വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

ഇനിയും വോട്ടു ചേര്‍ക്കാം; 23 വരെ അവസരം

തിരുവനന്തപുരം: കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ട്.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഈ മാസം 23 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.വെബ്‌സൈറ്റ് : www.ceo.gov.in ഇതിനു പുറമെ ecinet എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയും പേരു ചേര്‍ക്കാം. കേരളത്തില്‍ താമസിക്കുന്നവര്‍ ഫോം 6, പ്രവാസികള്‍ ഫോം 6 എ എന്നിവയാണ് പൂരിപ്പിക്കേണ്ടത്.

കേരളം

പൈപ്പ് ലൈൻ ഗ്യാസ് കണക്ഷൻ ഉള്ളവര്‍ക്ക് എല്‍പിജി സിലിണ്ടര്‍ ഇല്ല

ന്യൂഡല്‍ഹി : നിര്‍ണായക നടപടിയുമായി കേന്ദ്രം. പൈപ്പ് ലൈൻ ഗ്യാസ് കണക്ഷൻ ഉള്ളവര്‍ക്ക് എല്‍പിജി സിലിണ്ടര്‍ ഇല്ല, ഇരട്ട കണക്ഷൻ ഉള്ളവർ ഉടൻ സറണ്ടര്‍ ചെയ്യണം, പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് ( പി.എൻ.ജി) കണക്ഷൻ ഉള്ള ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ എല്‍.പി.ജി സിലിണ്ടറുകള്‍ നല്‍കില്ല. പി.എൻ.ജി കണക്ഷൻ ഉള്ളവരുടെ ഇരട്ട കണക്ഷൻ ഒഴിവാക്കാനാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നടപടി. ഇത് സംബന്ധിച്ച്‌ ഉത്തരവ് പുറത്തിറങ്ങി. ഒരേ സമയം രണ്ട് ഗ്യാസ് കണക്ഷനുകള്‍ കൈവശം വയ്ക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.പൈപ്പ് ഗ്യാസ് സൗകര്യമുള്ള വീടുകളില്‍ പുതിയ എല്‍.പി.ജി കണക്ഷനുകള്‍ അനുവദിക്കില്ലെന്നും നിലവില്‍ ഇത്തരം ഇരട്ട കണക്ഷനുകള്‍ ഉള്ളവർ ഉടൻ തന്നെ എല്‍.പി.ജി കണക്ഷൻ സറണ്ടർ ചെയ്യണമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ സാഹചര്യത്തില്‍ രാജ്യം നേരിടുന്ന പാചക വാതക പ്രതിസന്ധി പരിഹരിക്കുക എന്നത് ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരം.

കേരളം

കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. കേരളം, തമിഴ്നാട്, അസം, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.കേരളം, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനാണ് കമ്മീഷന്റെ ആലോചന.വിഷു, വേനല്‍ എന്നിവ പരിഗണിച്ച് കേരളത്തില്‍ ഏപ്രില്‍ 15നും 30നും ഇടയില്‍ വോട്ടെടുപ്പ് നടത്താനാണ് നീക്കം.ബംഗാളില്‍ കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് ഇത്തവണ അഞ്ച് ഘട്ടങ്ങളായി കുറച്ചേക്കും.അസമില്‍ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്താനാണ് സാധ്യത.

കേരളം

എൽപിജി ബുക്കിങ്ങിന് ഇനി 45 ദിവസത്തെ സമയപരിധി

ന്യൂഡൽ​ഹി :പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യുന്ന സമയപരിധിയിൽ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. പുതിയ നിര്‍ദേശ പ്രകാരം, ഗ്രാമപ്രദേശങ്ങളിൽ എൽപിജി സിലിണ്ടറുകൾ ഇപ്പോൾ 45 ദിവസത്തിന് ശേഷം മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ. അതേസമയം നഗരപ്രദേശങ്ങളിൽ 25 ദിവസത്തെ സമയപരിധിക്ക് ശേഷം ബുക്കിംഗ് നടത്താൻ കഴിയും. രാജ്യത്ത് പെട്രോൾ, ഡീസൽ, മണ്ണെണ്ണ, പാചകവാതകം എന്നിവയ്ക്ക് ക്ഷാമമില്ലെന്നും ഇന്ധന ലഭ്യത സുരക്ഷിതമാണെന്നും കേന്ദ്രസർക്കാർ വ്യാഴാഴ്ച പാർലമെന്റിൽ അറിയിച്ചിരുന്നു. ഇന്ത്യയില്‍ ആഭ്യന്തര എൽപിജി വിതരണം പൂർണമായും സുരക്ഷിതമാണെന്നും ഏത് സാഹചര്യവും നേരിടാൻ ഇന്ത്യയ്ക്ക് മതിയായ കരുതൽ ശേഖരമുണ്ടെന്നും കേന്ദ്രം വാദിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ പുതിയ നിയന്ത്രണം കൊണ്ടുവരുന്നത്. രാജ്യത്തെ റിഫൈനറികൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും വിതരണ ശൃംഖലകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും ആവശ്യമായ സ്റ്റോക്ക് രാജ്യത്തുണ്ടെന്നും മന്ത്രി പറയുന്നു. ഗാർഹിക പാചകവാതകം ബുക്ക് ചെയ്യുന്നതിന് ഒരു തടസവുമില്ലെന്നും എല്ലാവർക്കും യഥേഷ്ടം ലഭ്യമാകുമെന്നുമാണ് കേന്ദ്രം വാദിക്കുന്നത്. എന്നാൽ നിലവിൽ രാജ്യത്തിന്റെ അവസ്ഥ അങ്ങനെയല്ല എന്നതാണ് വാസ്തവം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പാചകവാതകത്തിന്റെ ക്ഷാമം മൂലം നിരവധി ഹോട്ടലുകളാണ് ദിനംപ്രതി പൂട്ടിക്കൊണ്ടിരിക്കുന്നത്. കേരളത്തിന് പുറത്തുള്ള കോളേജ് ഹോസ്റ്റലുകളിൽ പലതും പൂർണമായും അടയ്ക്കുകയും മറ്റിടങ്ങളിൽ വിഭവങ്ങൾ പരിമിതമായി വെട്ടിച്ചുരുക്കുകയും ചെയ്തു എന്നതാണ് യാഥാർഥ്യം. വീടുകളിൽ പോലും ​പാചക വാതകം ബുക്ക് ചെയ്യാൻ 25, 90 ദിവസങ്ങളുടെ ഇടവേള നിർബന്ധമാക്കിയിരിക്കുകയാണ്. രാജ്യത്ത് ഇത്തരത്തിൽ ഒരു ക്ഷാമവുമില്ലെന്ന് കേന്ദ്രം വാദിക്കുമ്പോൾ, പിന്നെന്തിനാണ് പാചകവാതകം ബുക്ക് ചെയ്യാൻ ഇത്തരത്തിൽ ഇടവേള നിർബന്ധമാക്കിയിരിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയില്ല. ഡൽ​ഹിയിൽ ​പാചകവാതക വിതരണ ഏജൻസികൾക്ക് മുൻപിൽ സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിച്ചിരുന്നു. യാഥാർഥ്യം ഇങ്ങനെയാണ് എന്നിരിക്കെയാണ് കേന്ദ്രം പാർലമെന്റിൽ ഇത്തരത്തിൽ നുണകൾ പറയുന്നത്.

കേരളം

പാചകവാതക സിലിന്‍ഡര്‍ ക്ഷാമം; സംസ്ഥാനത്ത് ഹോട്ടലുകള്‍ അടഞ്ഞുതുടങ്ങി

കൊച്ചി: വാണിജ്യ ആവശ്യത്തിനായുള്ള പാചകവാതക സിലിന്‍ഡറുകളുടെ ലഭ്യത നിലച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ നിരവധി ഹോട്ടലുകള്‍ അടഞ്ഞുതുടങ്ങി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎല്‍) എന്നീ പ്രധാന എണ്ണക്കമ്പനികള്‍ കഴിഞ്ഞ ദിവസങ്ങളിലേതുപോലെ വാണിജ്യ സിലിന്‍ഡറുകള്‍ നിറയ്ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്പിസിഎല്‍) വാണിജ്യ ആവശ്യത്തിനുള്ള സിലിന്‍ഡര്‍ നിറയ്ക്കല്‍ നാമമാത്രമായി തുടരുന്നുവെന്നാണ് വിവരം. ഇന്നലെ മാത്രം സംസ്ഥാനത്തെ ഏകദേശം 20 ശതമാനം ഹോട്ടലുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ സ്‌റ്റോക്ക് മതിയായ നിലയില്‍ ഉണ്ടെന്ന് വിതരണത്തിന്റെ 52 ശതമാനം നിര്‍വഹിക്കുന്ന ഐഒസി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ബുക്കിങില്‍ തടസ്സം നേരിട്ടതായാണ് ഉപഭോക്താക്കള്‍ പറഞ്ഞത്. സിലിന്‍ഡര്‍ വിതരണം തടസ്സപ്പെട്ട സാഹചര്യത്തില്‍ ഹോട്ടല്‍ മേഖലയിലെ സംഘടനകളുമായി പെട്രോളിയം കമ്പനികളുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തി. നിലവിലെ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണുമോയെന്നതില്‍ വ്യക്തതയില്ല. വാണിജ്യ സിലിന്‍ഡറുകളുടെ വിതരണം ആശുപത്രികള്‍ അടക്കമുള്ള അത്യാവശ്യ മേഖലകളിലേക്ക് മാത്രം പരിമിതപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചതെന്നും ഹോട്ടലുകള്‍ക്ക് ഉടന്‍ വിതരണം പുനരാരംഭിക്കാനാകില്ലെന്നും കമ്പനികള്‍ അറിയിച്ചു. ഇതിനിടെ ചില സ്വകാര്യ ഏജന്‍സികള്‍ വഴി കരിഞ്ചന്തയില്‍ ഇരട്ടിവിലയ്ക്ക് സിലിന്‍ഡര്‍ വില്‍പ്പന നടക്കുന്നതായും പരാതികള്‍ ഉയരുന്നുണ്ട്.  

കേരളം

സംസ്ഥാനത്ത് പൊള്ളുന്ന ചൂട്! താപനില ഉയരുന്നു; നാളെ 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്.കേരളത്തില്‍ 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, പാലക്കാട്, കാസര്‍ഗോഡ്, ആലപ്പുഴ കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്നും നാളെയുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും. പാലക്കാട് കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും. ആലപ്പുഴ കോട്ടയം തൃശൂര്‍ മലപ്പുറം കോഴിക്കോട് ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും എന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയര്‍ന്ന ചൂട് , സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയര്‍ന്ന ചൂട് , സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  അറിയിച്ചു. ചക്കരക്കൽ വാർത്ത. പകല്‍ 11 മുതല്‍ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും അറിയിച്ചിട്ടുണ്ട്. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണമെന്നും പരമാവധി ശുദ്ധജലം കുടിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.കഴിഞ്ഞ 24 മണിക്കൂറില്‍ മൂന്നാറില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയാണ് രേഖപ്പെടുത്തിയത്. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കേരളം

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് കര്‍ശനമാക്കിയ വെള്ളനിറം പിന്‍വലിക്കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് കര്‍ശനമാക്കിയ ഏകീകൃത വെള്ളനിറം പിന്‍വലിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. ഏകീകൃത വെള്ളനിറം പിന്‍വലിച്ചു കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. യോഗത്തില്‍ വെള്ള നിറം പിന്‍വലിക്കണമെന്ന് അഭിപ്രായമുയര്‍ന്നു. നിലവിലെ വെള്ള നിറം ആകര്‍ഷണീയമല്ലെന്നും വിനോദയാത്രയെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള ബസ് ഉടമകളുടെ പരാതിയിലാണിത്. അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒന്‍പത് ജീവനുകള്‍ നഷ്ടമായ 2022 ഒക്ടോബറിലെ വടക്കാഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത വെള്ളം നിറം നിര്‍ബന്ധമാക്കിയത്. മറ്റു ഡ്രൈവര്‍മാരുടേയും യാത്രക്കാരുടേയും ശ്രദ്ധയില്‍പെടുന്ന നിറമാണ് വെള്ള. റോഡ് സുരക്ഷ കണക്കിലെടുത്ത് വിദേശരാജ്യങ്ങളില്‍ പൊതുവാഹനങ്ങള്‍ക്ക് വെള്ള ആക്കിയതും നിറം മാറ്റത്തിന് പ്രേരണയായി. നിറംമാറ്റത്തിനെതിരേ സമ്മര്‍ദ്ദങ്ങളുണ്ടായെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. വകുപ്പ് മന്ത്രി മാറിയതോടെയാണ് വീണ്ടും നീക്കം സജീവമായത്.

കേരളം

കേരളകൗമുദി 115-ാം വാർഷികാഘോഷവും സ്റ്റീഫൻ ദേവസി ഷോയും ഏഴിന് പൂഞ്ഞാറിൽ

ഈരാറ്റുപേട്ട: കേരളകൗമുദി ദിനപ്പത്രത്തിന്റെ 115-ാം വാർഷികാഘോഷവും സ്റ്റീഫൻ ദേവസി ഷോയും 'ഈവ് 2 കെ26' മാർച്ച് ഏഴിന് വൈകിട്ട് അഞ്ചിന് പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് കേരളകൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. ഇൻകം ടാക്സ് ഗോവ അഡീഷണൽ കമ്മിഷണർ ജ്യോതിസ് മോഹൻ ആമുഖ പ്രസംഗം നടത്തും. ആന്റോ ആന്റണി എം.പി മുഖ്യപ്രസംഗം നടത്തും. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹൻ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് എന്നിവർ മുഖ്യാതിഥികളാകും.  ജില്ലാ പഞ്ചായത്ത് അംഗം ആർ. ശ്രീകല, ബ്ലോക്ക് പഞ്ചായത്തംഗം ക്ലിന്റ് അരീപ്ലാക്കൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റും, പൂഞ്ഞാർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റുമായ അനിൽകുമാർ മഞ്ഞപ്ലാക്കൽ, പാലാ ഡിവൈ.എസ്.പി കെ.സദൻ, സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ മാനേജർ ഫാ. സിബി മഞ്ഞക്കുന്നേൽ, പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. തോമസ് പനയ്ക്കകുഴി, എസ്.എം.വി ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ നന്ദകുമാർ രാമവർമ്മ എന്നിവർ സംസാരിക്കും. കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ സ്വാഗതവും, പ്രത്യേക ലേഖകൻ വി. ജയകുമാർ നന്ദിയും പറയും. തുടർന്ന് സ്റ്റീഫൻ ദേവസി ബാൻഡിന്റെ സംഗീത നിശ അരങ്ങേറും. ചടങ്ങിൽ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി, മീനാക്ഷി അനൂപ്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്  മിനർവ മോഹൻ, ലയൺസ് ക്ലബ്‌ ഭാരവാഹികൾ, ടീം എമർജൻസി മണിമല ഈരാറ്റുപേട്ട യൂണിറ്റുകൾ, പെരിങ്ങുളം തണൽ ചാരിറ്റബിൾ ട്രസ്റ്റ്‌ ഭാരവാഹികൾ എന്നിവരെ ആദരിക്കും.സീനിയർ മാനേജർ മാർക്കറ്റിംഗ് അജികുമാർ ടി, സർക്കുലേഷൻ അസി. മാനേജർ ലെനിൻ മോൻ, മാർക്കറ്റിംഗ് ഓഫിസർ എം.എം. ഷമീർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.