വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

അന്താരാഷ്ട്ര നിലവാരത്തിൽ ഡിഗ്രി ഓണേഴ്സ് പഠനം: അരുവിത്തുറ കോളജിൽ മുഖാമുഖം പരിപാടി

അരുവിത്തുറ :ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച ഡിഗ്രി ഓണേഴ്സ് കോഴ്സുകളിൽ വിജയകരമായി അധ്യയനം തുടരുന്ന അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി സമീക്ഷ 2025 മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു.ഡിഗ്രി ഓണേഴ്സ് കോഴ്സുകൾ സംബന്ധിച്ച് അറിയേണ്ടതെല്ലാം ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന സമീക്ഷ 2025 ഏപ്രിൽ 15 ന് രാവിലെ 10.30 ന് കോളേജിൽ ആരംഭിക്കും. പരിപാടിയുടെ ഉദ്ഘാടനം എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ ജോജി അലക്സ് നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9746832807

പ്രാദേശികം

തിടനാട് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ അനുവദിച്ചു

ഈരാറ്റുപേട്ട : തിടനാട് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. എസ് എസ് കെ മുഖാന്തരം 21. 5 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. കുട്ടികൾക്ക് തൊഴിലധിഷ്ഠിത മേഖലകളിലെ പ്രായോഗിക അറിവുകൾ നേടുന്നതിനും, നൂതന തൊഴിൽ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കുന്നതിനും എല്ലാം ഈ പദ്ധതി സഹായകരമാകും.  പദ്ധതിയുടെ ഭാഗമായി ഫിറ്റ്നസ് ട്രെയിനർ , കോസ്മെറ്റോളജിസ്റ്റ് എന്നീ രണ്ട് കോഴ്സുകളാണ് സ്കൂളിന് അനുവദിച്ചിട്ടുള്ളത്. ഇതിൽ നിന്നും കോഴ്സ് ഒന്നിന് 5 ലക്ഷം രൂപ പ്രകാരം കോഴ്സിന് ആവശ്യമായ ലാബ് സൗകര്യങ്ങൾ ഒരുക്കുന്നതിനും, പഠനോപാധികളും മറ്റും വാങ്ങുന്നതിനും ആവശ്യമായ ഫർണിഷിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് നൽകുക. ഇതുകൂടാതെ പദ്ധതി കോഡിനേറ്റർ, പരിശീലനം നൽകുന്ന അധ്യാപകർ എന്നിവർക്കുള്ള ശമ്പളം, വിദ്യാർത്ഥികൾക്കുള്ള മറ്റ് സൗകര്യങ്ങൾ എന്നീ ചിലവുകൾ ഉൾപ്പെടെയാണ് 21.5 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. ഫിറ്റ്നസ് കോഴ്സിന് 35 ഓളം പഠനോപാധികളാണ് ലഭ്യമാക്കുക. കോസ്മെറ്റോളജി പഠനത്തിന് ആവശ്യമായ 250 ഓളം അവശ്യവസ്തുക്കളും ലഭ്യമാകും.കൂടാതെ കോഴ്സിന്റെ ഭാഗമായി ഓൺ ജോബ് ട്രെയിനിങ്ങും നൽകും. ഒരു ബാച്ചിലേക്ക് 25 കുട്ടികൾക്കാണ് പ്രവേശനം നൽകുക. പരിശീലനത്തിന് ആവശ്യമായ ഉപകരണങ്ങളുടെയും മറ്റും ടെൻഡർ നടപടികൾ നടന്നുവരുന്നതായും എംഎൽഎ അറിയിച്ചു

പ്രാദേശികം

ബിജെപിയുടെ ക്രൈസ്തവ സ്നേഹം കാപട്യം : കേരള കോൺഗ്രസ് (എം)

ഈരാറ്റുപേട്ട: രാഷ്ട്രീയ ലക്ഷ്യത്തോടെ ബിജെപി ഇപ്പോൾ കാണിക്കുന്ന ക്രൈസ്തവ സ്നേഹം കാപട്യം ആണെന്ന് കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം നേതൃയോഗം വിലയിരുത്തി. വഖഫ് ബില്ലിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തി ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ഹീനതന്ത്രം ആണ് ബിജെപിയുടേത് എന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. വഖഫ് ബിൽ പാസായാൽ മുനമ്പത്തെ പാവങ്ങൾക്ക് ഭൂമി കിട്ടുമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ കാപട്യം ക്രൈസ്തവ ന്യൂനപക്ഷം തിരിച്ചറിയും. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.സാജൻ കുന്നത്ത് അധ്യക്ഷത വഹിച്ച യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി.ഏപ്രിൽ 9ന് കോട്ടയത്ത് നടക്കുന്ന മാണി സാറിന്റെ അനുസ്മരണ ചടങ്ങ് ആയ കെ.എം മാണി സ്മൃതി സംഗമത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നും 500 പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിന് നിശ്ചയിച്ചു. ഏപ്രിൽ 29 ആം തീയതി കോട്ടയത്ത് നടക്കുന്ന മന്ത്രിസഭാ വാർഷിക സമ്മേളനത്തിൽ നിയോജകമണ്ഡലത്തിൽ നിന്നും 2000 പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ വാർഡ് തലം മുതൽ നിയോജകമണ്ഡലം തലം വരെ സമ്മേളനങ്ങൾ വിളിച്ചു ചേർക്കുന്നതിനും പാർട്ടിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതിന് പ്രവർത്തന പരിപാടികൾ ആവിഷ്കരിക്കുന്നതിനും നിശ്ചയിച്ചു. ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജില്ലാ സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകം, ബിനോ ചാലക്കുഴി, മണ്ഡലം പ്രസിഡന്റുമാരായ തോമസ് കട്ടയ്ക്കൽ, ബിജോയ് ജോസ്, തോമസ് മാണി, ദേവസ്യാച്ചൻ വാണിയപുരയ്ക്കൽ, ഔസേപ്പച്ചൻ കല്ലങ്ങാട്ട്, ജോഷി മൂഴിയാങ്കൽ, അഡ്വ:ജെയിംസ് വലിയവീട്ടിൽ, സാജു പുല്ലാട്ട്, നിയോജകമണ്ഡലം സെക്രട്ടറി ഡയസ് കോക്കാട്ട്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തോമസുകുട്ടി മുതുപുന്നയ്ക്കൽ, മിനി സാവിയോ,ജാൻസ് വയലിക്കുന്നേൽ, അഡ്വ:ജോബി ജോസ്,തങ്കച്ചൻ കാരക്കാട്, സണ്ണി വാവലാങ്കൽ, സണ്ണി വടക്കേമുളഞ്ഞനാൽ, വനിതാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് മോളി ദേവസ്യ വാഴപ്പനാടിയിൽ, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡണ്ട് അബേഷ് അലോഷ്യസ്, കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡണ്ട് ആന്റണി അറക്കപ്പറമ്പിൽ, കെ.എസ്.സി നിയോജകമണ്ഡലം പ്രസിഡണ്ട് ലിബിൻ ബിജോയ്‌ എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

വഖഫ് നിയമ ഭേദഗതി ബില്ല് ഭരണഘടനാ വിരുദ്ധം -കെ.എൻ.എം മർക്കസ്സുദ്ദഅവ

ഈരാറ്റുപേട്ട: ഇന്ത്യൻ പാർലമെൻ്റ് പാസാക്കിയ വഖഫ് നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് കെ.എൻ.എം മർക്കസ്സുദ്ദഅവ മുനിസിപ്പൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ മത ന്യൂനപക്ഷ വിഭാഗമായ മുസ്ലിം സമുദായത്തിൻ്റെ അത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. വഖഫ് ബോർഡിൻ്റെ അധികാരത്തെ ഇല്ലാതാക്കി സർക്കാർ ഉദ്യോഗസ്ഥരിലേക്ക് വഖഫിൻ്റെ അധികാരം എത്തുന്ന ബില്ലാണിത്. ബില്ല് പിൻ വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഏപ്രിൽ 11 വെള്ളിയാഴ്ച വഖഫ് ഭേദഗതി ബില്ല് ഭരണഘടന വിരുദ്ധം എന്ന മുദ്രവാക്യമുയർത്തി പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. യോഗത്തിൽ പ്രസിഡൻ്റ് പി.ഇ. ഇർഷാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എ. ഹാരിസ് സ്വലാഹി സ്വാഗതം ആശംസിച്ചു. പി.എ. ഹാഷിം, കെ.എ. അൻസാരി, കെ.പി. ഷെഫീഖ്, വി.എ. നജീബ്, വി.എം. അജിനാസ്, ഇ.എം സാബിർ, പി.എ. യാസിർ, പി.എച്ച്. ഷെഫീഖ്, ജലീൽ കുറ്റിപ്പുഴ, കെ.എ. സിദ്ദീഖ്, റാസിമോൻ ബഷീർ എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

വഖഫ് നിയമ ഭേദഗതി പിൻവലിക്കുക; പ്രതിഷേധ സംഗമം14 ന്

ഈരാറ്റുപേട്ട: വഖഫ് നിയമ ഭേദഗതി ബില്ല് പിൻവലിക്കുക എന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ടയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കാൻ ഒരുങ്ങി സംയുക്ത മഹല്ല് ജമാഅത്ത് ഏകോപന സമിതി.    ഭരണ ഘടനാ ശിൽപിയും പ്രമുഖ നിയമ പണ്ഡിതനുമായ അംബേദ്കറിന്റെ ജന്മദിനമായ ഏപ്രിൽ 14 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ഈരാറ്റുപേട്ട തെക്കേക്കര മുഹിയദ്ദീൻ മസ്ജിദ് അങ്കണത്തിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിൽ എം.പി, എം.എൽ.എമാർ ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക മതനിരപേക്ഷ ജനാധിപത്യ ചേരിയിലെ പ്രമുഖരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.   ഭാരതത്തിലെ മതന്യൂനപക്ഷ മുസ്ലിം ജനകോടികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടതെന്ന് യോഗം ആരോപിച്ചു. അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുമായി സഹകരിക്കാനും നിയമ പോരാട്ടങ്ങളിൽ കക്ഷി ചേരാനും തീരുമാനിച്ചു.    ഈ മാസം 10 ന് വ്യാഴാഴ്ച 7 മണിക്ക് പുതുപ്പള്ളി മഖാം ഓഡിറ്റോറിയത്തിൽ രാഷ്ട്രീയ, സാമൂഹ്യ, മത സംഘടനാ നേതാക്കളുടെയും മസ്ജിദ് പരിപാലകരുടെയും യോഗം ചേരുന്നതിനും തീരുമാനിച്ചു. മുഹമ്മദ് നദീർ മൗലവി, മുഹമ്മദ് സക്കീർ, ഇമാം മുഹമ്മദ് സുബൈർ മൗലവി, ഇമാം അഷറഫ് കൗസരി, അഫ്സാർ പുള്ളോലിൽ, സാലി നടുവിലേടത്ത്, പരിക്കൊച്ച് മോനി, അൻസാരി പി.എച്ച്., പി.എസ്. ഷഫീക്ക്, വഹാബ് പേരകത്തു ശ്ശേരി, സലീം കിണറ്റിൻ മൂട്ടിൽ, അഡ്വ എ.എസ്. സലീം, പി.ടി. ബഷീർകുട്ടി എന്നിവർ പങ്കെടുത്തു.

പ്രാദേശികം

അംഗൻവാടി കം ക്രഷ് ഈരാറ്റുപേട്ട നഗരസഭക്ക് അനുവദിച്ചു

ഈരാറ്റുപേട്ട നഗരസഭ പരിധിയിൽ 25 ഓളം അംഗൻവാടികൾ ഉണ്ട് അതിലെ 93 നമ്പർ ടൗൺ കേന്ദ്രീകരിച്ചുള്ള അംഗൻവാടിക്ക്‌ ഈരാറ്റുപേട്ട നഗരസഭയിൽ അംഗൻവാടി കം ക്രഷ് ആയിട്ട് അനുവദിച്ചു. 3 വയസ്സിൽ താഴെയുള്ള കുട്ടികളെ പരിപാലിക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായിട്ട് തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടാതിരിക്കുവാൻ കുട്ടികൾ ഉള്ള വനിതകൾക്ക് തൊഴിലിടങ്ങളിലേക്ക് പോകുന്നതിന് കുട്ടികളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുന്നതിന് കൂടിയാണ് അംഗൻവാടി കം ക്രഷ് ആരംഭം കുറിച്ചതെന്ന് നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽഖാദർ അറിയിച്ചു. വൈസ് ചെയർമാൻ അൻസർ പുള്ളോലിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് വാർഡ് കൗൺസിലർ Dr.സഹല ഫിർദൗസ് ആശംസകൾ അർപ്പിച്ചു. ചൈൽഡ് ഡെവലപ്മെന്റ് പ്രൊജക്റ്റ് ഓഫീസർ ജാസ്മിൻ സലീം പദ്ധതി വിശദീകരണം നടത്തി കൂടാതെ വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാസില അബ്സാർ ആശംസകൾ അറിയിച്ചു. ICDS സൂപ്പർവൈസർ ആര്യ ക്രഷിന്റെ പ്രവർത്തനത്തെ കുറിച്ച് വിശദീകരിച്ചു.

പ്രാദേശികം

അരുവിത്തുറ തിരുനാൾ അവലോകന യോഗം ചേർന്നു

അരുവിത്തുറ: സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ ഏപ്രിൽ 12 മുതൽ മെയ് 2 വരെ തീയതികളിൽ ആഘോഷിക്കുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളുടെയും വിവിധ സർക്കാർ ഉദ്യോഗസ്ഥരുടെയും പള്ളി അധികൃതരുടെയും യോഗം ചേർന്നു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു.  ഡെപ്യൂട്ടി തഹസീൽദാർ ശ്യാമളകുമാരി, ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, നഗരസഭാദ്ധ്യക്ഷ സുഹറ അബ്ദുൽ ഖാദർ, നഗരസഭാ ഉപാധ്യക്ഷൻ അൻസർ പുള്ളോലിൽ, മുൻസിപ്പൽ സെക്രട്ടറി ബിപിൻ കുമാർ, പൊലീസ് സ്റ്റേഷൻ ഇൻചാർജ് ബിനു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് അബ്ദുൽ ഖാദർ, നഗരസഭ കൗൺസിലർ ലീനാ സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു. എല്ലാവരും ജാഗ്രതയോടെയും ഒരുമയോടെയും പ്രവർത്തിക്കണമെന്നും തിരുനാളിനെത്തുന്ന വിശ്വാസികൾക്കും യാത്രകാർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത വിധത്തിൽ സൗകര്യങ്ങളൊരുക്കുന്നതിനും യോഗം തീരുമാനിച്ചു. തിരുനാൾ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനും വാഹന പാർക്കിങ്ങ് ക്രമിക്കരണം നടത്താനും ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ നേതൃത്വത്തിലും എക്സൈസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ലഹരിയ്ക്കെതിരെ പരിശോധന നടത്താന്നും യോഗം തീരുമാനിച്ചു. മുടക്കമില്ലാതെ വൈദ്യൂതി ലഭ്യമാക്കുന്നതിനും കൂടുതൽ യാത്ര ബസുകൾ സർവീസ് നടത്തിന്നും തീരുമാനിച്ചു.റവന്യൂ വകുപ്പ് , ഫയർഫോഴ്സ്, വൈദ്യൂതി, ജല അതോറിറ്റി, ആരോഗ്യം വിഭാഗം, പൊതുമരാമത്ത് വിഭാഗം, ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം, എക്സൈസ് വിഭാഗം, താലുക്ക് സപ്ലൈ വകുപ്പ്, വില്ലേജ് ഓഫീസ് കെ എസ് ആർ ടി സി, ബസ് ഓണേഴ്സ് അസോസിയേഷൻ എന്നിവിടങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർ പങ്കെടുത്തു.ചടങ്ങിൽ തിരുന്നാൾ നോട്ടീസിന്റെ പ്രകാശനം വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കലിന് നൽകി നിർവഹിച്ചു.    

പ്രാദേശികം

ചെറിയ പെരുന്നാൾ സൗഹൃദ സദസ്സും മധുര വിതരണവുമായി ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ജീവനക്കാർ

ഈരാറ്റുപേട്ട: ചെറിയ പെരുന്നാളിൻ്റെ ഭാഗമായി ഡിപ്പോയിലെ മുഴുവൻ ജീവനക്കാർക്കും പെരുന്നാൾ കിറ്റ് വിതരണം ചെയ്ത് ഈരാറ്റുപേട്ട ഡിപ്പോയിലെ ഒരു കൂട്ടം ജീവനക്കാർ.  ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ മോഹൻദാസ്, സൂപ്രണ്ട് രജനി, ജീവനക്കാരായ സമീർ കെ.എ, സക്കീർ ഹുസൈൻ, അൻസാർ എ.എം, മുനീർ മുഹമ്മദ്, അബൂതാഹിർ, ഹാരിസ്, യൂസുഫ് (ഇക്ക്) എന്നിവരും ഡിപ്പോയിലെ മറ്റ് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.  ഈദ്, ഓണം, ക്രിസ്തുമസ് തുടങ്ങിയ ആഘോഷ വേളകൾ മനുഷ്യസാഹോദ്യര്യത്തിൻ്റെ വേദികളാവട്ടെ എന്ന് ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു.