വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത് സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ലാത്തി ചാര്‍ജ് നടത്തി. പൊലീസിന് നേരെ കല്ലേറുണ്ടായി. സമരത്തിനിടെ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന് പരുക്കേറ്റു. സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെയാണ് കെഎസ്‌യു സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.

കേരളം

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സ്വകാര്യ ബസുകള്‍ എട്ടിന് പണിമുടക്കും

തി​രു​വ​ന​ന്ത​പു​രം ; വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സ്വകാര്യ ബസുകള്‍ എട്ടിന് പണിമുടക്കും. ഉന്നയിക്കുന്ന വിഷയങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ലിമിറ്റഡ് സ്റ്റോപ്പ് ദീര്‍ഘദൂര ബസുകളുടെ പെര്‍മിറ്റുകള്‍ അതേപടി പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധിപ്പിക്കുക, ബസ് ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് വേണമെന്ന കരിനിയമം പിന്‍വലിക്കുക, ഇ-ചലാന്‍ വഴിയുള്ള അന്യായ പിഴ ചുമത്തലുകള്‍ അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് ബസുടമകളുടെ സംയുക്ത സമിതി സമരത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. സ്വകാര്യ ബസുകളിലും കെഎസ്‌ആര്‍ടിസിയിലും ഒരുപോലെ സ്‌പോട്ട് ടിക്കറ്റ് സമ്ബ്രദായം നടപ്പിലാക്കണം, വിലപിടിപ്പുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും സമരസമിതി ഉന്നയിച്ചിട്ടുണ്ട്

കേരളം

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും; മൂവായിരത്തിലധികം ആളുകളെ മാറ്റി; ജാഗ്രതാ നിര്‍ദേശം

തൊടുപുഴ:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആകുമ്പോള്‍ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാട് ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.പെരിയാര്‍, മഞ്ജുമല, ഉപ്പുതുറ ,ഏലപ്പാറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളില്‍ നിന്ന് 883 കുടുംബങ്ങളിലെ 3,220 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇന്നലെ രാത്രി 8 മണിക്ക് മുന്‍പ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ ജില്ലാ കലക്ടര്‍ വി വിഗ്‌നേശ്വരി റവന്യൂ, പൊലീസ് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇവര്‍ക്കായി ഇരുപതിലധികം ക്യാംപുകള്‍ ഒരുക്കിയതായും കലക്ടര്‍ അറിയിച്ചിരുന്നു. ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ പകല്‍ സമയത്ത് മാത്രമേ ആകാവൂ എന്ന് തമിഴ്‌നാടിനോട് അഭ്യര്‍ഥിച്ചതായും കലക്ടര്‍ അറിയിച്ചു.ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ലാ ഭരണകൂടം തയ്യാറാണ് വെള്ളിയാഴ്ച നാലുമണിവരെ ജലനിരപ്പ് 135.25 ആണ്. റവന്യൂ, പൊലീസ് അധികാരികളുടെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു

കേരളം

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍ അല്ലെങ്കില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതോ ഉപേക്ഷിക്കപ്പെട്ടതോ ആയ സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്ന ഈ പദ്ധതിയിലേക്ക് മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി ജൈന ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന മേല്‍പ്പറഞ്ഞ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ശരിയായ ജനലുകള്‍/വാതിലുകള്‍/മേല്‍ക്കൂര/ഫ്‌ളോറിംങ് ഫിനിഷിംങ്/പ്ലംബിംങ്/സാനിറ്റേഷന്‍/ ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്. ഒരു വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 50,000 രൂപയാണ് ധനസഹായം. ഈ തുക തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം അല്ലെങ്കില്‍ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 ചതുരശ്രയടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബത്തിന് മുന്‍ഗണന ലഭിക്കും. അപേക്ഷകയ്‌ക്കോ, അവരുടെ മക്കള്‍ക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള, അല്ലെങ്കില്‍ മക്കളില്ലാത്ത അപേക്ഷക തുടങ്ങിയവര്‍ക്കും മുന്‍ഗണന നല്‍കും. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്. പുരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരമോ നല്‍കാം. അപേക്ഷാ ഫോം https://minoritywelfare.kerala.gov.in/ എന്ന വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.

കേരളം

വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും

കൽപറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും. നേരത്തെ ഉരുൾപൊട്ടലുണ്ടായ വെള്ളരിമലയിലാണ് ഉരുൾപൊട്ടിയതെന്നാണ് സൂചന.ബെയ്‌ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. വലിയ കല്ലുകൾ ഒഴുകി വരികയാണ്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് നല്ല മഴ തുടരുകയാണ്.

കേരളം

സംസ്ഥാനത്ത് നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എബിവിപി നടത്തുന്ന സമരങ്ങളെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ശ്രമിക്കുന്നതെന്നും ഇതിന് ഉദാഹരമായാണ് ഇന്നലെ രാത്രിയിൽ തിരുവനന്തപുരം തമ്പാനൂരിൽ എബിവിപി സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ ആക്രമണമെന്നും എബിവിപി പ്രസ്താവനയിൽ പറഞ്ഞു

കേരളം

പെട്രോള്‍ പമ്പിലെ ശുചിമുറി ഉപഭോക്താക്കൾക്ക് മാത്രം, പൊതുജനങ്ങള്‍ക്കുള്ളതല്ലെന്ന് ഹൈക്കോടതി ഉത്തരവ്

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഉപഭോക്താക്കൾക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ എന്നാണ് നിലപാട്. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സ‍ർവീസ് സൊസൈറ്റി ഹൈകോടതിയെ സമീപിച്ചത്. സ്വകാര്യ പമ്പുടമകൾ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികൾ പൊതു ശുചിമുറിയായി മാറ്റാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഹർജിക്കാർ വാദിച്ചു. വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ വരുന്ന ഉപഭോക്താക്കൾക്ക് മാത്രമായി പമ്പിലെ ശുചിമുറികൾ പരിമിതപ്പെടുത്തണമെന്ന ആവശ്യമാണ് ഹൈക്കോടതി അംഗീകരിച്ചത്. പെട്രോൾ പമ്പുകളുടെ സുരക്ഷ മുൻനിർത്തിയാണ് ഉത്തരവ്. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ്‌ കേസ് പരിഗണിച്ചത്.

കേരളം

ഷഹബാസ് വധക്കേസിൽ പ്രതികളായ ആറ് വിദ്യാർഥികൾക്ക് ജാമ്യം

താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ ആറ് വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി.ജാമ്യം നൽകിയെങ്കിലും പ്രതികൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ജാമ്യ വ്യവസ്ഥകൾ മുന്നോട്ടുവെച്ചാണ് ഹൈക്കോടതി പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്.ജസ്റ്റിസ് ബെച്ചു കുര്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് ജാമ്യം അനുവദിച്ചത്.50,000 രൂപ ബോണ്ട് കെട്ടിവെക്കാനും, സാക്ഷികളെ സ്വാധീനിക്കരുതെന്നും ജാമ്യ വിധിയിൽ നിർദേശമുണ്ട്.