വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

മരണം

മരണം

റവ ഡോ സെബാസ്റ്റ്യൻ ആലപ്പാട്ടുകുന്നേൽ അരുവിത്തുറയുടെ അക്ഷര തേജസ്സ് വിടവാങ്ങി.

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജിനെ നാടിൻ്റെ ബഹുമുഖ വളർച്ചയ്ക്ക് ഉപയുക്തമാക്കിയ അരുവിത്തുറയുടെ പ്രിയ ആലപ്പാട്ടുകുന്നേലച്ചൻ നിത്യതയിലേക്ക് യാത്രയായി.സുദീർഘമായ 20 വർഷം അരുവിത്തുറ കോളേജിന്റെ അധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച അദ്ദേഹം അരുവിത്തുറയുടെ സമഗ്ര വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകി. അരുവിത്തുറ കോളേജ് കടവിൽ നിന്നും പൂഞ്ഞാർ ഹൈവേയിലേക്ക് ഒരു പാലം എന്ന പ്രദേശവാസികളുടെ ചിരകാല അഭിലാഷം പൂർത്തിയാക്കുവാൻ 1997 ൽ സർക്കാരിൻ്റെ കോൺട്രിബ്യൂഷൻ സ്കീമിലേക്ക് 18 ലക്ഷം രൂപ കോളേജിന്റെ വിഹിതമായി അടച്ച് 1998 പാലത്തിൻ്റെ നിർമാണം പൂർത്തിയാക്കിയത് അദ്ദേഹത്തിൻ്റെ ക്രാന്ത ദർശനത്തിൻ്റെ ഉദാഹരണമാണ്.അരുവിത്തുറ കോളേജിന് യുജിസി അംഗീകാരം ലഭിക്കുന്നത് ഈ കാലഘട്ടത്തിലാണ്. ഇതോടൊപ്പം എയ്ഡഡ് വിഭാഗത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും തുടക്കമിട്ടു.   അരുവിത്തുറ കോളേജിൽ  സ്വാശ്രയ വിഭാഗം ആരംഭിച്ച് നിരവധി തൊഴിലധിഷ്ഠിത കോഴ്സുകൾക്കും അദ്ദേഹം തുടക്കമിട്ടു. പിന്നീട് ഈ സ്വാശ്രയ വിഭാഗം വളരുകയും ഏതാണ്ട് 15000 ത്തോളം വിദ്യാർത്ഥികൾക്ക് കൂടി പഠന അവസരം ലഭ്യമാക്കുകയും ചെയ്തു.പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കാവുന്ന വിധത്തിൽ അരുവിത്തുറ കോളേജിന് ഒരു വലിയ ഓഡിറ്റോറിയം നിർമ്മിച്ചു.പെൺകുട്ടികൾക്കായി ലേഡീസ് ഹോസ്റ്റൽ ആരംഭിച്ചു.ഒപ്പം അരുവിത്തുറ കോളജിന് ഒരു മനോഹരമായ കവാടവും ഒരുക്കി. ഏഷ്യയിൽ തന്നെ ആദ്യമായി ക്യാമ്പസിൽ നിന്നും സംപ്രേക്ഷണം ചെയ്യുന്ന ഒരു ടെലിവിഷൻ ചാനലിനും ക്യാമ്പസ് കമ്മ്യൂണിറ്റി ടെലികാസ്റ്റിംഗ് സെൻ്റർ എന്ന ആശയത്തിനും 15 പഞ്ചായത്തുകളിലെ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരെ കോർത്തിണക്കി സെൻ്റ് ജോർജ് കോളേജ് കേബിൾ നെറ്റ് വർക്ക് എന്ന ബൃഹത്തായ കേബിൾ ശൃംഖലയ്ക്കും  അദ്ദേഹം രൂപം നൽകി. വിദ്യാർത്ഥികളുടെ സ്വഭാവരൂപീകരണത്തിനും പുരോഗമന ചിന്തയ്ക്കും അച്ചടക്കത്തിനും ഒരേപോലെ പ്രാധാന്യം നൽകിയുള്ള വിദ്യാഭ്യാസ പദ്ധതികൾ ആയിരുന്നു അദ്ദേഹം കലാലയത്തിൽ നടപ്പിലാക്കിയത്.അദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ നാക്ക് അക്രഡിറ്റേഷനിൽ 4 സ്റ്റാർ പദവി നേടിയ പ്രദേശത്തെ ഏക കലാലയമായിരുന്നു അരുവിത്തുറ കോളേജ്.അരുവിത്തുറ കോളേജ് പ്രിൻസിപ്പൽ ആയി റവ. ഡോ സെബാസ്റ്റ്യൻ ആലപ്പാട്ട് കുന്നേൽ സേവനമനുഷ്ഠിച്ച കാലയളവ് അരുവിത്തുറ കോളേജിന്റെ സുവർണ്ണ കാലഘട്ടമായിരുന്നെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് പറഞ്ഞു. ഒരു വിദ്യാഭ്യാസ വിചക്ഷണൻ എന്നതിനപ്പുറം ആത്മീയതയുടെ ആഴങ്ങൾ ദർശിച്ച പുരോഹിത ശ്രേഷ്ഠനും കുഞ്ഞാടുകളുടെ മനമറിയുന്ന നല്ല ഇടയനുമായിരുന്നു അദ്ദേഹം. ഇടവക വികാരിയെന്ന നിലയിൽ മേലുകാവുമറ്റം, കൂട്ടിയ്ക്കൽ ളാലം ,മരങ്ങാട്ടുപള്ളി,ഇലഞ്ഞി തുടങ്ങിയ ദേവാലയങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1946 ജൂൺ 2 ന് പ്ലാശനാൽ ആലപ്പാട്ടുക്കുന്നേൽ കുടുംബത്തിൽ ജനിച്ച അദ്ദേഹം 1972 ജനുവരി 5 നാണ് വൈദിക പട്ടം സ്വീകരിച്ചത്. പാലാ കിഴതടിയൂർ സെന്റ് ജോസഫ് ദേവാലയത്തിൽ പാസ്ട്രൽ അസിസ്റ്റൻ്റായി സേവനമനുഷ്ഠിച്ചു വരികെയാണ് അദ്ദേഹം നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടത്.അദ്ദേഹത്തിൻ്റെ മൃതസംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച്ച 2ന് പനയ്ക്കപ്പാലത്തുള്ള അദ്ദേഹത്തിൻ്റെ സഹോദരൻ്റെ ഭവനത്തിൽ ആരംഭിച്ച് പ്ലാശനാൽ ഇടവക ദേവാലയത്തിൽ നടക്കും.അദ്ദേഹത്തിൻ്റെ ആകസ്മിക നിര്യാണത്തിൽ കോളേജ് മാനേജർ വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ,കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്,കോളേജ് ബർസാർ റവ. ഫാ ബിജു കുന്നയ്ക്കാട്ട്,വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ അനുശോചനം അറിയിച്ചു

മരണം

സിമന്റ് കട്ടകൾ ദേഹത്ത് വീണ് മധ്യവയസ്കൻ മരിച്ചു

പൂഞ്ഞാർ: കെട്ടിടത്തിന്റെ ഭിത്തി പൊളിക്കുന്നതിനിടെ സിമന്റ് കട്ടകൾ  ദേഹത്ത് വീണ് മധ്യവയസ്കൻ മരിച്ചു. പുഞ്ഞാർ തെക്കക്കര പഞ്ചായത്തിൽ കടലാടിമറ്റം ആലപ്പാട്ട് പുഷ്പൻ (63) ആണ് മരിച്ചത്. ഞായറാഴ്ച രണ്ട് മണിയ്ക്ക് പുഷ്പന്റെ വീടിന്റെ സമീപത്തുള്ള കെട്ടിടത്തിന്റെ സിമന്റ് കട്ട പൊളിച്ചെടുക്കുന്ന സമയത്താണ് അപകടമുണ്ടായത്. ഉടൻ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ: ലതിക കടലാടിമറ്റം മങ്ങാട്ടുകുന്നേൽ കുടുംബാംഗം. മക്കൾ: അശ്വിൻ, അശ്വതി. സംസ്കാരം. ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.

മരണം

കോട്ടയം തഹസിൽദാർ അനിൽകുമാർ എസ്. എൻ അന്തരിച്ചു*

കോട്ടയം തഹസിൽദാർ അനിൽകുമാർ എസ് എൻ അന്തരിച്ചു.55 വയസായിരുന്നു.ഇന്ന് പുലർച്ചയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയായിരുന്നു അന്ത്യം.കോട്ടയം നീണ്ടൂർ കുമ്മാക്കോത്ത് കുടുംബാംഗമാണ്.ഭാര്യ: മിനി എം.ജിമകൻ : ഋഷികേശ് നാരായണൻ (ബംഗളൂരൂ)മകൾ: നന്ദിത കൃഷ്ണ (വിദ്യാർത്ഥി -നിഫ്റ്റ് ചെന്നൈ`) 

മരണം

മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. പൂനെയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നൽകിയ ശാസ്ത്രജ്ഞനാണ് മാധവ് ​ഗാഡ്​ഗിൽ. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംസ്കാരം വൈകിട്ട് നാലുമണിക്ക് പൂനയിലെ വൈകുണ്ഠ ശ്മശാനത്തിൽ നടക്കും. പരിസ്ഥിതി, ഇന്ത്യയുടെ സാമൂഹിക -രാഷ്ട്രീയ അജണ്ടകളിലേക്ക് കൊണ്ടുവരുന്നതിൽ മാധവ് ​ഗാഡ്​ഗിൽ നിർണായക പങ്കുവഹിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളിൽ നിർണായക സ്വാധീനം ചെലുത്തി. അവ​ഗണിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരികയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. മാധവ് ​ഗാഡ്​ഗിലിൻ്റെ നിലപാടുകൾ എത്രത്തോളം ശരിയാണെന്ന് പിന്നീട് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  വിദേശത്തെ ഹാർവാഡ് സർവ്വകലാശാലയിൽ പഠിച്ചതിന് ശേഷം ഇന്ത്യയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ 30 വർഷത്തോളം ജോലി ചെയ്തു. പശ്ചിമ ഘട്ട സംരക്ഷണ പഠനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക കൗൺസിലിൽ അം​ഗമായിരുന്നു. പശ്ചിമ ഘട്ട സംരക്ഷണ പഠനങ്ങൾ വലിയ രീതിയിൽ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു  

മരണം

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കെ പി അബൂബക്കര്‍ ഹസ്‌റത്ത് അന്തരിച്ചു

കൊല്ലം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും വര്‍ക്കല ജാമിയ മന്നാനിയ പ്രിന്‍സിപ്പലുമായ കെ പി അബൂബക്കര്‍ ഹസ്‌റത്ത്(85) അന്തരിച്ചു. ഖബറടക്കം വൈകിട്ട് നാലിന് കൊല്ലം മുട്ടയ്ക്കാവ് ജുമാമസ്ജിദില്‍ നടക്കും. പ്രമുഖ പണ്ഡിതനും ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുനാഥനുമായ ഹസ്‌റത്ത് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉന്നത നേതാക്കളില്‍ ഒരാളായ അദ്ദേഹം ദീര്‍ഘകാലം വൈസ് പ്രസിഡന്റായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി പ്രസിഡന്റാണ്. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ എഴുപതാം വാര്‍ഷിക സന്ദേശ യാത്ര ഇന്ന് കൊടുങ്ങല്ലൂരില്‍ ആരംഭിക്കാനിരിക്കുകയായിരുന്നു. പരിപാടികള്‍ എല്ലാം ചൊവ്വാഴ്ചയിലേക്കു മാറ്റിയതായി ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അറിയിച്ചു. ദക്ഷിണ കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള എല്ലാ മദ്രസകള്‍ക്കും ഇന്ന് അവധിയും പ്രഖ്യാപിച്ചു.

മരണം

പാഴൂർ അമ്പലപ്പടിയിൽ ബൈക്കും ഐഷർ ലോറിയും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശി മരണമടഞ്ഞു

പിറവം: പാഴൂർ അമ്പലപ്പടിയിൽ  ബൈക്കും ഐഷർ ലോറിയും കൂട്ടിയിടിച്ച്  കാഞ്ഞിരപ്പള്ളി സ്വദേശി മരണമടഞ്ഞു.. ഒരാൾക്ക് ഗുരുതര പരുക്കേറ്റു. കാഞ്ഞിരപ്പിള്ളി സ്വദേശി ആൽവിൻ അലക്സ് ജോർജ് (24) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ എരുമേലി സ്വദേശി എബിൻ ഫിലിപ്പ് (23) നെ  പിറവം ജെഎംപി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരുവരും ബൈക്കിൽ എറണാകുളത്തേക്ക്  ജോലിക്ക് പോകുന്നതിനിടെ ഇന്ന് രാവിലെ 7.45 ഓടെയാണ് അപകടം സംഭവിച്ചത്. ഗ്ലാസ് കയറ്റി പിറവം ഭാഗത്തേക്ക് വന്ന ലോറിയിലേക്ക് കാറിനെ മറികടന്ന് വന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. തലക്ക് ഗുരുതര പരുക്കേറ്റ ആൽവിന് അപകട സ്ഥലത്ത് തന്നെ മരിച്ചു.. മരണപ്പെട്ട ആൽവിന്റെ  മൃതദേഹം  പിറവം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

മരണം

ഈരാറ്റുപേട്ട സ്വദേശിനി ഉംറ തീർഥാടനത്തിനിടെ മദീനയിൽ നിര്യാതയായി

ഈരാറ്റുപേട്ട: ഉംറ തീർഥാടനത്തിനിടെ സൌദിയിലെ മദീനയിൽ ഈരാറ്റുപേട്ട സ്വദേശിനി നിര്യാതയായി. മാതാക്കൽ ഇടകിളമറ്റം കണിയാംപള്ളി ഹസൻകുട്ടിയുടെ (വട്ടക്കയത്ത് സൈക്കിൾ കട) ഭാര്യ റംല (59)യാണ് മദീനയിൽ നിര്യാതയായത്. യാത്രക്കിടെ ബസ്സിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 16-ാം തീയതിയാണ് ലബ്ബൈക്ക് ഗ്രൂപ്പിൽ ഉംറക്ക് പുറപ്പെട്ടത്. മറ്റന്നാൾ തിരികെ എത്താനിരിക്കുകയായിരുന്നു. സഹോദരി സഫിയയും ഒപ്പമുണ്ടായിരുന്നു. നൌഫൽ, നജിയ എന്നിവരാണ് മക്കൾ.

മരണം

മുണ്ടക്കയം- കോരുത്തോട് റോഡിൽ തീർത്ഥാടന വാഹനം ഇടിച്ച് യുവാവ് മരിച്ചു.

മുണ്ടക്കയം; കോരുത്തോട് റോഡിൽ  മടുക്ക പാറമട ഭാഗത്ത് വച്ച് തീർത്ഥാടന വാഹനം ഇടിച്ച് മടുക്ക  സ്വദേശിയായ യുവാവ് മരിച്ചു.മടുക്ക മൈനാക്കുളം വയലക്കൊമ്പിൽ എബി തോമസ് (29) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടുകൂടിയായിരുന്നു അപകടം. ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ തമിഴ്നാട് രാജപാളയം സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ എബി സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു