വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

വിദ്യാഭ്യാസം മൂല്യധിഷ്ഠിതമാകണം -സോഷ്യൽ ജസ്റ്റിസ് ഫോറം

ഈരാറ്റുപേട്ട : വിദ്യഭ്യാസം മൂല്യാധിഷ്ഠിതമാകണമെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ്‌ കെ എം വർഗീസ്. ജനങ്ങളിലുള്ള അന്ധവിശ്വാസങ്ങളും അജ്ഞതയും ഇല്ലാതാക്കുവാൻ ശാസ്ത്ര -സാങ്കേതിക വിദ്യാഭ്യാസം പരിഷകൃത സമൂഹത്തിന് യോജിക്കും വിധം നടപ്പിലാക്കണമെന്നും ഈരാറ്റുപേട്ട ഗവ. മിസ്ലിം എൽ പി സ്കൂൾ ഹാളിൽ വച്ച് ഫോറം സംഘടിപ്പിച്ച "നമ്മുടെ വിദ്യാലയം,നന്മയുടെ ലോകം" സാംസ്‌കാരിക സംഗമം  ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗം ഡോ പ്രവീണ അഭിജിത് അധ്യക്ഷത വഹിച്ചു. പ്രതിഭാസംഗമം ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്‌ദുൾ ഖാദറും കുഞ്ഞിളം കയ്യിൽ സമ്മാനവിതരണം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോഷിബ ജെയിംസും ഉദ്ഘാടനം ചെയ്തു.സംസ്ഥാന എക്സി.മെമ്പർ ഷീല ദിലീപ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹാന ജിയാസ് മാതാപിതാക്കന്മാരേയും നഗരസഭ അംഗം പി എം അബ്‌ദുൾ ഖാദർ അധ്യാപകരേയും ആദരിച്ചു.ജെയ്സൺ ജേക്കബ്, കെ കെ രാധാകൃഷ്ണൻ, റ്റി വൈ ജോയി, കെ എൻ ഹുസൈൻ, ദിലീപ് തച്ചേരിൽ, ഹസ്സീന മുർഹാൻ, ബീമ അഫ്സൽ, ഷെമി സവാദ്, അൻസൽന സിറാജ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു കെ ജോസഫ് സ്വാഗതവും മേഖല പ്രസിഡന്റ്‌ പി പി മുഹമ്മദ്‌ ഖാൻ കൃതജ്ഞതയും രേഖപ്പെടുത്തി.

കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഉണർവ് 2024

തീക്കോയി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി പ്രകാരം ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ഉണർവ് 2024 എന്ന പ്രോഗ്രാം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡൻ്റ് കെ സി ജെയിംസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ബിനോയി ജോസഫ്, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൽ റോയി,സിബി രഘുനാഥൻ, മാളു ബി മുരുകൻ, രതീഷ് പി എസ്, ദീപ സജി, അമ്മിണി തോമസ്, നജീമ പരിക്കൊച്ച്, ഐസിഡിഎസ് സൂപ്പർവൈസർ ബുഷ്റ, സിഡിഎസ് ചെയർപേഴ്‌സൺ ഷേർലി ഡേവിഡ് തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബശ്രീ സിഡിഎസ് മെമ്പർമാർ, അങ്കണവാടി ജീവനക്കാർ, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഭിന്നശേഷി കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

കോട്ടയം

കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് യാത്രികൻ അപകടത്തിൽ മരണപ്പെട്ടു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ടൗണിൽ പേട്ട സ്കൂളിന്റെ മുൻവശത്ത്, നടന്ന അപകടത്തിൽ കാഞ്ഞിരപ്പള്ളി ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തിൽ പഠിക്കുന്ന വിദ്യാർത്ഥിയായ ലിബിൻ തോമസ് (25 ) മരണപ്പെട്ടു . മണ്ണാറക്കയം കറിപ്ലാവ് വെട്ടിയാങ്കൽ (കൊച്ചുവീട്ടിൽ ) തോമസ് മാത്യു ( കുറുവച്ചൻ ) ന്റെയും ലിസിയുടെയും മകനാണ് ലിബിൻ തോമസ് . ലിബിനും സുഹൃത്ത് ഷാനു സണ്ണിയും (21) സഞ്ചരിച്ച ബൈക്ക് , തീർത്ഥാടബസ്സിനെ മറികടക്കുന്നതിനിടയിൽ , ബസ്സിന്റെ മുൻവശത്തു തട്ടി, നിയന്ത്രണം വിട്ട് മുൻപിൽ പോയ പെട്ടി ഓട്ടോറിക്ഷയിൽ ഇടിച്ചു എതിരെവന്ന കാറിലും ഇടിച്ചു, റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കുകൾ പറ്റിയ ലിബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല . ഷാനു സണ്ണിയാണ് ബൈക്ക് ഓടിച്ചത് . മരണപ്പെട്ട ലിബിൻ ബൈക്കിന്റെ പിറകിൽ ഇരിക്കുകയായിരുന്നു . വെള്ളിയാഴ്ച വൈകിട്ട് മൂന്നേമുക്കാലോടെയാണ് അപകടം സംഭവിച്ചത് ......

കോട്ടയം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ ട്രഷറർ വി എ മുജീബ് റഹ്മാൻ നിര്യാതനായി.

എരുമേലി :എരുമേലി വലിയവീട്ടിൽ അബ്ദുൽസമദിൻറെ മകൻ മുജീബ് റഹ്മാൻ വി എ അന്തരിച്ചു   കബറടക്കം ഇന്ന്  വൈകിട്ട് അസർ നമസ്കാരത്തിനുശേഷം 4 മണിക്ക് എരുമേലി നൈനാർ ജമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും . .കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ ട്രഷറർ,വർഷങ്ങളോളം എരുമേലി യൂണിറ്റ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .

കോട്ടയം

കോട്ടയത്തിന് ലുലു ഗ്രൂപ്പിന്‍റെ ക്രിസ്തമസ് സമ്മാനം! ലുലു മാൾ ഉദ്ഘാടനത്തിന് ഇനി 10 നാൾ; വമ്പൻ ഓഫറുകൾ, 1000 കാറുകൾക്ക് പാർക്കിംഗ്

മധ്യ കേരളത്തിനുള്ള ക്രിസ്മസ് സമ്മാനമായി ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ പുത്തൻ ഹൈപ്പർമാർക്കറ്റ് കോട്ടയം മണിപ്പുഴയിൽ ഡിസംബർ 14ന് തുറക്കും. 15 മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവയ്ക്ക് ശേഷം ലുലു ഗ്രൂപ്പിന്റെ അഞ്ചാമത്തെ ‘ഷോപ്പിങ് മാളാണിത്’. അതേസമയം പാലക്കാട്, കോഴിക്കോട് എന്നിവയ്ക്ക് സമാനമായി ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്റ്റ് എന്നിവയ്ക്ക് ഊന്നൽ നൽകുന്ന 'മിനി മാൾ' ആയാണ് കോട്ടയത്തും സജ്ജമാക്കിയിട്ടുള്ളത്.കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്ന ലുലു ഗ്രൂപ്പിന്റെ ആറാമത്തെ ഹൈപ്പർമാർക്കറ്റാണിത്. നിലവിൽ കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ലുലുമാളുകളിൽ ലുലു ഹൈപ്പർമാർക്കറ്റുണ്ട്. പുറമേ കൊച്ചി കുണ്ടന്നൂരിലെ ഫോറം മാളിലും ലുലുവിന് ഹൈപ്പർമാർക്കറ്റുണ്ട്. തൃശൂർ തൃപ്രയാറിൽ ലുലുവിന്റെ വൈമാളും പ്രവർത്തിക്കുന്നു. ലോകോത്തര ബ്രാൻഡുകളുടെ സാന്നിധ്യവും വിനോദത്തിന്റെയും ഭക്ഷണവൈവിധ്യത്തിന്റെയും ശ്രദ്ധേയ ആകർഷണങ്ങളും കോട്ടയത്തുണ്ടാകും. ബ്യൂട്ടി ആൻഡ് വെൽനസ്, വിനോദം, കഫേ ആൻഡ് റെസ്റ്ററന്റ്, മെൻസ് ഫാഷൻ, ജ്വല്ലറി തുടങ്ങിയ മേഖലകളിലെ ആഭ്യന്തര, രാജ്യാന്തര ബ്രാൻഡുകൾ അണിനിരക്കും. മക്ഡോണൾസ്, കോസ്റ്റ കോഫീ, കെഎഫ്സി, അമുൽ, ലൂയി ഫിലിപ്പ്, ആരോ, നോർത്ത് എക്സ്പ്രസ്, മമാ എർത്ത്, ദ് പൾപ് ഫാക്ടറി, ബെൽജിയൻ വാഫ്ൾ, ജോക്കി, വൗ മോമോ, അൽ–ബെയ്ക്, അന്നഃപൂർണ, സ്വ ഡയമണ്ട്സ് തുടങ്ങിയവ അതിലുൾപ്പെടുന്നു. കുട്ടികളുടെ വിനോദത്തിനായി ഫൺട്യൂറയുമുണ്ടാകും. 500 പേർക്ക് ഒരേസമയം ഇരിക്കാവുന്നതാണ് ഫുഡ് കോർട്ട്. മൾട്ടി-ലെവൽ പാർക്കിങ് സൗകര്യത്തിൽ ഒരേസമയം 1,000 വാഹനങ്ങൾ പാർക്ക് ചെയ്യാം.കേരളത്തിൽ‌ ലുലു ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന ഹൈപ്പർമാർക്കറ്റുകളിലേക്ക് വിവിധ തസ്തികകളിലേക്ക് വോക്ക്-ഇൻ-ഇന്റർവ്യൂ നാളെ രാവിലെ 10 മുതൽ വൈകിട്ട് മൂന്നുവരെ കൊച്ചി ഇടപ്പള്ളിയിലെ മാരിയറ്റ് സോളിറ്റയറിൽ നടക്കും. സൂപ്പർവൈസർ, സെയിൽസ്മാൻ/സെയിൽസ്‍സുമൺ, കാഷ്യർ, ഷെഫ് തുടങ്ങിയ തസ്തികകളിലേക്കാണ് ഇന്റർവ്യൂ. താൽപര്യമുള്ളവർ ബയോഡേറ്റയുമായി എത്തണം. ലുലു കേരളത്തിൽ വൈകാതെ ആരംഭിക്കുന്ന തിരൂർ, പെരിന്തൽമണ്ണ, കൊട്ടിയം, തൃശൂർ ഹൈപ്പർമാർക്കറ്റുകളിലേക്കും നിലവിലെ മാളുകളിലെ ഒഴിവുള്ള തസ്തികകളിലേക്കുമാണ് ഇന്റർവ്യൂ.  

കോട്ടയം

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും അവധി

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഡിസംബർ 3 ന് (ചൊവ്വാഴ്ച ) അവധി പ്രഖ്യാപിച്ചു

കോട്ടയം

ഫലസമൃദ്ധി പദ്ധതി : പൂഞ്ഞാറിന് പ്രത്യേക ക്ലസ്റ്റർ അനുവദിച്ചു.

മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ ഫലവൃക്ഷ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും, യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും ലക്ഷ്യം വെച്ച് ആവിഷ്കരിച്ച കാർഷിക വികസന പദ്ധതിയായ "ഫലസമൃദ്ധി പൂഞ്ഞാർ" എന്ന പദ്ധതിയെ സംസ്ഥാന കൃഷി വകുപ്പ് പ്രത്യേക ക്ലസ്റ്റർ ആയി പ്രഖ്യാപിച്ച് സബ്സിഡി അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ക്ലസ്റ്റർ പ്രഖ്യാപിച്ചത്. ഈ പദ്ധതി പ്രകാരം പ്ലാവ്,റംബൂട്ടാൻ, ഫിലോസാൻ,അവോക്കാഡോ, മങ്കോസ്റ്റിൻ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. 100 കൃഷിക്കാരെയാണ് ഒന്നാം ഘട്ടമായി ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ഫലസമൃദ്ധി പദ്ധതി പ്രകാരം ഫലവൃക്ഷ കൃഷി ചെയ്യുന്ന കർഷകർക്ക് ഹെക്ടർ ഒന്നിന് മുപ്പതിനായിരം രൂപ പ്രകാരമാണ് സബ്സിഡി അനുവദിച്ചിട്ടുള്ളത്. പദ്ധതി പ്രകാരമുള്ള ഫലവൃക്ഷ കൃഷികൾ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി തുടക്കം കുറിച്ചു കഴിഞ്ഞതായും, ഈ സാമ്പത്തിക വർഷം തന്നെ പദ്ധതിയിൽ അംഗങ്ങളായ മുഴുവൻ കൃഷിക്കാർക്കും അർഹമായ സബ്സിഡി തുക ലഭ്യമാകുമെന്നും എംഎൽഎ അറിയിച്ചു. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ജനുവരി ആദ്യവാരത്തിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു .

കോട്ടയം

ഈരാറ്റുപേട്ട – വാഗമൺ റോഡിൽ രാത്രികാല യാത്രാനിരോധനം

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഈരാറ്റുപേട്ട – വാഗമൺ റോഡിൽ വരെ രാത്രികാലയാത്രയും കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമൺ ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇല വീഴാ പൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഡിസംബർ നാലുവരെ നിരോധിച്ച് ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉത്തരവായി.