വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

സൗജന്യ കിഡ്നി പരിശോധനാ ക്യാമ്പ് ഡിസം. 18 ന് ബറകാത്ത് ഓഡിറ്റോറിയത്തിൽ

ഈരാറ്റുപേട്ട: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ഈരാറ്റുപേട്ട യൂനിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ കിഡ്‌നി പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. തണൽ ചാരിറ്റബിൾ ട്രസ്‌റ്റും സൺറൈസ് ഹോസ്‌പിറ്റലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ക്യാമ്പ് നടയ്ക്കൽ ബറക്കാത്ത് സ്‌ക്വയർ ഓഡിറ്റോറിയത്തിൽ ഡിസംബർ 18 വ്യാഴാഴ്‌ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് നടക്കുന്നത്.  സൺറൈസ്‌ ഹോസ്‌പിറ്റലിലെ വൃക്കരോഗ വിദഗ്ദ്‌ധ ഡോ. ലക്ഷ്‌മി കൃഷ്‌ണൻ (MBBS, MD നെഫ്രോളജി)യുടെ സേവനം ക്യാമ്പിൽ സൗജന്യമായി ലഭ്യമാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഏവരെയും ക്യാമ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ യൂനറ്റ് പ്രസിഡന്റ് ആസാദ് കെ.എം., യൂനിറ്റ് സെക്രട്ടറി മുഹമ്മദ് അജീഷ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9562927813 നമ്പറിൽ ബന്ധപ്പെടാം.

കോട്ടയം

തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ്, കേരള കോൺഗ്രസ് (എം) ന് കനത്ത തിരിച്ചടി

ഈരാറ്റുപേട്ട: തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിൽ കേരള കോൺഗ്രസ് (എം) ന് കനത്ത തിരിച്ചടി. നഗരസഭാ തെരഞ്ഞടുപ്പിൽ എൽ.ഡി.എഫ് ടിക്കറ്റിൽ മൽസരിച്ച കേരള കോൺഗ്രസ് (എം) ലെ നാലിൽ മൂന്ന് സ്ഥാനാർഥികളും തോറ്റു. ഈരാറ്റുപേട്ട നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർഥികളെ തോൽപ്പിക്കാൻ പല ഡിവിഷനുകളിലും പലവട്ടം കയറിയിറങ്ങിയ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എക്കും ഇത് കനത്ത തിരിച്ചടിയായി. അവിടെങ്ങളിലെല്ലാം യു.ഡി.എഫ് സ്ഥാനാർഥികൾ വലിയ ഭൂരിപക്ഷത്തോടെ ജയിച്ചു കയറി. കൂടാതെ എൽ.ഡി.എഫിൽ നിന്നും പൂഞ്ഞാർ പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തതും പൂഞ്ഞാർ പഞ്ചായത്തിൽ ഒന്നാം വാർഡിൽ മൽസരിച്ച കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ജോഷി മുഴിയാങ്കൽ കോൺഗ്രസ് സ്ഥാനാർഥിയോട് തോറ്റതും പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പരിധിയിൽ വരുന്ന കോട്ടയം ജില്ലാ പഞ്ചായത്തിലെ ഡിവിഷനുകളായ പൂഞ്ഞാർ, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളിലെ യു.ഡി.എഫ് വിജയവും വലിയ തിരിച്ചടിയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എം.എൽ.എയുടെ തെരഞ്ഞടുപ്പ്വാഗ്ദാനങ്ങളായ ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാർ താലൂക്ക്, താലൂക്കാശുപത്രി, മിനി സിവിൽ സ്റ്റേഷൻ, വാഗമൺ റോഡ് വീതി കൂട്ടാനുള്ള കിഫ്ബി ഫണ്ട്, മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിഡ്ജ്, മലങ്കര കുടിവെള്ള പദ്ധതി, തേവരു പാറ കുടിവെള്ള പദ്ധതി നവീകരണം, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ ട്രാഫിക്ക് യൂണിറ്റ്, പൂഞ്ഞാറിൽ പൊലീസ് സ്റ്റേഷൻ, വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കേന്ദീകരിച്ചുള്ള ടൂറിസം ഹബ്ബ്, ഈരാറ്റുപേട്ട കെ.എസ്.ആർ.ഡി.സി ഡിപ്പോയ്ക്ക് കൂടുതൽ ബസുകൾ അനുവദിക്കുമെന്നുള്ള വാഗ്ദാനം തുടങ്ങിയവയിലൊന്നു പോലും നാലരവർഷം പിന്നിട്ടിട്ടും നടപ്പിലാക്കാൻ സാധിക്കാത്തതും തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണമായിട്ടുണ്ട്.

കോട്ടയം

പൈകയിലെ വ്യാപാരിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലാ :പൈകയിൽ വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വിനോദ് ജേക്കബ്ബ് കൊട്ടാരത്തിൽ എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വീട്ടിലെത്താത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ ഇന്നു രാവിലെ നടത്തിയ തിരച്ചിലിനിടെയാണ് പൈകയിലെ ഒരു കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. പാലാ പോലീസ് സ്ഥലത്തെത്തി. ചാമുണ്ഡേശ്വരിക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിലുള്ള ഈ കുളത്തിന് ചുറ്റുമതിലുമില്ല.

കോട്ടയം

പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ യു ഡി എഫ് ചരിത്ര വിജയം നേടി: ആന്റോ ആന്റണി എം പി

പത്തനംതിട്ട: പത്തനംതിട്ട പാർലമെന്റ് നിയോജക മണ്ഡലം ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലും, കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലും യു ഡി എഫിന് ഉജ്ജ്വല മുന്നേറ്റം നടത്തിയതായി ആന്റോ ആന്റണി എം പി അറിയിച്ചു. പത്തനംതിട്ട ലോകസഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ചരിത്ര വിജയം ആണ് യു ഡി എഫ് ഈ തിരഞ്ഞെടുപ്പിൽ നേടിയത്. പൂഞ്ഞാർ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന കങ്ങഴ, പൊൻകുന്നം, മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, തലനാട് തുടങ്ങിയ എഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്തുകളും യു ഡി എഫിന് പിടിച്ചെടുക്കാനായി. കേരള കോൺഗ്രസ് എം ഇടത് മുന്നണിയുമായി ചേർന്ന് മത്സരിച്ചത് യു ഡി എഫിനെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഈ വൻ വിജയം. പത്തനംതിട്ട ജില്ലയിലെ ഇടത് പക്ഷം ഭരിച്ചിരുന്ന  ഭൂരിഭാഗം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും, മുഴുവൻ ബ്ലോക്ക്‌ പഞ്ചായത്തുകളും, ബഹുഭൂരിപക്ഷം ഗ്രാമ പഞ്ചായത്തുകളും, തിരുവല്ല, അടൂർ, പത്തനംതിട്ട നഗരസഭകളും യു ഡി എഫിന് നേടാനായി.പതിനായിരക്കണക്കിന് വോട്ടുകൾക്ക് ഇടത്പക്ഷ എം എൽ എ മാർ വിജയിച്ച പത്തനംതിട്ട ലോകസഭ മണ്ഡലത്തിന്റ കീഴിലുള്ള എഴ് അസംബ്ലി മണ്ഡലങ്ങളിലും ഇത്തവണ യു ഡി എഫ് വൻ വിജയം കരസ്ഥമാക്കി.അതോടൊപ്പം ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് വിജയിച്ച പൂഞ്ഞാർ ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ കോൺഗ്രസ്‌ സ്ഥാനാർത്ഥി ശ്രീകല ആർ പിടിച്ചെടുത്തത് അഭിമാനകരമായ നേട്ടമാണ്. പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത്‌ ഭരണം ബി ജെ പി പിടിച്ചെടുത്തു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് റിപ്പോർട്ട്‌ ചെയ്യുന്നത് തെറ്റാണ്.  ബി ജെ പി നിലവിൽ ഭരിച്ചുകൊണ്ടിരുന്ന പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ ഭരണം അവർ നിലനിർത്തുക മാത്രമാണ് ചെയ്തത്. യു ഡി എഫ് സ്ഥാനാർഥികളെ വോട്ട് ചെയ്തു വിജയിപ്പിച്ച മുഴുവൻ ജനാധിപത്യ വിശ്വാസികളോടും നന്ദിയും  ആദ്ദേഹം അറിയിച്ചു

കോട്ടയം

പാലായിലെ കുടുംബ വിജയം

പാലാ: ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര കൗൺസിലർമാരെ ജയിപ്പിച്ച് പാല. സിപിഎം പുറത്താക്കിയതിന് പിന്നാലെ സ്വതന്ത്രനായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകൾ ദിയ ബിനു, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവരാണ് പാലാ നഗരസഭയിലേക്ക് ജയിച്ചത്. പാലാ നഗരസഭയിലെ 13,14, 15 വാർഡുകളിലാണ് ഇവർ മത്സരിച്ചത്. പാലായില്‍ നഗരസഭാ അധ്യക്ഷസ്ഥാനം സിപിഎം നിരസിച്ചതിനെത്തുടർന്നാണ് ബിനു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങിയത്.20 വർഷം പാലായിൽ കൗൺസിലറായിരുന്നു ബിനു. ബിജെപി സ്ഥാനാർത്ഥിയായും സിപിഎം സ്ഥാനാർത്ഥിയായും ബിനു ഇതിന് മുൻപ് ജയിച്ചിട്ടുണ്ട്. നിലവിലെ നഗരസഭയിലേക്ക് സിപിഎം ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ഏക സ്ഥാനാർത്ഥിയും ബിനു ആയിരുന്നു. കേരളാ കോൺഗ്രസുമായുള്ള തർക്കത്തിന് പിന്നാലെയാണ് ബിനു പുറത്തായത്. കന്നിയങ്കത്തിൽ തന്നെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയിച്ചിരിക്കുകയാണ് ബിനുവിന്റെ മകൾ ദിയ.40 വർഷം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി.സുകുമാരൻ നായർ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും

കോട്ടയം

മേലുകാവ് പഞ്ചായത്തിൽ‌; റോബിന്‍ ബസ് ഉടമ ഗിരീഷിന് തോല്‍വി

ഈരാറ്റുപേട്ട: റോബിന്‍ ബസ് ഉടമ ഗിരീഷിന് (ബേബി ഗിരീഷ്) തദ്ദേശ തെരഞ്ഞെടുപ്പില്‍ തോല്‍വി. മേലുകാവ് പഞ്ചായത്തിലെ ഇടമറുക് എട്ടാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ഗിരീഷ് മത്സരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് പ്രകാരം 73 വോട്ടുകള്‍ മാത്രമേ ഗിരീഷിന് നേടാന്‍ സാധിച്ചുള്ളു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെറ്റോ ജോസ് ആണ് എട്ടാം വാര്‍ഡില്‍ വിജയിച്ചത്. പോസ്റ്ററുകളും ഫ്‌ളെക്‌സും ഒഴിവാക്കി ഡിജിറ്റല്‍ പ്രചാരണം മാത്രമേ നടത്തുകയുള്ളുവെന്ന് പറഞ്ഞായിരുന്നു ഗിരീഷ് മത്സരരംഗത്ത് ഇറങ്ങിയത്. വാര്‍ഡിലുള്ളവര്‍ക്ക് എല്ലാം തന്നെ അറിയാമെന്ന ആത്മവിശ്വാസത്തിലായിരുന്നു റോബിന്‍ തെരഞ്ഞെടുപ്പ് നേരിട്ടത്. പെര്‍മിറ്റിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പിനോടും സര്‍ക്കാരിനോടും ഏറ്റുമുട്ടിയതോടെയാണ് റോബിന്‍ ബസ് ഉടമ റോബിന്‍ വാര്‍ത്തകളില്‍ ഇടം നേടിയത്.

കോട്ടയം

ഈരാറ്റുപേട്ടയിൽ താമര വിരിഞ്ഞില്ല പി സി ജോർജിന്റെ സഹോദരൻ ചാർലി ജേക്കബ് പരാജയപ്പെട്ടു

ഏറെ ശ്രദ്ധനേടിയ ഈരാറ്റുപേട്ട നഗരസഭയിലെ അരുവിത്തുറ വാർഡിൽ ബിജെപി സ്ഥാനാർഥിക്ക് തോൽവി. പ്രമുഖ സ്ഥാനാർഥിയായിരുന്ന ചാർളി ജേക്കബ് സീറ്റ് പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടു. കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ജെയിംസ് കുന്നേൽ ആണ് വാർഡിൽ വിജയം നേടിയത്. എൽഡിഎഫ് മുന്നണിയുടെ ഭാഗമായ കേരള കോൺഗ്രസ് (എം) ഈ വിജയം നിലനിർത്തിയതോടെ, ഈരാറ്റുപേട്ടയിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയേറ്റു.വാർഡിലെ ഫലം ബിജെപി കേന്ദ്രങ്ങളെ നിരാശപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം

തിടനാട് പള്ളി വികാരിക്കെതിരെ പി.സി ജോർജിന്റെ അധിക്ഷേപം അപലപനീയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട : പാലാ രൂപതയിൽ പെട്ട  തിടനാട് പള്ളിയുടെ വികാരിയച്ചനെതിരെ   പരസ്യ വേദിയിൽ വച്ച് വ്യക്തി അധിക്ഷേപം നടത്തിയ മുൻ എംഎൽഎ പിസി ജോർജിന്റെ നടപടി തികച്ചും അപലപനീയവും  പ്രതിഷേധാർഹവും ആണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പ്രസ്താവിച്ചു. ആദരണീയ സ്ഥാനീയരായ വ്യക്തിത്വങ്ങളെ അധിക്ഷേപിക്കുന്ന  പി.സി ജോർജിന്റെ നടപടി അവസാനിപ്പിക്കണം എന്നും എംഎൽഎ ആവശ്യപ്പെട്ടു.   കാഞ്ഞിരപ്പള്ളി രൂപത മുൻ ബിഷപ്പിനെ ഉൾപ്പെടെ നിരവധി വൈദികരെയും സന്യസ്ഥരെയും പി.സി ജോർജ് മുൻപും അധിക്ഷേപിച്ചിട്ടുണ്ട്. മുസ്ലിം, ഈഴവ, ദളിത് സമൂഹങ്ങളെയും  പലപ്പോഴും പി.സി ജോർജ് ആക്ഷേപിച്ചിട്ടുണ്ട്. ഒരു പൊതുപ്രവർത്തകനിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ഇത്തരം സമീപനങ്ങൾ സമൂഹത്തിൽ ഭിന്നതയും വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുകയാണ്. മത സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും നാടായ പൂഞ്ഞാറിൽ മതസ്പർദ്ധ ഉണ്ടാക്കാനും നാടിനെ വിഷലിപ്തമാക്കാനുമുള്ള പി.സി ജോർജിന്റെ ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും എംഎൽഎ പറഞ്ഞു. സൗഹാർദ്ദ അന്തരീക്ഷങ്ങൾ തകർത്ത് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള പി.സി ജോർജിന്റെ വിലകുറഞ്ഞ തന്ത്രങ്ങൾ  ജനങ്ങൾ തള്ളിക്കളയുമെന്നും, അദ്ദേഹത്തിന്റെ ഹീന തന്ത്രത്തിനെതിരെ തദ്ദേശ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിലെ ജനങ്ങൾ വിധിയെഴുതുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.