വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 21, സൂക്ഷ്മ പരിശോധന നവംബര്‍ 22നും

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 21. സൂക്ഷ്മ പരിശോധന നവംബര്‍ 22നു നടക്കും. നവംബർ 24 ലാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. മാതൃകാ പെരുമാറ്റച്ചട്ടം സംസ്ഥാനത്ത് നിലവില്‍ വന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെടുപ്പ് നടത്തുന്നതിനായാണ് ചട്ടങ്ങളെന്നും കമ്മിഷന്‍ വ്യക്തമാക്കി. മട്ടന്നൂരില്‍ തിരഞ്ഞെടുപ്പ് പിന്നീട് നടത്തുമെന്നും. മണ്ഡലപുനര്‍ നിര്‍ണയത്തിലൂടെ വാര്‍ഡുകള്‍ വര്‍ധിച്ചിട്ടുണ്ടെന്നും കമ്മിഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1199 തദ്ദേശ സ്ഥാപനങ്ങളിലായി 23576 വാര്‍ഡുകളാണ് ഇക്കുറിയുള്ളത്. ഡിസംബര്‍ 21ന് മുന്‍പ് തദ്ദേശ ഭരണ സമിതികള്‍ ചുമതല ഏറ്റെടുക്കണം. അന്തിമ വോട്ടര്‍പട്ടിക തയ്യാറായി. സംവരണ മണ്ഡലങ്ങളുടെ വിജ്ഞാപനം കഴിഞ്ഞ ദിവസം വന്നിരുന്നു.  2,8430761 വോട്ടര്‍മാരില്‍ ഒന്നരക്കോടിയിലേറെപ്പേര്‍ സ്ത്രീകളും 281 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 2841 പ്രവാസി വോട്ടര്‍മാരുമുണ്ട്. രണ്ടര ലക്ഷത്തോളം ജീവനക്കാരെ തിരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനായി നിയമിച്ചിട്ടുണ്ട്.

കേരളം

'വൈദ്യുതി ഉത്പാദനം മുടങ്ങും,ലോഡ് ഷെഡിംഗ് ഉണ്ടാകില്ല', വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻ കുട്ടി, ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും

ഇടുക്കി: നിർമ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. ഇതോടെ ഇടുക്കി അണകെട്ടിൽ മാസം വൈദ്യുതി ഉത്പാദനം മുടങ്ങും. ജനറേറ്ററുകളുടെ വാൾവുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാൽ സുരക്ഷയെ ബാധിക്കുമെന്നും ചില വാൾവുകളിൽ ഗുരുതര പോർച്ച ശ്രദ്ധയിൽപ്പെട്ടെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കി. വൈദ്യുതി നിർമ്മാണം പൂർണമായും നിർത്തിയായിരിക്കും അറ്റകുറ്റപ്പണി. കൂടാതെ വിൽപ്പന നടത്തിയ 400 മെഗാവാട്ട് അധിക വൈദ്യുതി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ച് വാങ്ങുമെന്നും 300 മെഗാവാട്ട് വൈദ്യുതി ഹ്രസ്വകാല കരാറിലൂടെ കൂടെ വാങ്ങി പ്രതിസന്ധി പരിഹരിക്കും, വൈദ്യുതി നിരക്ക് വർധനയുണ്ടാവില്ല. ലോഡ് ഷെഡിംഗ് നടപ്പാക്കക്കേണ്ടി വരില്ല എന്നും മന്ത്രി പറഞ്ഞു. ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസത്തേക്കാണ് അടച്ചിടുന്നത്. മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിക്കായാണ് മൂലമറ്റം പവർഹൗസ് താത്ക്കാലികമായി പ്രവർത്തനം നിർത്തുന്നത്. ഇതോടെ, സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക. നവംബർ 11മുതൽ ഡിസംബർ പത്തുവരെയുളള നീണ്ട കാലയളവിലാണ് പവർഹൗസ് താത്ക്കാലികമായി അടച്ചിടുന്നത്. ആകേയുളളത് ആറ് ജനറേറ്ററാണ്. മൂന്ന് ജനറേറ്ററുകൾക്കാണ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തേണ്ടത്. അടയ്ക്കുന്നതോടെ, ഭാഗീകമായെങ്കിലും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്‍റെ സാധ്യത കെഎസ്ഇബി പരിശോധിക്കുന്നുണ്ട്. എങ്കിലും പ്രതിദിന ഉത്പാദനമായ 780 മെഗാവാട്ടെന്നത് 390 മെഗാവാട്ടിലേക്ക് ചുരുങ്ങും. രണ്ട് ജനറേറ്ററുകളിലേക്ക് വെളളമെത്തിക്കുന്ന പ്രധാന ഇൻലെറ്റ് വാൾവിന്‍റെ സീലുകൾ തേഞ്ഞുപോയിട്ടുണ്ട്. ഇത് മാറ്റലാണ് പ്രധാനം. ഇവയ്ക്കൊപ്പമാണ് നാലാമത്തെ ജനറേറ്ററെന്നതിനാൽ അതിന്‍റെ പ്രവർത്തനവും നിർത്തും. സാധാരണ ജൂലൈമുതൽ ഡിസംബർ വരെയുളള മഴകുറവുളള സമയത്ത് ഓരോ ജനറേറ്ററുകൾക്ക് അറ്റകുറ്റപ്പണി നടത്തുകയാണ് രീതി. എന്നാൽ ഇക്കുറി കനത്ത മഴകിട്ടി. വൈദ്യുതോത്പാദനവും കൂടി. ഇതോടെയാണ് പരിഹാരം വൈകിയതും മൂന്നും ഒരുമിച്ച് പ്രവർത്തനം നിർത്തേണ്ടി വരുന്നതും. ഉത്പാദനം കൂടിയ മാസങ്ങളിൽ പഞ്ചാബ്, ദില്ലി, തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ബാർട്ടർ സംവിധാനത്തിൽ വൈദ്യുതി നൽകിയിരുന്നു. ഇത് അഞ്ച് ശതമാനം അധിക വൈദ്യുതിയോടെ അടച്ചിടൽ കാലയളവിൽ തിരികെ കിട്ടുമെന്നതിനാൽ വൈദ്യുതി ക്ഷാമത്തിന് സാധ്യതയില്ല. എന്നാൽ മലങ്കര ജലാശയത്തിലേക്ക് വെളളമെത്തില്ലെന്ന കാരണത്താൽ നിരവധി കുടിവെളള പദ്ധതികൾ പ്രതിസന്ധിയിലാകുമെന്ന ആശങ്കയുണ്ട്. എന്നാൽ വലിയ രീതിയിൽ ജലനിരപ്പ് താഴാൻ സാധ്യതയില്ലെന്നും കുടിവെളളക്ഷാമം ഉണ്ടാകില്ലെന്നുമാണ് വിലയിരുത്തൽ. നിലവിൽ ഇടവിട്ട മഴ കിട്ടുന്നത് അനുകൂല ഘടകമെന്നും അധികൃതർ പറയുന്നു.

കോട്ടയം

ലേണേഴ്സ് പരീക്ഷയിൽ ഗിയർ മാറ്റം; കൂട്ടത്തോൽവിയെ തുടർന്ന് പരിഷ്കാരത്തിൽ മാറ്റം

ലേണേഴ്സ് ലൈസൻസ് പരീക്ഷയിൽ ഏർപ്പെടുത്തിയ പരിഷ്കാരങ്ങളിൽ ചെറിയ മാറ്റം വരുത്തി. പരീക്ഷയിൽ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതിനെത്തുടർന്നാണ് പരിഷ്കാരത്തിൽ മാറ്റം വരുത്തിയത്. ചോദ്യാവലിയിൽ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയത്‌ കൂട്ടത്തോൽവിക്കു കാരണമായിരുന്നു. പരിഷ്കാരത്തിനെതിരേ വലിയ പരാതി ഉയർന്നു. തുടർന്നാണ് മാറ്റം വരുത്തിയത്. കാപ്ചയുടെ എണ്ണം കുറച്ചാണ് പരാതിക്കു പരിഹാരം കാണാൻ ശ്രമിച്ചത്. ‌ മുൻപ് പരീക്ഷയ്ക്ക് 20 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 30 ചോദ്യങ്ങളുണ്ട്. ഇതിൽ 18 എണ്ണത്തിന് ഉത്തരം നൽകിയാൽ മാത്രമേ ജയിക്കുകയുള്ളൂ. കാപ്ച രൂപത്തിൽ നൽകേണ്ട ഉത്തരമാണ് അപേക്ഷകരെ വട്ടം കറക്കുന്നത്. 

കേരളം

തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളില്‍, ഡിസംബര്‍ 9നും, 11നും, വോട്ടെണ്ണൽ 13ന്

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങള്‍ ചൂട് പകര്‍ന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തീയതി കുറിച്ചു. ഡിസംബര്‍ 9,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍ നടക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജാഹാനാണ് പ്രഖ്യാപനം നടത്തിയത്. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.വ്യാജ വാര്‍ത്തകള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക നവംബര്‍ 14-ന് പ്രസിദ്ധീകരിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.കാലാവധി പൂര്‍ത്തിയായിട്ടില്ലാത്ത മട്ടന്നൂര്‍ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കാന്‍ പോകുന്നത്. വാര്‍ഡുവിഭജനത്തിനുശേഷം ആകെ 23,612 വാര്‍ഡുകളാണുള്ളത്. മുന്‍പ് 21,900 ആയിരുന്നു. മട്ടന്നൂരിലെ 36 ഒഴിവാക്കി 23,576 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കേണ്ടത്.   നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സെമിഫൈനലായി ഉള്‍ക്കൊണ്ട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജീവന്മരണപ്പോരാട്ടമായി ഏറ്റെടത്തിരിക്കുകയാണ്് മുന്നണികള്‍. നേരത്തെ സ്ഥാനര്‍ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ് മുന്നിലോടുന്നുണ്ട്. സര്‍ക്കാരിന്റെ വികസനനേട്ടം പ്രചാരണായുധമാക്കി ഇറങ്ങാനാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. നിയമസഭയില്‍ എട്ടുസീറ്റെങ്കിലും ലക്ഷ്യമിടുന്ന എന്‍ഡിഎ ആദ്യപടിയായി തദ്ദേശതിരഞ്ഞെടുപ്പില്‍ പരമാവധി വോട്ടും സീറ്റും ഉറപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലാണ്.

കോട്ടയം

കെ ആർ നാരായണൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

കുറിച്ചിത്താനം: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ഇരുപതാമത് ചരമവാർഷികത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ, കേരള പരവൻ മഹാജനസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പൂവത്തിങ്കലുള്ള കെ ആർ നാരായണൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, സെബി പറമുണ്ട, കെ ആർ നാരായണൻ്റെ പിതൃസഹോദരപുത്രി  സീതാലക്ഷ്മി, ഭർത്താവ് വാസുക്കുട്ടൻ, ബന്ധു  ഡോ കെ വത്സലകുമാരി, കേരള പരവൻ മഹാജനസഭ ഉഴവൂർ ശാഖ പ്രസിഡൻ്റ് കെ അജിത്കുമാർ, സെക്രട്ടറി ടി ആർ വിശ്വംഭരൻ, ടി ആർ രാജു, സരോജനി ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.  

കേരളം

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടക്കും. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം നടത്തും. സംസ്ഥാനത്ത് നിലവിൽ ത്രിതല പഞ്ചായത്ത്ഭ രണസമിതികളിലെ ഭരണം - ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്.തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ.സംസ്ഥാനത്ത് നിലവിൽ ത്രിതല പഞ്ചായത്ത്ഭരണസമിതികളിലെ ഭരണം -ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്.

കോട്ടയം

അരുവിത്തുറ കോളേജിൽ നടന്ന എംജി യൂണിവേഴ്സിറ്റി വനിതാ ഇന്റർ കോളേജ് വോളിബോൾ ചാമ്പ്യൻഷിപ്പ് പാലാ അൽഫോൻസാ കോളേജ് ചാമ്പ്യന്മാർ

അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 2025-26അധ്യായന വർഷത്തെ മഹാത്മാഗാന്ധി സർവ്വകലാശാല വനിത വോളിബോൾ ചാമ്പ്യൻഷിപ്പിലെ ഇന്റർ സോൺ- സൂപ്പർ ലീഗ് മത്സരങ്ങൾ പൂർത്തിയായപ്പോൾ പാലാ അൽഫോൻസാ കോളേജ് എംജി യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായി.  അസംഷൻ കോളേജ് ചങ്ങനാശ്ശേരി, കാത്തോലിക്കേറ്റ് കോളേജ് പത്തനംതിട്ട, അൽഫോൻസ കോളേജ് പാലാ, സെന്റ്. സേവിയേഴ്സ് കോളേജ് ആലുവ എന്നീ നാല് ടീമുകളാണ് ഇന്റർസോൺ സൂപ്പർ ലീഗ് മത്സരങ്ങളിൽ മാറ്റുരച്ചത്.മത്സര വിജയികൾക്ക് അരുവിത്തുറ സെൻ്റ് ജോർജ്സ് കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ അരുവിത്തുറ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് അരുവിത്തുറ കോളേജ് കായിക വിഭാഗം മേധാവി ഡോ.വിയാനി ചാർളി തുടങ്ങിയവർ പങ്കെടുത്തു.

കോട്ടയം

പാലാ തലപ്പുലത്ത് അമിത വേഗതയിൽ കാറുമായി പരാക്രമം നടത്തിയ യുവാവ് പിടിയിൽ

പാലാ തലപ്പുലത്ത് അമിത വേഗതയിൽ കാറുമായി പരാക്രമം നടത്തിയ യുവാവ് പിടിയിൽ..ഭരണങ്ങാനം തലപ്പുലത്ത് അമിത വേഗതയിലെത്തി തെള്ളിയാമറ്റം ഭാഗത്ത്‌ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ഇടിപ്പിച്ചു കടന്നു കളഞ്ഞ യുവാവിനെ പ്രദേശവാസികൾ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു..മേലുകാവ് സ്വദേശി ജോവാൻ (20) ആണ് പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ വീട്ടിപ്പറമ്പ് ഭാഗത്തുനിന്നും അമിത വേഗതയിലെത്തിയ കാറാ ണ് ഇലക്ഷനുമായി ബന്ധപ്പെട്ട മീറ്റിംഗ് കഴിഞ്ഞിറങ്ങിയ പ്രദേശ വാസികളുടെ ഇടയിലേക്ക് ഓടിച്ചു കയറ്റിയത്.. ആളുകൾ ഓടിമാറിയത്തിനാൽ ഒഴിവായത് വൻ ദുരന്തമാണ്.. സമീപത്തായി പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ചു തകർന്നിട്ടും വാഹനം നിർത്താതെ പോയ ജോവാനെ പ്രദേശവാസികൾ പിന്തുടർന്ന് പിടികൂടി ഈരാറ്റുപേട്ട പോലീസിൽ ഏൽപ്പിക്കുകയായിരുന്നു...പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും കൊലവിളി തുടർന്ന യുവാവിനെ ഏറെ പണിപ്പെട്ടാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്..