വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

മങ്കൊമ്പ് കുഴികുത്തിയാനി വളവിൽ ബസ് അപകടം

മങ്കൊമ്പ്: മൂന്നിലവ് ഇറക്കത്തിൽ ബസ് നിയന്ത്രണം വിട്ടു അപകടത്തിൽപെട്ടു. റോഡ്‌ലൈൻസ് ബസ് ആണ് അപകടത്തിൽ പെട്ടത്. മങ്കൊമ്പ് ഇറക്കത്തിൽ കുഴികുത്തിയാനി വളവിൽ വെച്ചു നിയന്ത്രണം വിട്ട ബസ് വളവ് തിരിയാതെ മുന്നോട്ടു പോവുകയായിരുന്നു.ബസ്സിന്റെ മുൻവശം താഴേക്ക് പോകാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കില്ല.അഞ്ചുവർഷം മുമ്പ് സമാനമായ രീതിയിൽ ഇവിടെ ബസ് അപകടം നടന്നിരുന്നു. അന്ന് ഏതാനും പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.റോഡിൽ വളവിനോട് ചേർന്നുള്ള കുഴൽ കിണർ അപകട കാരണം ആകുന്നതായി നാട്ടുകാർ പറഞ്ഞു. ഇത് നീക്കം ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ളവർ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

കോട്ടയം

കോട്ടയം ഈരാറ്റുപേട്ടയിൽ മലഞ്ചരക്ക് വ്യാപാരിയെ കബളിപ്പിച്ച് ഒരുകോടിയിൽ പരം രൂപ തട്ടിയെടുത്ത കേസിൽ അന്യസംസ്ഥാന സ്വദേശി അറസ്റ്റിൽ : മഹാരാഷ്ട്ര സ്വദേശി പിടിയിൽ

ഈരാറ്റുപേട്ട: മലഞ്ചരക്ക് വ്യാപാരം നടത്തുന്ന വീട്ടമ്മയെയും, ഭർത്താവിനെയും കബളിപ്പിച്ച്  ഒരു കോടി 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ അനിസ് ഫാറൂഖി പഞ്ചാബി (46) എന്നയാളെയാണ്  ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ടയിൽ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന വീട്ടമ്മയോടും, ഭർത്താവിനോടും ഒരുകോടി 52 ലക്ഷം രൂപയ്ക്ക് 54 ടൺ അടയ്ക്കാ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പി ച്ച് പലതവണകളായി ഇവരുടെ അക്കൗണ്ടുകളിൽ നിന്നും  ഇയാളുടെ അക്കൗണ്ടിലേക്ക് ഒരുകോടി 10 ലക്ഷം രൂപ അയച്ചു വാങ്ങുകുകയായിരുന്നു. അടയ്ക്ക കിട്ടാതിരുന്നതിനെ തുടർന്ന്  ഇവർ പൈസ തിരികെ ചോദിച്ചുവെങ്കിലും, ഇയാൾ ഇവർക്ക്   വ്യാജ സ്വർണാഭരണങ്ങളും, വ്യാജ ചെക്ക് ലീഫുകളും  നൽകി പല കാരണങ്ങൾ പറഞ്ഞ് പൈസ തിരികെ നൽകാതെ കബളിപ്പിച്ച് മുങ്ങി നടക്കുകയായിരുന്നു.  പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഇയാൾ ഗോവയിലാണെന്ന് കണ്ടെത്തുകയും തുടർന്ന് അന്വേഷണസംഘം ഗോവയിൽ നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ ഡി.വൈ.എസ്.പി സദൻ, ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ ദീപു ടി.ആർ, സന്തോഷ് കുമാർ എൻ, സി.പി.ഓ മാരായ ജോബി ജോസഫ്, രഞ്ജിത്ത്.സി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

കോട്ടയം

സ്റ്റാൻഡിൽ പാർക്ക് ചെയ്ത കെഎസ്ആർടിസി ബസ് ഉരുണ്ട് വന്ന് ഇടിച്ചു; കോട്ടയം പ്രസ് ക്ലബ് മതിൽ വീണ്ടും തകർന്നു

കോട്ടയം :വീണ്ടും കോട്ടയം പ്രസ് ക്ലബ് മതിൽ തകർത്ത് കെഎസ്ആർടിസി ബസ്. സ്റ്റാൻഡിൽ പാർക്ക് ചെയ്ത വാഹനമാണ് ഉരുണ്ട് വന്ന് മതിൽ തകർത്തത്. നേരത്തെയും സമാനമായ സംഭവം ഉണ്ടായിരുന്നു. റോഡ് ക്രോസ് ചെയ്ത് എത്തിയാണ് ബസ് മതിലിൽ ചെന്നിടിച്ചത്. റോഡിൽ വാഹനങ്ങളോ വ്യക്തികളോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

കോട്ടയം

പാലാ പൊൻകുന്നം റോഡിൽ ഗ്യാസ് സിലിണ്ടർ ലോറി നിയന്ത്രണംവിട്ടു വീട്ടിലേക്ക് ഇടിച്ചു കയറി.

പാലാ :പാലാ പൊൻകുന്നം റൂട്ടിൽ വാഴെമഠം ഭാഗത്ത് ഗ്യാസ് ലോറി നിയന്ത്രണം വിട്ട് അപകടമുണ്ടായി .ഇന്ന് അതിരാവിലെയാണ് അപകടമുണ്ടായത് .ഗ്യാസ് കയറ്റി വന്ന ലോറിയുടെ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം .പരേതനായ മീശക്കുരുവിളയുടെ വീടിനാണ് സാരമായ തകരാർ പറ്റിയിട്ടുള്ളത് .അവിടെ പാർക്ക് ചെയ്തിരുന്ന ഓട്ടോ റിക്ഷ നിശ്ശേഷം തകർന്നിട്ടുണ്ട്.അപകടത്തിന് തൊട്ടു മുൻപ് വരെ ആൾക്കാർ അവിടെ ഉണ്ടായിരുന്നു.ഭാഗ്യം കൊണ്ടാണ് അവർ രക്ഷപെട്ടത്.ലോറിക്കാർ സുരക്ഷിതരാണ്.

കോട്ടയം

മത്സരപ്പരീക്ഷാ ബോധവൽക്കരണ ക്ലാസ്സ്‌ .

കോട്ടയം  ; സെന്റർഫോർ  ഇൻഫർമേഷൻ ആൻഡ്‌ ഗൈഡൻസ് ഇന്ത്യ സംസ്ഥാന വ്യാപകമായി  മത്സരക്ഷമതാ ദിനം ആചരിക്കുന്നതിന്റെ  ഭാഗമായി സിജി കോട്ടയം ജില്ലാ ചാപ്റ്റർ ഒക്ടോബർ 2ന് കോംപീറ്റൻസി  ദിനാചരണം  സംഘടിപ്പിക്കുന്നു.  രാവിലെ 9:30ന് കാഞ്ഞിരപ്പള്ളി അസർ ഫൌണ്ടേഷൻ ഹാളിൽ  നടക്കുന്ന സി-ഡേ പ്രോഗ്രാം കേരളാ ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്‌ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.  ഉദ്യോഗാർഥികൾക്കായി നടക്കുന്ന മത്സരപ്പരീക്ഷാ ബോധവൽക്കരണ ക്ലാസ്സ്‌ സിജി റിസോഴ്സ് അംഗമായ കെ .എം .ഷാനവാസ്‌ തോപ്പിൽ നയിക്കും.ജില്ലാ പ്രസിഡന്റ് എം.എഫ്. അബ്ദുൽ ഖാദർ ആദ്യക്ഷത വഹിക്കും

കോട്ടയം

തീക്കോയ് പഞ്ചായത്ത് മെംബറെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. പ്രതി പിടിയിൽ

തീക്കോയി പഞ്ചായത്ത് അംഗത്തെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവ ത്തിൽ യുവാവിനെ ഈരാറ്റുപേട്ട  പോലീസ് അറസ്‌റ്റ് ചെയ്‌തു. കായംകുളം സ്വദേശിയായ വിവേക് കുഞ്ഞുമോൻ (38) എന്നയാളാണ് പോലീസ് പിടിയിലായത്.  പഞ്ചായത്ത് അംഗം രതീഷ് പി. എസിനു നേരെയാണ് കഴിഞ്ഞ വ്യാഴാഴ്‌ച ആക്രമണമുണ്ടായത്. വർഷങ്ങളായി തീക്കോയി ടൗണിൽ ലോൺട്രി നടത്തിപ്പുകാരനായ വിവേക് സ്ഥിരം മദ്യപിച്ച് ബഹളമുണ്ടാക്കുന്നതും വഴക്കടിക്കുന്നതും പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. തെരഞ്ഞെടുപ്പുകാലത്ത് വിവിധ പാർട്ടി പ്രവർത്തകരുമായി ഇയാൾ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഈ വിരോധം നിമിത്തം ബുധനാഴ്‌ച രാത്രി ഏഴരയോടെ മദ്യപിച്ച് ഇരുമ്പുവടിയു മായി തീക്കോയിയിലെ സി.പി.ഐ ഓഫീസിൽ എത്തുകയും വധഭീഷണി മുഴക്കുകയും ചെയ്‌തു.  പിറ്റേന്ന് രതീഷ് തീക്കോയി ടൗണിൽ സ്വന്തം ജീപ്പിലിരിക്കവെ വാനുമായെത്തിയ വിവേക് ജീപ്പിലേയ്ക്ക് വാഹനം ഇടിച്ചുകയറ്റി. എന്നാൽ അത്ഭുതകരമായി രതീഷ് രക്ഷപെട്ടു. അക്രമിക്കുന്ന രീതിയിലേയ്ക്ക് കാര്യങ്ങൾ മാറിയതോടെ രതീഷ് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ വിവേകിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്‌തു.

കോട്ടയം

മഞ്ഞ, പിങ്ക് കാർഡ് റേഷൻ കാർഡ് അംഗങ്ങളുടെ ഇകെവൈസി മസ്റ്ററിങ് ഒക്ടോബർ ഒന്നുവരെ; ഞായറാഴ്ചയും സൗകര്യം

കോട്ടയം : ജില്ലയിലെ മുൻഗണനാ വിഭാഗം റേഷൻ കാർഡുകളിൽ(മഞ്ഞ, പിങ്ക്) പേര് ഉൾപ്പെട്ടിട്ടുള്ള മുഴുവൻ അംഗങ്ങളുടെയും ഇകെവൈസി മസ്റ്ററിങ് ഒക്ടോബർ ഒന്നുവരെ നടത്താം. മഞ്ഞ, പിങ്ക് കാർഡിൽ ഉൾപ്പെടുന്ന എല്ലാ അംഗങ്ങളും റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുമായി റേഷൻ കടകളിലെത്തി ഇ പോസ് യന്ത്രം മുഖേന മസ്റ്ററിങ് നടത്തണണമെന്നു ജില്ലാ സപ്‌ളൈ ഓഫീസർ സ്മിത ജോർജ് അറിയിച്ചു. ഞായറാഴ്ചയും(സെപ്റ്റംബർ 29) മസ്റ്ററിങ്ങിന് സൗകര്യമൊരുക്കിയിട്ടുണ്ട്. 2024 ഓഗസ്റ്റ് അഞ്ചുമുതൽ നാളിതുവരെ റേഷൻ കടയിൽ ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച് റേഷൻ വാങ്ങിയ വ്യക്തികളും, 2024 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ആദ്യഘട്ടത്തിൽ ഈ പോസ് വഴി ഇകെവൈസി അപ്ഡേഷൻ ചെയ്തവരും റേഷൻ കടയിലെത്തി വീണ്ടും ഇകെവൈസി മസ്റ്ററിങ് ചെയ്യേണ്ടതില്ല. 2024 ഓഗസ്റ്റ് അഞ്ചു മുതൽ നാളിതുവരെയുള്ള ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച് റേഷൻ വാങ്ങിയ അംഗങ്ങൾ ഒഴികെയുള്ള മറ്റ് അംഗങ്ങൾ റേഷൻ കടയിലെത്തി മസ്റ്ററിങ് നടത്തണം. 2024 സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 1 വരെ ഇകെവൈസി മസ്റ്ററിംഗിനു വേണ്ടി ജില്ലയിലെ എല്ലാ റേഷൻകടകളുടെയും സമയക്രമം പുനക്രമീകരിച്ചു. രാവിലെ എട്ടു മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ റേഷൻ വിതരണവും ഇകെവൈസി മസ്റ്ററിംഗും. ഉച്ചയ്ക്ക് 12 മണി മുതൽ ഒരു മണി വരെ ഇകെവൈസി മസ്റ്ററിംഗ് മാത്രം. വൈകുന്നേരം മൂന്നുമണി മുതൽ നാലു മണി വരെ ഇകെവൈസി മസ്റ്ററിംഗ് മാത്രം. വൈകുന്നേരം നാലുമണി മുതൽ ഏഴുമണി വരെ റേഷൻ വിതരണവും ഇകെവൈസി മസ്റ്ററിംഗും.

കോട്ടയം

പക്ഷിപ്പനി: കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിൽ കോഴി, താറാവ്, കാട ഉൾപ്പെടെയുള്ള വളർത്തുപക്ഷികൾക്ക് നിയന്ത്രണം

പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളെ പൂർണമായും നിയന്ത്രണമേഖലയായി പ്രഖ്യാപിച്ച് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പക്ഷിപ്പനി നിയന്ത്രണവിധേയമാക്കുന്നതിനും പുനർവ്യാപനം തടയുന്നതിനുമായി രോഗബാധിത മേഖലകളിൽ വളർത്തു പക്ഷികളുടെ എണ്ണം ക്രമമായി കുറയ്ക്കുന്നതിനുള്ള നിർദേശങ്ങൾ സെപ്റ്റംബർ രണ്ടിനാണ് ഗസറ്റ് വിജ്ഞാപനത്തിലൂടെ സർക്കാർ പുറപ്പെടുവിച്ചത്.കോട്ടയം ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിൽ 2024 ഡിസംബർ 31 വരെ കോഴി, താറാവ്, കാട ഉൾപ്പെടെയുള്ള വളർത്തുപക്ഷികളെ നിയന്ത്രണമേഖലയ്ക്ക് അകത്തേക്കു കൊണ്ടുവരാനോ പുറത്തേക്കു കൊണ്ടുപോകാനോ പാടില്ല. നിയന്ത്രണമേഖലയിൽ പ്രവർത്തിക്കുന്ന ഫാമുകളിൽ പുറത്തുനിന്നു വിരിയിച്ച കോഴിക്കുഞ്ഞുങ്ങളെയോ താറാവ്, കാട ഉൾപ്പെടെയുള്ള വളർത്തുപക്ഷികളെയോ കൊണ്ടുവരാൻ പാടില്ല. നിയന്ത്രണ മേഖലകളിൽ പ്രവർത്തിക്കുന്ന ഹാച്ചറികളിൽ വിരിയുന്നതിനായി വച്ച മുട്ടകൾ നശിപ്പിക്കണം.