വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

തക്കാളിപ്പനിക്ക് കൊവിഡ് 19, മങ്കിപോക്സ്, ഡെങ്കിപ്പനി എന്നിവയുമായി ബന്ധമില്ല; ആരോഗ്യ മന്ത്രാലയം

തക്കാളിപ്പനിക്ക് കൊവിഡ് 19, മങ്കിപോക്സ്, ഡെങ്കിപ്പനി എന്നിവയുമായി ബന്ധമില്ലെന്ന് ആരോഗ്യ മന്ത്രാലയം. ലാൻസെറ്റ് റെസ്പിറേറ്ററി ജേണലിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 82 തക്കാളിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒഡീഷയിൽ 26 കുട്ടികൾ രോഗബാധിതരായി. രോ​ഗബാധിതരായ എല്ലാ കുട്ടികളും ഒമ്പത് വയസിൽ താഴെയുള്ളവരാണെന്ന് ഭുവനേശ്വറിലെ റീജിയണൽ മെഡിക്കൽ റിസർച്ച് സെന്റർ വ്യക്തമാക്കി. സ്‌കൂളിൽ പോകുന്ന കുട്ടികളിൽ സാധാരണ കണ്ടുവരുന്ന എച്ച്‌എഫ്‌എംഡിയുടെ വകഭേദമാണ് തക്കാളിപ്പനിയെന്ന് സർക്കാർ അറിയിച്ചു. ഈ വൈറസിന് സാർസ് കോവ് 2, മങ്കിപോക്സ്, ഡെങ്കിപ്പനി അല്ലെങ്കിൽ ചിക്കുൻഗുനിയ എന്നിവയുമായി യാതൊരു ബന്ധവുമില്ലെന്നും എന്ററോവൈറസുകളുടെ ഗ്രൂപ്പിൽ പെടുന്ന Coxsackie A 17 ആണെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രോഗം സ്വയം പരിമിതപ്പെടുത്തുന്ന രോഗമാണെന്നും അതിനെ ചികിത്സിക്കാൻ പ്രത്യേക മരുന്ന് നിലവിലില്ലെന്നും വിദ​ഗ്ധർ പറയുന്നു. തക്കാളിപ്പനി ഒരു വൈറൽ രോഗമാണെന്നും ശരീരഭാഗങ്ങളിലെ തക്കാളിയുടെ ആകൃതിയിലുള്ള കുമിളകൾ ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണെന്നും വി​​ദ​ഗ്ധർ പറയുന്നു. തക്കാളിപ്പനി ബാധിച്ച കുട്ടികളിൽ കാണപ്പെടുന്ന പ്രാഥമിക ലക്ഷണങ്ങൾ മറ്റ് വൈറൽ അണുബാധകളുടേതിന് സമാനമാണ്. അതിൽ പനി, തിണർപ്പ്, സന്ധികളിലെ വേദന, ചർമ്മത്തിലെ തിണർപ്പ് എന്നിവ പ്രകടമാകാം. മറ്റ് വൈറൽ അണുബാധകൾ പോലെ, ക്ഷീണം, ഛർദ്ദി, വയറിളക്കം, പനി, നിർജ്ജലീകരണം, സന്ധികളുടെ വീക്കം, ശരീരവേദന, സാധാരണ ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾ എന്നിവയും ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. തക്കാളിപ്പനി കൂടുന്ന സാഹചര്യത്തിൽ പനി ലക്ഷണങ്ങൾ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റ് വൈറൽ പനികളെ പോലെ തക്കാളിപ്പനിയും ഒരാളിൽ നിന്ന് മറ്റേ ആളിലേക്ക് പകരാം. ചുവന്ന തടിപ്പുകൾ ചൊറിഞ്ഞ് പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.. ഒപ്പം നന്നായി വിശ്രമിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും വേണം. തക്കാളി പനിയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ വിശ്രമം ആവശ്യമാണ്.

കേരളം

ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിനോട് കയര്‍ത്ത് സംസാരിച്ചു; സിഐയെ സ്ഥലം മാറ്റി

തിരുവനന്തപുരം: ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനിലിനോട് കയര്‍ത്ത് സംസാരിച്ച സിഐയെ സ്ഥലം മാറ്റി. വട്ടപ്പാറ സിഐ ഗിരിലാലിനാണ് സ്ഥലംമാറ്റം. ഗിരിലാലിനെ വിജിലന്‍സിലേക്ക് സ്ഥലംമാറ്റിയാണ് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയത്. ഗിരിലാല്‍ മന്ത്രിയോട് അപമര്യാദയായി പെരുമാറിയതായി കാട്ടി മന്ത്രിയുടെ ഓഫിസാണ് പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. സിഐ മദ്യലഹരിയിലായിരുന്നെന്നും പരാതിയിലുണ്ട്. മന്ത്രി സംയമനം പാലിക്കാന്‍ ശ്രമിച്ചപ്പോള്‍ സിഐ മന്ത്രിയോട് അനാവശ്യമായി തട്ടിക്കയറിയെന്നാണ് പരാതി. മന്ത്രിയും ഗിരിലാലും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് നടപടി. നടപടിക്ക് ആസ്പദമായ സംഭവം ഇങ്ങനെയാണ്: കരകുളത്തെ ഒരു ഫ്ളാറ്റില്‍ താമസിക്കുന്ന നെടുമങ്ങാട് സ്വദേശിയായ വീട്ടമ്മ തന്റെ രണ്ടാം ഭര്‍ത്താവ് മകളെ ഉപദ്രവിക്കുന്നതായി ചൂണ്ടിക്കാട്ടി വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നു. തുടര്‍ന്ന്, പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ നെടുമങ്ങാട് എംഎല്‍എ കൂടിയായ മന്ത്രി വട്ടപ്പാറ സിഐ ഗിരിലാലിനെ വിളിക്കുന്നു. എന്നാല്‍, മൊഴി നല്‍കാനുള്‍പ്പെടെ യുവതി വിസമ്മതിച്ചെന്ന് സിഐ മന്ത്രിയോട് വിശദീകരിക്കുന്നതിനിടെ ന്യായം നോക്കി മാത്രമേ താന്‍ ഇടപെടൂ എന്ന് പറയുന്നത് മന്ത്രിയെ ചൊടിപ്പിക്കുകായിരുന്നു. തുടര്‍ന്ന്, ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ആളെ പോയി തൂക്കിയെടുത്തുകൊണ്ട് വന്നാല്‍ നാളെ ഞങ്ങളെ ആരും സംരക്ഷിക്കാന്‍ കാണില്ലെന്ന് സിഐ പറയുന്നത് ഓഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. യുവതിയുടെ പരാതിയില്‍ പൊലീസ് നിലവില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളം

അതിശക്തമായ മഴയ്ക്കുള്ള സാധ്യത : നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒരു മണിയുടെ മഴ മുന്നറിയിപ്പില്‍ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരുന്നത്. അതേസമയം, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ല. പടിഞ്ഞാറന്‍ കാറ്റ് ശക്തമായ സാഹചര്യത്തില്‍ വരുന്ന ദിവസങ്ങളിലും സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുമെന്നാണ് പ്രവചനം. ബുധനാഴ്ച ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലും അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.  

കേരളം

വൈക്കത്ത് വീണ്ടും തെരുവുനായ ആക്രമണം; അഞ്ച് പേർക്ക് കടിയേറ്റു

കോട്ടയം: വൈക്കത്ത് വീണ്ടും തെരുവുനായ ആക്രമണം. വൈക്കം ചെമ്പിലുണ്ടായ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചവരെയും കാൽനടയാത്രക്കാരെയുമാണ് തെരുവുനായ ആക്രമിച്ചത്. പരുക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. ഈ നായയ്ക്ക് പേവിഷ ബാധയുണ്ടോയെന്ന് സംശയമുണ്ട്. വൈക്കത്ത് മൂന്നാം തവണയാണ് ഇത്തരത്തിൽ തെരുവുനായയുടെ ആക്രമണം ഉണ്ടാകുന്നത്.

കേരളം

ഇടുക്കിയിൽ നിരോധിത ലഹരിമരുന്നുമായി പൊലീസുകാരൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

ഇടുക്കി: നിരോധിത ലഹരിമരുന്നുമായി പൊലീസുകാരൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. ഇടുക്കി എ.ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ഷാനവാസ് എം. ജെ. സുഹൃത്ത് ഷംനാസ് ഷാജി എന്നിവരെയാണ് തൊടുപുഴ എക്സൈസ് സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 3.6 ഗ്രാം എം.ഡി.എം.എ യും 20 ഗ്രാം ഉണക്കക്കഞ്ചാവും പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന കാറും ബൈക്കും കസ്റ്റഡിയിലെടുത്തു. 

കേരളം

വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കി, ലൈംഗിക ചുവയോടെയുള്ള സംസാരം; ഇടുക്കിയില്‍ അധ്യാപകനെതിരെ പോക്സോ കേസ്

കഞ്ഞിക്കുഴി: ഇടുക്കിയിൽ എൻഎസ്എസ് ക്യമ്പിനെത്തിയ വിദ്യാ‍ർത്ഥിക്ക് നേരെ അധ്യാപകന്‍റെ ലൈംഗികാധിക്ഷേപം.  അധ്യാപകനെതിരെ കഞ്ഞിക്കുഴി പൊലീസ് പോക്സോ കേസെടുത്തു. പത്തനംതിട്ട സ്വദേശി ഹരി ആർ വിശ്വനാഥിനെതിരെയാണ് കേസ് എടുത്തത്.  പെൺകുട്ടികൾ വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിഞ്ഞു നോക്കിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാണ് പരാതി. ബിജെപി അനുകൂല അധ്യാപക സംഘടയുടെ ജില്ലാ ഭാരവാഹിയാണ് ഹരി ‌ആർ വിശ്വനാഥ്. പരാതി ഒതുക്കി തീർക്കാൻ സഹ വിദ്യാ‍ര്‍ത്ഥിയോട് അപേക്ഷിക്കുന്ന ശബ്ദ സന്ദേശവും പുറത്തു വന്നിരുന്നു.  സംഭവം നടന്ന വിവരം പുറത്തറിഞ്ഞതിനു പിന്നാലെയാണ് സഹവിദ്യാര്‍ത്ഥി അധ്യാപകനോട് ഇക്കാര്യം ഫോണില്‍ സംസാരിച്ചത്. അപ്പോഴാണ് വിദ്യാര്‍ത്ഥിയോട് ഇയാള്‍ ക്ഷമാപണം നടത്തുന്നത്. അധ്യാപകനെ സ്കൂള്‍ മാനേജ്മെന്‍റ് സസ്പെന്‍റ് ചെയ്തിട്ടുണ്ട്. 

കേരളം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കോട്ടയം ഉൾപ്പെടെയുള്ള മൂന്ന് ജില്ലകൾക്ക് യെല്ലോ അലേർട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വിഭാഗം. നാളെ മുതല്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം, മൂന്ന് ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 22, 23, 24 തീയതികളിലാണ് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ഉള്ളത്. വിവിധ ജില്ലകളില്‍ 22, 23 തിയതികളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 22 ന് കോട്ടയം, ഇടുക്കി ജില്ലകളിലും 23 ന് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്കും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ ഓഗസ്റ്റ് 22 മുതൽ 24 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. കേരള - ലക്ഷദ്വീപ് - കർണ്ണാടക  തീരത്തും അതിനോട് ചേർന്നുള്ള തെക്ക് - കിഴക്കൻ അറബിക്കടൽ  എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ  ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും  സാധ്യതയുണ്ട്. 20-08-2022:  തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ  തീരം എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. വടക്ക് ആന്ധ്രാ പ്രദേശ് തീരം അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതിയിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

കേരളം

അട്ടപ്പാടി മധു കൊലക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കി

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി മണ്ണാര്‍ക്കാട് എസ് സി/ എസ് ടി കോടതി. 12 പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. ജാമ്യത്തില്‍ തുടരവെ, സാക്ഷികളെ പ്രതികള്‍ സ്വാധീനിച്ചതായി കോടതിയ്ക്ക് വ്യക്തമായി. ഇതോടെയായിരുന്നു ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. ഒന്ന്, നാല്, 13,14 പ്രതികള്‍ ഒഴികെയുള്ളവരുടെ ജാമ്യമാണ് റദ്ദാക്കിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിച്ച 12 പ്രതികളുടെയും ജാമ്യാപേക്ഷ റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം. ഇത് അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചതിനുള്ള രേഖകള്‍ വിചാരണ വേളയില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചായിരുന്നു കോടതി ജാമ്യം റദ്ദാക്കാന്‍ തീരുമാനിച്ചത്. കേസിന്റെ വിചാരണയ്ക്കിടെ 13 സാക്ഷികളായിരുന്നു കൂറ് മാറിയത്. പ്രതികളുടെ സ്വാധീനത്തെ തുടര്‍ന്നാണ് ഇതെന്ന് വ്യക്തമായതോടെ പ്രോസിക്യൂഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ സാക്ഷികളെ സ്വാധീനിച്ചത്. നേരിട്ടും, ഇടനിലക്കാര്‍ മുഖേനയുമായിരുന്നു ഇവരുടെ നീക്കങ്ങള്‍. സാക്ഷികളെ 63 തവണ ഒരു പ്രതി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അടക്കം കോടതിയില്‍ ഹാജരാക്കിയിരുന്നു.