വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

ഇനി വ്രതശുദ്ധിയുടെ നാളുകൾ; റമദാനെ വരവേറ്റ് വിശ്വാസി സമൂഹം

ഈരാറ്റുപേട്ട :ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയർത്തി വിശ്വാസികൾ പുണ്യമാസത്തിലേക്ക്. സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം. മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളിൽ ഇഫ്താർ വിരുന്നുകളും നടക്കും. നോമ്പുതുറകളെ വരവേൽക്കാൻ വിപണി സജീവമായിക്കഴിഞ്ഞു ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികള്‍ക്ക് പുണ്യകാലമാണ്. പ്രാര്‍ത്ഥനാനിരതമായ പകലിരവുകള്‍ക്കൊപ്പം ഇഫ്താര്‍ വിരുന്നുകള്‍ കൊണ്ടും ഒത്തുചേരലുകള്‍ കൊണ്ടും ഈ ദിനങ്ങള്‍ സമ്പന്നമാകും. ഇസ്ലാം മത വിശ്വാസികള്‍ വ്രതാനുഷ്ഠാനങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും നിറവിലാണ്. പുലര്‍ച്ചെ മുതല്‍ വൈകീട്ട് വരെ വിശ്വാസികള്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വ്രതം അനുഷ്ഠിക്കും. ഇല്ലാത്തവന്റെ വിശപ്പറിയുന്നത് മാത്രമല്ല വാക്കിലും പ്രവൃത്തിയിലും തെറ്റുകള്‍ വരാതിരിക്കാനുള്ള ജാഗ്രത കൂടിയാണ് റമദാന്‍. ഖുറാന്‍ പാരായണം ചെയ്യുന്നതിനൊപ്പം ഒരോരുത്തരും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യും. ക്ഷമ, സഹനം, കാരുണ്യം, തുടങ്ങിയ മൂല്യങ്ങളുടെ കൂടിച്ചേരല്‍ കൂടിയാണ് ഈ പുണ്യമാസം.

കേരളം

ആലിൻ ഷെറിന് സംസ്ഥാന സർക്കാരിൻ്റെ ആദരവ്; സംസ്കാരം നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായ ആലിന്‍ ഷെറിന്‍ എബ്രഹാമിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരവ്. ആലിൻ ഷെറിൻ്റെ സംസ്‌കാരം നാളെ സര്‍ക്കാര്‍ ബഹുമതികളോടെ നടക്കും. ഇതുമായി ബന്ധപ്പെട്ട നിർദേശം മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്ക് നല്‍കി. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും ആലിൻ ഷെറിൻ്റെ സംസ്‌കാരം മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്ഐ ചര്‍ച്ചില്‍ നാളെ വൈകിട്ട് മൂന്ന് മണിയോടെയാകും നടക്കുക. മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നലെഅര്‍ധരാത്രിയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പൂര്‍ത്തിയായിരുന്നു.

കേരളം

ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ ദേശീയ പണിമുടക്ക്

ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ ദേശീയ പണിമുടക്ക് ; കെഎസ്ആർടിസി, സ്വകാര്യ ബസ്, ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കും. ബിജെപി അനുകൂല സംഘടനകൾ പണിമുടക്കിന്റെ ഭാഗമാകുന്നില്ല.സംയുക്ത ട്രേഡ് യൂണിയനുകൾ സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ. വ്യവസായ, കാർഷിക, വാണിജ്യ, വ്യാപാരമേഖലകൾ 24 മണിക്കൂർ പൂർണമായി സ്‌തംഭിക്കും. കേന്ദ്രസർക്കാറിന്റെ പുതിയ തൊഴിൽകോഡുകൾ തൊഴിലാളി വിരുദ്ധമാണെന്ന് ആരോപിച്ചാണ് വിവിധ ട്രേഡ് യൂണിയനുകൾ ഒരുമിച്ച് ദേശീയപണിമുടക്ക് നടത്തുന്നത്. ആണവ മേഖലയിലെ സമ്പൂർണ്ണ വിദേശ നിക്ഷേപത്തിൽ തുടങ്ങി ഏറ്റവും ഒടുവിലത്തെ ഇന്ത്യ- അമേരിക്ക വ്യാപാരകരാർ വരെയുള്ള വിഷയങ്ങൾ പണിമുടക്കിന്റെ ഭാഗമായി ഉയർത്തുന്നുണ്ട്. സിഐടിയു, എഐടിയുസി, ഐഎൻടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളും ദേശീയ പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട്. ബാങ്കുകൾ, സർക്കാർ ഓഫീസുകൾ, കലാലയങ്ങൾ, പൊതുഗതാഗതം എന്നിവയെ എല്ലാം പണിമുടക്ക് ബാധിക്കും.കെഎസ്ആർടിസി സർവീസുകളും സ്വകാര്യ ബസ്സുകളും ഓട്ടോ, ടാക്‌സി, തൊഴിലാളികളും സമരത്തിന്റെ ഭാഗമാകുന്നതിനാൽ പൊതുനിരത്തുകൾ ശൂന്യമായിരിക്കും. ചുരുക്കത്തിൽ ഒരു ബന്ദിന്റെ പ്രതീതിയായിരിക്കും സംസ്ഥാനത്ത് ഉണ്ടാവുക. ബിജെപി അനുകൂല സംഘടനകൾ പണിമുടക്കിന്റെ ഭാഗമാകുന്നില്ല.

കേരളം

കുതിക്കുന്ന സ്വര്‍ണവിലയില്‍ ജാഗ്രതൈ!, മോഷ്ടാക്കളെ കരുതിയിരിക്കണം,18 നിര്‍ദേശങ്ങളുമായി പൊലീസ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷവും കടന്ന് കുതിക്കുകയാണ്. സ്വര്‍ണവില കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മോഷണത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. അയല്‍പക്കക്കാരുമായി നല്ല ബന്ധം പുലര്‍ത്തി ഫോണ്‍ നമ്പറുകള്‍ കൈമാറണം. അസ്വാഭാവികമായി ആരെയെങ്കിലും കണ്ടാല്‍ ഉടന്‍ വിവരം അറിയിക്കണമെന്നും കേരള പൊലീസിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. രാത്രിയില്‍ വീടിനു ചുറ്റും ലൈറ്റ് ഉറപ്പാക്കണം. അസാധാരണ ശബ്ദം കേട്ടാല്‍ കതക് തുറക്കാതെ അയല്‍ക്കാരെ വിവരം അറിയിക്കണം. സംശയകരമായ തരത്തില്‍ അപരിചിതരെ കണ്ടാല്‍ അവരുടെ ഫോട്ടോയെടുത്ത് പൊലീസിന്റെ 112 നമ്പറില്‍ വിളിച്ചറിയിക്കണം. പഴയ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരെ സംശയം തോന്നിയാല്‍ പൊലീസിനെ അറിയിക്കണം. രാത്രി 11 മുതല്‍ പുലര്‍ച്ചെ നാലുമണി വരെ പ്രത്യേകം ശ്രദ്ധിക്കണം. സംഘം ചേര്‍ന്നുള്ള നിരീക്ഷണത്തിന് ശ്രമിക്കണം. കഴിയുന്നത്ര നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണം. മൊബൈലുമായി ബന്ധിപ്പിക്കുന്ന അലാം ഘടിപ്പിക്കുക. വീട് പൂട്ടി പുറത്തുപോകുന്നവര്‍ അയല്‍ക്കാരെയും പൊലീസിനെയും അറിയിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.  വില പിടിപ്പുള്ള സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാതിരിക്കുക, വിനോദയാത്ര പോകുന്നവര്‍ പൊലീസ് സ്റ്റേഷനിലെ ആപ്പില്‍ വിവരം രേഖപ്പെടുത്തുക, അവരുടെ ലൊക്കേഷനും മറ്റു വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താതിരിക്കുക, ബൈക്കുകളില്‍ ചീറിപ്പായുന്നവരുടെ നമ്പര്‍ പ്ലേറ്റിന്റെ പടം എടുത്ത് പൊലീസിന് കൈമാറുക, മൊബൈല്‍ ഫോണുകള്‍ അലക്ഷ്യമായി ഇടാതിരിക്കുക, സ്വര്‍ണം, പണം എന്നിവ ആരാധനാലയങ്ങളില്‍ സൂക്ഷിക്കാതിരിക്കുക, അമ്പലകമ്മിറ്റികളും പള്ളിക്കമ്മിറ്റികളും നിര്‍ബന്ധമായി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പൊലീസ് നല്‍കുന്നത്.

കേരളം

ആഘോഷങ്ങള്‍ക്ക് ദീപാലങ്കാരം നടത്തും മുൻപ് അറിയുക, ഈ അനുമതികള്‍ നിര്‍ബന്ധം; കെഎസ്‌ഇബിയുടെ അറിയിപ്പ്

തിരുവനന്തപുരം: ഉത്സവാഘോഷങ്ങളുടെ ഭാഗമായി അലങ്കാരം നടത്തുമ്ബോള്‍ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് കെ എസ് ഇ ബി. ഉത്സവ ആവശ്യങ്ങള്‍ക്ക് താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് കെ എസ് ഇ ബിയുടെ അനുമതി ആവശ്യമാണ്.അനുമതി കൂടാതെ എക്സ്റ്റൻഷനെടുക്കുന്നത് നിയമവിരുദ്ധമാണ്. താത്കാലിക വൈദ്യുതി കണക്ഷനും എടുക്കുന്നതിനുമുമ്പ് കെ എസ് ഇ ബി സെക്ഷൻ ഓഫീസില്‍ അറിയിച്ച്‌ അനുമതി വാങ്ങിയിരിക്കണം. ഇലക്‌ട്രിക്കല്‍ ഇൻസ്പെക്ടറുടെ അനുമതിയും വാങ്ങണമെന്ന് കെഎസ്‌ഇബി ഓർമിപ്പിക്കുന്നു. കെഎസ്‌ഇബിയുടെ അറിയിപ്പ് കണക്ഷനുകളുടെ തുടക്കത്തില്‍ തന്നെ ആർസിസിബി അഥവാ ബിഎല്‍സിബി ഘടിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ഇത് വൈദ്യുതി അപകടം ഒഴിവാക്കാൻ അത്യന്താപേക്ഷിതമാണ്. ആർസിസിബി നിശ്ചിത ഇടവേളകളില്‍ ടെസ്റ്റ് ചെയ്ത്, പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുകയും വേണം. ജനറേറ്റർ ഉപയോഗിച്ചും അല്ലാതെയുമുള്ള വൈദ്യുത ദീപാലങ്കാരങ്ങള്‍ അംഗീകാരമുള്ള കോണ്‍ട്രാക്ടർ മുഖേന മാത്രമേ നടത്താവൂ. ഇതിനും ഇലക്‌ട്രിക്കല്‍ ഇൻസ്‌പെക്ടറുടെ മുൻ‌കൂർ അനുമതി വാങ്ങിയിരിക്കണം. വൈദ്യുതിസംബന്ധമായ എന്തുജോലിയും ചെയ്യുന്നതിനുമുമ്പ് വൈദ്യുതിബന്ധം വിച്ഛേദിച്ചു എന്നും ജനറേറ്ററില്‍ നിന്നുള്ള സപ്ലൈ കടന്നുവരുന്നില്ല എന്നും ഉറപ്പാക്കണം. വൈദ്യുതിലൈനിനു സമീപമുള്ള മരങ്ങളിലും കെട്ടിടങ്ങളിലും ദീപാലങ്കാരം നടത്തരുത്. പൊതുഇടങ്ങളില്‍ ദീപാലങ്കാരം നടത്തുമ്പോള്‍ ഇൻസുലേഷൻ നഷ്ടമായതും ജോയിൻ്റ് ഉള്ളതുമായ വയറുകള്‍ ഉപയോഗിക്കരുത്. കൈയെത്താത്ത ഉയരത്തിലാകണം വിളക്കുകള്‍ സ്ഥാപിക്കേണ്ടത്. ബോർഡുകള്‍, കമാനങ്ങള്‍, തോരണങ്ങള്‍ തുടങ്ങിയവ വൈദ്യുതിലൈനില്‍ നിന്നും സുരക്ഷിതമായ അകലം പാലിച്ചുമാത്രമേ സ്ഥാപിക്കാൻ പാടുള്ളു. വയറില്‍ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കുന്നതും വയർ ജോയിന്റുകള്‍ ശരിയായ തരത്തില്‍ ഇൻസുലേറ്റ് ചെയ്യാതിരിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും. ലോഹനിർമ്മിതമായ പ്രതലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ. ലൈസൻസുള്ള കോണ്‍ട്രാക്ടറെ മാത്രമേ വൈദ്യുതി സംബന്ധമായ ജോലികള്‍ ചെയ്യാൻ ചുമതലപ്പെടുത്താൻ പാടുള്ളു. താത്കാലിക വയറിംഗിന് ഗുണമേന്മയുള്ള വയറും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ആനയെഴുന്നള്ളിപ്പ് നടത്തുമ്പോഴും കെട്ടുകാഴ്ചകള്‍ ഒരുക്കുമ്പോഴും വൈദ്യുതിലൈനില്‍ നിന്ന് സുരക്ഷിത അകലത്തിലായിരിക്കാൻ ജാഗ്രത വേണം. വൈദ്യുതി ലൈനുകള്‍ക്ക് സമീപം കരിമരുന്ന് പ്രയോഗം നടത്തരുത്. വൈദ്യുതി ലൈനുകള്‍ക്കു സമീപത്തുകൂടിയോ , അടിയിലൂടെയോ വൈദ്യുതീകരണത്തിനുള്ള വയറുകള്‍ അലക്ഷ്യമായി വലിക്കുകയോ എറിയുകയോ ചെയ്യരുത്.  

കേരളം

സപ്ലൈകോയിൽ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു. 289 രൂപ ലിറ്ററിന് സപ്ലൈകോയില്‍ നിന്നും ശബരി വെളിച്ചെണ്ണ വാങ്ങാം. നോണ്‍ സബ്സിഡി വെളിച്ചെണ്ണ 309 രൂപക്ക് ലഭിക്കും.സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചുകൊണ്ട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. പൊതുവിപണിയിലെ വിലക്കയറ്റം പരിഗണിച്ചാണ് സബ്സിഡി നിരക്കുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചതിനൊപ്പം, സപ്ലൈകോ വഴി നിലവില്‍ 329/ രൂപയ്ക്ക് വില്പന നടത്തുന്ന ഒരു ലിറ്റര്‍ ശബരി നോണ്‍ സബ്സിഡി വെളിച്ചെണ്ണയുടെ വില 309/ രൂപയായി കുറയ്ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ നോണ്‍ സബ്സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപ കുറയും.സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ പുതുക്കിയ വിലവിവരങ്ങള്‍ താഴെ നല്‍കുന്നു

കേരളം

മുല്ലപ്പെരിയാർ ഡാമും ജില്ലാ കളക്ട്രേറ്റും അടക്കം പലയിടത്തായി ബോംബ് ഭീഷണി

ഇടുക്കി: ബോംബ് ഭീഷണിയെ തുടർന്ന് ഇടുക്കിയിൽ വ്യാപക പരിശോധന. ഇമെയിൽ വഴി വന്ന ഭീഷണി സന്ദേശമാണ് പരിശോധനയ്ക്ക് കാരണം. ഇടുക്കി ജില്ലാ കളക്ട്രേറ്റ്, മുട്ടം കോടതി, ഇടുക്കി ഡാം, മുല്ലപ്പെരിയാർ ഡാം എന്നിവിടങ്ങൾക്കാണ് നിലവിൽ ബോംബ് ഭീഷണിയുള്ളത്. ബോംബ് സ്ക്വാഡ് ജില്ലാ ചാർജ് ഓഫീസർ പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ജില്ലാ കളക്ട്രേറ്റിൽ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. ഭീഷണി നേരിടുന്ന മറ്റിടങ്ങളിലും പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്. ജില്ലാ കളക്ട്രേറ്റിൽ ബോംബ് കണ്ടെത്താൻ വൈദഗ്ധ്യം നേടിയ മാഗി, ഡോളി തുടങ്ങിയ നായകളെയാണ് പരിശോധനക്കായി നിയോഗിച്ചത്. കളക്ട്രേറ്റിലും ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്.  

കേരളം

സംസ്ഥാനത്ത് ഈ മാസം ചൂട് കൂടും; കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഈ മാസം ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഫെബ്രുവരി മാസത്തിലെ മഴയുടെ അളവ് കുറയുമെന്നും മുന്നറിയിപ്പുണ്ട്.പകല്‍ സമയത്ത് വടക്കൻ കേരളത്തില്‍ സാധാരണ ചൂടിനേക്കാള്‍ കൂടുതല്‍ അനുഭവപ്പെടാൻ സാധ്യതയുണ്ട്. മറ്റിടങ്ങളില്‍ സാധാരണ ചൂടിനാണ് സാധ്യത.അതേസമയം, ഇത്തവണ ജനുവരി മാസം അധിക മഴ ലഭിച്ചതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. 55 ശതമാനം അധിക മഴ ലഭിച്ചെന്നാണ് റിപ്പോർട്ട്. 7.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട ജനുവരിയില്‍ കേരളത്തിന് ലഭിച്ചത് 11.4 മില്ലിമീറ്ററാണ്. കഴിഞ്ഞ വർഷം 5.5 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. കോഴിക്കോട്,കണ്ണൂർ ജില്ലകളിലാണ് ഇത്തവണ കൂടുതല്‍ മഴ ലഭിച്ചത്. മലപ്പുറം, കൊല്ലം ജില്ലകളിലാണ് കുറവ് ലഭിച്ചത്.