല്‍കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അന്തിമ വിജ്ഞാപനത്തില്‍ നിലവിലുള്ളപോലെ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.പുതിയ നിയമം പ്രാബല്യത്തിലാകുന്നതിന്‍റെ ഭാഗമായി പരിഷ്കരിച്ച വെബ്സൈറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു. വെബ്സൈറ്റ്: http://www.incometaxindia.gov.in

കേരളം

ഏപ്രിൽ 9ന് കേരളത്തിൽ പൊതുഅവധി: സ്വകാര്യ മേഖലയിൽ ശമ്പളത്തോടു കൂടിയ അവധി

തിരുവനന്തപുരം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ 9ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും അന്ന് അവധിയായിരിക്കുമെന്ന് പൊതുഭരണ വകുപ്പിന്‍റെ ഉത്തരവിൽ വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധി നൽകണം. വോട്ടുള്ള മണ്ഡലത്തിനു പുറത്തു ജോലി ചെയ്യുന്ന ജീവനക്കാർക്കും വോട്ടു ചെയ്യാൻ പോകാനായി ശമ്പളത്തോടു കൂടിയ അവധിക്ക് അർഹതയുണ്ട്.താൽക്കാലിക ജീവനക്കാർ ഉള്‍പ്പെടെയുള്ളവർക്കും ശമ്പളത്തോടു കൂടിയ അവധി അനുവദിക്കണമെന്ന് ഉത്തരവില്‍.കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 9നും വോട്ടെണ്ണൽ മെയ് നാലിനുമാണ്. കേരളത്തിനൊപ്പം അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 9ന് വോട്ടെടുപ്പ് നടക്കും.നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ നാളെ ഒരു പ്രവർത്തി ദിവസം മാത്രം ബാക്കിയുള്ളത്. തെരഞ്ഞെടുപ്പിനെ നേരിടുന്ന പ്രമുഖ സ്ഥാനാർത്ഥികൾ കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു. ബാക്കിയുള്ള സ്ഥാനാർത്ഥികൾ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

കേരളം

മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല

തിരുവനന്തപുരം: മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല. പത്ത് ദിവസം മുമ്പ് വരെ ലഭിച്ച അപേക്ഷകളാണ് നിലവിൽ പരി​ഗണിക്കുന്നത്. മാർച്ച് 15ന് ശേഷം ലഭിച്ച അപേക്ഷകൾ തെരഞ്ഞെടുപ്പിന് ശേഷമേ പരിഗണിക്കൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. ഒരു അപേക്ഷ കിട്ടിയാൽ പ്രൊസസ് ചെയ്ത് പട്ടികയിൽ ചേർക്കാൻ 10 ദിവസം വരെ എടുക്കും എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. മാർച്ച് 23 വരെ അപേക്ഷ സ്വീകരിക്കുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്. എസ്‌ഐആറിന്റെ ഭാഗമായി പലരും വോട്ടർപട്ടികയിൽ നിന്ന് പുറത്തുപോയിരുന്നു. ഈ തീരുമാനം രാഷ്ട്രീയ പാർട്ടികളെ വലിയ രീതിയിൽ ബാധിക്കും. മാർച്ച് 15 ന് ശേഷം വോട്ട് ചേർത്തവർക്ക് ഇത്തവണ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ സാധിക്കില്ല. തെരഞ്ഞെടുപ്പ് കമീഷ്ണറുടെ ഈ തീരുമാനം നിയമപരമായി ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ആദ്യ ഘട്ടത്തിൽ വോട്ട് ചേർക്കാത്തവർക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗമാവാൻ സാധിക്കില്ല.

കോട്ടയം

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങുകയാണെന്ന് മാണി സി. കാപ്പൻ. |

പാലാ:- സ്ഥിരമായി മത്സരിച്ച് റിക്കോർഡ് സ്ഥാപിക്കുക എന്നത് തന്റെ ലക്ഷ്യമല്ലെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങുകയാണ് ഉദ്ദേശ്യമെ ന്നും മാണി സി. കാപ്പൻ. യു. ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് കാപ്പന്റെ പ്രഖ്യാപനംഎന്നാൽ പൊതുപ്രവർത്തനരംഗത്ത് സജീവമായിട്ടുണ്ടാകുമെന്നും നാടിന്റെ നന്മക്കായി അദ്ധ്വാനിക്കുന്ന പുതു തലമുറക്കായിട്ടാണ് വഴി മാറുന്നതെന്നും കാപ്പൻ പറഞ്ഞു. നല്ലവരായ ജനങ്ങൾ വോട്ട് നൽകി വിജയിപ്പിച്ചതിന് തനിക്കെതിരെ കള്ളക്കേസുകൾ കൊടുപ്പിക്കുകയും നാടുനീളെ ഫ്ളക്സ് വെച്ച് അപമാനിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ശൈലി പ്രൗഢമായ പാലായുടെ പാരമ്പര്യത്തിന് ചേരുന്നതല്ല ജയപരാജയങ്ങൾ സ്വഭാവികമാണെന്നും 3 തവണ തോറ്റാണ് താൻ ജയിച്ചതെന്നും ഇക്കുറി വലിയ ഭൂരിപക്ഷത്തിൽ ജയിച്ച് പാർലമെന്ററി മോഹം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും നേതാക്കളെ സാക്ഷിനിർത്തി ടൗൺഹാൾ തിങ്ങി നിറഞ്ഞ സദസിനോടായി കാപ്പൻ പറഞ്ഞപ്പോൾ വേദിയും സദസും ഒരു നിമിഷം നിശ്ചലമായി.

കേരളം

ക്ഷേമ പെൻഷൻ: ഈ മാസം 31 മുതൽ ആരംഭിക്കും. ഗുണഭോക്താക്കൾക്ക് ലഭിക്കുക 4000 രൂപ

തിരുവനന്തപുരം :സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസമായി ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ഈ മാസം 31 മുതൽ ആരംഭിക്കും. വിഷു പ്രമാണിച്ചാണ് പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. ഇതിനാവശ്യമായ തുക അനുവദിച്ച് സർക്കാർ നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു. ഈ മാസം ആകെ 4000 രൂപയാണ് ക്ഷേമ പെൻഷനായി ഓരോ ഗുണഭോക്താവിന്റെയും കൈകളിലെത്തുക. നിലവിൽ പ്രതിമാസം 2000 രൂപ വീതമാണ് ക്ഷേമ പെൻഷനായി നൽകിവരുന്നത്.

കോട്ടയം

ഹോട്ടലുകള്‍ പ്രവര്‍ത്തിക്കും; തിങ്കളാഴ്ച്ചത്തെ സമരം ഒഴിവാക്കി; പാചകവാതകം ലഭ്യമാക്കും

പാചകവാതക ക്ഷാമത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ ഹോട്ടലുകള്‍ മാര്‍ച്ച്‌ 23-ന് നടത്താനിരുന്ന കടയടപ്പ് സമരം മാറ്റിവെച്ചു.പ്രതിസന്ധി പരിഹരിക്കാന്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത അടിയന്തര ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടായതോടെയാണ് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സമരത്തില്‍ നിന്ന് പിന്തിരിഞ്ഞത്. ഹോട്ടലുകളെ അവശ്യസേവന വിഭാഗമായി പരിഗണിക്കുന്നതടക്കമുള്ള സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഹോട്ടലുകള്‍ക്ക് ആവശ്യമായ സിലിണ്ടറുകളുടെ 20 ശതമാനം അടിയന്തരമായി വിതരണം ചെയ്യാമെന്ന് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഉറപ്പുനല്‍കി. വരും ദിവസങ്ങളില്‍ വിതരണത്തിന്റെ തോത് ഘട്ടംഘട്ടമായി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. കൂടാതെ, പൈപ്പ് ലൈന്‍ ഗ്യാസ് സൗകര്യമുള്ള പ്രദേശങ്ങളില്‍ ഹോട്ടലുകള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ കണക്ഷന്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കും. സിലിണ്ടര്‍ വിതരണം സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഹോട്ടല്‍ ഉടമകളുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി ഏകോപന സമിതികള്‍ രൂപീകരിക്കും. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലം ഇന്ധന ഇറക്കുമതിയില്‍ ഉണ്ടായ തടസ്സമാണ് പാചകവാതക ക്ഷാമത്തിന് കാരണമായത്. ഇത് മറികടക്കാന്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്ന ഹോട്ടല്‍ ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരപ്രഖ്യാപനത്തില്‍ നിന്ന് സംഘടന പിന്മാറിയത്. ഇതോടെ തിങ്കളാഴ്ച നടാനിരുന്ന സംസ്ഥാനവ്യാപകമായ കടയടപ്പ് ഒഴിവായത് പൊതുജനങ്ങള്‍ക്ക് വലിയ ആശ്വാസമായി.