വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

പുതുവത്സരാഘോഷം; ബാർ, ബിയർ ആൻഡ് വൈൻ പാർലറുകൾ രാത്രി 12 മണിവരെ മാത്രം

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടി സർക്കാർ. ഡിസംബർ 31 ബുധനാഴ്ച ബാറുകളുടെ സമയം രാത്രി 12 മണിവരെയാണ് നീട്ടിയത്. ബിയർ ആൻഡ് വൈൻ പാർലറുകളുടെ സമയവും 12 മണിവരെ നീട്ടിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പ്രത്യേക ഇളവ് നൽകി സർക്കാർ ഉത്തരവിറക്കി. സാധാരണരീതിയിൽ 10 മണിയോടെയാണ് ബാറുകൾ പ്രവർത്തനം അവസാനിപ്പിക്കാറുള്ളത്. പുതുവർഷവേളയിലെ വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്താണ് ഇളവ്. അതാത് സ്ഥലങ്ങളിലെ ക്രമസമാധാന സാഹചര്യം പരിഗണിച്ചുകൊണ്ടായിരിക്കും പ്രവർത്തനത്തിന് അനുമതി. ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകൾക്ക് ഇളവ് നിലവിൽ ബാധകമല്ല.

കേരളം

ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി.

ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 19 പേരാണ് കേസിലെ പ്രതികൾ. കൊലപാതകം നടന്നു 13 വർഷങ്ങൾക്ക് ശേഷമാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന വിശാലിന് 2012 ജൂലൈ പതിനാറിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ വിശാൽ പിറ്റേന്നാണ് മരിച്ചത്. നിരാശാജനകമായ വിധിയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പ്രതികരിച്ചു. കോടതിക്ക് മുന്നിൽ തെളിവുകളും സാക്ഷികളേയും ഹാജരാക്കിയിരുന്നു. എന്നാൽ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി നിരാശ നൽകുന്നതാണെന്നും വിധിക്കെതിരെ അപ്പീൽ പോവുമെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. നിരാശാജനകമായ വിധിയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പികെ ഗോപകുമാർ പ്രതികരിച്ചു. പ്രതികളെ രക്ഷിക്കാൻ ആദ്യ ഘട്ടത്തിൽ സർക്കാരും പൊലീസും ഗൂഢാലോചന നടത്തി. കോടതി വേണ്ട രീതിയിൽ വിശകലനം ചെയ്തില്ല. പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതൊരുക്കി. വിജയിച്ചത് സർക്കാർ ആണെന്നും പികെ ഗോപകുമാർ പറഞ്ഞു. എബിവിപിയുടെ ചെങ്ങന്നൂരിലെ സജീവ പ്രവർത്തകനായിരുന്നു 19കാരനായ വിശാൽ. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ആദ്യവർഷ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ എബിവിപി സംഘടിപ്പിച്ച ക്രിസ്ത്യൻ കോളേജിലെ പരിപാടിക്കായി എത്തിയപ്പോൾ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദിനും ശ്രീജിത്തിനുമുൾപ്പെടെ പത്തോളം പേർക്ക് അന്ന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പ്രതികളുടെ അറസ്റ്റ് വൈകുന്നുവെന്ന പരാതിയെ തുടർന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 20 പേരാണ് കേസിൽ അറസ്റ്റിലായത്. സാക്ഷികളായ ക്യാമ്പസിലെ കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ വിചാരണവേളയിൽ മൊഴി മാറ്റിയിരുന്നു. കേസിലെ 19 പ്രതികളും നിലവിൽ ജാമ്യത്തിലാണ്. ആദ്യത്തെ 12 പ്രതികളാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. പന്തളം സ്വദേശികളായ നാസിം, ഷെഫീഖ്, അൻസാർ ഫൈസൽ, ആസിഫ് മുഹമ്മദ്, സനൂജ്, ചെറിയനാട് സ്വദേശികളായ ആഷിക്ക്, നാസിം, അൽ താജ്, സഫീർ, അഫ്സൽ, വെൺമണി സ്വദേശിയായ ഷമീർ റാവുത്തർ തുടങ്ങിയവരാണ് കേസിലെ പ്രധാന പ്രതികൾ. കേസിൽ പ്രായപൂർത്തിയാകാത്ത ഒരു പ്രതിയും ഉൾപ്പെട്ടിരുന്നു.കേസിൽ 19 പ്രതികളുടെ വിധിയാണ് ഇന്ന് പ്രഖ്യാപിച്ചത്.  

ജനറൽ

മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിയിലായിരുന്നു താമസം. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. മൂത്തമകൻ പ്യാരിലാൽ 2000 ൽ മരണപ്പെട്ടിരുന്നു. അമ്മയുമായി അതീവ ഹൃദയബന്ധം പുലർത്തിയിരുന്ന മോഹൻലാൽ, തിരക്കുകൾക്കിടയിലും അമ്മയുടെ പരിചരണത്തിനായി സമയം കണ്ടെത്തിയിരുന്നു. മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ വലിയൊരു സ്വാധീനമായിരുന്നു ശാന്തകുമാരി. പല വേദികളിലും അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാര നേട്ടം അമ്മയ്‌ക്കൊപ്പം പങ്കുവെക്കാൻ സാധിച്ചത് വലിയ ഭാഗ്യമെന്ന് മോഹൻലാൽ പ്രതികരിച്ചിരുന്നു. പുരസ്‌കാരം ലഭിച്ചവിവരം അറിഞ്ഞ് നടൻ ആദ്യം സന്ദർശിച്ചതും അമ്മയെ ആയിരുന്നു.

മരണം

പാഴൂർ അമ്പലപ്പടിയിൽ ബൈക്കും ഐഷർ ലോറിയും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശി മരണമടഞ്ഞു

പിറവം: പാഴൂർ അമ്പലപ്പടിയിൽ  ബൈക്കും ഐഷർ ലോറിയും കൂട്ടിയിടിച്ച്  കാഞ്ഞിരപ്പള്ളി സ്വദേശി മരണമടഞ്ഞു.. ഒരാൾക്ക് ഗുരുതര പരുക്കേറ്റു. കാഞ്ഞിരപ്പിള്ളി സ്വദേശി ആൽവിൻ അലക്സ് ജോർജ് (24) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ എരുമേലി സ്വദേശി എബിൻ ഫിലിപ്പ് (23) നെ  പിറവം ജെഎംപി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരുവരും ബൈക്കിൽ എറണാകുളത്തേക്ക്  ജോലിക്ക് പോകുന്നതിനിടെ ഇന്ന് രാവിലെ 7.45 ഓടെയാണ് അപകടം സംഭവിച്ചത്. ഗ്ലാസ് കയറ്റി പിറവം ഭാഗത്തേക്ക് വന്ന ലോറിയിലേക്ക് കാറിനെ മറികടന്ന് വന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. തലക്ക് ഗുരുതര പരുക്കേറ്റ ആൽവിന് അപകട സ്ഥലത്ത് തന്നെ മരിച്ചു.. മരണപ്പെട്ട ആൽവിന്റെ  മൃതദേഹം  പിറവം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

കോട്ടയം

മുൻ കടുത്തുരുത്തി എം.എൽ.എ പി.എം. മാത്യു നിര്യാതനായി

കോട്ടയം: കടുത്തുരുത്തി മുൻ എം.എൽ.എ ആയിരുന്ന പി.എം. മാത്യു (75) നിര്യാതനായി. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഒരാഴ്ചയായി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ 3.30 ഓടെയായിരുന്നു അന്ത്യംകടുത്തുരുത്തി അരുണാശ്ശേരിയിലെ വീട്ടിൽ ഇന്ന് വൈകിട്ട് 5 മണിക്ക് മൃതദേഹം എത്തിക്കും. നാളെ വൈകിട്ട് മൂന്ന് മണിക്ക് കടുത്തുരുത്തി സെന്റ് മേരീസ് ചർച്ചിൽ (താഴത്ത് പള്ളി) സംസ്ക്കാരം നടക്കും. 1991 ലാണ് പി.എം. മാത്യു കടുത്തുരുത്തിയിൽ നിന്നും മാണി ഗ്രൂപ്പ് സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ചത്. തുടർന്ന് ജേക്കബ് ഗ്രൂപ്പിലേക്കും പിന്നീട് കോൺഗ്രസിലെത്തുകയും ചെയ്തു.1996 ൽ നടന്ന തെരഞ്ഞെടുപ്പിൽ മാണി ഗ്രൂപ്പ് പി.സി. തോമസ് എന്ന സ്വതന്ത്രനെ മത്സരിപ്പിച്ചപ്പോൾ മോൻസ് ജോസഫ് എൽ.ഡി.എഫ് സ്ഥാനാർഥിയായി വിജയിച്ചു എം.എൽ.എ ആയി. ഏറെ നാളായി കിഡ്‌നി, കരൾ രോഗ ബാധിതനായിരുന്നു. ഒരു കാലത്ത് കേരളത്തിലെ തന്നെ ഉജ്വല പ്രസംഗികനായിരുന്നു പി.എം. മാത്യു.കഴിഞ്ഞ മേയ് മാസം രൂപീകരിച്ച നാഷണൽ ഫാർമേഴ്‌സ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായെങ്കിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒപ്പം ചേർന്നായിരുന്നു പ്രവർത്തിച്ചത്. എക്സ് എം.എൽ.എ ഫോറം സംസ്ഥാന വർക്കിംഗ് ചെയർമാനായിരുന്നു.ഭാര്യ കുസുമം (റിട്ട സബ് രജിസ്ട്രാർ (കടുത്തുരുത്തി). മക്കൾ: അനു പി. മാത്യു (അസോസിയേറ്റ് പ്രഫസർ ദേവമാതാ കോളജ്, കുറവിലങ്ങാട്), അഞ്ജു മാത്യു, അരുൺ മാത്യു (ഇരുവരും സിംഗപ്പൂർ)

കേരളം

യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; ഗുണ്ടാസംഘത്തിൽപ്പെട്ട രണ്ടു പേർ പിടിയിൽ

പാലക്കാട്: പാലക്കാട് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. സംഭവത്തിൽ ഗുണ്ടാസംഘത്തിൽപ്പെട്ട രണ്ടു പേർ പിടിയിൽ. എലപ്പുള്ളി തേനാരിയിലാണ് സംഭവം. ബന്ധുക്കളുടെ മുന്നിൽ വെച്ചാണ് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത്. ഒകരംപള്ളി സ്വദേശിയായ വിപിനാണ് മർദനമേറ്റത്. കഴിഞ്ഞ മാസം 17നാണ് സംഭവം നടന്നത്. ഇതേദിവസം തന്നെയാണ് വാളയാർ ആൾക്കൂട്ടകൊല നടന്നത്. നിരവധി കേസുകളിൽ പ്രതികളായ ഒകരംപള്ളി സ്വദേശികളായ ശ്രീകേഷ്,ഗിരീഷ് എന്നിവരാണ് അറസ്റ്റിലായത്.

ജനറൽ

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് ഒരു ലക്ഷത്തില്‍ താഴെ, ഇന്ന് കുറഞ്ഞത് 2240 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. 2240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ലക്ഷവും പിന്നിട്ട് കുതിച്ച സ്വർണ വില കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞ് വരികയാണ്. ഇന്നലെ മാത്രം 4 പ്രാവശ്യമാണ് സ്വര്‍ണവില ഇടിഞ്ഞത്. ആകെ 2300 രൂപയുടെ ഇടിവ് ഇന്നലെ രേഖപ്പെടുത്തി. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ലഘൂകരിച്ചതും ചൈനയുടെ കയറ്റുമതിനിയന്ത്രണങ്ങളുമാണ് വിലയിടിവിന് പിന്നിലെ പ്രധാന കാരണങ്ങള്‍. നിലവിലുണ്ടായ ഈ കുറവ് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷനല്‍കുന്നതാണ്. വില ഇനിയും കുറഞ്ഞേക്കാമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍

പ്രാദേശികം

പൂഞ്ഞാർ കൊട്ടാരം സന്ദർശിച്ച് ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ

പൂഞ്ഞാർ: ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ പൂഞ്ഞാർ കൊട്ടാരം സന്ദർശിച്ചു. ചരിത്രസ്മാരകമായ കൊട്ടാരത്തിലെത്തിയ ചെയർമാനെ ആർ.പി. രാജയുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ ഊഷ്മളമായി സ്വീകരിച്ചു. സന്ദർശനത്തോടനുബന്ധിച്ച് ആർ.പി. രാജ, നഗരസഭാ ചെയർമാന് പൊന്നാട അണിയിച്ച് ആദരവ് അർപ്പിച്ചു. പരിപാടിയിൽ മുനിസിപ്പൽ കൗൺസിലർ അമീൻ പിട്ടയിൽ, അഡ്വ. പീർ മുഹമ്മദ് ഖാൻ, പി.ഇ. മുഹമ്മദ്‌ സക്കീർ, വി.പി. മജീദ്, അഡ്വ. എ.എ. സലീം എന്നിവർ സന്നിഹിതരായിരുന്നു. പൂഞ്ഞാർ കൊട്ടാരത്തിന്റെ പൈതൃക മൂല്യങ്ങളും ടൂറിസം സാധ്യതകളും സംബന്ധിച്ച് ചർച്ചകളും നടന്നു.