വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,83,12,463 വോട്ടര്‍മാരാണുള്ളത്.വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിംഗ് സ്റ്റേഷന്‍ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍ പട്ടിക തയാറാക്കിയിട്ടുള്ളത്.ജൂലൈ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ആകെ 2,68,78,258 വോട്ടര്‍മാരാണുണ്ടായിരുന്നത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 29,81,310 പുതിയ അപേക്ഷകരുണ്ടായിരുന്നു. പട്ടികയില്‍ നിന്നും പേര് ഒഴിവാക്കുന്നതിന് ആകെ 4,88,024 ആപേക്ഷകളാണ് ലഭിച്ചിരുന്നത്.1,33,52,945 പുരുഷന്‍മാരും 1,49,59,242 സ്ത്രീകളും 276 ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ് പുതിയ പട്ടികയിലുള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്. ഇതിനു പുറമെ പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 2067 പേരുണ്ട്.14 ജില്ലകളിലായി 941 പഞ്ചായത്തുകളിലെ 17337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാര്‍ഡുകളിലെയും ആറു കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്.അതത് വോട്ടര്‍പട്ടിക കമ്മീഷന്‍റെ sec.kerala.gov.in വെബ്‌സൈറ്റിലും തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്.

കേരളം

സെപ്റ്റംബറില്‍ വൈദ്യുതി ബില്ല് കൂടും; കാരണം..

തിരുവനന്തപുരം: സെപ്റ്റംബറില്‍ യൂണിറ്റിന് പത്തുപൈസ വീതം വൈദ്യുതി സര്‍ച്ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി. നിലവിലുള്ളതിനേക്കാള്‍ കൂടുതലാണിത്.മാസംതോറും ബില്‍ അടയ്ക്കുന്നവര്‍ക്ക് ഒന്‍പത് പൈസയും രണ്ടു മാസത്തിലൊരിക്കല്‍ ബില്‍ അടയ്ക്കുന്നവര്‍ക്ക് എട്ടു പൈസയുമാണ് ഓഗസ്റ്റില്‍ ഈടാക്കിയിരുന്നത്. വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള ഇന്ധനച്ചെലവ് കൂടിയതിനാല്‍ ജൂലൈയില്‍ ഉണ്ടായ അധികബാധ്യതയായ 26.28 കോടി രൂപ ഈടാക്കാനാണ് സെപ്റ്റംബറിലെ സര്‍ച്ചാര്‍ജ്.ഈ കണക്ക് അനുസരിച്ച് യഥാര്‍ഥത്തില്‍ 12.54 പൈസയാണ് ചുമത്തേണ്ടതെന്നാണ് കെഎസ്ഇബിയുടെ അവകാശവാദം. എന്നാല്‍ 10 പൈസ വരെ ഈടാക്കാനേ റെഗുലേറ്ററി കമ്മീഷന്റെ അനുവാദമുള്ളൂ        

കേരളം

ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാം സെപ്തംബർ 1 മുതൽ നവംബർ 30 വരെയാണ് അനുമതി

ഇടുക്കി, ചെറുതോണി ഡാമുകൾ സെപ്തംബർ 1 മുതൽ നവംബർ 30 വരെ സന്ദർശിക്കുന്നതിന്  പൊതുജനങ്ങൾക്ക് സർക്കാർ അനുമതി നൽകി ഉത്തരവായി.ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സന്ദർശാനാനുമതിക്ക് വഴി തെളിഞ്ഞത്. ഡാം പരിശോധന നടക്കുന്ന ബുധനാഴ്ചകളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. കൂടാതെ വെള്ളം തുറന്നു വിടുന്ന ദിവസങ്ങൾ, ശക്തമായ മഴയ്ക്കുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ  ( റെഡ്, ഓറഞ്ച് അലർട്ടുകൾ) നിലനിൽക്കുന്ന ദിവസങ്ങൾ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിനോദ സഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ദിവസങ്ങളിലും  സന്ദർശനാ അനുമതി നിഷേധിച്ചിട്ടുണ്ട്.ഗ്രീൻ പ്രോട്ടോകോൾ ഉറപ്പാക്കിയാണ് പൊതുജനങ്ങൾക്ക് സന്ദർശാനാനുമതി നൽകുക. ഡാമിൻ്റെയും സന്ദർശകരുടെ സുരക്ഷയ്ക്ക് പോലീസ് സേവനം ഉറപ്പാക്കിയിട്ടുണ്ട്.  http://www.keralahydeltourism.com വെബ്സൈറ്റ്  വഴിയും പാസ് നേടാം.

കേരളം

തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ 1200 രൂപവീതം; സർക്കാരിന്റെ ഓണസമ്മാനം, 200 രൂപ വർധിപ്പിച്ചു

ഗ്രാമീണ, നഗര തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ 1200 രൂപ വീതം ഓണസമ്മാനം. ഇത്തവണ 200 രൂപ വർധിപ്പിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 52.60 കോടി രൂപ അനുവദിച്ചു. 5.26 ലക്ഷം തൊഴിലാളികൾക്ക്‌ ഓണസമ്മാനം ലഭിക്കും. ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ ഓണ സമ്മാന വിതരണത്തിനായി 51.96 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം100 പ്രവർത്തിദിനം പൂർത്തിയാക്കിയ 5,19,623 പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക. അയ്യൻകാളി നഗര തൊഴിലുറപ്പ്‌ പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 6,368 തൊഴിലാളികൾക്കാണ്‌ ബത്ത ലഭിക്കുക. ഇതിനായി സർക്കാർ 63.68 ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ തവണ 1000 രൂപ വീതം നൽകിയപ്പോൾ ഇത്തവണ 1200 രൂപ വീതമാണ് വിതരണം ചെയ്യുന്നത്.

കേരളം

ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധമാക്കി

സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട്മിറർനിർബന്ധമാക്കി. നവംബർ ഒന്ന് മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെയാണ് തീരുമാനം.കെഎസ്ആർടിസി ബസ്സുകൾക്കും സ്കൂൾ വാഹനങ്ങൾക്കും ഇത് ബാധകം. ഹെവിവാഹനഡ്രൈവർമാരുടെ ബ്ലൈൻഡ് സ്പോട്ടുകളിൽ ആണ് കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളത് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതിന്റെ ശരിയായ ഉപയോഗം സംബന്ധിച്ച് ഡ്രൈവർമാർക്ക് എംവിഡി ബോധവൽക്കരണം നൽകണമെന്നും സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി നിർദേശിച്ചു. ബ്ലൈൻഡ് സ്പോട്ട് മിററിനെ പറ്റി ഡ്രൈവിംഗ് സ്കൂളുകൾ അവരുടെ വിദ്യാർഥികളെ പഠിപ്പിക്കണമെന്നും നിർദ്ദേശം.

കേരളം

വെളിച്ചെണ്ണയും പഞ്ചസാരയും പരിപ്പുമടക്കം 15 സാധനങ്ങൾ, സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ; കിറ്റ് നൽകുക 6 ലക്ഷത്തിലേറെ മഞ്ഞ കാർഡുടമകൾക്ക്

തിരുവനന്തപുരം  സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുക. മഞ്ഞ കാർഡുടമകൾക്കാണ് ഭക്ഷ്യക്കിറ്റ് കിട്ടുക. എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി ഓണക്കിറ്റ് കിട്ടുമെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും കിട്ടുന്ന സൗജന്യ ഓണക്കിറ്റിൽ തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങളാണ് ഉള്ളത്. പഞ്ചസാര ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റർ, തുവരപ്പരിപ്പ് 250 ഗ്രാം, ചെറുപയർ പരിപ്പ് 250 ഗ്രാം, വൻപയർ 250 ഗ്രാം, കശുവണ്ടി 50 ഗ്രാം, നെയ്യ് 50 എംഎൽ, തേയില 250 ഗ്രാം, പായസം മിക്സ് 200 ഗ്രാം, സാമ്പാർ പൊടി 100 ഗ്രാം, ശബരി മുളക് 100 ഗ്രാം, മഞ്ഞൾപ്പൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, ഉപ്പ് ഒരു കിലോ എന്നിവയാണ് സാധനങ്ങൾ. സെപ്റ്റംബർ നാലിന് വിതരണം പൂർത്തിയാക്കും. ആറു ലക്ഷത്തിൽ പരം എഎവൈ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് നൽകുന്നത്. അതേസമയം ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.  ബിപിഎൽ-എപിഎൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ഇത് ലഭിക്കും.

കേരളം

മാസപ്പിറവി കണ്ടു; കേരളത്തിൽ നബി ദിനം സെപ്തംബർ അഞ്ചിന്

കോഴിക്കോട്: റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ( തിങ്കള്‍) റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം സെപ്തംബർ 5നും (വെള്ളിയാഴ്ച) ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് കൂടിയായ കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

കേരളം

ടൂറിസ്റ്റ് ബസ് ഉടമകളുടെ ശ്രദ്ധയ്ക്ക്: 2025 സെപ്റ്റംബർ ഒന്നാം തീയതി മുതല്‍ രജിസ്ട്രേഷൻ ചട്ടങ്ങളില്‍ മാറ്റങ്ങള്‍

തിരുവനന്തപുരം:പാസ്സഞ്ചർ വാഹനങ്ങളുടെ രജിസ്ട്രേഷന് സെപ്റ്റംബർ ഒന്നാം തീയതി മുതൽ വരുന്ന മാറ്റങ്ങ‍‍ളെ പറ്റി ഓര്‍മിപ്പിച്ച് എം വി ഡി. അറിഞ്ഞിരിക്കാം രജസ്ട്രേഷനില്‍ വരുന്ന മാറ്റങ്ങള്‍.നിലവിൽ ഡ്രൈവറടക്കം 14- ഓ അതിന് മുകളിലോ സീറ്റിംഗ് കപ്പാസിറ്റിയുള്ള എല്ലാ പാസ്സഞ്ചർ വാഹനങ്ങളും, കേന്ദ്രമോട്ടോർ വാഹന ചട്ടം നിഷ്കര്ഷിക്കുന്ന പ്രകാരം AIS 052 (ബസ് ബോഡി കോഡ്) പാലിക്കുന്നുണ്ട് എന്ന് സാക്ഷ്യപ്പെടുത്തി ബോഡിബിൽഡർ FORM 22 B യിൽ നൽകുന്ന സാക്ഷ്യപത്രം അനുസരിച്ചാണ് രജിസ്റ്റർ ചെയ്ത് വരുന്നത്. എന്നാൽ 2025 സെപ്റ്റംബർ ഒന്നാം തീയതി മുതൽ, മേൽ ചട്ടത്തിൽ കേന്ദ്ര ഗവൺമെന്റ് ഭേദഗതി നിർദ്ദേശിച്ചിട്ടുണ്ട്. അതുപ്രകാരം ബോഡി ബിൽഡർ നൽകിവരുന്ന സെൽഫ് ഡിക്ലറേഷൻ (FORM 22B) ചട്ടത്തിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതുമാണ്. മേൽ തീയതി മുതൽ ഡ്രൈവറടക്കം പതിനാലോ അതിന് മുകളിലോ സീറ്റിംഗ് കപ്പാസിറ്റി ഉള്ള പാസഞ്ചർ വാഹനങ്ങൾ രജിസ്റ്റർ ചെയ്യണമെങ്കിൽ AIS:052 നിബന്ധനകൾ പാലിച്ച് നിർമ്മിക്കണം. മാത്രവുമല്ല കേന്ദ്ര മോട്ടോർ വാഹന 126 പ്രകാരം അധികാരപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും ടെസ്റ്റിംഗ് ഏജൻസി നൽകുന്ന ബസ് ബോഡി ടൈപ്പ് അപ്പ്രൂവൽ നിർബന്ധമായും ഉണ്ടായിരിക്കുകയും വേണം. സാക്ഷ്യപത്രം ഹാജരാക്കി വാഹനം രജിസ്റ്റർ ചെയ്യാൻ കഴിയില്ല.കൂടാതെ ഡ്രൈവറടക്കം 23 ൽ കൂടുതൽ സീറ്റിംഗ് കപ്പാസിറ്റി ഉള്ള ബസുകൾ AIS 153 നിബന്ധന കൂടി പാലിക്കണമെന്നും ഭേദഗതി വരുത്തിയിട്ടുണ്ട്. സെപ്റ്റംബർ ഒന്നാം തീയതി മുതൽ, നിലവിൽ സ്വീകരിച്ചു വരുന്ന Form 22 B സ്വീകരിച്ചുകൊണ്ട് രജിസ്ട്രേഷൻ നടത്താൻ സാധിക്കില്ല എന്നതിനാൽ ബസ് ക്യാബ് ചാസ്സിസ് ആയി വാങ്ങിയിട്ടുള്ളവർ ബോഡി നിർമ്മാണം പൂർത്തിയാക്കി ഓഗസ്റ്റ് മാസം തന്നെ വാഹനം ഹാജരാക്കി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.സെപ്റ്റംബർ ഒന്നാം തീയതി മുതൽ ഹാജരാക്കുന്ന വാഹനങ്ങൾ കേന്ദ്ര മോട്ടോർ വാഹന ചട്ടം 126 ഇൽ പരാമർശിക്കുന്ന ഏജൻസികൾ നൽകുന്ന ബസ് ബോഡി ടൈപ്പ് ഉണ്ടെങ്കിൽ മാത്രമേ രജിസ്ട്രേഷൻ നടത്താൻ സാധിക്കുകയുള്ളൂ. നിലവിൽ വാഹന ചാസിസ് വാങ്ങിയിട്ടുള്ളവർ അതിനുമുമ്പായി രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ശ്രദ്ധിക്കുമല്ലോ?