വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

ലയണല്‍ മെസി കേരളത്തിലെത്തും; ഔദ്യോഗികമായി അറിയിച്ച് അര്‍ജൻ്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. മെസ്സിപ്പട കേരളത്തിലെത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടീമിന്റെ നവംബറിലെ ഒരു മത്സരം കേരളത്തിലുണ്ടാകുമെന്നാണ് പ്രഖ്യാപനം. നവംബര്‍ പത്തിനും പതിനെട്ടിനും ഇടയിലുള്ള സമയത്തായിരിക്കും മത്സരം നടക്കുക. എതിരാളികള്‍ ആരെന്ന് നിശ്ചയിച്ചിട്ടില്ല.കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാനും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. സൗഹൃദ മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആകാനാണ് സാധ്യത. നവംബറില്‍ രണ്ട് മത്സരങ്ങള്‍ ഉണ്ടെന്നാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്.കേരളത്തിലേത് കൂടാതെ മറ്റൊരു മത്സരം അംഗോളയിലായിരിക്കും. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയാണ് കേരളത്തിലെ മെസ്സി ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.മുന്‍പ് മെസ്സിപ്പട ഒക്ടോബറില്‍ കേരളത്തിലെത്തുമെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരിക്കുന്നത്. അര്‍ജന്റീന ടീമിന്റെ കേരളത്തിലേക്കുള്ള വരവ് സംബന്ധിച്ച് കായികമന്ത്രി നടത്തിയ പ്രസ്താവനകളിലെ അവ്യക്തത വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

കേരളം

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു

അശ്ലീല സന്ദേശ വിവാദത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുൽ രാജി വെച്ചു. എഐസിസി നേതൃത്വം രാഹുലിന്റെ രാജി എഴുതി വാങ്ങുകയായിരുന്നു. ഇ മെയിൽ മുഖേന രാജി കൈമാറി.ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺ​ഗ്രസിൽ ഉൾപ്പെടെ രാഹുലിനെതിരെ വിമർശനം ഉയർന്നിരുന്നു. രാജി വെച്ചൊഴിയണമെന്ന് ഹൈക്കമാൻ‌ഡ് നിർദേശം നൽകിയിരുന്നു. രാഹുലിന്റെ രാജിക്ക് വേണ്ടി സമ്മർദം ഉണ്ടായിരുന്നു. അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനോട് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം വിശദീകരണം ചോദിച്ചിട്ടുണ്ട്. ദേശീയ ജനറൽ സെക്രട്ടറി ശ്രാവൺ റാവുവിന്റെതാണ് നടപടി. അശ്ലീല സന്ദേശ വിവാദത്തിൽ എഐസിസി ഇടപെട്ടിരുന്നു. പരാതികൾ അന്വേഷിക്കാൻ കെ.പി.സി.സി ക്ക് നിർദേശം നൽകിയിരുന്നു. ഹൈക്കമാൻഡിന് ലഭിച്ച ചില പരാതികൾ കെ.പി.സി.സിക്ക് കൈമാറിയതായും സൂചനയുണ്ട്. യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത്‌കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ചർച്ച നടന്നു. രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുകാരനല്ലെങ്കിൽ അത് തെളിയിക്കണമെന്നാണ് ചർച്ചയിലെ ആവശ്യം. നിയമപരമായി മുന്നോട്ടു പോകണമെന്ന് ഗ്രൂപ്പിൽ വനിതാ നേതാവ് സന്ദേശമയച്ചു. അടിയന്തരമായി സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണമെന്നും യൂത്ത് കോൺഗ്രസ് നേതാവ് സ്‌നേഹ ഹരിപ്പാട് വാട്‌സാപ്പ് ഗ്രൂപ്പിൽ ആവശ്യപ്പെട്ടിരുന്നു.

കേരളം

പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം: 24 മണിക്കൂറും തുറന്നു നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവില്‍ മാറ്റം വരുത്തി ഹൈക്കോടതി. ദേശീയപാതയോരത്തെ പെട്രോള്‍ പമ്പുകളിലെ ശൗചാലയം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.  പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ 24 മണിക്കൂറും തുറന്നു നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഉപയോക്താക്കള്‍ക്കും യാത്രികര്‍ക്കും ശൗചാലയം ഉപയോഗിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ ദേശീയ പാതയോരത്ത് അല്ലാത്ത പെട്രോൾ പമ്പുകളിലെ ശൗചാലയ ഉപയോഗത്തിന് നിയന്ത്രണമുണ്ടാകും.അവിടങ്ങളില്‍ ഉപയോക്താക്കള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും മാത്രമായിരിക്കും ശൗചാലയം ഉപയോഗിക്കാന്‍ അനുമതി.

കേരളം

പ്ലാസ്റ്റിക് പതാകകൾ പാടില്ല: സ്വാതന്ത്ര്യ ദിനാഘോഷം 2025; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കുള്ള ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. പൊതുഭരണ (പ്രോട്ടോക്കോൾ) വകുപ്പ് പുറത്തിറക്കിയ സർക്കുലർ പ്രകാരം എല്ലാ സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ ആഘോഷങ്ങളിൽ നിർബന്ധമായും പങ്കെടുക്കണം. പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാകകൾക്ക് സംസ്ഥാനത്ത് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പ്രധാന നിർദ്ദേശങ്ങൾ സംസ്ഥാനതലം: തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പതാക ഉയർത്തും. തുടർന്ന് വിവിധ സേനാവിഭാഗങ്ങളുടെ പരേഡ്, മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം, മെഡൽ വിതരണം എന്നിവ നടക്കും. ജില്ലാതലം: ജില്ലാ ആസ്ഥാനങ്ങളിൽ സംസ്ഥാന മന്ത്രിസഭാംഗങ്ങൾ രാവിലെ 9 മണിക്കോ അതിന് ശേഷമോ പതാക ഉയർത്തും. മറ്റ് സ്ഥാപനങ്ങൾ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, വിദ്യാലയങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപന മേധാവികൾ രാവിലെ 9 മണിക്ക് ശേഷം പതാക ഉയർത്തണം. പൊതു നിർദ്ദേശങ്ങൾ  ദേശീയ പതാക ഉയർത്തുമ്പോൾ 2002-ലെ പതാക നിയമം കർശനമായി പാലിക്കണം. ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണം. ആഘോഷങ്ങളിലുടനീളം ഹരിത പ്രോട്ടോക്കോൾ പാലിക്കണമെന്നും പ്ലാസ്റ്റിക് പതാകകളുടെ നിർമ്മാണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ പൂർണ്ണമായും നിരോധിച്ചതായും സർക്കുലറിൽ വ്യക്തമാക്കുന്നു.എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടർമാരും നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സർക്കാർ അറിയിച്ചു.

കേരളം

ബീഹാർ മോഡൽ കേരളത്തിലേക്കും; നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടർ പട്ടിക പരിഷ്കരിക്കും

തിരുവനന്തപുരം: കേരളത്തിൽ വോട്ടർപട്ടിക പരിഷ്കരണം ഉടനുണ്ടാകുമെന്ന് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടർപട്ടിക പരിഷ്കരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ബീഹാറിൽ വോട്ടർപട്ടിക പരിഷ്കരണം വലിയ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിൽ വലിയ ജാ​ഗ്രതയോടെയാകും കേരളത്തിലെ വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുക. വോട്ടർപട്ടിക പരിഷ്കരണം സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം ലഭിച്ചാലുടൻ കേരളത്തിലും നടപടിക്രമങ്ങൾ ആരംഭിക്കും. വീഴ്ചകൾ ഒഴിവാക്കി കൂടുതൽ കരുതലോടെയായിരിക്കും കേരളത്തിലെ നടപടികൾ. അതേസമയം, വോട്ടർപട്ടിക പരിഷ്കരണം സംബന്ധിച്ച് കമ്മിഷനിൽനിന്ന് നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ പറഞ്ഞു. എന്നാൽ, തിരഞ്ഞെടുപ്പിനു മുൻപ്‌ വോട്ടർ പട്ടികയുടെ പുതുക്കലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതുക്കലിന് മാർഗരേഖയിറക്കുമെന്നും രത്തൻ യു. ഖേൽക്കർ കൂട്ടിച്ചേർത്തു.

കേരളം

തദ്ദേശ തിരഞ്ഞെടുപ്പിൽ പുതിയ മാറ്റം!

തിരുവനന്തപുരം :തദ്ദേശ തിരഞ്ഞെടുപ്പിൽ പുതിയ മാറ്റം! സംവരണ സീറ്റിലേക്കുള്ള ഇത്തവണത്തെ നറുക്കെടുപ്പ് ഇങ്ങനെ... തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സംവരണ സീറ്റുകൾ നറുക്കെടുക്കുന്നതിനുള്ള പൊതുമാനദണ്ഡം പ്രഖ്യാപിച്ചു. ഇത്തവണ കാര്യങ്ങൾ മാറിമറിയാൻ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട് തവണ തുടർച്ചയായി ജനറൽ അല്ലെങ്കിൽ സംവരണ വാർഡുകളായിരുന്ന വാർഡുകൾ ഒഴികെ, ബാക്കിയുള്ള മുഴുവൻ വാർഡുകളും നറുക്കെടുപ്പിന് വിധേയമാക്കും. പുതിയ മാനദണ്ഡമനുസരിച്ച്, കഴിഞ്ഞ രണ്ട് തവണ സംവരണ വാർഡായിരുന്ന വാർഡുകൾ ഇത്തവണ ജനറൽ വാർഡാകും. അതുപോലെ, കഴിഞ്ഞ രണ്ട് തവണ ജനറൽ വാർഡായിരുന്ന വാർഡുകൾ സംവരണ വാർഡുകളാകും. ഈ രണ്ട് വിഭാഗങ്ങളിൽ പെടാത്ത എല്ലാ വാർഡുകളും നറുക്കെടുപ്പിലൂടെയാണ് സംവരണം തീരുമാനിക്കുക. സാധാരണയായി, ഒരു തവണ വനിതാ വാർഡായിരുന്നാൽ അടുത്ത തവണ അത് ജനറൽ വാർഡ് ആയി മാറ്റിവയ്ക്കാറുണ്ട്. എന്നാൽ പുതിയ രീതി വന്നതോടെ, ഇത്തവണ ആ പതിവ് തെറ്റും. ഇത് രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും പതിവ് കണക്കുകൂട്ടലുകൾ തെറ്റിക്കാൻ സാധ്യതയുണ്ട്. സെപ്റ്റംബർ മാസത്തിൽ ജില്ലാ കളക്ടറേറ്റുകളിൽ വെച്ച് നറുക്കെടുപ്പ് നടക്കും. നവംബർ-ഡിസംബർ മാസങ്ങളിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. സംവരണ വാർഡുകൾ ഏതൊക്കെയാകും എന്നറിയാൻ സെപ്റ്റംബർ വരെ കാത്തിരിക്കാം.

കേരളം

കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; ആറ് പേർക്ക് പരിക്ക്

തൃശൂർ: കുന്നംകുളം കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. ഏഴുപേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. ആംബുലൻസിലെ രോഗി കുഞ്ഞിരാമൻ (89), കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്പയുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മറിഞ്ഞു. ആംബുലൻസിൽ ഒരു രോഗിയും ബന്ധുക്കളുമടക്കം അഞ്ചുപേരുണ്ടായിരുന്നു. ചികിത്സകഴിഞ്ഞ് ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോഴാണ് കാറും ആംബുലൻസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിക്കുകളോടെ രോഗിയായ കുഞ്ഞിരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.    

കേരളം

ഓണത്തിനു സബ്‌സിഡി നിരക്കിൽ രണ്ടു ലിറ്റർ വെളിച്ചെണ്ണ സപ്ലൈകോയിലൂടെ നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ

എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കാർഡ് ഒന്നിന് രണ്ടു ലീറ്റർ വെളിച്ചെണ്ണ നൽകുമെന്നാണ് മന്ത്രി അറിയിച്ചത്. സർക്കാർ ഇടപെടലിലൂടെ സംസ്‌ഥാനത്ത് വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ഒരു റേഷൻ കാർഡിന് ഒരു ലീറ്റർ വെളിച്ചെണ്ണ സബ്‌സിഡി നിരക്കിൽ 349 രൂപ നിരക്കിൽ സപ്ലൈകോയിലൂടെ ലഭിക്കും. അതേ കാർഡുകാരന് അടുത്ത മാസവും നാലാം തീയതി വരെ സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ വാങ്ങാവുന്നതാണ്. അഞ്ചാം തീയതി ഓണത്തിനു സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകുന്നുണ്ട്. ഇതുപ്രകാരം ഓണത്തിന് ഒരു കാർഡുകാരന് സബ്‌സിഡി നിരക്കിൽ രണ്ടു ലീറ്റർ വെളിച്ചെണ്ണ ലഭിക്കുന്ന സ്ഥിതിയുണ്ടാകുമെന്നദ്ദേഹം പറഞ്ഞു.