വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ: ഡോ സിന്ധുമോൾ ജേക്കബ്ബും റോയി ഫ്രാൻസിസും വീണ്ടും പ്രസിഡൻ്റും സെക്രട്ടറിയും

പാലാ: മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റായി ഡോ സിന്ധുമോൾ ജേക്കബ്, സെക്രട്ടറിയായി റോയി ഫ്രാൻസീസ് എന്നിവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അഡ്വ സണ്ണി ഡേവിഡ് (വൈസ് പ്രസിഡൻ്റ്), കെ.ആർ. പ്രഭാകരൻപിള്ള കളരിയ്ക്കൽ (ജോയിൻ്റ്സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ.  റിട്ടേണിംഗ് ഓഫീസറായ പാലാ എ. ഇ. ഒ. യുടെയും പ്രിസൈഡിംഗ് ഓഫീസറായ സി കെ ഉണ്ണികൃഷ്ണൻ്റെയും നേതൃത്വത്തിൽ നടന്നതെരഞ്ഞെടുപ്പിൽ നാലുപേരും ഐകകണ്ഠേനയാണു തെരഞ്ഞെടുക്കപ്പെട്ടത്. ലൈബ്രറി സാംസ്കാരികമുന്നണിയിലെ മുഴുവൻ സ്ഥാനാർത്ഥികളും മെയ് 22നു നടന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. സി. കെ ഉണ്ണികൃഷ്ണൻ, എബ്രഹാം ജോസഫ്, ബൈജു സി.എസ്, രാജൻമുണ്ടമറ്റം, ബിന്ദു ഗിരീഷ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

പ്രാദേശികം

ഈരാറ്റുപേട്ട മുൻസിപ്പൽ വനിതാ ലീഗ് കൺവൻഷൻ

ഈരാറ്റുപേട്ട: വനിതാ ലീഗ് മുനിസിപ്പൽ കൺവൻഷൻ നടയക്കൽ ഫൗസിയാ ഓഡിറ്റോറിയത്തിൽ നടന്നു.നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു മുനിസിപ്പൽ പ്രസിഡണ്ട് സുനിതാ ഇസ്മായിൽ അധ്യക്ഷത വഹിച്ചു.യോഗത്തിൽ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് മുഫീദാ തസ്നീം മുഖ്യപ്രഭാഷണം നടത്തി.  വനിതാ ജനപ്രതിനിധികളെ ജില്ലാ പ്രസിഡണ്ട് ഷഹുബാനത്ത് ടീച്ചർ ആദരിച്ചു.നേതാക്കളായ ഫാസില അബ്സാർ, ഷഫ്ന അമീൻ, റൂബിനാ നാസർ, മക്കീഫ ഷറഫ്, ബീമാ നാസർ, ഷിജി ആരിഫ്, ഷാമിലാ ലത്തീഫ്, ഷാഹിന ഫൈസൽ എന്നിവർ സംസാരിച്ചു. മുനിസിപ്പൽ ജനറൽ സെക്രട്ടറി സബിത ഫൈസൽ സ്വാഗതവും ട്രഷറർ നെബുല ശിഹാബ് നന്ദിയും പറഞ്ഞു

കോട്ടയം

സർക്കാരിൻ്റെ അവഗണയിൽ മനം മടുത്ത് ഒടുവിൽ കടപുഴയിൽ ജനകീയ പാലം ഒരുക്കി നാട്ടുകാർ

ഈരാറ്റുപേട്ട .മഴക്കാലത്ത് കടപുഴ ആറിന് അക്കര കടക്കാൻ ജനങ്ങളുടെ നേതൃത്വത്തിൽ താത്‌കാലിക പാലം തയ്യാറാകുന്നു. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള യാത്രാസൗകര്യം പരിഗണിച്ചാണ് മൂന്നീലവ് പഞ്ചായത്തിന്റെ സഹകരണത്തോടെ നാട്ടുകാർ താത്‌കാലിക പാലം നിർമിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ പാലത്തിന്റെ ഒരുഭാഗം ആറ്റിൽ പതിച്ചതോടെ കാൽനടയാത്ര പോലും മുടങ്ങിയിരുന്നു. മഴ ശക്തമാകുകയും മറുകരയിലുള്ളവർക്ക് മൂന്നിലവിലെത്താൻ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ടിയും വന്നതോടെയാണ് ജനകീയപാലം തയ്യാറാകുന്നത്. 2011-ലെ മഴവെള്ളപ്പാച്ചിലിലാണ് പാലം അപകടാവസ്ഥയിലായത്. വാഹനഗതാഗതം സാധ്യമല്ലാതായിരുന്ന പാലത്തിലൂടെ മാർച്ചിൽ ക്രെയിൻ കടന്നുപോയതിനെത്തുടർന്നാണ് സ്ലാബുകൾ ആറ്റിൽ വീണത്. തുടർന്ന് ആറ്റിലൂടെ ഇറങ്ങിക്കടക്കാവുന്ന തരത്തിൽ പഞ്ചായത്ത് വഴി തയ്യാറാക്കിയിരുന്നു. മഴയെത്തുടർന്ന് ഇത് സാധ്യമല്ലാതായി. തെങ്ങിൻതടികൾ ആറിന് കുറുകെ സ്ഥാപിച്ച് ഇതിൽ പലകകൾ നിരത്തിയാണ് താത്‌കാലിക നടപ്പാലം ഒരുക്കുന്നത്. സ്‌കൂൾ തുറക്കുന്ന സാഹചര്യംകൂടി പരിഗണിച്ചാണ് അടിയന്തര നടപടി. പലക പാകിക്കഴിഞ്ഞെങ്കിലും കൈവരി പൂർത്തിയായില്ല. ഞായറാഴ്ചതന്നെ കൈവരിയും സ്ഥാപിച്ച് താത്‌കാലിക പാലം തുറന്നു നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ചാർളി ഐസക് പറഞ്ഞു.  പാലം പുനർനിർമ്മിക്കണമെന്ന് നിയമസഭയിൽ നിരവധി തവണ പാലാ എം.എൽ.എ മാണി സി.കാപ്പൻ ഉന്നയിച്ചതാണ്. എന്നാൽ ഇത് സർക്കാർ അവഗണിക്കുകയാണ് ചെയ്തത്.  പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ റോസമ്മ തോമസ്‌ ഹൈക്കോടതിയിൽ കൊടുത്ത ഹർജി പരിഗണിക്കവേ രണ്ടുമാസത്തിനുള്ളിൽ എ.എസ്. കൊടുക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ജൂൺ രണ്ടിന് ഈ ഹർജി വീണ്ടും പരിഗണിക്കാനിരിക്കവെയാണ് താൽക്കാലിക പാലം ഒരുങ്ങുന്നത്.        

പ്രാദേശികം

ഈരാറ്റുപേട്ട എം.ഇ.എസ് കോളേജിന് പുതിയ പ്രിൻസിപ്പൽ

ഈരാറ്റുപേട്ട: എം.ഇ.എസ് കോളേജിന്റെ പുതിയ പ്രിൻസിപ്പലായി ഹലീൽ മുഹമ്മദ് വി.എം ചുമതലയേറ്റു. എം.ഇ.എസ് കോളേജിൽ മാനേജ്മെൻ്റ് സ്റ്റഡീസ് വകുപ്പ് ഡിപ്പാർട്ട്‍മെന്റ് ഹെഡ് ആയി പ്രവർത്തിച്ച് വരുകയായിരുന്നു ഹലീൽ മുഹമ്മദ്. ചുമതലയേറ്റെടുക്കുന്ന ചടങ്ങിൽ എം.ഇ.എസ് സംസ്ഥാന സെക്രട്ടറി വി.എച്ച്. മജീദ് വട്ടക്കയം, വിരമിച്ച പ്രിൻസിപ്പൽ എ.എം. റഷീദ്, കോളജ് ഓഫീസ് ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.   ഈരാറ്റുപേട്ട കടുവാമൂഴി വാഴമറ്റത്തിൽ പരേതനായ മുഹമ്മദ് ഹനീഫ (റിട്ട. എ.ടി.ഒ, കെ.എസ്.ആർ.ടി.സി) യുടെ മകനാണ് ഹലീൽ മുഹമ്മദ്. മാതാവ്: ഉമൈബാ ബീവി. സിജി കോട്ടയം ജില്ലാ സെക്രട്ടറി പി.പി.എം. നൗഷാദിന്റെ മകൾ അസ്മിൻ ഫാത്തിമയാണ് ഭാര്യ. മക്കൾ: ഐസൽ സയാൻ, ഐസിൻ സമാൻ.സഹോദങ്ങൾ: ഹാരിസ് മുഹമ്മദ്, ഹജീഷ് മുഹമ്മദ്.

കോട്ടയം

അപകടകരമായ മരങ്ങൾ അടിയന്തരമായി വെട്ടിമാറ്റണം: ജില്ലാ വികസനസമിതി

കോട്ടയം: അപകടകരമായ രീതിയിൽ വഴിയരികിലും പൊതുസ്ഥലത്തും നിൽക്കുന്ന മരങ്ങൾ അടിയന്തരമായി വെട്ടിമാറ്റാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശം. മരങ്ങളും ശിഖരങ്ങളും വീണ് അപകടങ്ങൾ ഉണ്ടാകുന്നതു യോഗത്തിൽ പങ്കെടുത്ത എം.എൽ.എമാർ ചൂണ്ടിക്കാട്ടി. ദുരന്തനിവാരണ നിയമപ്രകാരം മരങ്ങൾ വെട്ടിമാറ്റുന്നതിനടക്കമുള്ള നടപടികൾ ആവശ്യപ്പെട്ടുളള ഉത്തരവുകൾ യഥാസമയം പാലിക്കുന്നുണ്ടെന്ന് നഗരസഭ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം കർശന നടപടികൾ നേരിടേണ്ടിവരുമെന്നും ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു. ജില്ലയിൽ തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള ഒരുകോടി രൂപ ഉപയോഗിച്ചു ദുരന്തനിവാരണത്തിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ തദ്ദേശ സ്വയംഭരണവകുപ്പിന് ജില്ലാ കളക്ടർ നിർദേശം നൽകി. വെട്ടിയ മരങ്ങൾ വഴിയരികിൽ കൂട്ടിയിട്ടിരിക്കുന്നത് അപകടങ്ങൾ വർധിപ്പിക്കുന്നുവെന്നും ഇവഒഴിവാക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു. ലേലനടപടികൾക്കു കാലതാമസമുണ്ടാകുന്ന പക്ഷം പൊതുനിരത്തിൽ നിന്ന് ഇവ മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.മണിമല വില്ലേജിൽ ഭിന്നശേഷിക്കാർക്കായി സംയോജിത പുനരധിവാസ ഗ്രാമപദ്ധതിയ്ക്കായി കണ്ടെത്തിയ സ്ഥലം സാമൂഹിക നീതിവകുപ്പിനുകൈമാറുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നു സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് യോഗത്തിൽ ആവശ്യപ്പെട്ടു. ഉപയോഗശൂന്യമായ പാറമടകളിലെ അപകടങ്ങൾ ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ചീഫ്് വിപ്പ് ഡോ. എൻ. ജയരാജ് മുൻ ജില്ലാവികസനസമിതി യോഗങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. പുതുതായി അനുവദിക്കുന്ന പാറമടകൾക്കു മൈനിങ് പ്ലാൻ പ്രകാരം ഉപയോഗശേഷം റീഫിൽ ചെയ്യാനോ, വേലിക്കെട്ട് സ്ഥാപിക്കാനോ ഉള്ള നിബന്ധനകൾ മുന്നോട്ടുവയ്ക്കുന്നുണ്ടെന്ന് ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു. പഴയ പാറമടകളിലും പരിസരത്തുള്ള വഴികളിലും അപകടബോർഡുകൾ സ്ഥാപിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ടെന്നു തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു. ഇറഞ്ഞാൽ തിരുവഞ്ചൂർ റോഡ്, കളത്തിക്കടവ് റോഡ്, കൊല്ലാട് റോഡ്, തീരുവാർപ്പ് റോഡ്്, പോസ്റ്റ് ഓഫീസ് റോഡ്, എം.എൽ. റോഡ്, എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കണമെന്നും മൺസൂൺ സീസൺ ആരംഭിക്കുംമുമ്പ് റോഡുകൾ പഴയതുപോലെയാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കഴിഞ്ഞ ജില്ലാ വികസനസമിതി യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആവശ്യപ്പെട്ടിരുന്നു. ഇറഞ്ഞാൽ തിരുവഞ്ചൂർ റോഡിൽ മോസ്‌കോ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് പൈപ്പ് ലൈൻ സ്ഥാപിക്കൽ പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പിന് റോഡ് തിരികെകൈമാറിയിട്ടുണ്ടെന്നു ജല അതോറിട്ടി അറിയിച്ചു. പുനരുദ്ധാരണം നടന്നുവരുന്ന മറ്റു റോഡുകൾ മഴ മാറിയാലുടൻ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്നും ജല അതോറിട്ടി യോഗത്തിൽ അറിയിച്ചു. മീനച്ചിലാറ്റിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് വർധിക്കുന്നുവെന്ന പരാതി പരിശോധിച്ചു മലിനീകരണ നിയന്ത്രണബോർഡ് ജില്ലാ വികസന സമിതിക്കു റിപ്പോർട്ട് പരിശോധിക്കണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആവശ്യപ്പെട്ടു.  വലിയ തോതിൽ എക്കൽ വന്നടിഞ്ഞിരിക്കുകയാണെന്നും ചെറിയ തോടുകളിലെയും പുഴകളിലേയും മാലിന്യം നീക്കാൻ മൈനർ ഇറിഗേഷൻ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നു അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ആവശ്യപ്പെട്ടു. ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ രാത്രികാലങ്ങളിൽ ഒരു ഡോക്ടറുടെ സേവനമേ നിലവിലുള്ളൂവെന്നും കൂടുതൽ ഡോക്ടർമാരെ അടിയന്തരമായി നിയമിക്കണമെന്നും അഡ്വ. ജോബ്് മൈക്കിൾ എം.എൽ.എ. ആവശ്യപ്പെട്ടു. ചങ്ങനാശേരി റെയിൽവേ ഗുഡ്്‌സ് ഷെഡ് റോഡിൽ നിൽക്കുന്ന അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ ജില്ലാ കളക്ടർ നടപടി സ്വീകരിക്കണമെന്നും അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ആവശ്യപ്പെട്ടു. ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, ജില്ലാ പ്ലാനിങ് ഓഫീസർ എം. പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.    

കോട്ടയം

കോട്ടയം ജില്ലയിൽ 36 ദുരിതാശ്വാസ ക്യാമ്പുകൾ; 210 കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിൽ

കോട്ടയം: കനത്തമഴ, വെള്ളപ്പൊക്കം എന്നിവയെത്തുടർന്ന് ജില്ലയിൽ 210 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ജില്ലയിൽ 36 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. കോട്ടയം താലൂക്കിലാണ് കൂടുതൽ ക്യാമ്പുകളുള്ളത്,29. ചങ്ങനാശേരി 5, വൈക്കം 2 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ ക്യാമ്പുകളുടെ എണ്ണം. 675 പേരാണ് ക്യാമ്പുകളിലുള്ളത്. 283 സ്ത്രീകളും 261 പുരുഷന്മാരും 131 കുട്ടികളുമുണ്ട്.ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇൻഡ്യ

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ 2,700 കടന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ 2,700 കടന്നു. 22 മരണം ഇതുവരെ റിപോര്‍ട്ട് ചെയ്തു. ഇതില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ കേരളത്തിലാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ കേരളത്തില്‍ 1,147 കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ രണ്ട് മരണങ്ങള്‍ സംഭവിച്ചു. ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക, പഞ്ചാബ്, തമിഴ്നാട് എന്നിവിടങ്ങളില്‍ ഓരോ മരണങ്ങളും റിപോര്‍ട്ട് ചെയ്തു.രണ്ട് പുതിയ ഒമിക്രോണ്‍ ഉപ വകഭേദങ്ങളായ LF.7 ഉം NB.1.8 ഉം കൊവിഡ് കേസുകളിലെ ഈ പെട്ടെന്നുള്ള വര്‍ധനവിന് കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ, ലോകാരോഗ്യ സംഘടന LF.7 അല്ലെങ്കിൽ NB.1.8 എന്നിവയെ ആശങ്കാജനകമായ വകഭേദമായി കണ്ടിട്ടില്ല.സാധാരണ പനിയുടെ ലക്ഷണങ്ങളുമായി പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ ഏറെക്കുറെ സാമ്യത പുലര്‍ത്തുന്നു. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ക്ഷീണം, ക്ഷീണം എന്നിവയാണ് ഈ ലക്ഷണങ്ങള്‍

വിദ്യാഭ്യാസം

ജൂൺ രണ്ടിന് തന്നെ സംസ്ഥാനത്ത് സ്കൂൾ തുറക്കും, കാലാവസ്ഥ നോക്കിയതിന് ശേഷം മാറ്റം വേണോ എന്ന് തീരുമാനിക്കും’; വി ശിവന്‍കുട്ടി

തിരുവനന്തപുരം: ജൂൺ രണ്ടിന് തന്നെ സംസ്ഥാനത്ത് സ്കൂൾ തുറക്കും എന്നത് തന്നെയാണ് നിലവിലുള്ള തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിനുശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് ദിവസത്തിൽ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും. പതിനാലായിരം സ്കൂൾ കെട്ടിടങ്ങൾ ഉണ്ടായിട്ട് ഈ കാറ്റിൽ ഒരു സ്കൂൾ കെട്ടിടത്തിന് പോലും തകരാർ ഉണ്ടായിട്ടില്ല. അടിസ്ഥാന വികസന സൗകര്യത്തിനു വേണ്ടി കഴിഞ്ഞ നാളുകളിൽ ചെലവഴിച്ച 5000 കോടി രൂപ ഫലം കണ്ടു. മുൻ വർഷങ്ങളിൽ കാറ്റടിക്കുമ്പോൾ ആദ്യം സ്കൂളിന്‍റെ ഷെഡ് ആയിരുന്നു പോയിരുന്നത്. ഇപ്പോൾ സ്കൂളുകളിൽ ഷെഡ്ഡുകൾ ഇല്ലെന്നും മന്ത്രി പറഞ്ഞു ഹൈസ്കൂൾ സമയക്രമത്തിലെ മാറ്റത്തിലെ വിവാദത്തിലും മന്ത്രി പ്രതികരിച്ചു. ചില അധ്യാപക സംഘടനകൾ തന്നെയാണ് ഇതിന് ബുദ്ധിമുട്ട് ഉണ്ടാക്കിയത്. ആദ്യം 110 ദിവസവും 120 ദിവസവും തീരുമാനിച്ചിരുന്നു. അത് കൂടിപ്പോയെന്ന് പറഞ്ഞ് കേസ് കൊടുത്തത് അധ്യാപക സംഘടനകൾ ആണ്. പിന്നാലെ കോടതിയുടെ നിർദ്ദേശപ്രകാരം കമ്മീഷനെ നിയോഗിക്കുകയായിരുന്നു. ആ കമ്മീഷൻ നൽകിയ റിപ്പോർട്ട് ആണ് ഇന്നലെ പൊതു വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചത്. ആ റിപ്പോർട്ടിൽ പറഞ്ഞത് അനുസരിച്ച് സമയം ക്രമീകരിക്കാനാണ് രാവിലെയും വൈകിട്ടും അധിക സമയംകൂട്ടിച്ചേർത്തത്. ഒരു സ്കൂളിൽ എൽപിയും യുപിയും ഹൈസ്കൂളും ഒരുമിച്ചുള്ളതിനാൽ സമയക്രമത്തിൽ പ്രായോഗികമായി എന്തു ചെയ്യാൻ കഴിയും എന്ന് ആലോചിക്കണം. അതിൽ എന്ത് ചെയ്യാൻ കഴിയും എന്ന് റിപ്പോർട്ട് നൽകിയവരുമായി തന്നെ ചേർന്ന് ആലോചിക്കും. കോടതി പത്താം തീയതിക്ക് മുൻപ് തന്നെ റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് അത് നൽകുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി