വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

പാതിവില തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍

കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍. അന്വേഷണ സംഘത്തിന്റെ തലവനായ ക്രൈംബ്രാഞ്ച് എസ്പി എംജെ സോജനെ വിജിലന്‍സിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് നടപടി. ഇനി പ്രത്യേക സംഘം അന്വേഷിക്കേണ്ടതില്ലെന്നും ക്രൈംബ്രാഞ്ചിന്റെ അതത് യൂണിറ്റുകള്‍ അന്വേഷിച്ചാല്‍ മതിയെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.   പാതിവിലയ്ക്ക് സ്‌കൂട്ടറുകള്‍ ഉള്‍പ്പെടെ ലഭിക്കുമെന്ന പേരില്‍ കേരളത്തില്‍ ഉടനീളം നടന്ന തട്ടിപ്പായിരുന്നു പാതിവില തട്ടിപ്പ്. 500 കോടി രൂപയിലധികം രൂപയാണ് ഇതിലൂടെ തട്ടിയെടുത്തത്. 1400 ലധികം പരാതികളാണ് ഉയര്‍ന്നിരുന്നത്. പ്രത്യേക സംഘം ഇല്ലാതായതോടെ അന്വേഷണം കുത്തഴിഞ്ഞ നിലയിലാകുമെന്ന് ആശങ്കയും ഉയരുന്നുണ്ട്. സീഡ് സൊസൈറ്റികള്‍ കൂടി ഉള്‍പ്പെട്ട ഏറെ നൂലമാലകള്‍ ഉള്ള തട്ടിപ്പ് കൂടിയാണിത്. ഏകീകൃത സ്വഭാവത്തോടെ അന്വേഷിച്ചില്ലെങ്കില്‍ പരസ്പര വൈരുദ്ധ്യമുള്ള കണ്ടെത്തുലകള്‍ വന്നേക്കാനും സാധ്യതയുണ്ട്. സാക്ഷികളും പ്രതികളും അന്വേഷണത്തിന്റെ സ്വഭാവമനുസരിച്ച് മാറി വരാം. വിചാരണ ഘട്ടത്തില്‍ പ്രതികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. സമാനസ്വഭാവമാണെങ്കില്‍ മൂന്ന് പരാതിക്കാര്‍ക്ക് ഒറ്റക്കേസ് എന്ന നിലയില്‍ കോടതിക്ക് വിചാരണ ചെയ്യാം. പരസ്പര വൈരുദ്ധ്യമുള്ള കണ്ടെത്തലുകളാണെങ്കില്‍ ഇതിന് കഴിയില്ല. ഇതോടെ വിചാരണ വര്‍ഷങ്ങളോളം നീളാം. തട്ടിപ്പിനിരയായവര്‍ക്ക് നീതി നിഷേധിക്കുന്ന തീരുമാനമാണ് സര്‍ക്കാരില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

കേരളം

റോബിൻ ബസ്സിന് വീണ്ടും പൂട്ട്; കസ്റ്റഡിയിൽ എടുത്ത് തമിഴ്‌നാട് ആർടിഒ

പാലക്കാട്: നിയമലംഘനത്തിന്റെ പേരിൽ നിരവധി തവണ നിയമനടപടി നേരിട്ട് ശ്രദ്ധിക്കപ്പെട്ട റോബിൻ ബസ് വീണ്ടും കസ്റ്റഡിയിൽ എടുത്ത് തമിഴ്‌നാട് ആർടിഒ. റോഡ് ടാക്‌സ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിൽ എത്തിയപ്പോഴാണ് ബസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ഓൾ ഇന്ത്യ പെർമിറ്റുണ്ടെന്നും കോടതിയെ സമീപിക്കുമെന്നും ബസ്സുടമയായ ഗിരീഷ് പറഞ്ഞു.

കേരളം

സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് വമ്പൻ വിലക്കുറവ്; സ്പെഷ്യല്‍ ഓഫര്‍ സെപ്റ്റംബര്‍ 3, 4 തീയതികളില്‍

2025 സെപ്റ്റംബര്‍ 3, 4 തീയതികളില്‍ സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്നും 1500 രൂപയ്ക്കോ അതില്‍ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ലിറ്റര്‍ വെളിച്ചെണ്ണ 50 രൂപ വിലക്കുറവില്‍ സ്പെഷ്യല്‍ ഓഫറായി ലഭിക്കുന്നതാണ്. ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപ വിലയ്ക്ക് ഈ ദിവസങ്ങളില്‍ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. സപ്ലൈകോയിൽ ഇന്നലെ മാത്രം വിറ്റഴിച്ചത് 21 കോടിയിലധികം രൂപയുടെ ഉൽപ്പന്നങ്ങൾ. ഓണക്കാലത്ത് സപ്ലൈകോയുടെ വില്പന ഇതു വരെ 300 കോടി കടന്നു. 300 കോടി വില്പനയാണ് ഓണക്കാലത്ത് സപ്ലൈകോ ആകെ പ്രതീക്ഷിച്ചിരുന്നത്. ഇതുവരെ നടന്നത് 319.3 കോടി രൂപയുടെ വില്പനയെന്നും സർക്കാർ കണക്കുകൾ. 49 ലക്ഷത്തോളം ഉപഭോക്താക്കൾ സപ്ലൈകോയിൽ എത്തി. കേരളത്തിലെ 3.33 കോടി ജനങ്ങളിൽ രണ്ട് കോടി പേർക്കെങ്കിലും സർക്കാരിന്റെ വിപണിയിടപെടലിന്റെ നേരിട്ടുള്ള പ്രയോജനം ലഭിച്ചതായി പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

കേരളം

തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,83,12,463 വോട്ടര്‍മാരാണുള്ളത്.വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിംഗ് സ്റ്റേഷന്‍ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍ പട്ടിക തയാറാക്കിയിട്ടുള്ളത്.ജൂലൈ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ആകെ 2,68,78,258 വോട്ടര്‍മാരാണുണ്ടായിരുന്നത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 29,81,310 പുതിയ അപേക്ഷകരുണ്ടായിരുന്നു. പട്ടികയില്‍ നിന്നും പേര് ഒഴിവാക്കുന്നതിന് ആകെ 4,88,024 ആപേക്ഷകളാണ് ലഭിച്ചിരുന്നത്.1,33,52,945 പുരുഷന്‍മാരും 1,49,59,242 സ്ത്രീകളും 276 ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ് പുതിയ പട്ടികയിലുള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്. ഇതിനു പുറമെ പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 2067 പേരുണ്ട്.14 ജില്ലകളിലായി 941 പഞ്ചായത്തുകളിലെ 17337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാര്‍ഡുകളിലെയും ആറു കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്.അതത് വോട്ടര്‍പട്ടിക കമ്മീഷന്‍റെ sec.kerala.gov.in വെബ്‌സൈറ്റിലും തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്.

കേരളം

സെപ്റ്റംബറില്‍ വൈദ്യുതി ബില്ല് കൂടും; കാരണം..

തിരുവനന്തപുരം: സെപ്റ്റംബറില്‍ യൂണിറ്റിന് പത്തുപൈസ വീതം വൈദ്യുതി സര്‍ച്ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി. നിലവിലുള്ളതിനേക്കാള്‍ കൂടുതലാണിത്.മാസംതോറും ബില്‍ അടയ്ക്കുന്നവര്‍ക്ക് ഒന്‍പത് പൈസയും രണ്ടു മാസത്തിലൊരിക്കല്‍ ബില്‍ അടയ്ക്കുന്നവര്‍ക്ക് എട്ടു പൈസയുമാണ് ഓഗസ്റ്റില്‍ ഈടാക്കിയിരുന്നത്. വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള ഇന്ധനച്ചെലവ് കൂടിയതിനാല്‍ ജൂലൈയില്‍ ഉണ്ടായ അധികബാധ്യതയായ 26.28 കോടി രൂപ ഈടാക്കാനാണ് സെപ്റ്റംബറിലെ സര്‍ച്ചാര്‍ജ്.ഈ കണക്ക് അനുസരിച്ച് യഥാര്‍ഥത്തില്‍ 12.54 പൈസയാണ് ചുമത്തേണ്ടതെന്നാണ് കെഎസ്ഇബിയുടെ അവകാശവാദം. എന്നാല്‍ 10 പൈസ വരെ ഈടാക്കാനേ റെഗുലേറ്ററി കമ്മീഷന്റെ അനുവാദമുള്ളൂ        

കേരളം

ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാം സെപ്തംബർ 1 മുതൽ നവംബർ 30 വരെയാണ് അനുമതി

ഇടുക്കി, ചെറുതോണി ഡാമുകൾ സെപ്തംബർ 1 മുതൽ നവംബർ 30 വരെ സന്ദർശിക്കുന്നതിന്  പൊതുജനങ്ങൾക്ക് സർക്കാർ അനുമതി നൽകി ഉത്തരവായി.ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സന്ദർശാനാനുമതിക്ക് വഴി തെളിഞ്ഞത്. ഡാം പരിശോധന നടക്കുന്ന ബുധനാഴ്ചകളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. കൂടാതെ വെള്ളം തുറന്നു വിടുന്ന ദിവസങ്ങൾ, ശക്തമായ മഴയ്ക്കുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ  ( റെഡ്, ഓറഞ്ച് അലർട്ടുകൾ) നിലനിൽക്കുന്ന ദിവസങ്ങൾ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിനോദ സഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ദിവസങ്ങളിലും  സന്ദർശനാ അനുമതി നിഷേധിച്ചിട്ടുണ്ട്.ഗ്രീൻ പ്രോട്ടോകോൾ ഉറപ്പാക്കിയാണ് പൊതുജനങ്ങൾക്ക് സന്ദർശാനാനുമതി നൽകുക. ഡാമിൻ്റെയും സന്ദർശകരുടെ സുരക്ഷയ്ക്ക് പോലീസ് സേവനം ഉറപ്പാക്കിയിട്ടുണ്ട്.  http://www.keralahydeltourism.com വെബ്സൈറ്റ്  വഴിയും പാസ് നേടാം.

കേരളം

തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ 1200 രൂപവീതം; സർക്കാരിന്റെ ഓണസമ്മാനം, 200 രൂപ വർധിപ്പിച്ചു

ഗ്രാമീണ, നഗര തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ 1200 രൂപ വീതം ഓണസമ്മാനം. ഇത്തവണ 200 രൂപ വർധിപ്പിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 52.60 കോടി രൂപ അനുവദിച്ചു. 5.26 ലക്ഷം തൊഴിലാളികൾക്ക്‌ ഓണസമ്മാനം ലഭിക്കും. ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ ഓണ സമ്മാന വിതരണത്തിനായി 51.96 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം100 പ്രവർത്തിദിനം പൂർത്തിയാക്കിയ 5,19,623 പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക. അയ്യൻകാളി നഗര തൊഴിലുറപ്പ്‌ പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 6,368 തൊഴിലാളികൾക്കാണ്‌ ബത്ത ലഭിക്കുക. ഇതിനായി സർക്കാർ 63.68 ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ തവണ 1000 രൂപ വീതം നൽകിയപ്പോൾ ഇത്തവണ 1200 രൂപ വീതമാണ് വിതരണം ചെയ്യുന്നത്.

കേരളം

ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധമാക്കി

സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട്മിറർനിർബന്ധമാക്കി. നവംബർ ഒന്ന് മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെയാണ് തീരുമാനം.കെഎസ്ആർടിസി ബസ്സുകൾക്കും സ്കൂൾ വാഹനങ്ങൾക്കും ഇത് ബാധകം. ഹെവിവാഹനഡ്രൈവർമാരുടെ ബ്ലൈൻഡ് സ്പോട്ടുകളിൽ ആണ് കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളത് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതിന്റെ ശരിയായ ഉപയോഗം സംബന്ധിച്ച് ഡ്രൈവർമാർക്ക് എംവിഡി ബോധവൽക്കരണം നൽകണമെന്നും സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി നിർദേശിച്ചു. ബ്ലൈൻഡ് സ്പോട്ട് മിററിനെ പറ്റി ഡ്രൈവിംഗ് സ്കൂളുകൾ അവരുടെ വിദ്യാർഥികളെ പഠിപ്പിക്കണമെന്നും നിർദ്ദേശം.