വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ലോകം

ലോകം

ഇന്തോനേഷ്യയില്‍ ഭൂചലനം, 46 മരണം, 300 ലേറെ പേര്‍ക്ക് പരിക്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ ഭൂചലനം. 46 പേർ മരിച്ചു. ജാവാ ദ്വീപിലാണ് റിക്ടർ സ്കെയിലിൽ5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 700 ലേറേ പേർക്ക് പരിക്കേറ്റു. 12 ൽ അധികം വൻകിട കെട്ടിടങ്ങൾ തകർന്നു. നിരവധി വീടുകൾ മണ്ണിനടിയിലായി. കെട്ടിടങ്ങളുടെ അടിയിൽപ്പെട്ടാണ് മരണമേറെയും. തുടർ ചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ തലസ്ഥാന നഗരത്തിൽ അഭയം തേടുകയാണ്.പടിഞ്ഞാറൻ ജാവയിലെ സിയാൻജൂർ മേഖലയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഇവിടെ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ജക്കാർത്തയിലും ഭൂചലനത്തിന്‍റെ പ്രകമ്പനങ്ങളുണ്ടായി. ഭൂപ്രകൃതിയുടെ പ്രത്യേകത മൂലം ഭൂചലനങ്ങളും സുനാമിയും രാജ്യത്ത് അസാധാരണമല്ല. 2021 ഫെബ്രുവരിയില്‍ സുലവേസി ദ്വീപിൽ ഉണ്ടായ ഭൂചലനത്തിൽ നൂറിലേറെ പേര്‍ മരിക്കുകയും, നിരവധി പേര്‍ക്ക് വീട് നഷ്ടമാകുകയും ചെയ്തിരുന്നു. 2018ൽ സുലവേസിയിലുണ്ടായ സുനാമിയിൽ പൊലിഞ്ഞത് രണ്ടായിരത്തോളം ജീവനാണ്.

ലോകം

ഗിനിയയില്‍ തടവിലുള്ള നാവികരെ കപ്പലിലേക്ക് മാറ്റി

ഗിനിയയില്‍ തടവിലുള്ള നാവികരെ കപ്പലിലേക്ക് മാറ്റി. 15 പേരെയാണ് കപ്പലിലേക്ക് മാറ്റിയത്. കപ്പലിനെയും ജീവനക്കാരെയും നൈജീരയക്ക് കൈമാറുമെന്നാണ് വിവരം. കപ്പലിനെ കെട്ടിവലിച്ചു കൊണ്ട് പോകാനും നീക്കം ഉണ്ടെന്ന് സംഘത്തില്‍ അകപ്പെട്ട സനു ജോസ് പറയുന്നു. ആശയവിനിമയം നഷ്ടമായെന്ന് ചീഫ് ഓഫീസര്‍ സനു ജോസഫ് അറിയിച്ചു. അതേ സമയം ജീവനക്കാരുടെ മോചനത്തിനായി കപ്പല്‍ കമ്പനി അന്തര്‍ ദേശീയ കോടതിയെ ഉടന്‍ സമീപിക്കും. തടവിലാക്കപ്പെട്ട മലയാളികള്‍ അടക്കമുള്ള നാവികരെ മോചിപ്പിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് നല്‍കിയിരുന്നു. കപ്പല്‍ ജീവനക്കാരുടെ ജീവന്‍ അപകടത്തിലാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

ലോകം

കോവിഡ് കേസുകളിൽ വർധന ; വുഹാനില്‍ ഭാഗിക ലോക്ക്ഡൗണ്‍

കോവിഡ് കേസുകള്‍ ലോകത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാനില്‍ ഭാഗിക ലോക്ക്ഡൗണ്‍. പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ലോക്ക്ഡൗണ്‍ ഞായറാഴ്ച വരെ തുടരും. വുഹാനിലെ 13 നഗര ജില്ലകളില്‍ ഒന്നായ ഹന്യാങ്ങിലെ ജനങ്ങളോട് അനാവശ്യമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. പൊതുഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. വിനോദപരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലും വിലക്കുണ്ട്. ചൊവ്വാഴ്ച വുഹാനില്‍ 18 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വരും ദിവസങ്ങളിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന വിലയിരുത്തലിലാണ് ആരോഗ്യവിദഗ്ധര്‍. ശൈത്യകാലം വരുന്നതും കേസുകള്‍ കൂടാന്‍ കാരണമായേക്കും. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വ്യാപനം കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞതവണ ഒമിക്രോണ്‍ ആണ് വ്യാപനത്തിന് ഇടയാക്കിയത്.

ലോകം

ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റു

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് അധികാരമേറ്റു.ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യൻ വംശജൻ ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് നാലു മണിക്ക് ശേഷമായിരുന്നു ചടങ്ങ്. ബക്കിങ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് ബ്രിട്ടന്‍റെ 57-ാം പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റത്. രാജ്യത്തെ ഒറ്റക്കെട്ടായി നയിക്കുമെന്ന് ഋഷി സുനക്ക് ചുമതലയേറ്റ ശേഷം ബ്രിട്ടനെ അഭിസംബോധന ചെയ്യവേ പറഞ്ഞു.ജനങ്ങളോട് വിശ്വാസ്യത പുലര്‍ത്തും.രാജ്യത്ത് സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുമെന്നും നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്നും ഋഷി പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ബ്രിട്ടനെ രക്ഷിക്കാൻ ഋഷി സുനക് എന്തു പദ്ധതികൾ മുന്നോട്ടുവെയ്ക്കും എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇന്നലെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം പാർട്ടി നേതാക്കളെ അഭിസംബോധന ചെയ്ത ഋഷി സുനക്, സാമ്പത്തിക പ്രതിസന്ധി നേരിടാൻ വേണ്ടത് സ്ഥിരതയും ഐക്യവുമാണെന്ന് പറഞ്ഞു. സാമ്പത്തിക വിദഗ്ധന്‍ കൂടിയാണ് ഋഷി സുനക്. 42 വയസ്സാണ് പ്രായം. ബ്രിട്ടനിൽ 200 വര്‍ഷത്തിനിടെ സ്ഥാനമേറ്റ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ് ഋഷി സുനക്

ലോകം

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. അധികാരമേറ്റ് നാൽപത്തിനാലാം ദിവസമാണ് രാജി പ്രഖ്യാപിച്ചത്. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. സമീപ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ് ബ്രിട്ടൻ. നേരത്തെ രാജിവെച്ച ഹോം സെക്രട്ടറി ബ്രേവർമാൻ ലിസ് ട്രസിനു നേരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. അഞ്ചുദിവസം മുമ്പാണ് യുകെയുടെ ധനമന്ത്രി ക്വാസി കാർട്ടെങ്ങിന് രാജിവെച്ചിറങ്ങേണ്ടി വന്നത്. ഔദ്യോഗിക രേഖ കൈകാര്യം ചെയ്തതിൽ വീഴ്ച വന്നു എന്ന ആക്ഷേപത്തെ തുടർന്ന് ഇന്നലെ ഹോം സെക്രട്ടറി സുവെല്ല ബ്രെവർമാനും രാജിവെക്കാൻ നിർബന്ധിതയായിരുന്നു.

ലോകം

ഉഗാണ്ടയില്‍ എബോള വ്യാപനം രൂക്ഷം; ലോക്ഡൗണ്‍

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ട(uganda)യില്‍ എബോള(ebola) വൈറസ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. രണ്ട് ജില്ലകളിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഒറ്റരാത്രികൊണ്ട് കര്‍ഫ്യൂ നടപ്പാക്കുകയാണെന്നും വിനോദസഞ്ചാര കേന്ദ്രങ്ങളും ആരാധനാലയങ്ങളും അടയ്ക്കുകയാണെന്നും എബോള ബാധിച്ച രണ്ട് ജില്ലകളിലേക്കും പുറത്തേക്കും 21 ദിവസത്തേക്ക് സഞ്ചാരം നിയന്ത്രിച്ചതായും ഉഗാണ്ട പ്രസിഡണ്ട് യോവേരി മുസെവേനി അറിയിച്ചു. രോഗബാധയുടെ പ്രഭവകേന്ദ്രമായ സെന്‍ട്രല്‍ ഉഗാണ്ടയിലെ മുബെന്‍ഡെ, കസാന്‍ഡ ജില്ലകളില്‍ രോഗം പടരുന്നത് തടയാനുള്ള നടപടികള്‍ ഉടന്‍ അവതരിപ്പിക്കുമെന്നും യോവേരി വ്യക്തമാക്കി. എബോള വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള താല്‍ക്കാലിക നടപടികള്‍ മാത്രമാണ് ഇവയെല്ലാമെന്നും എല്ലാവരും അധികാരികളുമായി സഹകരിക്കണമെന്നും സാധ്യമായ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഈ സാഹചര്യം അവസാനിപ്പിക്കുമെന്നും യോവേരി മുസെവേനി പറഞ്ഞു.

ലോകം

ചാള്‍സ് രാജാവിന്റെ കിരീട ധാരണം മെയ് ആറിന്

ബ്രിട്ടണിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം അടുത്ത വര്‍ഷം മെയ് ആറിന് നടക്കും. ബ്രിട്ടീഷ് രാജകുടുംബം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ കിരീടധാരണം നടക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം വ്യക്തമാക്കി രാജ്യത്തെ രാജാവിന്റെ ഇന്നത്തെ പ്രാധാന്യം വിളിച്ചോതുന്നതും ഭാവിയിലേക്ക് ഉറ്റുനോക്കുന്നതുമാകും ആഘോഷപരിപാടികളെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പാണ് രാജാവിനെ കിരീടം അണിയിക്കുക. രാജാവിനെ വിശുദ്ധീകരിച്ച ശേഷം ബിഷപ്പ് തന്നെയാണ് ചാള്‍സ് രാജാവിന് ചെങ്കോല്‍ നല്‍കുക. സമാനമായ ചടങ്ങില്‍ വച്ച് കാമില രാജ്ഞിയേയും കിരീടമണിയിക്കും. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്നാണ് ചാള്‍സ് രാജാവാകുന്നത്. 73 വയസാണ് ചാള്‍സ് രാജകുമാരന്റെ പ്രായം. കഴിഞ്ഞ മാസമാണ് വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് എലിസബത്ത് രാജ്ഞി അന്തരിച്ചത്. 96 വയസായിരുന്നു. ഡോക്ടര്‍മാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തില്‍ സ്‌കോട്ട്‌ലന്റിലെ ബാല്‍മോര്‍ കൊട്ടാരത്തില്‍ തുടരവേയാണ് രാജ്ഞി അന്തരിച്ചത്.

ലോകം

നൈജീരിയയിൽ വൻ ദുരന്തം: ബോട്ട് മറിഞ്ഞ് 76 പേർ മരിച്ചു

നൈജീരിയയിൽ ബോട്ടപകടത്തിൽ 76 പേർ മരിച്ചു. അനമ്പ്ര സംസ്ഥാനത്ത് ഞായറാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ 85 പേരുമായി പോയ ബോട്ട് മറിയുകയായിരുന്നു. 9 പേർക്കായി തെരച്ചിൽ തുടരുന്നു. ബോട്ടപകടത്തിൽ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ദുഃഖം രേഖപ്പെടുത്തി. “സംസ്ഥാനത്തെ ഒഗ്ബറു പ്രദേശത്ത് വെള്ളപ്പൊക്കത്തെ തുടർന്ന് 85 പേരുമായി പോയ ബോട്ട് മറിഞ്ഞു. മരണസംഖ്യ 76 ആയതായി എമർജൻസി ബോഡി സ്ഥിരീകരിച്ചു” നൈജീരിയൻ പ്രസിഡൻസി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. ദുരന്തത്തെത്തുടർന്ന് നൈജീരിയൻ ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി, നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി എന്നിവ രക്ഷാപ്രവർത്തനം നടത്തുകയാണ്. ബോട്ട് അപകടത്തിൽ തനിക്ക് ദുഃഖമുണ്ടെന്ന് പറഞ്ഞ പ്രസിഡന്റ് ബുഹാരി, കാണാതായ യാത്രക്കാരെ കണ്ടെത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കൂട്ടിച്ചേർത്തു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ഈ ഫെറികളിലെ സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പരിശോധിക്കാൻ ബന്ധപ്പെട്ട ഏജൻസികളോട് അദ്ദേഹം നിർദ്ദേശിച്ചു.