വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാർഥികളും 12നകം കണക്ക് സമർപ്പിക്കണം

തിരുവനന്തപുരം: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാർഥികളും ഈ മാസം 12നകം തെരഞ്ഞെടുപ്പ് ചെലവ് കണക്ക് ഓൺലൈനായി സമർപ്പിക്കണം. നിശ്ചിത സമയത്തിനകം കണക്ക് സമർപ്പിക്കാത്തവരെ അംഗമായി തുടരുന്നതിനും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും അയോഗ്യരാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു. കമീഷന്റെ ഉത്തരവ് തീയതി മുതൽ അഞ്ച് വർഷത്തേക്കായിരിക്കും അയോഗ്യത വരിക. 2025ലെ തെരഞ്ഞെടുപ്പിൽ 1199 തദ്ദേശസ്ഥാപനങ്ങളിലെ 23,573 വാർഡുകളിലായി 75,627 സ്ഥാനാർഥികളാണ് മത്സരിച്ചത്. പത്രിക സമർപ്പണം മുതൽ വോട്ടെണ്ണൽ വരെ നടത്തിയ ചെലവ് കണക്കാണ് നൽകേണ്ടത്. നിശ്ചിത ഫോമിൽ നൽകുന്ന ചെലവ് കണക്കിനൊപ്പം വൗച്ചറുകളുടെയും ബില്ലുകളുടെയും പകർപ്പുകളും നൽകണം. മുൻവർഷങ്ങളിൽ ബന്ധപ്പെട്ട രേഖകളും ബില്ലുകളും സഹിതം യഥാസമയം ചെലവ് കണക്ക് നേരിട്ട് സമർപ്പിച്ചിട്ടും തുടർനടപടികളുണ്ടാകുന്നതിൽ വീഴ്ചയുണ്ടായെന്ന ചില സ്ഥാനാർ ഥികളുടെ പരാതികളെ തുടർന്നാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതെന്ന് കമീ ഷണർ അറിയിച്ചു. https://www. sec.kerala.gov.in/login എന്ന ലിങ്കിൽ ലോഗിൻ ചെയ്ത് വേണം കണക്ക് സമർപ്പിക്കാൻ.

കേരളം

പുതുവർഷത്തിൽ തിരിച്ചടി; എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു, വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 111 രൂപ

ഡൽഹി: പുതുവർഷത്തിൽ കനത്ത തിരിച്ചടിയായി എൽപിജി വില വർധന. രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 111 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് (ജനുവരി 1) മുതൽ പ്രാബല്യത്തിൽ വന്നു. മറ്റൊരു ആശ്വാസമെന്തെന്നാൽ 14 കിലോ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവിലയിലെ മാറ്റങ്ങള്‍ പരിഗണിച്ചാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില പുതുക്കി നിശ്ചയിച്ചത്. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ വില വർധന ഇന്ന് പ്രാബല്യത്തിൽ വന്നു. ഡൽഹിയിൽ 1580.50 രൂപയ്ക്ക് ലഭ്യമായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇനി മുതൽ 1691.50 രൂപ നൽകണം. ചെന്നൈയിലാകട്ടെ വാണിജ്യ സിലിണ്ടറിന്റെ വില 1739.5 രൂപയിൽ നിന്ന് 1849.50 രൂപയായി ഉയർന്നു. ഏറ്റവും ഉയർന്ന നിരക്ക് ചെന്നൈയിലാണ്. തിരുവനന്തപുരത്ത് 1719 രൂപയാണ് ഇന്നത്തെ വില. അതേസമയം കൊൽക്കത്തയിൽ വില 1684 രൂപയിൽ നിന്ന് 1795 രൂപയായി ഉയർന്നു. മുംബൈയിൽ 1531.50 രൂപയ്ക്ക് ലഭ്യമായിരുന്ന വാണിജ്യ എൽപിജി സിലിണ്ടറിന് 1642.50 രൂപയായി. 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കഴിഞ്ഞ മാസം നേരിയ തോതിൽ കുറച്ചിരുന്നു. ഡിസംബർ ഒന്നിനായിരുന്നു അവസാനമായി വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ ചെറിയ മാറ്റം വന്നത്. ഡൽഹിയിലും കൊൽക്കത്തയിലും 10 രൂപ കുറഞ്ഞപ്പോൾ മുംബൈയിലും ചെന്നൈയിലും 11 രൂപ കുറഞ്ഞിരുന്നു. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മറ്റ് ചെറുകിട വ്യവസായ  സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം കൂടുതായി ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകളുടെ വിലവർധനവ് വിലക്കയറ്റത്തിന് കാരണമാകുമോ എന്ന ആശങ്കയും തള്ളിക്കളയാനാകില്ല. അടുത്തിടെയായി വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ സ്ഥിരമായി മാറ്റമുണ്ടാകുന്ന സ്ഥിതിയാണുള്ളത്. പക്ഷേ ഗാർഹിക സിലിണ്ടറുകളുടെ വില 2025 ഏപ്രിൽ മുതൽ മാറ്റമില്ലാതെ തുടരുകയുമാണ്. കേരളത്തില്‍ വില ഇങ്ങനെ കേരളത്തിലും സമാനമായ വില വര്‍ധനവ് പ്രതിഫലിച്ചിട്ടുണ്ട്. കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില ഏകദേശം 1,698 രൂപയിലെത്തി. തിരുവനന്തപുരത്ത് 1,719 രൂപയും കോഴിക്കോട് 1,730 രൂപയുമാണ് പുതിയ വില.

കേരളം

പുതുവത്സര ആഘോഷങ്ങൾ അതിരുവിടരുതെന്ന മുന്നറിയിപ്പുമായി പോലീസ് :ആഘോഷങ്ങൾക്ക് മുൻ‌കൂർ അനുമതി കൂടിയേ തീരൂ

കോട്ടയം: ഇന്നുമുതൽ പകലും രാത്രിയിലുമായി പ്രധാന റോഡുകളിലും ഇടറോഡുകളിലടക്കം കർശന പരിശോധനയുമായി പൊലീസ് സാന്നിദ്ധ്യമുണ്ടാകും. മയക്കുമരുന്നുകളുടെ ഉപയോഗം, അനധികൃത മദ്യവിൽപന തുടങ്ങിയവ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ താലൂക്കുകൾ കേന്ദ്രീകരിച്ച് രഹസ്യവിവരം ശേഖരിക്കുന്നതിന് പ്രത്യേക സംഘമുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിന് മഫ്തി പൊലീസിനെയും വനിത പൊലീസുദ്യോഗസ്ഥരെയും നിയോഗിക്കും. ജില്ലാ അതിർത്തികളിൽ വാഹന പരിശോധനയുണ്ടാകും. പുതുവത്സരാഘോഷം നടത്തുന്ന സംഘടനകളും സംഘാടകരും അതത് പൊലീസ് സ്റ്റേഷനിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം.ലഹരി വിൽപ്പനയ്ക്കും ഉപയോഗത്തിനുമെതിരെ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡിന്റെ പരിശോധനയുമുണ്ടാകും. ജനുവരി ഒന്ന് പുലർച്ചെ ഒന്നു വരെ വരെ മാത്രമാണ് ആഘോഷങ്ങൾക്ക് അനുമതി.

കേരളം

പുതുവത്സരാഘോഷം; ബാർ, ബിയർ ആൻഡ് വൈൻ പാർലറുകൾ രാത്രി 12 മണിവരെ മാത്രം

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടി സർക്കാർ. ഡിസംബർ 31 ബുധനാഴ്ച ബാറുകളുടെ സമയം രാത്രി 12 മണിവരെയാണ് നീട്ടിയത്. ബിയർ ആൻഡ് വൈൻ പാർലറുകളുടെ സമയവും 12 മണിവരെ നീട്ടിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പ്രത്യേക ഇളവ് നൽകി സർക്കാർ ഉത്തരവിറക്കി. സാധാരണരീതിയിൽ 10 മണിയോടെയാണ് ബാറുകൾ പ്രവർത്തനം അവസാനിപ്പിക്കാറുള്ളത്. പുതുവർഷവേളയിലെ വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്താണ് ഇളവ്. അതാത് സ്ഥലങ്ങളിലെ ക്രമസമാധാന സാഹചര്യം പരിഗണിച്ചുകൊണ്ടായിരിക്കും പ്രവർത്തനത്തിന് അനുമതി. ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകൾക്ക് ഇളവ് നിലവിൽ ബാധകമല്ല.

കേരളം

ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി.

ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 19 പേരാണ് കേസിലെ പ്രതികൾ. കൊലപാതകം നടന്നു 13 വർഷങ്ങൾക്ക് ശേഷമാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന വിശാലിന് 2012 ജൂലൈ പതിനാറിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ വിശാൽ പിറ്റേന്നാണ് മരിച്ചത്. നിരാശാജനകമായ വിധിയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പ്രതികരിച്ചു. കോടതിക്ക് മുന്നിൽ തെളിവുകളും സാക്ഷികളേയും ഹാജരാക്കിയിരുന്നു. എന്നാൽ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി നിരാശ നൽകുന്നതാണെന്നും വിധിക്കെതിരെ അപ്പീൽ പോവുമെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. നിരാശാജനകമായ വിധിയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പികെ ഗോപകുമാർ പ്രതികരിച്ചു. പ്രതികളെ രക്ഷിക്കാൻ ആദ്യ ഘട്ടത്തിൽ സർക്കാരും പൊലീസും ഗൂഢാലോചന നടത്തി. കോടതി വേണ്ട രീതിയിൽ വിശകലനം ചെയ്തില്ല. പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതൊരുക്കി. വിജയിച്ചത് സർക്കാർ ആണെന്നും പികെ ഗോപകുമാർ പറഞ്ഞു. എബിവിപിയുടെ ചെങ്ങന്നൂരിലെ സജീവ പ്രവർത്തകനായിരുന്നു 19കാരനായ വിശാൽ. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ആദ്യവർഷ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ എബിവിപി സംഘടിപ്പിച്ച ക്രിസ്ത്യൻ കോളേജിലെ പരിപാടിക്കായി എത്തിയപ്പോൾ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദിനും ശ്രീജിത്തിനുമുൾപ്പെടെ പത്തോളം പേർക്ക് അന്ന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പ്രതികളുടെ അറസ്റ്റ് വൈകുന്നുവെന്ന പരാതിയെ തുടർന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 20 പേരാണ് കേസിൽ അറസ്റ്റിലായത്. സാക്ഷികളായ ക്യാമ്പസിലെ കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ വിചാരണവേളയിൽ മൊഴി മാറ്റിയിരുന്നു. കേസിലെ 19 പ്രതികളും നിലവിൽ ജാമ്യത്തിലാണ്. ആദ്യത്തെ 12 പ്രതികളാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. പന്തളം സ്വദേശികളായ നാസിം, ഷെഫീഖ്, അൻസാർ ഫൈസൽ, ആസിഫ് മുഹമ്മദ്, സനൂജ്, ചെറിയനാട് സ്വദേശികളായ ആഷിക്ക്, നാസിം, അൽ താജ്, സഫീർ, അഫ്സൽ, വെൺമണി സ്വദേശിയായ ഷമീർ റാവുത്തർ തുടങ്ങിയവരാണ് കേസിലെ പ്രധാന പ്രതികൾ. കേസിൽ പ്രായപൂർത്തിയാകാത്ത ഒരു പ്രതിയും ഉൾപ്പെട്ടിരുന്നു.കേസിൽ 19 പ്രതികളുടെ വിധിയാണ് ഇന്ന് പ്രഖ്യാപിച്ചത്.  

കേരളം

യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; ഗുണ്ടാസംഘത്തിൽപ്പെട്ട രണ്ടു പേർ പിടിയിൽ

പാലക്കാട്: പാലക്കാട് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. സംഭവത്തിൽ ഗുണ്ടാസംഘത്തിൽപ്പെട്ട രണ്ടു പേർ പിടിയിൽ. എലപ്പുള്ളി തേനാരിയിലാണ് സംഭവം. ബന്ധുക്കളുടെ മുന്നിൽ വെച്ചാണ് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത്. ഒകരംപള്ളി സ്വദേശിയായ വിപിനാണ് മർദനമേറ്റത്. കഴിഞ്ഞ മാസം 17നാണ് സംഭവം നടന്നത്. ഇതേദിവസം തന്നെയാണ് വാളയാർ ആൾക്കൂട്ടകൊല നടന്നത്. നിരവധി കേസുകളിൽ പ്രതികളായ ഒകരംപള്ളി സ്വദേശികളായ ശ്രീകേഷ്,ഗിരീഷ് എന്നിവരാണ് അറസ്റ്റിലായത്.

കേരളം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതല്‍ 7 വരെ.

പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷൻ - ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാൻ്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതല്‍ 07 വരെ തീയതികളില്‍ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു അംഗങ്ങളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ചെയർമാൻമാരുടെ തിരഞ്ഞെടുപ്പ് അതത് വരണാധികാരികള്‍ നടത്തും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ 4 സ്റ്റാൻ്റിങ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തില്‍ ധനകാര്യം വികസനകാര്യം, പൊതുമരാമത്ത് കാര്യം, പൊതുമരാമത്ത്കാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം ക്ഷേമകാര്യം 5 എന്നിങ്ങനെ സ്റ്റാന്റിംഗ് കമ്മിറ്റികളുമാണ് രൂപീകരിക്കേണ്ടത്. മുനിസിപ്പാലിറ്റികളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം ആരോഗ്യകാര്യം മരാമത്ത് കാര്യം, വിദ്യാഭ്യാസ കലാകായികകാര്യം എന്നിങ്ങനെ കലാകായികകാര്യം എന്നിങ്ങനെ 6 സ്റ്റാൻ്റിങ് കമ്മിറ്റികളും കോർപ്പറേഷനുകളില്‍ ധനകാര്യം, വികസനകാര്യം ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം നഗരാസൂത്രണകാര്യം, നികുതി അപ്പീല്‍കാര്യം, വിദ്യാഭ്യാസ കായികകാര്യം എന്നിങ്ങനെ 8 സ്റ്റാൻ്റിങ് കമ്മിറ്റികളുമാണുള്ളത്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാൻ്റിങ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെയും തിരഞ്ഞെടുപ്പ് നടത്തുന്നതിന് അതാത് സ്ഥാപനത്തിലെ വരണാധികാരികളെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തുകളിലെയും കോർപ്പറേഷനുകളിലെയും സ്റ്റാൻ്റിങ് കമ്മറ്റി അംഗങ്ങളുടെയും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരുടെയും തിരഞ്ഞെടുപ്പിനുള്ള വരണാധികാരിയുടെ ചുമതല എഡിഎമ്മിനാണ്. മുനിസിപ്പാലിറ്റികളിലെ തിരഞ്ഞെടുപ്പിനുള്ള വരണാധികാരികളെയും കമ്മീഷൻ നിശ്ചയിച്ചിട്ടുണ്ട്.  

കേരളം

സപ്ലൈകോ ക്രിസ്മസ്-പുതുവത്സര വിപണി മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു

കോട്ടയം ; സപ്ലൈകോ ക്രിസ്മസ്-പുതുവത്സര വിപണിയ്ക്ക് ജില്ലയിൽ തുടക്കമായി.   തിരുനക്കര മൈതാനത്ത് നടന്ന ചടങ്ങിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു.  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആദ്യ വില്പനയും മന്ത്രി നടത്തി. സപ്ലൈകോ മേഖലാ മാനേജർ ആർ. ബോബൻ, ജില്ലാ സപ്ലൈ ഓഫീസർ ബി. സജിനി, മുനിസിപ്പൽ കൗൺസിലർ എസ്. ഗോപകുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ അഡ്വ. സന്തോഷ് കേശവനാഥ്, പി.കെ. ആനന്ദക്കുട്ടൻ, ബാബു കപ്പക്കാല, ടോമി വേദഗിരി എന്നിവർ പങ്കെടുത്തു. ക്രിസ്മസിനോടനുബന്ധിച്ചുള്ള 'സാന്‍റാ ഓഫർ' ആണ് വിപണിയുടെ പ്രധാന ആകർഷണം. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകൾ തുടങ്ങിയ 12 ഉൽപ്പന്നങ്ങൾ അടങ്ങിയ 667 രൂപയുടെ സാന്‍റാ കിറ്റ് 500 രൂപയ്ക്കാണ് വിപണിയിലുള്ളത്. ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കും. പ്രധാന ഇനങ്ങളുടെ സബ്‌സിഡി വില (നോൺ സബ്‌സിഡി വില ബ്രായ്ക്കറ്റിൽ): മട്ട അരി- 33 (41),ജയ അരി- 33 (42),പഞ്ചസാര- 35 (44), വൻപയർ- 68 (84), ചെറുപയർ- 85 (108),ഉഴുന്ന്- 87(110),തുവര പരിപ്പ്- 85 (102),മല്ലി- 41(57). ശബരി വെളിച്ചെണ്ണ 309 രൂപയ്ക്ക് ലഭ്യമാണ്. ജനുവരി ഒന്നു വരെ നീളുന്ന ഫെയറിന്‍റെ പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകിട്ട് എട്ട് വരെയാണ്.